Thursday, August 27, 2009

പഞ്ചായത്തുകളില്‍ 50 ശതമാനം വനിതാ സംവരണം; നഗരസഭകളില്ല

ന്യൂഡല്‍ഹി: പഞ്ചായത്തുകളില്‍ വനിതകള്‍ക്ക്‌ 50 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം നഗരസഭകളില്‍ 50 ശതമാനം വനിതാ സംവരണം ഉണ്ടാവില്ല. ത്രിതല പഞ്ചായത്തുകളില്‍ ഇപ്പോള്‍തന്നെ മൂന്നിലൊന്ന്‌ സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്‌. ഇത്‌ രണ്ടിലൊന്നാക്കാനാണ്‌ തീരുമാനം. ഇതിനായി ഭരണഘടനയില 243 ഡി വകുപ്പ്‌ ഭേദഗതി ചെയ്യും. ഇതിന്‌ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ പഞ്ചായത്തി രാജ്‌ മന്ത്രാലയം ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന്‌ വാര്‍ത്താവിതരണ മന്ത്രി അംബികാ സോണി പറഞ്ഞു. ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പിലൂടെ നികത്തുന്ന മുഴുവന്‍ സീറ്റുകള്‍ക്കും 50 ശതമാനം സംവരണം ബാധകമായിരിക്കും. ഇതിനു പുറമെ 50 ശതമാനം പ്രസിഡന്റ്‌ സ്ഥാനവും സ്‌ത്രീകള്‍ക്ക്‌ മാറ്റിവയ്‌ക്കും. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്‌ സംവരണം ചെയ്‌ത സീറ്റുകളുടെ 50 ശതമാനവും സ്‌ത്രീകള്‍ക്ക്‌ നീക്കിവയ്‌ക്കും.
പഞ്ചായത്തുകളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ സ്‌ത്രീകള്‍ പൊതുരംഗത്തേക്കുവരുമെന്ന്‌ അംബികാസോണി അഭിപ്രായപ്പെട്ടു. സ്‌ത്രീശാക്തീകരണത്തിനും ഭരണപുരോഗതിക്കും ഇത്‌ സഹായിക്കുമെന്ന്‌ സോണി പറഞ്ഞു. രാജ്യത്തെ 28.1 ലക്ഷം പഞ്ചായത്ത്‌ അംഗങ്ങളില്‍ 36.87 ശതമാനം സ്‌ത്രീകളാണ്‌. നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്‌ 14 ലക്ഷത്തിലേറെയാകും.
നാഗാലാന്‍ഡ്‌, മേഘാലയ, മിസോറാം, അസമിലെ ഗോത്രമേഖലകള്‍, ത്രിപുര, മണിപ്പുരിലെ മലയോരമേഖലകള്‍ എന്നിവയൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സംവരണം പ്രാബല്യത്തില്‍ വരും.
നഗരസഭകളില്‍ 50 ശതമാനം വനിതാസംവരണത്തിനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്ന്‌ അംബികാസോണി പറഞ്ഞു.
ബിഹാര്‍, ഉത്തരാഖണ്ഡ്‌, ഹിമാചല്‍ പ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവടങ്ങളില്‍ നിലവില്‍ പഞ്ചായത്തിരാജ്‌ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 2010 ലെ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന്‌ രാജസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ നഗരസഭകളില്‍ ഉള്‍പ്പെടെ 50 ശതമാനം സ്‌ത്രീസംവരണം ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരുന്നുണ്ട്‌. സെപ്‌തംബറില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP