Monday, July 13, 2009

ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈയടക്കി; വിമാന സര്‍വീസ്‌ തടസപ്പെട്ടു

ന്യൂയോര്‍ക്ക്‌: ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈടക്കിയതിനെ തുടര്‍ന്ന്‌ വിമാന സര്‍വീസ്‌ ഒന്നര മണിക്കൂറോളം തടസപ്പെട്ടു. ന്യൂയോര്‍ക്ക്‌ സിറ്റിയിലെ കെന്നഡി എയര്‍പോര്‍ട്ടില്‍ രണ്ടുദിവസം മുമ്പായിരുന്നു സംഭവം.
രാവിലെ 8.30 നായിരുന്നു ആദ്യത്തെ ആമക്കുഞ്ഞിനെ റണ്‍വേയില്‍ കണ്ടെത്തിയത്‌. പിന്നീട്‌ ഒന്നിനു പുറകേ ഒന്നായി 78 ആമക്കുഞ്ഞുങ്ങള്‍ ആണ്‌ റണ്‍വേയില്‍ തങ്ങളുടെ സുരക്ഷിതസ്ഥാനം കണ്ടെത്തിയത്‌. അടുത്തുള്ള കടല്‍ തീരത്തുനിന്നാണ്‌ ഇവ റണ്‍വേയിലേക്ക്‌ കയറിയത്‌.
റണ്‍വേ പൂര്‍ണമായും ഇവയുടെ കൈയിലായതോടെ വിമാനങ്ങള്‍ക്ക്‌ പറന്നുയരാനോ താഴെയിറങ്ങാനോ കഴിയാത്ത സ്ഥിതി സംജാതമായി. ഒടുവില്‍ കൂടുതല്‍ ജീവനക്കാരെത്തി ഇവയെ ഒന്നൊന്നായി അടുത്തുള്ള കടലിലേക്ക്‌ മറ്റുകയായിരുന്നു. ശേഷം വിമാന സര്‍വീസ്‌ പുനരാരംഭിക്കുമ്പോഴേക്കും ഏകദേശം ഒന്നര മണിക്കൂര്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.
സാധാരണഗതിയില്‍ 20 സെന്റീമീറ്റര്‍ നീളവും ഒരു കിലോവരെ തൂക്കവുമുള്ള ഡൈമണ്ട്‌ ബാക്ക്‌ ടെറാപിന്‍സ്‌ വിഭാഗത്തില്‍പ്പെട്ടുന്ന ആമക്കുഞ്ഞുങ്ങളെയാണ്‌ റണ്‍വേയില്‍ കണ്ടെത്തിയതെന്ന്‌ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP