Monday, July 13, 2009

അമേരിക്കന്‍ സാമ്പത്തികരക്ഷ ഇന്ത്യാക്കാരന്റെ കൈയില്‍

ന്യൂയോര്‍ക്ക്‌: ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ അടിതെറ്റിയ അമേരിക്കയുടെ സാമ്പത്തിക രക്ഷാ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഇന്ത്യന്‍ വംശജന്‍. ജോര്‍ജ്‌ ബുഷ്‌ സര്‍ക്കാരിന്റെ കാലത്ത്‌ തയ്യാറാക്കിയ 70,000 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാ പദ്ധതി നടപ്പിലാക്കുന്നത്‌ ഇന്ത്യന്‍ വംശജനായ നീല്‍ കാഷ്‌കാരിയുടെ മേല്‍നോട്ടത്തിലാണ്‌.
ഒബാമ സര്‍ക്കരിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ സാമ്പത്തിക ഉപദേഷ്ടാവായ നീല്‍ കാഷ്‌കാരി ഈ ചുമതല ഏറ്റെടുത്തത്‌. അമേരിക്കന്‍ ധനമന്ത്രാലയത്തിനു കീഴിലുള്ള ധനസ്ഥിരത വകുപ്പിലെ സെക്രട്ടറികൂടിയാണ്‌ 35 കാരനായ നീല്‍.
1973 ജൂലൈ 30 ന്‌ അമേരിക്കയിലെ ഒഹിയോയിലാണ്‌ നീല്‍ ജനച്ചത്‌. കാശ്‌മീരി പണ്ഡിറ്റുകളായ ശ്രീനഗര്‍ സഫിയ സ്വദേശികള്‍ ഷമന്‍, ഷീലാ കാഷ്‌കാരി ദമ്പതികളുടെ മകനായ നീലിന്‌ ജൂലൈ ഭാഗ്യമാസവും ആണ്‌. 2006 ജൂലൈയിലാണ്‌ നീല്‍ ധനസ്ഥിരത വകുപ്പില്‍ ജോലിക്ക്‌ പ്രവേശിക്കുന്നത്‌. മൂന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷം ജൂലൈയില്‍തയന്നെയാണ്‌ പുതിയ ദൗത്യവും നീലിന്‌ ലഭിക്കുന്നത്‌.

ഓഹരി വിപണിയില്‍ പ്രതീക്ഷകള്‍ മങ്ങുന്നു

രണ്ട്‌ ദിവസത്തെ അവധിക്കുശേഷവും ഓഹരി വിപണയില്‍ പ്രതീക്ഷകള്‍ പൂക്കുന്നില്ല. ഒരു കൈതാങ്ങ്‌ നല്‍കാത്ത കേന്ദ്രബജറ്റും ആഗോളവിപണിയിലെ മാന്ദ്യവും ഉയര്‍ന്ന വില്‌പന സമ്മര്‍ദ്ദവും ഇന്നും സൂചികയെ താഴേക്കാണ്‌ വലിച്ചത്‌.
ബോംബെ സൂചികയായ സെന്‍സെക്‌സ്‌ 104 പോയിന്റ്‌ ഇടിഞ്ഞ്‌ 13,400 പോയിന്റിലും നിഫ്‌ടി 30 പോയിന്റ്‌ ഇടിഞ്ഞ്‌ 3974 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ഓഹരി മേഖലയുടെ നിര്‍ണായക ദിവസങ്ങളാണ്‌ ഇനി വരാന്‍ പോകുന്നത്‌. ഈ നിര്‍ണ്ണായകദിനങ്ങള്‍ തരണംചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ വിപണിയില്‍ ഒരു മുന്നേറ്റം പ്രതീക്ഷിക്കാന്‍പോലും സാധിക്കൂവെന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.

ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈയടക്കി; വിമാന സര്‍വീസ്‌ തടസപ്പെട്ടു

ന്യൂയോര്‍ക്ക്‌: ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈടക്കിയതിനെ തുടര്‍ന്ന്‌ വിമാന സര്‍വീസ്‌ ഒന്നര മണിക്കൂറോളം തടസപ്പെട്ടു. ന്യൂയോര്‍ക്ക്‌ സിറ്റിയിലെ കെന്നഡി എയര്‍പോര്‍ട്ടില്‍ രണ്ടുദിവസം മുമ്പായിരുന്നു സംഭവം.
രാവിലെ 8.30 നായിരുന്നു ആദ്യത്തെ ആമക്കുഞ്ഞിനെ റണ്‍വേയില്‍ കണ്ടെത്തിയത്‌. പിന്നീട്‌ ഒന്നിനു പുറകേ ഒന്നായി 78 ആമക്കുഞ്ഞുങ്ങള്‍ ആണ്‌ റണ്‍വേയില്‍ തങ്ങളുടെ സുരക്ഷിതസ്ഥാനം കണ്ടെത്തിയത്‌. അടുത്തുള്ള കടല്‍ തീരത്തുനിന്നാണ്‌ ഇവ റണ്‍വേയിലേക്ക്‌ കയറിയത്‌.
റണ്‍വേ പൂര്‍ണമായും ഇവയുടെ കൈയിലായതോടെ വിമാനങ്ങള്‍ക്ക്‌ പറന്നുയരാനോ താഴെയിറങ്ങാനോ കഴിയാത്ത സ്ഥിതി സംജാതമായി. ഒടുവില്‍ കൂടുതല്‍ ജീവനക്കാരെത്തി ഇവയെ ഒന്നൊന്നായി അടുത്തുള്ള കടലിലേക്ക്‌ മറ്റുകയായിരുന്നു. ശേഷം വിമാന സര്‍വീസ്‌ പുനരാരംഭിക്കുമ്പോഴേക്കും ഏകദേശം ഒന്നര മണിക്കൂര്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.
സാധാരണഗതിയില്‍ 20 സെന്റീമീറ്റര്‍ നീളവും ഒരു കിലോവരെ തൂക്കവുമുള്ള ഡൈമണ്ട്‌ ബാക്ക്‌ ടെറാപിന്‍സ്‌ വിഭാഗത്തില്‍പ്പെട്ടുന്ന ആമക്കുഞ്ഞുങ്ങളെയാണ്‌ റണ്‍വേയില്‍ കണ്ടെത്തിയതെന്ന്‌ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP