Thursday, August 6, 2009

നടന്‍ മുരളി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി അന്തരിച്ചു. ഇന്ന്‌ വൈകിട്ട്‌ 8.30 ഓടെ തിരുവനന്തപുരം പി ആര്‍ എസ്‌ ആശുപത്രിയിലായിരുന്നു മരണം. ദീര്‍ഘനാളായി പ്രമേഹരോഗത്തിന്‌ ചികിത്സയിലായിരുന്ന മുരളിയെ അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന്‌ ഇന്നലെ വൈകിട്ടാണ്‌ പി ആര്‍ എസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഭാര്യ ഷൈലജ, മകള്‍ കാര്‍ത്തിക.
നാലു തവണ മികച്ച നടന്റേയും ഒരു തവണ സഹനടന്റെയും ഉള്‍പ്പെടെ അഞ്ചു സംസ്‌ഥാന പുരസ്‌കാരങ്ങള്‍ നേടിയ അഭിനേതാവാണ്‌ മുരളി. ആധാരം (1992), കാണാക്കിനാവ്‌ (1996), താലോലം (1998), നെയ്‌ത്തുകാരന്‍ (2001) എന്നിവയിലെ വേഷങ്ങളായിരുന്നു മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്‌ നല്‍കിയത്‌. 1989 ല്‍ അമരത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ഫിലിം ഫെയര്‍ അവാര്‍ഡ്‌, മദ്രാസ്‌ ഫിലിം ഫാന്‍സ്‌ അസോസിയേഷന്‍ അവാര്‍ഡ്‌, കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ തുടങ്ങിയവയും നേടിയിട്ടുണ്ട്‌.
കൊല്ലം ജില്ലയിലെ വെളിയം കുടവട്ടൂര്‍ ഗ്രാമത്തില്‍ പി. കൃഷ്‌ണപിള്ളയുടെയും കെ. ദേവകിയമ്മയുടെയും മകനായി 1954 മേയ്‌ 25 നാണു ജനനം. കുടവട്ടൂര്‍ യു പി സ്‌കൂളില്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായിരിക്കെ ശ്രീമന്ദിരം കെ പിയുടെ `ഓണമുണ്ടും ഓടക്കുഴലും എന്ന നാടകത്തിലൂടെയാണ്‌ അഭിനയരംഗത്ത്‌ ഹരിശ്രീ കുറിച്ചത്‌.
ചൊല്‍ക്കാഴ്‌ചകളിലൂടെ അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, ബാലചന്‌ദ്രന്‍ ചുള്ളിക്കാട്‌, വിനയചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകള്‍ അവതരിപ്പിക്കുന്ന സംഘത്തില്‍ അംഗമായിരുന്നു. അക്കാലത്ത്‌ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഗം നാടകക്കളരിയുമായി ബന്ധപ്പെട്ടിരുന്നു. ഈ ബന്ധങ്ങളാണ്‌ മുരളിയെ സിനിമയിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌. മുരളി, സി.എന്‍. ശ്രീകണ്‌ഠന്‍ നായരുടെ `ലങ്കാലക്ഷ്‌മി എന്ന നാടകം തനിയെ അരങ്ങിലവതരിപ്പിച്ച്‌ അദ്‌ഭുതം സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇതായിരുന്നു മുരളിയുടെ അവസാന നാടകം.
തിരുവനന്തപുരം എം ജി കോളജ്‌, ശാസ്‌താംകോട്ട ഡി ബി കോളജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. തുടര്‍ന്ന്‌ കേരള സര്‍വകലാശാലയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്നു മുരളി 2001 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന്‌ എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. അന്ന്‌ മത്സരിക്കാനായി സര്‍വകലാശാലയിലെ ജോലിയും രാജിവച്ചു. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി അംഗമായി പലതവണ ക്യൂബ സന്ദര്‍ശിച്ചിട്ടുണ്ട്‌.
1979ല്‍ ഭരത്‌ ഗോപി സംവിധാനം ചെയ്‌ത `ഞാറ്റടിയായിരുന്നു ആദ്യ ചിത്രം. ഈ ചിത്രം ഇനിയും വെളിച്ചം കണ്ടിട്ടില്ല. അരവിന്ദന്റെ `ചിദംബരത്തില്‍ പേരില്ലാത്ത കഥാപാത്രമായിരുന്നു രണ്ടാം വേഷം. ലെനിന്‍ രാജേന്ദ്രന്റെ `മീനമാസത്തിലെ സൂര്യനില്‍ കയ്യൂര്‍ രക്തസാക്ഷിയായും മുരളി അഭിനയിച്ചുവെങ്കിലും പുറത്തിറങ്ങിയ ആദ്യചിത്രം ഹരിഹരന്‍ - എംടി ടീമിന്റെ `പഞ്ചാഗ്നിയായിരുന്നു. ഈ ചിത്രം പുറത്തിറങ്ങിയശേഷമാണ്‌ മീനമാസത്തിലെ സൂര്യന്‍ റിലീസായത്‌. തുടര്‍ന്ന്‌ മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 200 ലധികം സിനിമകളില്‍ അഭിനയിച്ചു.

പണിമുടക്ക്‌: ബാങ്കിംഗ്‌ മേഖല സ്‌തംഭിച്ചു

ന്യൂഡല്‍ഹി: ശമ്പള പരിഷ്‌കരണവും പെന്‍ഷനും ആവശ്യപ്പെട്ട്‌ പൊതുമേഖലാ ബാങ്ക്‌ ജീവനക്കാര്‍ ഇന്നാരംഭിച്ച സമരം പൂര്‍ണം. രാജ്യത്തെ ബാങ്കിംഗ്‌ മേഖല ഇന്ന്‌ പരിപൂര്‍ണമായി സ്‌തംഭിച്ചു. സമരത്തിന്റെ രണ്ടാംദിനമായ നാളെയും ബാങ്കുകളില്‍നിന്നും പൊതുജനങ്ങള്‍ക്ക്‌ സേവനം ലഭിക്കാന്‍ ഇടയില്ല. അതിനിടെ 24 സ്വകാര്യമേഖലാബാങ്കുകളിലെ ജീവനക്കാര്‍ക്കൂടി പണിമുടക്കുമെന്ന്‌ ഭീഷണിമുഴക്കി രംഗത്തെത്തിയിട്ടുണ്ട്‌.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ ചെക്ക്‌ ക്ലിയറിംഗ്‌, സര്‍ക്കാര്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സാധാരണ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. പൊതുജനങ്ങള്‍ക്ക്‌ സാമ്പത്തികാവശ്യങ്ങള്‍ക്കായി എ ടി എമ്മിനെ പൂര്‍ണമായും ആശ്രയിക്കേണ്ടിവന്നു.
കേരളത്തിലും പശ്ചിമബംഗാളിലും ബാങ്കുകളുടെ പ്രവര്‍ത്തനം 100 ശതമാനവും തടസപ്പെട്ടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പണിമുടക്കിയ ജീവനക്കാര്‍ അതത്‌ ബാങ്കുകള്‍ക്ക്‌ മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
പണിമുടക്ക്‌ വിജയമായിരുന്നുവെന്നും മിക്ക ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക്‌ ബാധിച്ചുവെന്നും സമരത്തിന്‌ ആഹ്വാനം ചെയ്‌ത ബാങ്ക്‌ യൂണിയനുകളുടെ ഐക്യവേദി കണ്‍വീനര്‍ സി എച്ച്‌ വെങ്കിടാചലം പറഞ്ഞു. സ്വകാര്യബാങ്കുകളായ ഐ സി ഐ സി ഐ, എച്ച്‌ ഡി എഫ്‌ സി, വിദേശബാങ്കുകളായ സിറ്റി ബാങ്ക്‌, സ്റ്റാന്‍ഡേര്‍ഡ്‌ ചാര്‍ട്ടേഡ്‌ എന്നിവയെയും പണിമുടക്ക്‌ ഭാഗികമായി ബാധിച്ചു. ഫെഡറല്‍ ബാങ്ക്‌, കര്‍ണാടക ബാങ്ക്‌, സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌, ഐ എന്‍ ജി വൈശ്യ ബാങ്ക്‌, ലക്ഷ്‌മിവിലാസ്‌ ബാങ്ക്‌ തുടങ്ങിയ സ്വകാര്യബാങ്കുകളും പണിമുടക്കില്‍ പങ്കെടുത്തു.
രാജ്യത്തെ ബാങ്ക്‌ അക്കൗണ്ടുകളില്‍ 70 ശതമാനവും പൊതുമേഖലാ ബാങ്കുകള്‍ വഴിയായതിനാല്‍ പണിമുടക്ക്‌ ശക്തമായിരുന്നു. രാജ്യവ്യാപകമായി ഒന്‍പതു ലക്ഷത്തോളം ജീവനക്കാരാണ്‌ പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്‌. ഇന്ത്യന്‍ ബാങ്ക്‌ അസോസിയേഷനും ബാങ്ക്‌ ജീവനക്കാരുടെ ഉന്നതസമിതിയായ ബാങ്ക്‌ യൂണിയനുകളുടെ ഐക്യവേദിയുമായി ശമ്പള വര്‍ധന സംബന്ധിച്ച്‌ രണ്ട്‌ മാസം മുമ്പ്‌ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ മുന്‍നിശ്ചയപ്രകാരമാണ്‌ പണിമുടക്ക്‌. ജീവനക്കാര്‍ 20 ശതമാനം ശമ്പള വര്‍ധന ആവശ്യപ്പെട്ടപ്പോള്‍ 17.5 ശതമാനം വര്‍ധിപ്പിക്കാമെന്ന്‌ അസോസിയേഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ 13 ശതമാനമായി കുറയ്‌ക്കുകയായിരുന്നു. 2007 നവംബറിനു ശേഷം ബാങ്കിംഗ്‌ മേഖലയില്‍ ശമ്പള പരിഷ്‌കാരം മുടങ്ങിക്കിടക്കുകയാണ്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP