അന്തസുണ്ടെങ്കില്‍ അഹമ്മദ് രാജിവയ്‌ക്കണം: ഹംസ
മലപ്പുറം: കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദിന് അന്തസും അഭിമാനവുമുണ്ടെങ്കില്‍ മന്ത്രിസ്‌ഥാനം രാജിവയ്‌ക്കണമെന്ന് സി പി എം സംസ്‌ഥാനസമിതി അംഗം ടി കെ ഹംസ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്നും ഹംസ ചൂണ്ടിക്കാട്ടി.
ഇ അഹമ്മദ് മന്ത്രിയായതിനുശേഷമാണ് ട്രാവല്‍ ഏജന്‍സികള്‍ക്കുള്ള ക്വാട്ട വീതിച്ചുനല്‍കുന്നതില്‍ ക്രമക്കേടുകള്‍ തുടങ്ങിയത്. മൂന്നുകൊല്ലം സര്‍വീസുള്ള ഏജന്‍സികള്‍ക്കു മാത്രമെ ക്വാട്ട അനുവദിക്കാവൂ എന്ന ചട്ടം 2006 മുതല്‍ ലംഘിക്കപ്പെട്ടതായും ഇത് സംബന്ധിച്ച് മുമ്പ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ ടി കെ ഹംസ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കേന്ദ്രഹജ് ക്വാട്ടയിലെ 16,000 സീറ്റുകള്‍ അഹമ്മദ് നേരിട്ടു വില്‍പ്പന നടത്തിയെന്ന് അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിക്കു താന്‍ രേഖാമൂലം പരാതി നല്‍കിയതായിരുന്നു. പക്ഷേ നടപടിയുണ്ടായില്ല. അന്ന് ലീഗിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിനു ശക്‌തിയുണ്ടായിരുന്നില്ല. ഇന്ന് സ്‌ഥിതി മാറിയെന്നും ഹംസ ചുണ്ടിക്കാട്ടി.
ക്വാട്ട വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന് കേന്ദ്രമന്ത്രി ശശി തരൂരിനു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ അന്വേഷണം. രാഷ്‌ട്രീയമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേഹം വ്യക്‌തിപരമായി മാന്യനും സത്യസന്ധനുമാണ്. എ ഐ സി സി നേതാവ് വീരപ്പ മൊയ്‌ലി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണമെന്നും ഹംസ പറഞ്ഞു.
0 comments:
Post a Comment