Wednesday, July 15, 2009

ഫ്‌ളിന്റോഫ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിനിന്നും വിരമിക്കുന്നു. ആഷസ്‌ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ നാളെ ലോര്‍ഡ്‌സില്‍ തുടങ്ങാനിരിക്കെയാണ്‌ ഫ്‌ളിന്റോഫിന്റെ വിരമിക്കല്‍ തീരുമാനം. എങ്കിലും ആഷസ്‌ പരമ്പരയ്‌ക്കു ശേഷമേ വിരമിക്കല്‍ ഉണ്ടാകൂ.
കണങ്കാലിനേറ്റ പരുക്കു വീണ്ടും വഷളായതോടെ ഫ്‌ളിന്റോഫ്‌ വിരമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയത്‌. രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഫ്‌ളിന്റോഫ്‌ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. എന്നാല്‍, ഏകദിനങ്ങള്‍ക്കും ട്വിന്റി-20 മല്‍സരങ്ങള്‍ക്കും തുടര്‍ന്നും കളിക്കുമെന്ന്‌ ഫ്‌ളിന്റോഫ്‌ വ്യക്‌തമാക്കി. വിരമിക്കല്‍ തീരുമാനം ഇന്നു വൈകിട്ടു പ്രഖ്യാപിക്കുമെന്നാണ്‌ കരുതുന്നത്‌.
കണങ്കാലിന്‌ നാല്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിട്ടുള്ള ഫ്‌ളിന്റോഫിന്‌ തോളെല്ലിനും പുറത്തും ഇടുപ്പിലും ഒക്കെ പരുക്കേറ്റിട്ടുണ്ട്‌. ബോളിങ്ങിന്റെ അധികസമ്മര്‍ദ്ദം കൂടി താങ്ങാന്‍ ഈ മുപ്പത്തിയൊന്നുകാരന്‌ ആവുന്നില്ലെന്ന്‌ കുറച്ചുനാളായി ആരാധകര്‍ ഭയപ്പെട്ടിരുന്നു.
2005 ല്‍ ആഷസ്‌ പരമ്പര നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്‌ ഫ്‌ളിന്റോഫിന്റെ ഓള്‍റൗണ്ട്‌ മികവായിരുന്നു. ടെസ്‌റ്റില്‍ 76 മല്‍സരങ്ങളില്‍ നിന്നായി 219 വിക്കറ്റെടുത്തിട്ടുണ്ട്‌. അഞ്ചു സെഞ്ചുറി ഉള്‍പ്പടെ 3,645 റണ്‍സ്‌ നേടുകയും ചെയ്‌തു. 141 ഏകദിനങ്ങളില്‍ നിന്നായി 3,394 റണ്‍സും 169 വിക്കറ്റും നേടിയിട്ടുണ്ട്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP