Sunday, July 26, 2009

ഐ എന്‍ എസ്‌ അരിഹന്ത്‌; ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

വിശാഖപട്ടണം: ഇന്ത്യ നിര്‍മിത ആദ്യ ആണവ അന്തര്‍വാഹിനി ഐ എന്‍ എസ്‌ അരിഹന്ത്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌ രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു. വിശാഖപട്ടണത്തെ നാവികസേന ആസ്‌ഥാനത്ത്‌ നടന്ന ചടങ്ങിലാണ്‌ അന്തര്‍വാഹിനി രാജ്യത്തിനു സമര്‍പ്പിച്ചത്‌. പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്‍ശരണ്‍ കൗര്‍ പൂജകള്‍ നടത്തി. പ്രതിരോധമന്ത്രി എ കെ ആന്റണിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ആണവ സാങ്കേതിക രംഗത്ത്‌ ഇന്ത്യയുടെ വന്‍ കുതിച്ചുചാട്ടമാണ്‌ ഐ എന്‍ എസ്‌ അരിഹന്തിന്റെ സൃഷ്ടി. 2011 ഓടെ മാത്രമെ അരിഹന്ത്‌ പൂര്‍ണമായി പ്രവര്‍ത്തനസജ്‌ജമാകൂ. അപ്പോഴേക്കും കടല്‍ പരീക്ഷണത്തിനു ശേഷം ആയുധങ്ങളും ഘടിപ്പിച്ചിരിക്കും.
അഡ്വാന്‍സ്‌ ടെക്‌നോളജി വെസ്സല്‍ എന്ന പേരില്‍ 80 കളില്‍ അതീവ രഹസ്യമായാണ്‌ ഈ അന്തര്‍വാഹിനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. ഇതിനകം ഏറെ വിവാദങ്ങളും ഈ അന്തര്‍വാഹിനി ഉയര്‍ത്തിവിട്ടിട്ടുണ്ട്‌.
പദ്ധതിയുമായി ബന്ധപ്പെട്ട ക്യാപ്‌റ്റന്‍ സുബ്ബറാവു വിദേശത്തേക്കുപോകുമ്പോള്‍ മുംബൈ വിമാനത്താവളത്തില്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്‌റ്റിലായതാണ്‌ ആദ്യ വിവാദം. അദ്ദേഹത്തിന്റെ വിചാരണ വര്‍ഷങ്ങള്‍നീണ്ട നിയമയുദ്ധത്തിനാണ്‌ വഴിവച്ചത്‌. ഒടുവില്‍ സുബ്ബറാവുവിനെ കോടതി വെറുതെവിട്ടു. കോടതിയില്‍ സ്വയം കേസ്‌ വാദിക്കാന്‍ വേണ്ടി നിയമം പഠിച്ച സുബ്ബറാവു ഇന്നു മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകനാണ്‌.
ഈ പദ്ധതിയെക്കുറിച്ച്‌ ഒരിക്കല്‍ പത്രക്കാരുടെ മുന്നില്‍ പരാമര്‍ശിച്ചത്‌ നാവികസേനാ മേധാവി അഡ്‌മിറല്‍ വിഷ്‌ണു ഭാഗവതിനെയും വെട്ടിലാക്കിയിട്ടുണ്ട്‌. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ നാവികസേനയില്‍നിന്ന്‌ അദ്ദേഹം പുറത്താക്കപ്പെടാന്‍ ഒരു കാരണവും ഇതുതന്നെയായിരുന്നു.
9400 ടണ്‍ ഭാരവും 124 മീറ്റര്‍ നീളവുമാണ്‌ അരിഹന്തിനുള്ളത്‌. കടലില്‍ 300 മീറ്റര്‍ വരെ ആഴത്തിലാവും അരിഹന്തിന്റെ പ്രയാണം. ഈ ആഴത്തില്‍ സഞ്ചരിക്കുന്ന അന്തര്‍വാഹിനിയെ കണ്ടെത്താന്‍ ശത്രുവിന്റെ കപ്പലുകള്‍ക്കോ വിമാനങ്ങള്‍ക്കോ പെട്ടെന്ന്‌ കണ്ടുപിടിക്കാനാവില്ല.
ഒരു മിനിയേച്ചര്‍ ആണവ റിയാക്‌ടറില്‍ നിന്നാണ്‌ അന്തര്‍വാഹിനിക്കു വേണ്ട ഊര്‍ജം ലഭിക്കുന്നത്‌. അന്തര്‍വാഹിനിയിലെ ആണവ റിയാക്‌ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശബ്‌ദമില്ലാത്തതിനാല്‍ ശത്രുവിന്റെ സെന്‍സറുകള്‍ക്ക്‌ അന്തര്‍വാഹിനിയുടെ സ്‌ഥാനം കണ്ടെത്താനാവില്ല. ബാറ്ററികള്‍ ചാര്‍ജ്‌ ചെയ്യുന്നത്‌ ആണവോര്‍ജം ഉപയോഗിച്ചായതിനാല്‍ റീചാര്‍ജ്‌ ചെയ്യാനായി കടലിന്റെ ഉപരിതലത്തിലേക്കു കൂടെക്കൂടെ പൊങ്ങിവരേണ്ട ആവശ്യവുമില്ല. നൂറുദിവസം വരെ ഇങ്ങനെ കടലിനടയില്‍ കഴിയാന്‍ ഈ അന്തര്‍വാഹിനിക്കാവും.
15 കൊല്ലംമുന്‍പ്‌ ഇന്ത്യ വികസിപ്പിച്ചെടുത്ത വെരി ലോ ഫ്രീക്വന്‍സി (വിഎല്‍എഫ്‌) സങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ അന്തര്‍വാഹിനിയും കരയുമായുള്ള വാര്‍ത്താവിനിമയം സാധ്യമാക്കുന്നത്‌. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത അഞ്ചാമത്തെ രാജ്യമാണ്‌ ഇന്ത്യ. ഡല്‍ഹി ഐഐടിയും നാവികസേനയും ചേര്‍ന്നായിരുന്നു ഈ പദ്ധതി പൂര്‍ത്തിയാക്കിയത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP