Thursday, August 27, 2009

ഹജ്ജ്‌ ക്വാട്ട ക്രമക്കേട്‌: ഇ അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണം

ന്യൂഡല്‍ഹി: കഴിഞ്ഞ യു പി എ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരിക്കെ ഹജ്ജ്‌ ക്വാട്ടാ അനുവദിച്ചതില്‍ ക്രമക്കേട്‌ നടത്തിയെന്ന ആരോപണത്തില്‍ ഇ അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണം. നിലവില്‍ റയില്‍വേ സഹമന്ത്രികൂടിയായ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നടപടികളെക്കുറിച്ച്‌ റിട്ട. സുപ്രിം കോടതി ജഡ്‌ജി അന്വേഷിക്കുമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ്‌ ടെലിവിഷന്‍ വാര്‍ത്താ ചാനലാണ്‌ ഹജ്ജ്‌ ക്വാട്ട ഇഷ്‌ടക്കാര്‍ക്ക്‌ യഥേഷ്‌ടം നല്‍കി കോടികളുടെ അഴിമതിക്ക്‌ മുന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ്‌ കൂട്ടുനിന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്‌. അതേസമയം ആരോപണം അഹമ്മദ്‌ നിഷേധിച്ചിട്ടുണ്ട്‌.
എന്നാല്‍ ഹജ്ജ്‌ ക്വാട്ട അനുവദിക്കുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇത്‌ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്താന്‍ മുന്‍ സുപ്രിം കോടതി ജഡ്‌ജിയെ നിയോഗിക്കാന്‍ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ അറ്റോര്‍ണി ജനറല്‍ ജി എന്‍ വാഹന്‍വദിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
2004-08 കാലഘട്ടത്തില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ്‌ ഹജ്ജ്‌ ക്വാട്ടയുടെ നല്ലൊരുഭാഗം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക്‌ നല്‍കുക വഴി വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നാണ്‌ ആരോപണം. നേരത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതാണ്‌. ഉത്തര്‍പ്രദേശ്‌, കേരളം എന്നിവിടങ്ങളില്‍ നിന്ന്‌ ഇ അഹമ്മദിനതിരെ ആയിരത്തോളം പരാതികള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്‌മാന്‍ഖാന്‌ ലഭിച്ചു. ഈ പരാതികള്‍ അദ്ദേഹം പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുക്കുകയായിരുന്നു.
ഹജ്ജിന്‌ കൊണ്ടുപോകാന്‍ നല്‍കേണ്ട നിര്‍ദിഷ്‌ട തുകയ്‌ക്ക്‌ പകരമായി രണ്ടു ലക്ഷം രൂപ വരെ ഹാജിമാരില്‍നിന്ന്‌ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഈടാക്കി. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട്‌ ഇത്തരത്തില്‍ സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകള്‍ക്ക്‌ ഏറെ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അഹമ്മദ്‌ കൂട്ടുനിന്നുവെന്നാണ്‌ ആരോപണം. അഹമ്മദിനും മകനും പങ്കുള്ള സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ക്കാണ്‌ കൂടുതല്‍ ക്വാട്ട ലഭിച്ചതെന്ന്‌ ചാനല്‍ ആരോപിച്ചിരുന്നു.

യു പി എ സര്‍ക്കാരിന്റെ അവസാനവര്‍ഷം ഇന്ത്യയില്‍നിന്ന്‌ 1,57,000 പേരെ ഹജ്ജിന്‌ അയയ്‌ക്കാനാണ്‌ സൗദി അറേബ്യ അനുമതി നല്‍കിയത്‌. ഇതില്‍ 1,04,000 സീറ്റുകള്‍ മാത്രമാണ്‌ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ്‌ കമ്മിറ്റി മുഖേന വിതരണം ചെയ്‌തത്‌. 47,000 സീറ്റ്‌ സ്വകാര്യ ട്രാവല്‍ ഗ്രൂപ്പുകള്‍ക്ക്‌ നല്‍കി. ഇതിലാണ്‌ വന്‍ അഴിമതി നടന്നതെന്ന്‌ ചാനല്‍ പറയുന്നു.
ഇ അഹമ്മദുമായി ബന്ധമുണ്ടെന്ന്‌ കരുതുന്ന കോഴിക്കോട്ടെ അല്‍ ഹിന്ദ്‌ ട്രാവല്‍സിന്‌ 1700 സീറ്റ്‌ നല്‍കി. ഒരു ട്രാവല്‍ ഏജന്‍സിക്ക്‌ ശരാശരി 155 സീറ്റ്‌ അനുവദിച്ചപ്പോഴാണ്‌ അല്‍ഹിന്ദിന്‌ 1700 പേരുടെ ക്വാട്ട നല്‍കിയത്‌.
സര്‍ക്കാര്‍ ക്വാട്ടയില്‍ നല്‍കേണ്ട സീറ്റുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ്‌ വെളിപ്പെടുത്തല്‍. 47,000 സീറ്റ്‌ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ നല്‍കിയപ്പോള്‍ 6000 സീറ്റ്‌ വിദേശമന്ത്രാലയം നേരിട്ട്‌ വിതരണം ചെയ്‌തു.
സംസ്ഥാന ഹജ്ജ്‌ കമ്മിറ്റികള്‍ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ്‌ ആളുകളെ തിരഞ്ഞെടുക്കുന്നതെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ സീറ്റ്‌ കൂടുതല്‍ പണം ഈടാക്കി വില്‍ക്കുകയാണ്‌. ഒരു ഏജന്‍സിക്ക്‌ പരമാവധി 600 യാത്രക്കാരുടെ ക്വാട്ട മാത്രമേ നല്‍കാവൂ എന്ന ചട്ടത്തിന്‌ വിരുദ്ധമായാണ്‌ അല്‍ ഹിന്ദിന്‌ കൂടുതല്‍ ക്വാട്ട അനുവദിച്ചത്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP