Thursday, August 27, 2009

ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക്‌ പ്രോത്സാഹനം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കയറ്റുമതി കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്‌ പ്രോത്സാഹനമേകുന്ന പുതിയ വിദേശവ്യാപര നയം പ്രഖ്യാപിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക്‌ കൂടുതല്‍ ഇളവുകളുാണ്‌ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.
ഇന്ത്യയുടെ പ്രധാന കയറ്റുമതി ഖേലകളായ അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലുമുണ്ടായ തിരിച്ചടിയാണ്‌ പുതിയ മേഖലകളിലേക്ക്‌ വഴിതിരിയാന്‍ പ്രേരണയാകുന്നത്‌. സാമ്പത്തിക മാന്ദ്യം മൂലം ഇറക്കുമതിയില്‍ വന്‍ വെട്ടിക്കുറയ്‌ക്കലാണ്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും വരുത്തിയിട്ടുള്ളത്‌. കഴിഞ്ഞ പത്തുമാസത്തിനിടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ 30 ശതമാനത്തിന്റെ ഇടിവാണ്‌ നേരിട്ടത്‌.
ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലെ പതിനാറ്‌ രാജ്യങ്ങളിലേക്കും ഏഷ്യ- ഓഷ്യാനിയ മേഖലയിലെ പത്തു രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയ പ്രോത്സാഹിപ്പിക്കുന്നതാണ്‌ പുതിയ നയം. ഈ നയമനുസരിച്ച്‌ ഒട്ടേറെ നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും 26 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കാര്‍ക്ക്‌ ലഭ്യമാകും.
സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ച വജ്ര- ആഭരണ മേഖലയിലെ കയറ്റുമതിക്കാര്‍ക്ക്‌ നികുതിയിളവ്‌ നല്‍കുമെന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. വിപണി വികസന പദ്ധതി പ്രകാരം കൈത്തറി- കരകൗശല മേഖലയ്‌ക്കും സഹായം ലഭിക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 15 ശതമാനം കയറ്റുമതി വര്‍ധന നേടുകയാണ്‌ നയത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം ഒന്‍പത്‌ ശതമാനത്തോളം കയറ്റുമതിയില്‍ കുറവുണ്ടാകുമെന്നാണ്‌ കണക്കുകൂട്ടലുകള്‍.
കയറ്റുമതിക്കാര്‍ക്കുള്ള ഹ്രസ്വകാല സഹായമായി ഡോളര്‍ ക്രെഡിറ്റ്‌ സമ്പ്രദായം നടപ്പാക്കും. ധനകാര്യ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയുടെ നിരീക്ഷണത്തിലായിരിക്കും ഇത്‌. ചെറുകിട - ഇടത്തരം കയറ്റുമതിക്കാര്‍ക്ക്‌ സഹായം നല്‍കാനായി വ്യാപാര പരിഹാര ഡയറക്‌ടറേറ്റ്‌ സ്ഥാപിക്കും.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രധാനമായും യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലേക്കാണ്‌. 1930ന്‌ ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ചത്‌ ഈ രാജ്യങ്ങളെയാണ്‌. 168 ബില്യന്‍ ഡോളറിന്‍ കയറ്റുമതിയില്‍ 36 ശതമാനം യൂറോപ്പിലേക്കും പതിനെട്ട്‌ ശതമാനം അമേരിക്കയിലേക്കും 16 ശതമാനം ജപ്പാനിലേക്കുമാണ്‌.

ആഫ്രിക്കയിലെയും ലാറ്റിന്‍ അമരിക്കയിലെയും ഓഷ്യാന മേഖലയിലെയും വളര്‍ന്നുവരുന്ന വിപണികളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ പഞ്ചവത്സര വിദേശവ്യാപാരനയമെന്ന്‌ വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പറഞ്ഞു. രണ്ടുവര്‍ഷം കൂടുമ്പോള്‍ നയം പുനപ്പരിശോധിക്കുമെന്നും ആനന്ദ്‌ ശര്‍മ പറഞ്ഞു. ഈ രാജ്യങ്ങളില്‍ കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും.
പാശ്ചാത്യരാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായിട്ടില്ലെന്നും പാശ്ചാത്യരാജ്യങ്ങളില്‍ സംരക്ഷണ നടപടികള്‍ പ്രശ്‌നം വര്‍ധിപ്പിക്കുകയാണ്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. എക്‌പോര്‍ട്ട്‌ ഓറിയന്റഡ്‌ യൂണിറ്റുകള്‍ക്ക്‌ 100 ശതമാനം ആദായനികുതി ഇളവ്‌, രണ്ട്‌ ശതമാനം പലിശ സബ്‌സിഡി തുടങ്ങിയവയ്‌ക്കും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP