Showing posts with label സാങ്കേതികം. Show all posts
Showing posts with label സാങ്കേതികം. Show all posts

Saturday, August 29, 2009

ചന്ദ്രയാനിന്‌ അകാല ചരമം

ബംഗളൂരു: രണ്ടൃവര്‍ഷം ആയുസു കല്‍പ്പിച്ചിരുന്ന ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാനിന്‌ പത്താംമാസം അകാല ചരമം. പ്രഖ്യാപിത ലക്ഷ്യങ്ങളിലേറെയും ഇതിനകം പൂര്‍ത്തിയാക്കിയ ചന്ദ്രയാന്‍ ഒന്നുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നലെ പുലര്‍ച്ചെയോടെ ഐ എസ്‌ ആര്‍ ഒയ്‌ക്ക്‌ നഷ്‌ടപ്പെട്ടു.
ഇതോടെ ചന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം അസാനിപ്പിക്കാന്‍ ഐ എസ്‌ ആര്‍ ഒ തീരുമാനിക്കുകയായിരുന്നു. ദൗത്യം പൂര്‍ണമായെന്ന്‌ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ എം അണ്ണാദുരൈ വ്യക്തമാക്കി.
സാങ്കേതികമായി ചാന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം 100 ശതമാനം പൂര്‍ത്തിയാക്കിയതായി പ്രൊജക്‌ട്‌ ഡയറക്‌ടര്‍ എം അണ്ണാദുരൈ പറഞ്ഞു. ശാസ്‌ത്രീയതലത്തില്‍ 90- 95 ശതമാനം ദൗത്യവും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്‌ച രാത്രി ഒന്നരയോടെ ചന്ദ്രയാന്‍ ഒന്നുമായുള്ള റേഡിയോ ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. ചന്ദ്രയാന്‍ ഒന്നില്‍ നിന്ന്‌ ബയാലുവിലെ ഡീപ്‌ സ്‌പേസ്‌ നെറ്റ്‌വര്‍ക്കില്‍ പന്ത്രണ്ടരവരെ ലഭിച്ച വിവരങ്ങളുടെ വിശദമായ അവലോകനം ഐ എസ്‌ ആര്‍ ഒ നടത്തുകയാണ്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ വിലയിരുത്തുമെന്ന്‌ അണ്ണാദുരൈ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 22 നാണ്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന്‌ ചന്ദ്രയാന്‍ വിക്ഷേപിച്ചത്‌. 312 ദിവസം കൊണ്ട്‌ ചന്ദ്രയാന്‍ 3400 തവണ ചന്ദ്രനെ ഭ്രമണം ചെയ്‌തു. ചന്ദ്രോപരിതലത്തിന്റെ 70,000 ഓളം ചിത്രങ്ങള്‍ ഇതിനകം ഐ എസ്‌ ആര്‍ ഒ യ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെയും കുന്നുകളുടെയും നിരവധി ചിത്രങ്ങളാണ്‌ ലഭിച്ചത്‌. ചന്ദ്രന്റെ പൂര്‍ണമായും ഇരുണ്ട ധ്രുവമേഖലയിലെ ഗര്‍ത്തങ്ങളുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്‌. ചന്ദ്രനിലെ രാസ, ധാതു വസ്‌തുക്കളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ മൂണ്‍ മിനറളോജി മാപ്പറിന്‌ കഴിഞ്ഞെന്ന്‌ ജൂലൈ പതിനേഴിന്‌ ഐ എസ്‌ ആര്‍ ഒ വ്യക്തമാക്കിയിരുന്നു.
1380 കിലോ ഭാരമുള്ള ചന്ദ്രയാനില്‍ വിദേശത്തുനിന്നുള്ള പേലോഡുകളടക്കം 11 ഉപഗ്രഹങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ടെറൈന്‍ മാപ്പിംഗ്‌ കാമറയുള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങള്‍ ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ ഭൂമിയിലെത്തിച്ചിരുന്നു. ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ ഇരുണ്ട ഗര്‍ത്തത്തില്‍ ജലാംശം കണ്ടെത്താനുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന്‌ ഈ മാസം 21 ന്‌ ഐ എസ്‌ ആര്‍ ഒയും നാസയും സംയുക്ത പരീക്ഷണം നടത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 26 ന്‌ ചന്ദ്രയാന്‍ ഒന്നിലെ സ്റ്റാര്‍ സെന്‍സര്‍ പ്രവര്‍ത്തനം നിലച്ചതോടെ തന്നെ ദൗത്യത്തിന്റെ ആയുസ്‌ സംബന്ധിച്ച ആശങ്കകളുയര്‍ന്നിരുന്നു. ചന്ദ്രയാന്റെ ദിശ കൃത്യമാക്കുന്നതിനാണ്‌ സെന്‍സര്‍ ഉപയോഗിച്ചിരുന്നത്‌. ബദല്‍ സംവിധാനങ്ങളുപയോഗിച്ച്‌ അന്ന്‌ ആയുസ്‌ വര്‍ധിപ്പിക്കുകയായിരുന്നു. ഇത്തവണ ഈ ശ്രമവും വിജയം കണ്ടില്ല.

Thursday, August 27, 2009

വെബ്‌ ഫോട്ടോയില്‍ വംശീയ അധിക്ഷേപം: മൈക്രോസോഫ്‌റ്റ്‌ മാപ്പു പറഞ്ഞു

വാഷിംഗ്‌ടണ്‍: ഇന്റര്‍നെറ്റ്‌ സൈറ്റിലെ ഫോട്ടോയില്‍ കറുത്ത നിറക്കാരന്റെ ചിത്രത്തില്‍ വെളുത്ത ആളുടെ മുഖം വെട്ടിച്ചേര്‍ത്ത സംഭവത്തില്‍ മൈക്രോസോഫ്‌റ്റ്‌ ഖേദം രേഖപ്പെടുത്തി. പോളണ്ടിലെ ഒരു വ്യവസായ യൂണിറ്റിന്റെ സൈറ്റില്‍ കാണപ്പെട്ട ജീവനക്കാരുടെ ഗ്രൂപ്പ്‌ ഫോട്ടോയിലാണ്‌ തലവെട്ടിമാറ്റല്‍ നടന്നത്‌.
വംശീയ അധിക്ഷേപമായി സംഭവം വിലയിരുത്തപ്പെട്ടു. വെളളക്കാരന്റെ മുഖത്തോടെയുളള ആളുടെ കൈകള്‍ കറുത്ത നിറത്തിലായിരുന്നു. ഒരു ഡസ്‌കിനഭിമുഖമായി ജീവനക്കാര്‍ ഇരിക്കുന്ന രീതിയിലായിരുന്നു ചിത്രം. ചിത്രം പിന്‍വലിച്ച മൈക്രോസോഫ്‌റ്റ്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Tuesday, August 25, 2009

ടി- 90 ടാങ്കുകള്‍ സൈന്യത്തിന്‌ കൈമാറി

ചെന്നൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ അത്യാധുനിക ടി- 90 ടാങ്കുകള്‍ ആവഡിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി സൈന്യത്തിന്‌ കൈമാറി. ആണവായുധ പ്രതിരോധ ശേഷിയുള്ളവയാണ്‌ ടി - 90 ടാങ്കുകള്‍.
പത്ത്‌ ടാങ്കുകളാണ്‌ പ്രതിരോധ സഹമന്ത്രി പള്ളം എം എം രാജു സൈന്യത്തിന്‌ കൈമാറിയത്‌. പതിനഞ്ച്‌ കോടി രൂപയാണ്‌ ഒരു ടാങ്കറിന്റെ നിര്‍മാണചെലവ്‌.
ഹെവി വെഹിക്കിള്‍സ്‌ ഫാക്‌ടറിയിലാണ്‌ ടാങ്കുകള്‍ നിര്‍മിച്ചത്‌. എച്ച്‌ വി എഫ്‌ വര്‍ഷം 100 ടാങ്കുകള്‍ നിര്‍മിക്കും. ഇന്ത്യന്‍ ആര്‍മിക്ക്‌ ഇപ്പോള്‍ ഇത്തരത്തിലുള്ള 700 ടാങ്കുകളുണ്ട്‌. 400 എണ്ണം കൂടി നിര്‍മിച്ചു നല്‍കും.
രാസായുധങ്ങളില്‍ നിന്നും ജൈവായുധങ്ങളില്‍ നിന്നുമുള്ള റേഡിയേഷനില്‍ നിന്നും സൈനികര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതാണ്‌ ടി- 90 ടാങ്കുകള്‍. അഗ്നി നിയന്ത്രിത മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന ടാങ്കിന്‌ വിമാനവേധ തോക്കുകളും 125 എം എം, 12.7 എം എം ഗണ്ണും ദീര്‍ഘദൂര കാഴച ഉറപ്പാക്കുന്ന കംപ്യൂട്ടര്‍ നിയന്ത്രിത ഫയറിംഗ്‌ സിസ്റ്റവുമാണുള്ളത്‌.

Sunday, August 23, 2009

ബഹിരാകാശ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ 25 ന്‌ ഉദ്‌ഘാടനം

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പെയ്‌സ്‌ ടെക്‌നോളജിയുടെ (ഐ ഐ എസ്‌ ടി) തിരുവനന്തപുരത്തെ കാമ്പസ്‌ 25ന്‌ രാജ്യത്തിന്‌ സമര്‍പ്പിക്കും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ്‌ ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്‌.
ടെലി ലിങ്ക്‌ സംവിധാനം വഴിയാണ്‌ ഉദ്‌ഘാടനം.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കുമ്പോള്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ വലിയ മലയിലെ കാമ്പസില്‍ ചടങ്ങിന്‌ സാക്ഷിയാകും. വലിയ മലയിലെ കാമ്പസില്‍ ലൈബ്രറികള്‍, റിസര്‍ച്ച്‌ ലാബുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്ക്‌, സ്‌പോര്‍ട്‌സ്‌ കോപ്ലക്‌സ്‌, ആശുപത്രി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.
പൊന്‍മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ വാനനിരീക്ഷണ കേന്ദ്രവും ആരംഭിക്കും. ബഹിരാകാശ രംഗത്തെ ആധുനിക സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പഠന സൗകര്യങ്ങളാണ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലുള്ളത്‌.
ഏവിയോണിക്‌ എഞ്ചിനീയറിംഗ്‌, എയ്‌റോസ്‌പെയിസ്‌ എഞ്ചിനീയറിംഗ്‌, ഫിസിക്കല്‍ സയന്‍സ്‌ എന്നിവയില്‍ ബി ടെക്കും,സോഫ്‌റ്റ്‌ കംമ്പ്യൂട്ടിംഗ്‌, ആര്‍ എഫ്‌ ആന്‍ഡ്‌ മൈക്രോവേവ്‌ കമ്മ്യൂണിക്കേഷന്‍, അപ്ലൈഡ്‌ ആന്‍ഡ്‌ അഡാപ്‌റ്റീവ്‌ ഒബ്‌റ്റിക്‌സ്‌ എന്നിവയില്‍ എം ടെക്‌ എന്നീ കോഴ്‌സുകളാണ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലുള്ളത്‌. അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്‌, റിമോട്ട്‌ സെന്‍സറിംഗ്‌ എന്നിവയിലും കോഴ്‌സുകള്‍ ഉണ്ടാകും.

Sunday, August 16, 2009

ചന്ദ്രയാന്‍-2 രൂപകല്‍പന പൂര്‍ത്തിയായി

ബാംഗ്ലൂര്‍: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിനുള്ള രൂപകല്‍പന പൂര്‍ത്തിയായി. പുതിയ ചാന്ദ്രപരിവേഷണ പേടകമായ ചന്ദ്രയാന്‍-2 ന്റെ രൂപകല്‍പനയാണ്‌ പൂര്‍ത്തിയായത്‌.
ചന്ദ്രോപരിതലത്തില്‍നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധിച്ച്‌ വിവരങ്ങള്‍ കൈമാറുകയും ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങളടങ്ങിയതാണ്‌ ചന്ദ്രയാന്‍ -2. ഓര്‍ബിറ്റല്‍ ക്രാഫ്‌റ്റ്‌, ലുണാര്‍ ക്രാഫ്‌റ്റ്‌ തുടങ്ങിയവയും പേടകത്തില്‍ ഉണ്ടാകും. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം റഷ്യയുടെ സഹകരണത്തോടെയാണ്‌ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌.
കഴിഞ്ഞ ഒക്‌ടോബറിലാണ്‌ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്‌. ഇതിന്റെ പോരായ്‌മകള്‍ പരിഹരിച്ചുള്ള പേടകമാണ്‌ ചന്ദ്രയാന്‍ 2. പേടകത്തിലെ ലാന്‍ഡര്‍, റോവര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്‌ റഷ്യന്‍ ശാസ്‌ത്രജ്‌ഞരായിരിക്കും. അടുത്ത വര്‍ഷത്തോടെ ഇതിന്റെ മാതൃക പൂര്‍ത്തിയാകും. 2012 അവസാനത്തോടെ ചന്ദ്രയാന്‍- 2 ദൗത്യം തയാറാവുമെന്നാണ്‌ ഐ എസ്‌ ആര്‍ ഒ യുടെ പ്രതീക്ഷ.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP