Wednesday, August 19, 2009

ഭരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഒഴിയാന്‍ അനുവദിക്കുകയെന്ന്‌ വി എസ്‌

തിരുവനന്തപുരം: ഭരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിയാന്‍ അനുവദിക്കുകയെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ സി പി എം ദേശീയ നേതൃത്വത്തോട്‌ അഭ്യര്‍ത്ഥിച്ചു. കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ച ഈ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും എസ്‌ രാജേന്ദ്രനെ ഒഴിവാക്കാന്‍ ദേശീയ നേതൃത്വം പച്ചക്കൊടികാട്ടിയത്‌. പി കെ ഗുരുദാസന്‍ ഉള്‍പ്പെടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ബഹുഭൂരിപക്ഷവും ഇതിനെ എതിര്‍ത്തുവെങ്കിലും ഒടുവില്‍ പ്രകാശ്‌കാരാട്ടിന്റെ നിര്‍ദേശം അംഗീകരിക്കേണ്ടിവന്നു.
സി പി എം സംസ്ഥാന സമിതിയും ഈ നിര്‍ദ്ദേശം അംഗീകരിച്ചതോടെ എസ്‌ രാജേന്ദ്രനെ മിന്നല്‍ വേഗത്തില്‍ ഒഴിവാക്കി ചന്ദ്രശേഖരപണിക്കരെ സ്‌പെഷ്യല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായി നിയമിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കെ എന്‍ ബാലഗോപാലിന്റെ ദിവസങ്ങളും എണ്ണപ്പെട്ടുകഴിഞ്ഞു. അധികം വൈകാതെതന്നെ ബാലഗോപാലിനും പുതിയ മേച്ചില്‍പ്പുറം തേടേണ്ടിവരും. ഇക്കാര്യത്തിലും തീരുമാനമായിക്കഴിഞ്ഞതായാണ്‌ സൂചന.
തന്റെ ആവശ്യങ്ങളില്‍ തീരുമാനം വൈകുന്നതു കണ്ടാണ്‌ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ഒഴിയാന്‍ വി എസ്‌ അച്യുതാനന്ദന്‍ താത്‌പര്യം പ്രകടിപ്പിച്ചത്‌. രാജേന്ദ്രനും ബാലഗോപാലിനും എതിരെ മാസങ്ങള്‍ക്കു മുമ്പുതന്നെ വി എസ്‌ രേഖാമൂലം പി ബി ക്ക്‌ പരാതി നല്‍കിയിരുന്നു. വി എസിനെ കേന്ദ്രകമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തിയ പി ബി യോഗത്തിലും ഈ വിഷയം ചര്‍ച്ചയ്‌ക്ക്‌ വന്നിരുന്നു. അന്ന്‌ കേന്ദ്രനേതൃത്വം നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്‌ ഇപ്പോഴത്തെ മാറ്റെമന്നാണ്‌ സൂചന.
രാജേന്ദ്രനും ബാലഗോപാലിനുമെതിരെ വ്യക്തമായ തെളിവുകളോടെയാണ്‌ വി എസ്‌ നേരത്തേ പി ബിക്കു പരാതി നല്‍കിയിരുന്നത്‌. ബന്ധുക്കള്‍ക്കും അടുത്തവര്‍ക്കുമായി നിയമന ശുപാര്‍ശകള്‍ നല്‍കിയതാണ്‌ ഇതില്‍ പ്രധാന ആരോപണം. പാലോട്‌ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിരവധിപേര്‍ക്ക്‌ നിയമനത്തിന്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍ വിലാസം ഉപയോഗിച്ച്‌ ശുപാര്‍ശ നല്‍കിയതായി തെളിവ്‌ സഹിതം ദേശീയ നേതൃത്വത്തിന്‌ വി എസ്‌ കൈമാറിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്നവരോും ഫോണില്‍ വിളിക്കുന്നവരോടും അപമര്യാദയായി പെരുമാറുന്നതാണ്‌ മറ്റൊരു സംഭവം. ഇതു സംബന്ധിച്ച മാധ്യമങ്ങളില്‍ വന്ന വിവാദ വാര്‍ത്തകളാണ്‌ തെളിവായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. കഴിഞ്ഞ 1.5 വര്‍ഷമായി പ്രധാനപ്പെട്ട ഫയലുകള്‍ പൂഴ്‌ത്തുന്നതാണ്‌ മറ്റൊരു പരാതി. ഇങ്ങനെ പൂഴ്‌ത്തപ്പെട്ട ഫയലുകളുടെ വന്‍ ലിസ്‌റ്റുതന്നെ വി എസ്‌ കേന്ദ്രനേതൃത്വത്തിനു കൈമാറിയതായാണ്‌ വിവരം. മുഖ്യമന്ത്രി ചെയര്‍മാനായ വിവിധ സമിതികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നതതില്‍ കുറ്റകരമായ അനാസ്ഥയാണ്‌ കഴിഞ്ഞ 1.5 വര്‍ഷത്തിനിടെ രാജേന്ദ്രന്‍ കാട്ടിയതെന്നും പരാതിയുണ്ട്‌.
ഒട്ടും കാര്യക്ഷമതയില്ലാത്തയാളെന്ന പരാതിയാണ്‌ കെ എന്‍ ബാലഗോപാലിന്‌ തിരിച്ചടിയാവുന്നത്‌. ഒപ്പം ഐ ടി വകുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചില ഇടപെടലുകളും ബന്ധപ്പെട്ട ഫയലുകള്‍ പൂഴ്‌ത്തിയതും പരാതിക്കു കാരണമായിട്ടുണ്ട്‌. നല്ല നടപ്പിന്‌ ആറുമാസത്തെ കാലാവധി ഇപ്പോള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത്രയുംകാലം പൂര്‍ത്തിയാക്കില്ലെന്നാണ്‌ സൂചന.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP