Wednesday, August 5, 2009

ബ്രിട്ടന്‍ പൗരത്വ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു, ഇന്ത്യക്കാര്‍ക്ക്‌ തിരിച്ചടിയാകും

ലണ്ടന്‍: പൗരത്വ നിയമങ്ങളില്‍ ബ്രിട്ടന്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. നിലവില്‍ സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന അവസ്ഥ ഇതോടെ ഇല്ലാതാകും. പ്രൊബേഷണറി പൗരത്വം എന്ന പുതിയ നയം ഇന്ത്യ ഉള്‍പ്പെടെയുളള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാരിലാണ്‌ നടപ്പിലാക്കുക. ഇനി മുതല്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്‌ ബ്രിട്ടീഷ്‌ പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടനോടുളള പ്രതിബദ്ധത തെളിയിക്കാനായി ശമ്പളരഹിത ജോലിയിലേര്‍പ്പെടുകയോ സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയോ ചെയ്യേണ്ടതാണ്‌.
നേരത്തേ അഞ്ച്‌ വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പൗരത്വം ലഭിച്ചിരുന്നു. കഴിവിന്റേയും, യോഗ്യതയുടെയും, വരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ അപേക്ഷാര്‍ത്ഥികളെ തരം തിരിക്കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്‌. മോശം പെരുമാറ്റത്തിന്‌ നെഗറ്റീവ്‌ മാര്‍ക്ക്‌ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ രീതിയില്‍ പ്രൊബേഷണറി പൗരത്വം ലഭിക്കണമെങ്കില്‍ കുറഞ്ഞത്‌ 20 മാര്‍ക്ക്‌ നേടേണ്ടതുണ്ട്‌. പൂര്‍ണ്ണപൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടനിലെ ജീവിതരീതികളെക്കുറിച്ചും ഇംഗ്‌ളീഷ്‌ ഭാഷാശേഷിയെക്കുറിച്ചുമുളള പരീക്ഷകള്‍ വിജയിക്കണം. തോല്‍ക്കുന്നവര്‍ക്ക്‌ വീണ്ടും അവസരം നല്‌കും.
എന്നാല്‍ പുതിയ നിര്‍ദേശം വ്യാപകമായ പ്രതിഷേധവും ഉയര്‍ത്തി വിട്ടിട്ടുണ്ട്‌. നിയമവിരുദ്ധമായ കുടിയേറ്റത്തെ തടയുന്നതിന്‌ ഈ നിയമം ഉപകരിക്കില്ലെന്ന്‌ മാത്രമല്ല ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തിലെ ജനങ്ങള്‍ക്ക്‌ ഈ നിയമം തിരിച്ചടിയാകുമെന്നും ബ്രിട്ടിഷ്‌ പാര്‍ലമെന്റിലെ ആഭ്യന്തരമന്ത്രാലയം ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഈ നിയമത്തെക്കുറിച്ച്‌ ലേബര്‍ പാര്‍ട്ടിയിലോ പാര്‍ലമെന്റിലോ യാതൊരു ചര്‍ച്ചയും നടത്തിയില്ലെന്ന്‌ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗം കീത്ത്‌ വാസ്‌ ആരോപിച്ചു. ഇന്ത്യന്‍ വംശജരെ വിവേചനപരമായി തരം തിരിക്കാന്‍ മാത്രമേ ഈ നിയമം ഉപകരിക്കൂവെന്ന്‌ വാസ്‌ പറഞ്ഞു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP