പണിമുടക്ക്: ബാങ്കിംഗ് മേഖല സ്‌തംഭിച്ചു
ന്യൂഡല്‍ഹി: ശമ്പള പരിഷ്‌കരണവും പെന്‍ഷനും ആവശ്യപ്പെട്ട് പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്നാരംഭിച്ച സമരം പൂര്‍ണം. രാജ്യത്തെ ബാങ്കിംഗ് മേഖല ഇന്ന് പരിപൂര്‍ണമായി സ്‌തംഭിച്ചു. സമരത്തിന്റെ രണ്ടാംദിനമായ നാളെയും ബാങ്കുകളില്‍നിന്നും പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കാന്‍ ഇടയില്ല. അതിനിടെ 24 സ്വകാര്യമേഖലാബാങ്കുകളിലെ ജീവനക്കാര്‍ക്കൂടി പണിമുടക്കുമെന്ന് ഭീഷണിമുഴക്കി രംഗത്തെത്തിയിട്ടുണ്ട്.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ ചെക്ക് ക്ലിയറിംഗ്, സര്‍ക്കാര്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സാധാരണ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. പൊതുജനങ്ങള്‍ക്ക് സാമ്പത്തികാവശ്യങ്ങള്‍ക്കായി എ ടി എമ്മിനെ പൂര്‍ണമായും ആശ്രയിക്കേണ്ടിവന്നു.
കേരളത്തിലും പശ്ചിമബംഗാളിലും ബാങ്കുകളുടെ പ്രവര്‍ത്തനം 100 ശതമാനവും തടസപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പണിമുടക്കിയ ജീവനക്കാര്‍ അതത് ബാങ്കുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
പണിമുടക്ക് വിജയമായിരുന്നുവെന്നും മിക്ക ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചുവെന്നും സമരത്തിന് ആഹ്വാനം ചെയ്‌ത ബാങ്ക് യൂണിയനുകളുടെ ഐക്യവേദി കണ്‍വീനര്‍ സി എച്ച് വെങ്കിടാചലം പറഞ്ഞു. സ്വകാര്യബാങ്കുകളായ ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, വിദേശബാങ്കുകളായ സിറ്റി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവയെയും പണിമുടക്ക് ഭാഗികമായി ബാധിച്ചു. ഫെഡറല്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഐ എന്‍ ജി വൈശ്യ ബാങ്ക്, ലക്ഷ്‌മിവിലാസ് ബാങ്ക് തുടങ്ങിയ സ്വകാര്യബാങ്കുകളും പണിമുടക്കില്‍ പങ്കെടുത്തു.
രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളില്‍ 70 ശതമാനവും പൊതുമേഖലാ ബാങ്കുകള്‍ വഴിയായതിനാല്‍ പണിമുടക്ക് ശക്തമായിരുന്നു. രാജ്യവ്യാപകമായി ഒന്‍പതു ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ ഉന്നതസമിതിയായ ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയുമായി ശമ്പള വര്‍ധന സംബന്ധിച്ച് രണ്ട് മാസം മുമ്പ് നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്‍നിശ്ചയപ്രകാരമാണ് പണിമുടക്ക്. ജീവനക്കാര്‍ 20 ശതമാനം ശമ്പള വര്‍ധന ആവശ്യപ്പെട്ടപ്പോള്‍ 17.5 ശതമാനം വര്‍ധിപ്പിക്കാമെന്ന് അസോസിയേഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 13 ശതമാനമായി കുറയ്‌ക്കുകയായിരുന്നു. 2007 നവംബറിനു ശേഷം ബാങ്കിംഗ് മേഖലയില്‍ ശമ്പള പരിഷ്‌കാരം മുടങ്ങിക്കിടക്കുകയാണ്.
0 comments:
Post a Comment