Monday, July 20, 2009

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട്‌ 40 വര്‍ഷം

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട്‌ ഇന്ന്‌ 40 വര്‍ഷം. 1969 ജൂലൈ 20. അമേരിക്കന്‍സമയം വൈകുന്നേരം 4.17. ചന്ദ്രനിലിറങ്ങുക എന്ന സ്വപ്‌നവുമായി ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ്‌ സെന്ററില്‍നിന്ന്‌ പുറപ്പെട്ട അപ്പോളോ 11 ന്റെ കമാന്‍ഡ്‌ മോഡ്യൂള്‍ ചന്ദ്രന്റെ മണ്ണില്‍ തൊട്ടു.
പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്‌സണ്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ടെലിവിഷനു മുന്നില്‍ ശ്വാസമടക്കിയിരുന്നു. രാത്രി 10.56. കാത്തിരിപ്പിനൊടുവില്‍ മോഡ്യൂളിന്റെ വാതില്‍തുറന്നു. നീല്‍ആംസ്‌ട്രോങ്‌ ചരിത്രത്തിലേക്ക്‌ ചുവടുവച്ചു - മനുഷ്യന്‌ ഒരു കാല്‍വയ്‌പ്‌. മാനവരാശിക്ക്‌ വന്‍ കുതിച്ചുചാട്ടം.
ആംസ്‌ട്രോങ്ങിനു പിന്നാലെ എഡ്വിന്‍ ഇ. ആള്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തി. മൈക്കല്‍കോളിന്‍സായിരുന്നു ദൗത്യത്തിലെ മൂന്നാമന്‍. മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിച്ച സോവിയറ്റ്‌ യൂണിയന്‌ മറുപടിയായാണ്‌ അമേരിക്ക ചാന്ദ്രദൗത്യം സംഘടിപ്പിച്ചത്‌. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ശേഷം അമേരിക്ക പത്തു പേരെക്കൂടി ചന്ദ്രനിലെത്തിച്ചു.
അപ്പോളോ 11 ന്റെ ദൗത്യത്തിനു നാലു മാസത്തിനുശേഷം നവംബറില്‍ അപ്പോളോ 12 ല്‍ ചാള്‍സ്‌ കൊണാര്‍ഡ്‌, അലന്‍ ബീന്‍ എന്നിവര്‍ ചന്ദ്രനില്‍ ഇറങ്ങി. 1971 ഫെബ്രുവരിയില്‍ അപ്പോളോ 14 ചന്ദ്രനില്‍ ഇറക്കിയത്‌ അലന്‍ ഷെപ്പേഡ്‌, എഡ്‌ഗാര്‍ മിച്ചല്‍ എന്നിവരെയാണ്‌. അക്കൊല്ലം തന്നെ ജൂലൈയില്‍ അപ്പോളോ 15 ല്‍ ഡേവിഡ്‌ സ്‌കോട്ട്‌, ജെയിംസ്‌ ഇര്‍വിന്‍ എന്നിവര്‍ ചന്ദ്രനിലെത്തി. മാനവരാശിയുടെ കുതിച്ചുചാട്ടമായി വിശേഷിപ്പിക്കപ്പെട്ട ചാന്ദ്രദൗത്യം ബഹിരാകാശ ഗവേഷണരംഗത്ത്‌ വന്‍മുന്നേറ്റത്തിനാണ്‌ വഴിയൊരുക്കിയത്‌.
ഇതൊക്കെയാണെങ്കിലും 1972 നുശേഷം ചന്ദ്രനിലേക്ക്‌ ആരും മനുഷ്യരെ അയച്ചിട്ടില്ല. 1972 ഏപ്രിലില്‍ ജോണ്‍ യംങ്‌, ചാള്‍സ്‌ ഡ്യൂക്ക്‌ എന്നിവരായിരുന്നു ചന്ദ്രനില്‍ ഇറങ്ങിയത്‌. വാഹനം അപ്പോളോ 16. എട്ടാം മാസം വീണ്ടും ചന്ദ്രനിലേക്ക്‌ മനുഷ്യന്റെ യാത്ര. 1972 ഡിസംബറില്‍ അവസാനത്തെ ചാന്ദ്രദൗത്യവുമായി കുതിച്ചുയര്‍ന്ന അപ്പോളോ 17 ഹാരിസണ്‍ സ്‌മിത്ത്‌, യൂജിന്‍ സെര്‍നന്‍ എന്നിവരെ ചന്ദ്രനില്‍ എത്തിച്ചു. അങ്ങനെ ചന്ദ്രനെ സ്‌പര്‍ശിച്ച അവസാനത്തെയാളായി യൂജിന്‍ സെര്‍നന്‍. ചന്ദ്രനില്‍ നടന്ന 12 പേരില്‍ ചാള്‍സ്‌ കൊണാഡ്‌, അലന്‍ ഷെപ്പേഡ്‌, ജെയിംസ്‌ ഇര്‍വിന്‍ എന്നിവരൊഴിച്ച്‌ എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌.
പിന്നീട്‌ ഏകദേശം 37 വര്‍ഷമായി ആരും മനുഷ്യരെ ചന്ദ്രനിലേക്കയച്ചിട്ടില്ല. ചാന്ദ്രദൗത്യത്തിനുള്ള വന്‍ പണചെലവുതന്നെ പ്രധാനകാരണം. ഒപ്പം സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ശാസ്‌ത്രഞ്‌ജര്‍ക്ക്‌ മറ്റു ഗ്രഹങ്ങളോടുതോന്നിയ അഭിവിജ്ഞയുമാണ്‌ ഇതിന്‌ പ്രധാനകാരണം. മനുഷ്യനുപകരം യന്ത്രങ്ങളെ അയച്ചു പഠിക്കാമെന്ന സ്‌ഥിതിയുണ്ടായതോടെ അതിലായി എല്ലാവര്‍ക്കും താത്‌പര്യം. ഒപ്പം ചെവ്വ, വ്യാഴം ഗ്രഹങ്ങളെ കുറിച്ച്‌ പഠിക്കാനും.വീണ്ടും മനുഷ്യന്റെ കാല്‍പെരുമാറ്റത്തിന്‌ ചന്ദ്രനില്‍ അവസരമൊരുങ്ങുകയാണ്‌.
മുമ്പ്‌ വന്‍ ശക്തികളായിരുന്ന സോവിയറ്റ്‌ യൂണിയനും അമേരിക്കയുമാണ്‌ ചാന്ദ്രദൗത്യത്തിന്‌ മുന്‍കൈയെടുത്തതെങ്കില്‍ വന്‍ശക്തികളായി രൂപാന്തരപ്പെട്ടുവരുന്ന ഇന്ത്യയും ചൈനയുമാണ്‌ ചന്ദ്രനിലേക്ക്‌ വീണ്ടും മനുഷ്യനെ എത്തിക്കാന്‍ പരിശ്രമിക്കുന്നത്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP