Thursday, August 6, 2009

നടന്‍ മുരളി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി അന്തരിച്ചു. ഇന്ന്‌ വൈകിട്ട്‌ 8.30 ഓടെ തിരുവനന്തപുരം പി ആര്‍ എസ്‌ ആശുപത്രിയിലായിരുന്നു മരണം. ദീര്‍ഘനാളായി പ്രമേഹരോഗത്തിന്‌ ചികിത്സയിലായിരുന്ന മുരളിയെ അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന്‌ ഇന്നലെ വൈകിട്ടാണ്‌ പി ആര്‍ എസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഭാര്യ ഷൈലജ, മകള്‍ കാര്‍ത്തിക.
നാലു തവണ മികച്ച നടന്റേയും ഒരു തവണ സഹനടന്റെയും ഉള്‍പ്പെടെ അഞ്ചു സംസ്‌ഥാന പുരസ്‌കാരങ്ങള്‍ നേടിയ അഭിനേതാവാണ്‌ മുരളി. ആധാരം (1992), കാണാക്കിനാവ്‌ (1996), താലോലം (1998), നെയ്‌ത്തുകാരന്‍ (2001) എന്നിവയിലെ വേഷങ്ങളായിരുന്നു മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്‌ നല്‍കിയത്‌. 1989 ല്‍ അമരത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ഫിലിം ഫെയര്‍ അവാര്‍ഡ്‌, മദ്രാസ്‌ ഫിലിം ഫാന്‍സ്‌ അസോസിയേഷന്‍ അവാര്‍ഡ്‌, കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ തുടങ്ങിയവയും നേടിയിട്ടുണ്ട്‌.
കൊല്ലം ജില്ലയിലെ വെളിയം കുടവട്ടൂര്‍ ഗ്രാമത്തില്‍ പി. കൃഷ്‌ണപിള്ളയുടെയും കെ. ദേവകിയമ്മയുടെയും മകനായി 1954 മേയ്‌ 25 നാണു ജനനം. കുടവട്ടൂര്‍ യു പി സ്‌കൂളില്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായിരിക്കെ ശ്രീമന്ദിരം കെ പിയുടെ `ഓണമുണ്ടും ഓടക്കുഴലും എന്ന നാടകത്തിലൂടെയാണ്‌ അഭിനയരംഗത്ത്‌ ഹരിശ്രീ കുറിച്ചത്‌.
ചൊല്‍ക്കാഴ്‌ചകളിലൂടെ അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, ബാലചന്‌ദ്രന്‍ ചുള്ളിക്കാട്‌, വിനയചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകള്‍ അവതരിപ്പിക്കുന്ന സംഘത്തില്‍ അംഗമായിരുന്നു. അക്കാലത്ത്‌ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഗം നാടകക്കളരിയുമായി ബന്ധപ്പെട്ടിരുന്നു. ഈ ബന്ധങ്ങളാണ്‌ മുരളിയെ സിനിമയിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌. മുരളി, സി.എന്‍. ശ്രീകണ്‌ഠന്‍ നായരുടെ `ലങ്കാലക്ഷ്‌മി എന്ന നാടകം തനിയെ അരങ്ങിലവതരിപ്പിച്ച്‌ അദ്‌ഭുതം സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇതായിരുന്നു മുരളിയുടെ അവസാന നാടകം.
തിരുവനന്തപുരം എം ജി കോളജ്‌, ശാസ്‌താംകോട്ട ഡി ബി കോളജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. തുടര്‍ന്ന്‌ കേരള സര്‍വകലാശാലയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്നു മുരളി 2001 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന്‌ എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. അന്ന്‌ മത്സരിക്കാനായി സര്‍വകലാശാലയിലെ ജോലിയും രാജിവച്ചു. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി അംഗമായി പലതവണ ക്യൂബ സന്ദര്‍ശിച്ചിട്ടുണ്ട്‌.
1979ല്‍ ഭരത്‌ ഗോപി സംവിധാനം ചെയ്‌ത `ഞാറ്റടിയായിരുന്നു ആദ്യ ചിത്രം. ഈ ചിത്രം ഇനിയും വെളിച്ചം കണ്ടിട്ടില്ല. അരവിന്ദന്റെ `ചിദംബരത്തില്‍ പേരില്ലാത്ത കഥാപാത്രമായിരുന്നു രണ്ടാം വേഷം. ലെനിന്‍ രാജേന്ദ്രന്റെ `മീനമാസത്തിലെ സൂര്യനില്‍ കയ്യൂര്‍ രക്തസാക്ഷിയായും മുരളി അഭിനയിച്ചുവെങ്കിലും പുറത്തിറങ്ങിയ ആദ്യചിത്രം ഹരിഹരന്‍ - എംടി ടീമിന്റെ `പഞ്ചാഗ്നിയായിരുന്നു. ഈ ചിത്രം പുറത്തിറങ്ങിയശേഷമാണ്‌ മീനമാസത്തിലെ സൂര്യന്‍ റിലീസായത്‌. തുടര്‍ന്ന്‌ മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 200 ലധികം സിനിമകളില്‍ അഭിനയിച്ചു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP