Wednesday, July 29, 2009

മൈക്കിള്‍ ഷുമാക്കര്‍ തിരിച്ചെത്തുന്നു ?

ലണ്ടന്‍: മുന്‍ലോചാമ്പ്യന്‍ മൈക്കിള്‍ ഷുമാക്കര്‍ ഫെറാറിയുടെ ഡ്രൈവറായി തിരിച്ചെത്തുമെന്ന്‌ സൂചന. ഇതിനുള്ള ശ്രമങ്ങള്‍ ഫെറാറി ആരംഭിച്ചുകഴിഞ്ഞു. തലയോട്ടിക്ക്‌ പരിക്കേറ്റ ഫിലിപ്‌ മാസെയ്‌ക്ക്‌ ഫോര്‍മുല വണ്ണിലെ ഈ സീസണ്‍ നഷ്ടമാകുമെന്ന്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ ഷുമാക്കറെ വീണ്ടും വളയമേല്‍പ്പിക്കാന്‍ ഫെറാറി ശ്രമിക്കുന്നത്‌.
ഫെറാറിയുടെ ടെക്‌നിക്കല്‍ ഡയറക്ടറാണ്‌ ഷുമാക്കര്‍ ഇപ്പോള്‍. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലേയ്‌ക്ക്‌ തിരികെ എത്തിയേക്കാമെന്ന്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവായ സബിന്‍ കെം വ്യക്തമാക്കിക്കഴിഞ്ഞു. ഓഗസ്‌റ്റ്‌ 23ന്‌ വലന്‍സിയയില്‍ നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിലൂടെയാവും മുന്‍ ലോക ചാമ്പ്യന്‍ തിരിച്ചുവരവെന്നും സൂനചയുണ്ട്‌.
ഹംഗേറിയന്‍ ഗ്രാന്റ്‌പ്രീക്കിടെ ഇടതു കണ്ണിന്‌ ഗുരുതരമായി പരിക്കേറ്റ മാസെയുടെ മടങ്ങിവരവ്‌ എന്നുണ്ടാകുമെന്ന്‌ ഉറപ്പിച്ചുപറയാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഈ സാഹചര്യത്തില്‍ ഈ സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ മുടന്തുന്ന ഫെറാറിക്ക്‌ പകരം ഡ്രൈവര്‍മാരായ സ്‌പെയിനിന്റെ മാര്‍ക്ക്‌ ജെന്‍കിനെയും ഇറ്റലിയുടെ ലൂക്ക ബാദറെയുമാണ്‌ ആശ്രയിക്കാനുള്ളത്‌.
ജെന്‍ക്‌ 2003-04 സീസണില്‍ വില്യംസിനായി 36 ചാമ്പ്യന്‍ഷിപ്പുകള്‍ മത്സരിച്ചിട്ടുള്ള ഡ്രൈവറാണ്‌. എന്നാല്‍ ആറാം സ്ഥാനത്തിനൊപ്പം പോകാന്‍ ഇതുവരെ ജെന്‍കിനായിട്ടില്ല. രണ്ടാം ഡ്രൈവറായ വാദര്‍ 99 മുതല്‍ ഫെറാറിയുടെ ടെസ്‌റ്റ്‌ ഡ്രൈവറായി തുടരുന്നുണ്ടെങ്കിലും ഇതുവരെ ഫോര്‍മുല വണ്‍ മത്സരത്തിന്‌ ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ്‌ ഷുമാക്കറുടെ സാധ്യതകളെക്കുറിച്ച്‌ ഫെറാറി അധികൃതരെ പ്രേരിപ്പിക്കുന്നത്‌.
ഈ സീസണിന്റെ തുടക്കത്തില്‍ ഫെറാറിയുടെ പുതിയ കാര്‍ ടെസ്‌റ്റ്‌ ഡ്രൈവിംഗ്‌ നടത്തിയപ്പോള്‍ മാസെക്ക്‌ പകരം കാറോടിച്ചത്‌ ഷുമാക്കറായിരുന്നു. അദ്ദേഹം എല്ലാ ദിവസവും പരിശീലനം തുടരുന്നതും ഒരു തിരിച്ചുവരവിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെന്ന സൂചന നല്‍കുന്നുണ്ട്‌.
തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങളെ പുഞ്ചിരിച്ചുകൊണ്ട്‌ നേരിടുക മാത്രമാണ്‌ ഷുമാക്കര്‍ കഴിഞ്ഞ ദിവസം ചെയ്‌തത്‌. ഏഴു തവണ ലോക ചാമ്പ്യന്‍ഷിപ്പ്‌ നേടിയ ഷുമാക്കര്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും പന്‍മാറുന്നത്‌ 2006-ലാണ്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP