Monday, August 17, 2009

അഴകര്‍കോവിലും പഴമുതിര്‍ചോലയും

മധുരയില്‍നിന്ന്‌ 21 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ്‌, വനത്തോട്‌ ചേര്‍ന്നുള്ള മനോഹര ക്ഷേത്രമാണ്‌ അഴഗര്‍ കോവില്‍. കല്‍ അഴഗര്‍ കോവില്‍, കല്ലഴഗര്‍ കോവില്‍, കള്ളഴഗര്‍ കോവില്‍ എന്നൊക്കെയാണ്‌ ഉച്ചരിക്കപ്പെടുന്നത്‌.
മുമ്പ്‌, മധുര നായിക്കന്‍മാരുടെ കുലക്ഷേത്രമായിരുന്നു ഇവിടം. ചിത്തിരമാസത്തിലെ (ഏപ്രില്‍) ഉത്സവകാലത്ത്‌ അഴഗര്‍ സ്വാമിയുടെ വിഗ്രഹം മധുരയിലെ വൈഗ നദിയില്‍ ആറാട്ടിനുകൊണ്ടുപോകും. മധുര മീനാക്ഷിയുടെ സഹോദരനാണ്‌ അഴഗര്‍ എന്നാണ്‌ വിശ്വാസം. മീനാക്ഷി കല്ല്യാണമാണ്‌ ചിത്തിരോത്സവമായി ആഘോഷിക്കുന്നത്‌.
`ചോലമല'യിലാണ്‌ അഴഗര്‍ കോവിലിരിക്കുന്നത്‌. കരിങ്കല്ലില്‍ പണിത കൂറ്റന്‍ ക്ഷേത്രം. മുനിഞ്ഞുകത്തുന്ന ദീപങ്ങളും പൗരാണികമായ വാസനയും ഒരു ഇരുണ്ട സൗന്ദര്യാനുഭൂതിയായി നിറഞ്ഞുനില്‍ക്കുന്നു, ഇവിടെ. മുഖ്യക്ഷേത്രത്തിനു മുന്നില്‍ ഒരു സപ്‌തസ്വരമണ്ഡപവുമുണ്ട്‌.

ഉള്ളിലെന്നപോലെ, ആകര്‍ഷകമാണ്‌ മുഖമണ്ഡപം. കൂറ്റന്‍ വ്യാളീരൂപങ്ങളും ദേവതാ രൂപങ്ങളും കൊത്തിയ കരിങ്കല്‍ത്തൂണുകള്‍ മുഖമണ്ഡപത്തിന്റെ മുഖ്യ ആകര്‍ഷണമാണ്‌. മണ്ഡപത്തിനുള്ളിലെ കല്‍വിരികളില്‍ നിറയെ തീര്‍ഥാടകരുണ്ടാവും.
അഴഗര്‍ കോവിലില്‍നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അഞ്ചരിച്ചാല്‍ പഴമുതിര്‍ചോലയിലെത്താം. സുബ്രഹ്മണ്യന്റെ ആറു പടൈ വീടുകളില്‍ ഒന്നാണ്‌ ഇവിടമെന്നാണ്‌ വിശ്വാസം. അഴഗര്‍കോവിലിനു പിന്നിലെ കാട്ടുപാതയിലൂടെ കാല്‍നടയായോ, ക്ഷേത്രത്തിനു മുന്നിലെ നിരത്തിലൂടെ വാഹനത്തിലോ പഴമുതിര്‍ചോലയില്‍ ചെന്നുചേരാം. അഴഗര്‍കോവിലില്‍ നിന്ന്‌ പഴമുതിര്‍ചോലയിലേക്ക്‌ അടിക്കടി ബസ്‌ സര്‍വീസുമുണ്ട്‌.
മലമുകളില്‍നിന്നുള്ള സ്വാഭാവിക നീര്‍ക്കുതിപ്പാണ്‌ പഴമുതിര്‍ചോലയിലുള്ളത്‌. തീര്‍ഥാടകര്‍ ഇവിടെ കുളിക്കുകയും വെള്ള ശേഖരിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. (ഈ നീര്‍ക്കുതിപ്പിന്‌ `ബബുരഗംഗ' എന്ന്‌ പേരിട്ടിരിക്കുന്നു) അഴഗര്‍കോവിലിന്‌ ചുറ്റുമെന്നപോലെ, പഴമുതിര്‍ചോല വരെ ധാരാളം കുരങ്ങന്‍മാരെ കാണാന്‍ സാധിക്കും. അഗസ്‌ത്യ മഹര്‍ഷിയുടെ പേരിലുള്ള മൂലികവനത്തിന്റെ ഭാഗമാണ്‌ ഇവിടം.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP