Tuesday, August 25, 2009

മാര്‍ക്‌സിസത്തിന്റെ നവീകരണം നടക്കുന്നില്ല: എം മുകുന്ദന്‍

കൊല്ലം: മാനവികതയുടെ നീതിബോധമാണ്‌ മാര്‍ക്‌സിസം. അതിലൊരു നന്മയുണ്ട്‌. എന്നാല്‍ ഏത്‌ തത്വശാസ്‌ത്രത്തേയും കാലത്തിനനുസരിച്ച്‌ നവീകരിക്കേണ്ടതുണ്ട്‌. പക്ഷേ മാര്‍ക്‌സിസത്തിന്റെ നവീകരണം നടക്കുന്നില്ലെന്ന്‌ സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍.
ഇന്ന്‌ ലോകമാകെ മാറി. തൊഴിലാളികളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും മാറി. മാറ്റം മാര്‍ക്‌സിസത്തിന്റെ മാത്രം പ്രശ്‌നമല്ല, എല്ലാ സിദ്ധാന്തങ്ങളുടെയും പ്രശ്‌നമാണ്‌. പ്രത്യയശാസ്‌ത്രബോധം നഷ്‌ടപ്പെട്ടതിനാല്‍ പണം ഉണ്ടാക്കണമെന്ന ചിന്ത എല്ലാ മേഖലയിലും ദൃഢമായി. കേരളത്തി. മുമ്പുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങളെ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നം ഇടപെടലുകളാണ്‌. ഇവിടെ ഐ ഐ ടി വന്നാല്‍ തലപ്പത്ത്‌ വയ്‌ക്കുന്നത്‌ വിദഗ്‌ദ്ധനെ ആയിരിക്കില്ല. ജാതി, മത, രാഷ്‌ട്രീയ പരിഗണനകള്‍ അതിലേക്ക്‌ കടന്നുവരും. മെരിറ്റല്ല ഇവിടെ പ്രശ്‌നം. ഐ എസ്‌ ആര്‍ ഒ കേരളീയ സ്ഥാപനമായിരുന്നെങ്കില്‍ അതിന്റെ മേധാവിയായി മാധവന്‍നായര്‍ ഒരിക്കലും വരികയില്ലായിരുന്നു.
എല്ലാത്തരം സംവാദങ്ങളും വിവാദങ്ങളായി മാറുന്ന അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. 40 വര്‍ഷം ഡല്‍ഹിയിലായിട്ട്‌ ഒരു വിവാദവും ഉണ്ടായില്ല. വിവാദങ്ങളോട്‌ മലയാളിക്ക്‌ അമിത താല്‍പ്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡിസി പുസ്‌തകമേളയോടനുബന്ധിച്ച്‌ വൈ എം സി എ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംവദിക്കുകയായിരുന്നു എം മുകുന്ദന്‍.
സ്ഥാനത്തിരിക്കുന്ന മുകുന്ദനെ ആരും ഇഷ്‌ടപ്പെടുന്നില്ല. സ്ഥാനമില്ല.ാത്ത മുകുന്ദനെയാണ്‌ എല്ലാവര്‍ക്കും ഇഷ്‌ടം. അക്കാദമി ചെയര്‍മാന്‍ പദം ഒഴിഞ്ഞാലും കേരളം സ്ഥിരമായി വിട്ടുപോകുന്ന പ്രശ്‌നമില്ല. എല്ലാവരുടെയും ആദരവും സ്‌നേഹവും കിട്ടുന്നത്‌ കേരളത്തില്‍ നിന്നാണ്‌. കേരളത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ നിയമം പോലും ലംഘിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരന്‍ ആക്‌ടിവിസ്റ്റാകേണ്ട കാര്യമില്ല. എന്നാല്‍ കേരളത്തില്‍ എഴുത്ത്‌ സമൂഹത്തിന്റെ ഭാഗമാണ്‌. പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും ആക്‌ടിവിസ്റ്റാകണമെന്നും സമൂഹം ആവശ്യപ്പെടുന്നു. ആനന്ദും കാക്കനാടനും ഒന്നും ആക്‌ടിവിസ്റ്റുകളായിരുന്നില്ല. എന്നാല്‍ ചിലര്‍ ആക്‌ടിവിസ്റ്റുകളാകാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ചിലര്‍ക്ക്‌ അത്‌ സാധിക്കും. എന്നാല്‍ എല്ലാവര്‍ക്കും അത്‌ സാധിക്കില്ല. എനിക്കാണെങ്കില്‍ എഴുത്ത്‌ ഉപേക്ഷിക്കേണ്ടിവരും.
എഴുത്തുകാരനും വായനക്കാരും തമ്മിലുള്ള വിടവ്‌ ഇല്ലാതായിരിക്കുന്നു. തകഴിയുടേയും കേശവദേവിന്റെയും വായനക്കാര്‍ തൊഴിലാളികളായിരുന്നുവെങ്കില്‍ ഇന്ന്‌ എഴുത്തുകാരേക്കാള്‍ വിദ്യാഭ്യാസം ഉള്ളവരാണ്‌ വായനക്കാര്‍. അതുകൊണ്ട്‌ സമൂഹത്തെ മാറ്റിമറിക്കാനുള്ള എഴുത്തുകാരന്റെ കഴിവ്‌ നഷ്‌ടമായി വരുകയാണ്‌. പ്രതീക്ഷ നഷ്‌ടപ്പെടുമ്പോഴാണ്‌ സമൂഹത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

1 comments:

Kaniyapuram Noushad August 25, 2009 at 1:20 AM  

മയ്യഴി പുഴയിലെ നായക കഥാപാത്രത്തെ മാറ്റി എടുക്കാന്‍ ശ്രമിക്കാമോ.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP