Monday, August 17, 2009

ലാവ്‌ലിന്‍: പിണറായി ക്രിമിനല്‍ റിട്ട്‌ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സി പി എം കേരള സെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ക്രിമിനല്‍ റിട്ട്‌ ഹര്‍ജി നല്‍കി. കഴിഞ്ഞതവണ ഹര്‍ജി നല്‍കിയപ്പോള്‍ ആഭ്യന്തര സെക്രട്ടറി മാത്രമായിരുന്നു എതിര്‍കക്ഷിയെങ്കില്‍ ഇത്തവണ സംസ്ഥാന സര്‍ക്കാരിനൊപ്പം സി ബി ഐയെയും പതിര്‍കക്ഷിയാക്കിയിട്ടുണ്ട്‌.
നടപടിക്രമം പൂര്‍ണമായും പാലിക്കാതിരുന്നതിനാല്‍ ആദ്യം നല്‍കിയ ഹര്‍ജി സുപ്രീംകോടതി രജിസ്‌ട്രി മടക്കിയിരുന്നു. അപാകതകള്‍ പരിഹരിച്ച്‌ ഈ മാസം 28 നകം വീണ്ടും ഹര്‍ജി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ പരേഖ്‌ ആന്‍ഡ്‌ കമ്പനി മുഖാന്തിരം പുതിയ റിട്ട്‌ നല്‍കിയിട്ടുള്ളത്‌.
കേസ്‌ നമ്പറിന്‌ പകരം ഡയറി നമ്പര്‍ മാത്രമാണ്‌ ആദ്യ റിട്ടില്‍ രേഖപ്പെടുത്തിയിരുന്നത്‌. കേസ്‌ സിവില്‍ ആണോ ക്രിമിനല്‍ ആണോ എന്നും വ്യക്തമാക്കിയിരുന്നില്ല. ഈ അപാകതകള്‍ പരിഹരിച്ചാണ്‌ വീണ്ടും റിട്ട്‌ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്‌.
മുന്‍വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായ്‌ നല്‍കിയ അനുമതിയും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും അസ്ഥിരപ്പെടുത്തണമെന്നതാണ്‌ റിട്ടിലെ പ്രധാന ആവശ്യം.
ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ആര്‍ എസ്‌ ഗവായിയെ ബഹിഷ്‌കരിച്ച സി പി എം മന്ത്രിമാര്‍ക്ക്‌ അദ്ദേഹം നല്‍കിയ ചായ സത്‌കാരത്തില്‍ പങ്കെടുക്കേണ്ടി വന്ന ദിവസവും പിണറായി വീണ്ടും റിട്ട്‌ സമര്‍പ്പിച്ച ദിവസവും ഒന്നുതന്നെയായത്‌ യാദൃശ്ചികമാവാം.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP