Thursday, August 27, 2009

പാവപ്പെട്ടവര്‍ക്ക്‌ വിദ്യാഭ്യാസ വായ്‌പാ പലിശ ഒഴിവാക്കും

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ വായ്‌പയുടെ പലിശ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. സാങ്കേതിക, പ്രഫഷണല്‍ വിദ്യാഭ്യാസത്തിനായി ഷെഡ്യൂള്‍ഡ്‌ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്‌പയുടെ പലിശയാണ്‌ പൂര്‍ണമായും സബ്‌സിഡിയായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌.
വായ്‌പാ തിരിച്ചടവ്‌ കാലാവധി വരെ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. പലിശ സബ്‌സിഡിക്ക്‌ അര്‍ഹതനേടുന്നതിന്‌ രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം നാലര ലക്ഷം രൂപയായി നിശ്ചയിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ്‌ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
നടപ്പ്‌ അക്കാദമിക വര്‍ഷം മുതല്‍ പദ്ധതി നിലവില്‍ വരും. രാജ്യത്തെ അഞ്ച്‌ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. വിദ്യാഭ്യാസ വായ്‌പാ പലിശ സബ്‌സിഡി ഒരു തവണ മാത്രമേ അനുവദിക്കൂ. വായ്‌പ ബിരുദ കോഴ്‌സിനോ ബിരുദാനന്തര ബിരുദ കോഴ്‌സിനോ, ബിരുദാനന്തര ബിരുദ ഡിപ്ലോമയ്‌ക്കോ പ്രയോജനപ്പെടുത്താം.
സംയുക്ത ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ തയ്യാറാക്കിയ പലിശ സബ്‌സിഡി പദ്ധതി അനുവദിക്കും. എന്നാല്‍ പഠനം ഇടയ്‌ക്കുവച്ച്‌ മതിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഈ ആനുകൂല്യം ലഭ്യമല്ല. ആരോഗ്യപരമായ കാരണങ്ങളാലാണ്‌ പഠനം ഉപേക്ഷിക്കേണ്ടി വരുന്നതെങ്കില്‍ ഇളവ്‌ ലഭിക്കും.
പദ്ധതിയുടെ നടത്തിപ്പും നിരീക്ഷണവും സംബന്ധിച്ച്‌ കനറാ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP