Showing posts with label സഞ്ചാരം. Show all posts
Showing posts with label സഞ്ചാരം. Show all posts

Monday, August 24, 2009

ചിതറാല്‍: ജൈനസംസ്‌കൃതിയുടെ വിരലടയാളം

കന്യാകുമാരിയിലേക്ക്‌ പോകുന്ന യാത്രികര്‍ക്ക്‌ ഒരു ക്ഷണവാക്യമാണ്‌ ചിതറാല്‍. തിരുവനന്തപുരം - നാഗര്‍കോവില്‍ റൂട്ടില്‍ മാര്‍ത്താണ്ഡത്തുനിന്ന്‌ ഏഴുകിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്‌. ബസില്‍ വരുന്നവര്‍ മാര്‍ത്താണ്ഡത്തിറങ്ങി തിക്കുറിശി വഴിയുള്ള `ഭഗവതിയമ്മന്‍ പൊറ്റൈ'ക്കു പോകുന്ന ബസില്‍ കയറിയാല്‍ കൃത്യം സ്ഥലത്തെത്താം. ചിതറാലിലെ ജൈനക്ഷേത്രം നാട്ടുകാര്‍ക്കിടയില്‍ ``മലൈക്കോവില്‍'' എന്നാണ്‌ അറിയപ്പെടുന്നത്‌. ബസിറങ്ങിയാല്‍ ഒരു കിലോമീറ്ററോളം ദൂരം നടന്നുവേണം മലമുകളില്‍ എത്താന്‍.
പലകുറി സന്ദര്‍ശിച്ചിട്ടുള്ള ഈ മലമുകളില്‍ കഴിഞ്ഞ വേനലൊടവിലാണ്‌ ഞങ്ങള്‍ വീണ്ടും എത്തിയത്‌. രാവിലെ ഏഴ്‌ മണിക്കുള്ള തിരുവനന്തപുരം - നാഗര്‍കോവില്‍ പാസഞ്ചറില്‍ കുഴിത്തുറയിലിറങ്ങി. തുടര്‍ന്ന മാര്‍ത്താണ്ടത്തെ്‌തി, അവിടെ നിന്നും ചിതറാലിലേക്ക്‌...
ആര്‍ക്കിയോളജി സര്‍വെ ഓഫ്‌ ഇന്ത്യയുടെ പരിരക്ഷണയിലാണ്‌ ഇപ്പോള്‍ ഈ പ്രദേശം. മലമുകളിലേക്കുള്ള പാത നവീകരിച്ച്‌ ഇരുപുറങ്ങളിലും തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്‌. രാവിലെതന്നെ വെയിലിന്‌ പൊള്ളുന്ന ചൂടാണ്‌. ഇത്തവണ തികച്ചും ആഹ്‌ളാദകരമായ - കുട്ടിക്കാലത്തിന്റെ ഓര്‍മ്മയിലേക്ക്‌ മാനസ സറ്‌ഞാരത്തിന്‌ ഒരുക്കപ്പെട്ട - പ്രകൃതിയാണ്‌ ചിതറാലില്‍ ഞങ്ങളെ കാത്തുനിന്നത്‌. ഒരു അയിനി (ആഞ്ഞിലി) മരം നിറയെ മുഴുത്ത അയനിച്ചക്കകള്‍... അവ അങ്ങനെ പഴുത്തുമുഴുത്ത്‌ ഞങ്ങളെ ക്ഷണിക്കുകയാണ്‌. ഒരു പാറയിലൂടെ കയറി കൃത്യം മൂന്ന്‌ പഴുത്ത ചക്കകള്‍ പറിച്ചെടുത്തു.... ദാ, ഇപ്പോഴും അതിന്റെ മധുരം നാവിന്‍ തുമ്പത്ത്‌... മാവുകളും കായ്‌ച്ചു കിടപ്പുണ്ടായിരുന്നു.
തിരുചരണത്തുമല എന്നുകൂടി പേരുണ്ട്‌, ചിതറാലിന്‌. ചിതറാല്‍, കോട്ടാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ജൈനരുടെ ആവാസകേന്ദ്രങ്ങളായിരുന്നു.

ചിതറാല്‍ മലയുച്ചിയില്‍ ജൈനക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം. ഒന്നുരണ്ടു പടവുകള്‍ കയറി,
രണ്ടു പാറകള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ ചരല്‍പ്പാതയിലൂടെ നടക്കുമ്പോള്‍ പശ്ചിമഘട്ട ഗിരിനിരകള്‍ക്കു മുകളിലെ ശുഭ്രമായ ആകാശത്തിന്റെ വശ്യത.
നടപ്പാത ചെന്നുചേരുന്നത്‌ ഒരു ശിലാഭിത്തിക്കരികില്‍. ഉപദേവതകളുടെയും തീര്‍ത്ഥങ്കരന്മാരുടെയും രൂപങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. മുക്കുട ചൂടി, നീണ്ട കാതുകളുള്ള സിദ്ധന്മാരുടെ ധ്യാനാവസ്ഥയിലുള്ള (നില്‍ക്കുന്ന/ഇരിക്കുന്ന) ശില്‍പങ്ങള്‍. ശാന്തമായ മുഖഭാവം. ശില്‍പങ്ങള്‍ക്കിടയില്‍ വട്ടെഴുത്തിലുള്ള ആലേഖനങ്ങളുമുണ്ട്‌. ആ തട്ടില്‍ നിന്ന് ചുവട്ടിലേക്ക്‌ ഏതാനും പടവുകള്‍. ഇറങ്ങിച്ചെല്ലുന്നത്‌ ജൈനക്ഷേത്രത്തിലേക്ക്‌. മൂന്ന് അറകളും ഹാളും മടപ്പള്ളിയുമുള്ളതാണ്‌ ക്ഷേത്രം. മഹാവീരന്‍, പദ്‌മാവതി, പാര്‍ശ്വനാഥന്‍ എന്നീ പ്രതിഷ്ഠകള്‍.

ഉള്ളിലെ ഇരുട്ടില്‍-കൊത്തിവച്ചതുപോലെ-നിശ്ചലം കത്തുന്ന നെയ്ത്തിരി. ക്ഷേത്രത്തിന്റെ വടക്കു ദിക്കിലായി പാറയില്‍ വട്ടെഴുത്തു ലിപിയിലുള്ള കല്‍വെട്ടുശാസനം കാണാം. ക്ഷേത്രമുറ്റത്തു നിന്നുള്ള പടവുകള്‍ ഒരു കുളത്തിലേക്കു നയിക്കുന്നു. മലമുകളില്‍ കണ്ണാടിത്തിളക്കമുള്ള വേറെയും കുളങ്ങളുണ്ട്‌.
മലമുകളില്‍നിന്നാല്‍ നയനാഭമായ കാഴ്‌ചകള്‍ കാണാം. ഒഴുകിപ്പോകുന്ന കാറ്റിന്റെ സ്‌പര്‍ശം. ടൂറിസ്‌റുകളും ഗവേഷകരുമൊക്കെ എത്തിച്ചേരാറുള്ള ഈ സ്ഥലം ഒറ്റവാക്കില്‍ പറഞ്ഞാല്‍, `വശ്യമനോഹര'മാണ്‌.

Monday, August 17, 2009

അഴകര്‍കോവിലും പഴമുതിര്‍ചോലയും

മധുരയില്‍നിന്ന്‌ 21 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ്‌, വനത്തോട്‌ ചേര്‍ന്നുള്ള മനോഹര ക്ഷേത്രമാണ്‌ അഴഗര്‍ കോവില്‍. കല്‍ അഴഗര്‍ കോവില്‍, കല്ലഴഗര്‍ കോവില്‍, കള്ളഴഗര്‍ കോവില്‍ എന്നൊക്കെയാണ്‌ ഉച്ചരിക്കപ്പെടുന്നത്‌.
മുമ്പ്‌, മധുര നായിക്കന്‍മാരുടെ കുലക്ഷേത്രമായിരുന്നു ഇവിടം. ചിത്തിരമാസത്തിലെ (ഏപ്രില്‍) ഉത്സവകാലത്ത്‌ അഴഗര്‍ സ്വാമിയുടെ വിഗ്രഹം മധുരയിലെ വൈഗ നദിയില്‍ ആറാട്ടിനുകൊണ്ടുപോകും. മധുര മീനാക്ഷിയുടെ സഹോദരനാണ്‌ അഴഗര്‍ എന്നാണ്‌ വിശ്വാസം. മീനാക്ഷി കല്ല്യാണമാണ്‌ ചിത്തിരോത്സവമായി ആഘോഷിക്കുന്നത്‌.
`ചോലമല'യിലാണ്‌ അഴഗര്‍ കോവിലിരിക്കുന്നത്‌. കരിങ്കല്ലില്‍ പണിത കൂറ്റന്‍ ക്ഷേത്രം. മുനിഞ്ഞുകത്തുന്ന ദീപങ്ങളും പൗരാണികമായ വാസനയും ഒരു ഇരുണ്ട സൗന്ദര്യാനുഭൂതിയായി നിറഞ്ഞുനില്‍ക്കുന്നു, ഇവിടെ. മുഖ്യക്ഷേത്രത്തിനു മുന്നില്‍ ഒരു സപ്‌തസ്വരമണ്ഡപവുമുണ്ട്‌.

ഉള്ളിലെന്നപോലെ, ആകര്‍ഷകമാണ്‌ മുഖമണ്ഡപം. കൂറ്റന്‍ വ്യാളീരൂപങ്ങളും ദേവതാ രൂപങ്ങളും കൊത്തിയ കരിങ്കല്‍ത്തൂണുകള്‍ മുഖമണ്ഡപത്തിന്റെ മുഖ്യ ആകര്‍ഷണമാണ്‌. മണ്ഡപത്തിനുള്ളിലെ കല്‍വിരികളില്‍ നിറയെ തീര്‍ഥാടകരുണ്ടാവും.
അഴഗര്‍ കോവിലില്‍നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അഞ്ചരിച്ചാല്‍ പഴമുതിര്‍ചോലയിലെത്താം. സുബ്രഹ്മണ്യന്റെ ആറു പടൈ വീടുകളില്‍ ഒന്നാണ്‌ ഇവിടമെന്നാണ്‌ വിശ്വാസം. അഴഗര്‍കോവിലിനു പിന്നിലെ കാട്ടുപാതയിലൂടെ കാല്‍നടയായോ, ക്ഷേത്രത്തിനു മുന്നിലെ നിരത്തിലൂടെ വാഹനത്തിലോ പഴമുതിര്‍ചോലയില്‍ ചെന്നുചേരാം. അഴഗര്‍കോവിലില്‍ നിന്ന്‌ പഴമുതിര്‍ചോലയിലേക്ക്‌ അടിക്കടി ബസ്‌ സര്‍വീസുമുണ്ട്‌.
മലമുകളില്‍നിന്നുള്ള സ്വാഭാവിക നീര്‍ക്കുതിപ്പാണ്‌ പഴമുതിര്‍ചോലയിലുള്ളത്‌. തീര്‍ഥാടകര്‍ ഇവിടെ കുളിക്കുകയും വെള്ള ശേഖരിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. (ഈ നീര്‍ക്കുതിപ്പിന്‌ `ബബുരഗംഗ' എന്ന്‌ പേരിട്ടിരിക്കുന്നു) അഴഗര്‍കോവിലിന്‌ ചുറ്റുമെന്നപോലെ, പഴമുതിര്‍ചോല വരെ ധാരാളം കുരങ്ങന്‍മാരെ കാണാന്‍ സാധിക്കും. അഗസ്‌ത്യ മഹര്‍ഷിയുടെ പേരിലുള്ള മൂലികവനത്തിന്റെ ഭാഗമാണ്‌ ഇവിടം.

Friday, August 7, 2009

ഇത്‌ അംബാസമുദ്രം; തിരയില്ല, തീരവും

തെങ്കാശി-തിരുനല്‍വേലി പാതയിലാണ്‌ അംബാസമുദ്രം. അഗസ്ത്യകൂടത്തിന്റെ മറുപുറത്തുള്ള ഒരു മലയോരഗ്രാമം. തീവണ്ടിയിലും ബസ്സിലും എത്തിച്ചേരാം. പശ്ചിമഘട്ടം ഈ ദിക്കില്‍ അറിയപ്പെടുന്നത്‌ 'പൊതിഗൈ' മലകള്‍ എന്നാണ്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അംബാസമുദ്രവും പാപനാശവും താണ്ടി, ഉള്‍വനങ്ങളിലൂടെ സാഹസികമായി സഞ്ചരിച്ചാണ്‌ അഗസ്ത്യകൂടത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.

പാപനാശത്ത്‌ അതിമനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്‌. അഗസ്ത്യഗിരിയില്‍ നിന്നുറവെടുക്കുന്ന താമ്രപര്‍ണ്ണി നദിയിലാണിത്‌. ഒഴിവു ദിനങ്ങളിലാണ്‌ ഇവിടെ എത്തുന്നതെങ്കില്‍, നൂറുക്കണക്കിന്‌ മനുഷ്യര്‍ 'സമൂഹസ്നാനം' ചെയ്യുന്നതാണ്‌ കാണാനാവുക!

അംബാസമുദ്രം ബസ്സ്‌നിലയത്തില്‍ നിന്ന് പാപനാശം ബസ്സ്‌നിലയത്തിലെത്തി, തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പാപനാശം ക്ഷേത്രത്തിനരികിലിറങ്ങാം. ഒരു ചെറിയ അമ്പലമാണ്‌ ഇവിടെയുള്ളത്‌. അഞ്ച്‌-പത്ത്‌ മിനിട്ട്‌ നടന്നാല്‍ വെള്ളച്ചാട്ടമായി.

ആറ്റുതീരത്തു കൂടി മുകളിലേക്കു സഞ്ചരിച്ചെത്തുന്നത്‌ അഗസ്ത്യരുടെ കോവിലില്‍. അവിടെ നിന്നാല്‍ തൊട്ടരികില്‍ 'അഗസ്ത്യ വെള്ളച്ചാട്ടം' കാണാം. നീരൊഴുക്ക്‌ അധികമില്ലാത്തപ്പോഴാണെങ്കില്‍, പാറമുകളിലൂടെ (വളരെ ശ്രദ്ധിക്കണം) ഒരു ഗുഹയ്ക്കുള്ളില്‍ എത്തിച്ചേരാം. രണ്ടറ്റവും തുറന്ന ശിലാപേടകം പോലെ, അത്‌. അതിനുള്ളില്‍, നീര്‍വീഴ്ചയുടെ കുളിര്‍മയില്‍ ലയിച്ച്‌... അങ്ങനെ...

Monday, August 3, 2009

ഏര്‍ക്കാട്‌: മലയാളരുടെ സ്വന്തം നാട്‌

അവധിക്കാല യാത്രകള്‍ക്ക്‌ തിരഞ്ഞെടുക്കാവുന്ന ഒരു ഹില്‍സ്‌റ്റേഷനാണ്‌ ഏര്‍ക്കാട്‌. തമിഴ്‌നാടിലെ സേലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഏര്‍ക്കാട്‌ അറിയപ്പെടുന്നത്‌ മലയാളരുടെ സ്വന്തം നാട്‌ എന്ന വിശേഷണത്തിലാണ്‌ ഈ പ്രദേശത്തിന്‌ കൂടുതല്‍ ഇണങ്ങുക. സമുദ്രനിരപ്പില്‍നിന്നും 5000 അടി ഉയരത്തിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ വന്നുചേരാന്‍ സേലത്തുനിന്നും 35 കിലോമീറ്റര്‍ സഞ്ചരിക്കണം. ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട്‌, പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിച്ച്‌ ഉയരത്തില്‍ എത്തിച്ചേരുമ്പോള്‍, സുഗന്ധലേപനം ചെയ്‌ത ഉറുമാലയുപോലെ, കുളിര്‍തെന്നല്‍ വീശുന്ന ഏര്‍ക്കാട്‌.

ചുരം കടന്നെത്തുന്നത്‌ വന്യമായ അന്തരീക്ഷത്തിലേക്കാണ്‌. ഒരു തടാകം, അതില്‍ ബോട്ടുസവാരി നടത്തുന്ന വിനോദ സഞ്ചാരികള്‍. ഒരു ചെറിയ അങ്ങാടി... ഏര്‍ക്കാടിലെ പ്രധാന സവിഷേത ഓര്‍ക്കിഡോറിയവും ഓഷോ കേന്ദ്രവുമാണ്‌. തണല്‍നിലങ്ങളിലൂടെ നടന്ന്‌ ഓര്‍ക്കിഡുകളുടെ തീവ്രവര്‍ണങ്ങള്‍ ആസ്വദിക്കാം.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി പഗോഡ പോയിന്റ്‌, ലേഡീസ്‌ സീറ്റ്‌ എന്നാക്കെ പേരിട്ടിരിക്കുന്ന ചില സ്ഥലങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ടെലിസ്‌കോപിലൂടെ കുന്നുകളെയും പട്ടണങ്ങളെയും നിരീക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
സെവറായന്‍ മലനിരകളിലാണ്‌ ഏര്‍ക്കാട്‌. യൂക്കാലിപ്‌റ്റസിന്റെയും ഓറഞ്ചിന്റെയും പുഷ്‌പങ്ങളുടെയും പരിമളം പുരട്ടിയ ഒരു പട്ടുറുമാല്‍. ഈ മലനിരകളിലുള്ള ഗോത്രവിഭാഗമാണ്‌ മലയാളര്‍. ഓറഞ്ചുതോട്ടങ്ങളും ചെറുവനങ്ങളും താണ്ടി, അരമണിക്കൂറോളം സഞ്ചരിച്ചാല്‍ മലമുടിയിലെ ഗ്രാമക്ഷേത്രത്തില്‍ എത്തിച്ചേരാം.

ഇത്‌ മാലയാളരുടെ ക്ഷേത്രമാണ്‌. മണ്ണിനടിയിലൂടെ, നുഴഞ്ഞുകടക്കാവുന്ന ഒരു ഗുഹാനിര്‍മ്മിതിയും അതിനുള്ളില്‍ ഒരു സമാധിസ്ഥാനവുമുണ്ട്‌. ഈ ക്ഷേത്രത്തിലെ ആണ്ടുത്സവത്തിന്‌ പല കുന്നുകളില്‍ വസിക്കുന്ന മലയാളര്‍ ഇവിടെ ഒത്തുചേരും.
വിനോദസഞ്ചാരികള്‍ക്ക്‌ താമസിക്കാന്‍ യൂത്ത്‌ ഹോസ്‌റ്റലും ഒട്ടേറെ സ്വകാര്യ ഹോട്ടല്‍/ടൂറിസ്‌റ്റ്‌ ഹോമുകളും ഏര്‍ക്കാടിലുണ്ട്‌, ഒപ്പം രുചികരമായ ഭക്ഷണം ലഭിക്കുന്ന കുഞ്ഞുകടകളും. കുടുംബസഹിതമുള്ള യാത്രയ്‌ക്ക്‌ തിരഞ്ഞെടുക്കാന്‍ അനുയോജ്യമായതാണ്‌ വെയിലും പ്രസരിപ്പും കുളിര്‍മയുമെല്ലാം പ്രദാനം ചെയ്യുന്ന കൂന്നിന്‍നെറുകയിലെ ഈ ടൂറിസ്‌റ്റ്‌ കേന്ദ്രം.

Monday, July 27, 2009

വെട്ടുവാന്‍ കോവില്‍: ഉപേക്ഷിക്കപ്പെട്ട ഒരു ക്ഷേത്രത്തെക്കുറിച്ച്‌....

``ദൈവത്തിന്റെ സ്വന്തം നാട്‌'' എന്ന്‌ കേരളത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഈ വിശേഷണം കൂടുതല്‍ ചേരുന്നത്‌ ക്ഷേത്രങ്ങളുടെ നാടായ തമിഴ്‌നാടിനു തന്നെയാണ്‌. തമിഴ്‌ജനതയുടെ നിര്‍മ്മിതികള്‍ക്ക്‌ അവരുടെ സംസ്‌കാരവുമായി ഗാഢബന്ധമുണ്ട്‌. അവരുടെ ആത്മാവിഷ്‌കാരം മിഴിവോടെ തിളങ്ങിനില്‍ക്കുന്നത്‌ കരിങ്കല്ലിന്‌ ജീവന്‍ മുളപ്പിക്കുന്ന ശില്‌പകലയിലാണ്‌. തഞ്ചാവൂര്‍, മഹാബലിപുരം, ഗംഗൈകൊണ്ട ചോളപുരം, സിത്താനവാസല്‍, കുണ്ടകോണം, നര്‍ത്താമല, രാമേശ്വരം, കഴുകുമല, അഴഗര്‍കോവില്‍ എന്നിവിടങ്ങളിലെല്ലാം ഇത്‌ ദര്‍ശിക്കാനാവും.
ഇത്തരത്തില്‍ ശ്രദ്ധേയമാകേണ്ടതാണ്‌ തൂത്തുക്കുടിയിലെ ഒറ്റക്കല്‍ ക്ഷേത്രമായ വെട്ടുവാന്‍ കോവില്‍. കോവില്‍പ്പട്ടിയില്‍നിന്ന്‌ 25 കിലോമീറ്റര്‍ അകലെയുള്ള കഴുകുമലയിലാണ്‌ ഈ ശില്‌പസൗദം. ഒരുകാലത്ത്‌ പ്രധാനപ്പെട്ട ജൈനകേന്ദ്രമായിരുന്നു ഇവിടം. കഴുകുമലയിലെ ജൈനാവശിഷ്ടങ്ങള്‍ക്ക്‌ വിളിപ്പാടകലെയാണ്‌ വെട്ടുവാന്‍ കോവില്‍, ഏകശിലയില്‍ കടഞ്ഞെടുത്ത അപൂര്‍ണവും അപൂര്‍വവുമായ ശിവക്ഷേത്രം
മലയുച്ചിയിലാണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്‌. മലയുടെ ഒരുഭാഗം ചതുരാകൃതിയില്‍ മുറിച്ചുമാറ്റി, അതിനു നടവിലുള്ള ഒറ്റക്കല്ലിലാണ്‌ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്‌. ക്ഷേത്രഗോപുരത്തില്‍തന്നെ ജീവന്‍ തുടിക്കുന്ന ശില്‌പങ്ങള്‍ കാണാം. ശിവ-പാര്‍വതീ ശില്‌പം, സംഗീതവാദകരായ ഭൂതഗണങ്ങള്‍, നന്ദീരൂപങ്ങള്‍, ബ്രഹ്മാവ്‌, നരസിംഹമൂര്‍ത്തി തുടങ്ങിയ ഒട്ടേറെ ശില്‌പങ്ങള്‍.
ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ ശില്‌പം മൃദംഗ ദക്ഷിണാമൂര്‍ത്തിയാണ്‌. മൃദംഗവാദകനായ ശിവന്റെ ഈ ശില്‌പം അത്യപൂര്‍വമാണെന്ന്‌ ശി്‌ലപകലയിലെ ഗവേഷകര്‍ പറയുന്നു. ശില്‌പങ്ങളിലൊട്ടാകെ ഒരു സംഗീത സ്‌പര്‍ശം അനുഭവിച്ചറിയാന്‍ ഇവിടെയെത്തുന്നവര്‍ക്കാവും. പാണ്ഡ്യ പാരമ്പര്യത്തിലെ അപൂര്‍വതയായാണ്‌ ഈ നിര്‍മ്മിതിയെ കലാനിരൂപകര്‍ വാഴ്‌ത്തുന്നത്‌.
കോവിലിന്റെ മുകള്‍ ഭാഗത്തെ നിര്‍മ്മാണം പൂര്‍ണമാണ്‌. എന്നാല്‍ ചുവട്ടിലേക്ക്‌ എത്തുമ്പോള്‍ നിര്‍മ്മാണം അപൂര്‍ണമായ നിലയില്‍ കാണപ്പെടുന്നു. ഇവിടെ പ്രതിഷ്‌ഠയും നടന്നിട്ടില്ല. അതിനുമുമ്പുതന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്‌ ഈ മാന്ത്രിക നിര്‍മ്മിതി.
മലായാളികളുടെ പെരുന്തച്ചന്റെ കഥയ്‌ക്ക്‌ സമാനമായ ഒരു ഉപകഥ ഈ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടതിന്‌ കാരണമായും കേള്‍ക്കുന്നുണ്ട്‌. ക്ഷേത്ര നിര്‍മ്മിതിക്കിടയില്‍ ശില്‌പിയായ പിതാവ്‌ മകനെ വെട്ടിക്കൊന്നുവെന്നാണ്‌ കഥ. എന്നാല്‍ കൊലയ്‌ക്ക്‌ കാരണം ഇന്നും അജ്ഞാതം. അതാണത്രേ ഈ കോവിലിന്‌ വെട്ടുവാന്‍ കോവില്‍ എന്ന്‌ പേരു ലഭിക്കാന്‍ കാരണം.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP