Tuesday, July 14, 2009

ബോണാ ഫാള്‍സ്‌: വനസുഗന്ധമുള്ള ഒരു യാത്ര


വനഗന്ധമുള്ള യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സ്നേഹക്ഷണമാണ്‌ ബോണാഫാള്‍സ്‌. പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ഈ വെള്ളച്ചാട്ടത്തിലെത്താന്‍ ബോണക്കാട്‌ തേയിലത്തോട്ടങ്ങള്‍ താണ്ടി 4 കി. മീറ്റര്‍ സഞ്ചരിക്കണം. തിരുവനന്തപുരത്തു നിന്ന് 60 കി. മീറ്റര്‍ അകലെയാണ്‌ ബോണക്കാട്‌.
***********

യാനൈക്കാടും വാനക്കാടും****************************
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട തേയിലത്തോട്ടങ്ങളിലൊന്നായിരുന്നു മഹാവീര്‍ പ്ലാന്റേഷന്‍സ്‌. ഏറെക്കാലമായി ഈ കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ആനകള്‍ ധാരാളമുണ്ടായിരുന്ന പ്രദേശമായിരുന്നതിനാല്‍ ഇവിടം 'യാനൈക്കാട്‌' എന്ന് അറിയപ്പെട്ടിരുന്നുവെന്നും പിന്നീട്‌ ബോണക്കാട്‌ ആയി മാറിയെന്നും ചില ബോണക്കാട്ടുകാര്‍ പറയുമ്പോള്‍, വാനം മുട്ടുന്ന കാടായിരുന്നതിനാല്‍ 'വാനക്കാട്‌' എന്നും ക്രമേണ ബോണക്കാട്‌ എന്ന് മാറിയതാണെന്നും ചില സ്ഥലനാമ പഠിതാക്കള്‍ അഭിപ്രായപ്പെടുന്നു.
******************
അഗസ്ത്യകൂട യാത്രയ്ക്ക്‌ വരുന്ന തീര്‍ഥാടകര്‍ക്ക്‌ വാഹനത്തിലെത്തിച്ചേരാവുന്ന അവസാന സ്ഥലമാണിവിടം. തുടര്‍ന്ന് കാനനപാതയിലൂടെ 20ലേറെ കി. മീറ്റര്‍ സഞ്ചരിച്ചാലാണ്‌ അഗസ്ത്യകൂടത്തില്‍ എത്തിച്ചേരുക. ഇതേ വഴിക്കു തന്നെയാണ്‌ ബോണാഫാള്‍സിലേക്കും പോകേണ്ടത്‌.

***********

തിരുവനന്തപുരം-പൊന്മുടി റൂട്ടില്‍ വിതുര കഴിഞ്ഞാണ്‌ ബോണക്കാട്ടേക്കുള്ള പാത തിരിയുന്നത്‌ .തിരുവനന്തപുരത്തു നിന്ന് 60ലേറെ കി. മീറ്റര്‍ സഞ്ചാരദൂരമുണ്ട്‌ ബോണക്കാട്ടേക്ക്‌.
**********
വാഹനം ഹെയര്‍പിന്‍ വളവുകള്‍ തിരുന്നതിനിടയില്‍ ദൂരെ താഴത്തായി ഒരു സ്ഫടികത്തിളക്കം കാണാം. പേപ്പാറ അണക്കെട്ട്‌. കരമനയാറ്റില്‍ രണ്ട്‌ അണക്കെട്ടുകളുണ്ട്‌. പേപ്പാറയും അരുവിക്കരയും. തലസ്ഥാനനഗരിയുടെ ദാഹം തീര്‍ക്കുന്നത്‌ കരമനയാറ്റിലെ ജലമാണ്‌.
**************
വാഹനം ചെന്നെത്തുന്നിടത്തു നിന്ന് തേയിലഫാക്ടറി താണ്ടി, രണ്ട്‌ ഫര്‍ലോങ്ങ്‌ സഞ്ചരിച്ചാല്‍ വനം വകുപ്പിന്റെ ഒരു കാവല്‍മാടത്തിനരികിലെത്തും. അതുകഴിഞ്ഞാല്‍, വനപാതയിലൂടെയാണ്‌ യാത്ര. ജൈവവൈവിധ്യക്കലവറയായ അഗസ്ത്യകൂടത്തിലൂടെയാണ്‌ നടക്കേണ്ടത്‌. ഔഷധഗന്ധിയായ കാറ്റ്‌. ബോണാഫാള്‍സിലേക്കുള്ള യാത്ര സാഹസികമായിത്തീരുന്നത്‌, വഴിക്കുണ്ടാകാവുന്ന മൃഗസാന്നിധ്യമാണ്‌. വെള്ളച്ചാട്ടത്തിനരികില്‍ക്കൂടിത്തന്നെ ആനത്താരയുണ്ട്‌. പലപ്പോഴും വെള്ളം കുടിക്കാനും നീരാട്ടിനുമൊക്കെയായി ആനകള്‍ ഇവിടെ വരാറുണ്ട്‌. വിശേഷിച്ചും, വേനല്‍ക്കാലങ്ങളില്‍. എങ്കിലും, വനസഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്‌ കരമനയാറ്റിലെ ഈ വെള്ളക്കുതിപ്പും അതിനു ചുവട്ടിലെ ചെറുതടാകവും...

അന്വേഷണങ്ങള്‍ക്ക്‌:
പേപ്പാറ വൈല്‍ഡ്‌ലൈഫ്‌ സാങ്ഗ്ച്വറി -- 0472-2892344.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP