അജയ് ഭട്ട് യഥാര്‍ത്ഥമാണോ?
ഇക്കഴിഞ്ഞ 20-20 ലോക കപ്പ് ക്രിക്കറ്റ് മത്സരകാലത്ത് ടെലിവിഷനു മുന്നിലിരുന്നവര്‍ ശ്രദ്ധിച്ച ഒരു പരസ്യമുണ്ട്- ഇന്റല്‍ കോര്‍പറേഷന്റെ പരസ്യം. 'നിങ്ങളുടെ സ്റ്റാര്‍ അല്ല ഞങ്ങളുടേത്' എന്നു പറഞ്ഞ്, യൂണിവേഴ്‌സല്‍ സീരിയല്‍ ബസി( യു എസ് ബി)ന്റെ സഹനിര്‍മാതാവ് ഇന്ത്യക്കാരനായ അജയ് ഭട്ടിനെ പ്രധാന ഹീറോയാക്കി നമുക്കു മുന്നില്‍ അവതരിപ്പിച്ച പരസ്യം. യഥാര്‍ത്ഥത്തില്‍ പരസ്യത്തില്‍ കാണുന്നയാളാണോ അജയ് ഭട്ട്? അല്ല എന്നു തന്നെയാണ് ഇന്റലിന്റെ വെബ്‌സൈറ്റും കാട്ടിത്തരുന്നത്. യു.എസ്.ബി എന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തിന് ഇന്റലിനൊപ്പമുണ്ടായ അജയ് ഭട്ടിനു പകരമായി ഒരു പ്രൊഫഷണല്‍ അഭിനേതാവിനെയാണ് അവര്‍ പരസ്യത്തിലൂടെ അജയ് ഭട്ടായി അവതരിപ്പിച്ചത്.തങ്ങളുടെ മുന്‍നിര ജീവനക്കാരെ പരസ്യത്തിലൂടെയും അവര്‍ അവതരിപ്പിച്ചപ്പോള്‍, അജയ് ഭട്ടിന്റെ വിവരങ്ങള്‍ തേടി ഇന്റര്‍നെറ്റില്‍ അന്വേഷണങ്ങളുടെ പ്രവാഹമായിരുന്നു.
1975ല്‍ ബറോഡയിലെ മഹാരാജാ സയാജിറാവു സര്‍വകലാശാലയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ബിരുദ വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലേക്കു ചേക്കേറിയ ഭട്ട് സിറ്റി യൂണിവേഴ്‌സിറ്റി ഒഫ് ന്യൂയോര്‍ക്ക് സിറ്റി കോളേജില്‍ 1984 വരെ തുടര്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന വാംഗ് ലബോറട്ടറിയില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയറായിട്ടായിരുന്നു തന്റെ മേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയത്. 1990ല്‍ ഇന്റല്‍ കോര്‍പറേഷനില്‍ സ്റ്റാഫ് ആര്‍ക്കിടെക്‌റ്റ് ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഇപ്പോള്‍ ഇന്റല്‍ കോര്‍പറേഷനിലെ ചീഫ് ക്ലയന്റ് പ്ലാറ്റ്‌ഫോം ആര്‍ക്കിടെക്‌റ്റാണ്.
ക്ലയന്റ് ആന്റ് സെര്‍വര്‍ പ്ലാറ്റാഫോം ആര്‍ക്കിടെക്‌ചര്‍, പി സി ആര്‍ക്കിടെക്‌ചര്‍, ഐ/ഒ ആര്‍ക്കിടെക്‌ചര്‍ എന്നിവയില്‍ വിദഗ്‌ധനായ അജയ് ഈ രംഗത്ത് അമേരിക്കന്‍ ഐക്യനാടുകളിലും ഏഷ്യയിലും നിരവധി സര്‍വകലാശാലകളില്‍ പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. തന്റെ മേഖലയില്‍ ഒന്‍പതു അമേരിക്കന്‍ പേറ്റന്റുകള്‍ സ്വന്തമാക്കിയിട്ടുള്ള അജയ് വി ഭട്ട്, യു എസ് ബി എന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തിലെ പങ്കാളി എന്ന നിലയിലാണ് ലോകം മുഴുവന്‍ പ്രശസ്‌തനായത്.
ഇന്റലിന്റെ പരസ്യത്തിലെ 'അജയ് ഭട്ടിനെ' യഥാര്‍ത്ഥ അജയ് ഭട്ടായി കണ്ടവരുടെ അന്വേഷണങ്ങള്‍ അജയ് ഭട്ടിനെ മുന്‍നിര്‍ത്തി നിരവധി വെബ്‌സൈറ്റുകളും ബ്ലോഗുകളും ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ പരസ്യത്തിനു ശേഷം വിക്കിപീഡിയ ഉള്‍പ്പടെയുള്ളവയില്‍ അജയ് ഭട്ടിനെക്കുറിച്ച് പുതിയ താളുകള്‍ ഉള്‍പ്പെടുത്തിയും കഴിഞ്ഞു.
0 comments:
Post a Comment