Saturday, August 29, 2009

വണ്ടിച്ചെക്ക്‌ കേസില്‍ മുന്‍മന്ത്രി മുനീറിനും മൂന്നുപേര്‍ക്കും ഒരു ദിവസം തടവ്‌

കോട്ടയം: വണ്ടിച്ചെക്ക്‌ കേസില്‍ മുന്‍മന്ത്രി ഡോ. എന്‍ കെ മുനീര്‍ അടക്കം മൂന്നു പേര്‍ക്ക്‌ ഒരു ദിവസം തടവും 25 ലക്ഷം രൂപ പിഴയും. ഇന്ത്യാവിഷന്‍ സാറ്റലൈറ്റ്‌ കമ്പനി പ്രൈവറ്റ്‌ ലിമിറ്റഡ്‌ ചെയര്‍മാനും മുന്‍മന്ത്രിയുമായ ഡോ. എന്‍ കെ മുനീര്‍, ചാനലിന്റെ സെക്രട്ടറി എസ്‌ യോഗേന്ദ്രനാഥ്‌, ഡയറക്‌ടര്‍ ജമാലുദ്ദീന്‍ ഫറൂഖ്‌ എന്നിവരെയാണ്‌ ഒരു ദിവസത്തെ തടവിനും പിഴ അടയ്‌ക്കുവാനും കോട്ടയം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ജഡ്‌ജി അമീര്‍ അലി വിധിച്ചത്‌.
മാത്യു അലക്‌സ്‌ വെള്ളാപ്പള്ളി നല്‍കിയ ചെക്കു കേസിലാണ്‌ ഇന്നലെ വിധി ഉണ്ടായത്‌. ഡോ. എന്‍ കെ മുനീര്‍ മന്ത്രിയായിരുന്ന സമയത്ത്‌ അദ്ദേഹം ചെയര്‍മാനായി ആരംഭിച്ച ഇന്ത്യാവിഷന്‍ ചാനലിനുവേണ്ടി മാത്യു അലക്‌സില്‍ നിന്നും 25 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഒരാഴ്‌ചയ്‌ക്കം പണം തിരികെ നല്‍കാമെന്ന്‌ പറഞ്ഞാണ്‌ പണം വാങ്ങിയത്‌. ഒരാഴ്‌ച കഴിഞ്ഞ്‌ പണം നല്‍കാതെ ഇന്ത്യാവിഷന്റെ പേരില്‍ ചെക്ക്‌ നല്‍കുകയാണുണ്ടായത്‌. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക്‌ മടങ്ങിയതിനെ തുടര്‍ന്ന്‌ പണം തിരികെ ലഭിക്കാന്‍ മാത്യു അലക്‌സ്‌ കോടതിയെ സമീപിക്കുകയായിരുന്നു. പണം അടയ്‌ക്കാന്‍ തയ്യാറാകാത്ത പക്ഷം രണ്ടു മാസം കഠിനതടവ്‌ അനുഭവിക്കണം. വാദി ഭാഗത്തിനുവേണ്ടി അഡ്വ. സുരേഷ്‌ ബാബു തോമസ്‌, അഡ്വ. വിനീത്‌ ജേക്കബ്‌ വര്‍ഗീസ്‌ എന്നിവര്‍ ഹാജരായി.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP