Friday, July 17, 2009

ഓഹരി വില്‍പന: കേന്ദ്രസര്‍ക്കാരില്‍ അഭിപ്രായ ഭിന്നത

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിലും കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിലും അഭിപ്രായഭിന്നത. ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പ്‌ ഉണ്ടാവാത്തതിനാലാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച കരട്‌ രേഖ ഇനിയും പുറത്തിറങ്ങാത്തത്‌.
പൊതുമേഖലാ സ്ഥാപനങ്ങളുടെ 49 ശതമാനം ഓഹരി വിറ്റഴിക്കുമെന്ന്‌ കഴിഞ്ഞ ബജറ്റ്‌ പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിനോട്‌ ഭരണമുന്നണിയില്‍ ആര്‍ക്കും വിയോജിപ്പില്ല. എന്നാല്‍ ഓഹരി എങ്ങനെ വില്‍ക്കണമെന്നതിനെ ചൊല്ലിയാണ്‌ ഇപ്പോള്‍ തര്‍ക്കം. 49 ശതമാനം ഓഹരിയും ഒറ്റയടിക്ക്‌ വില്‍ക്കണമെന്നാണ്‌ ധനവകുപ്പിന്റെ ആഗ്രഹം.
പക്ഷേ പാര്‍ട്ടിയിലും ഭരണത്തിലും ഇതിനെയെതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നോട്ടിറങ്ങിയിട്ടുണ്ട്‌. വീണ്ടും തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാവും ഈ നീക്കമെന്നാണ്‌ ഇവരുടെ പക്ഷം. മാത്രമല്ല ഒറ്റയടിക്ക്‌ 49 ശതമാനം ഓഹരിയും വിറ്റാല്‍ അത്‌ രാജ്യത്താകമാനം ശക്തമായ പ്രക്ഷോഭം ഉണ്ടാകാനും ഇടയാക്കും. അതിനാല്‍ ആദ്യം 10 ശതമാനം ഒഹരി പബ്ലിക്‌ ഇഷ്യൂവായി വില്‍ക്കണമെന്നാണ്‌ ഇവരുടെ നിര്‍ദ്ദേശം.
ഇതിന്റെ മറവില്‍ ബാക്കി 39 ശതമാനം ഒരുമിച്ചു വില്‍ക്കാനും തൊഴിലാളികളുടെ പ്രതിഷേധങ്ങളെ മറികടക്കാനും സാധിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
നവരത്‌ന കമ്പനികളുടെ ഓഹരി വില്‍ക്കുന്ന കാര്യത്തിലും അനശ്ചിതത്വം നിലനില്‍ക്കുകയാണ്‌. ഇവയുടെ ഓഹരി വില്‍പന കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത്‌ ഉപേക്ഷിച്ചതാണ്‌. എന്നാല്‍ ഇവയുടെ ഓഹരിയും വില്‍ക്കാനുള്ള നീക്കങ്ങളാണ്‌ ഒരു വിഭാഗം നടത്തുന്നത്‌. നവരത്‌ന കമ്പനികളുടെ ഓഹരികള്‍ക്കാണ്‌ വിപണിയില്‍ കൂടുതല്‍ പ്രിയമെന്നതിനാലാണിത്‌. എന്നാല്‍ ഇത്തരമൊരു നീക്കം യു പി എ സര്‍ക്കാരിന്റെ പ്രതിച്ഛായയെ മൊത്തത്തില്‍ ബാധിക്കുമെന്ന്‌ മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നുണ്ട്‌.
മുന്‍ ബി ജെ പി സര്‍ക്കാരിന്റെ കാലത്താണ്‌ നവരത്‌ന കമ്പനികളുടെ ഓഹരി വില്‍പനയ്‌ക്കുള്ള ആദ്യനീക്കം ഉണ്ടാകുന്നത്‌. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ടുപോയപ്പോള്‍ ശക്തമായ പ്രതിരോധവുമായി ഇടതുപക്ഷം മുന്നോട്ടുവരുകയും ഒടുവില്‍ ഓഹരി വില്‍പന ഉപേക്ഷിക്കുകയുമായിരുന്നു.
ഇത്തവണ യു പി എ സര്‍ക്കാരിനുമേല്‍ ഇടതുപക്ഷത്തിന്‌ നിയന്ത്രണമില്ലാത്തതും കോണ്‍ഗ്രസ്‌ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതുമാണ്‌ ഓഹരി വില്‍പനയുമായി മുന്നോട്ടുപോകാന്‍ ധനവകുപ്പിന്‌ ധൈര്യം നല്‍കുന്നത്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP