Monday, July 27, 2009

വെട്ടുവാന്‍ കോവില്‍: ഉപേക്ഷിക്കപ്പെട്ട ഒരു ക്ഷേത്രത്തെക്കുറിച്ച്‌....

``ദൈവത്തിന്റെ സ്വന്തം നാട്‌'' എന്ന്‌ കേരളത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഈ വിശേഷണം കൂടുതല്‍ ചേരുന്നത്‌ ക്ഷേത്രങ്ങളുടെ നാടായ തമിഴ്‌നാടിനു തന്നെയാണ്‌. തമിഴ്‌ജനതയുടെ നിര്‍മ്മിതികള്‍ക്ക്‌ അവരുടെ സംസ്‌കാരവുമായി ഗാഢബന്ധമുണ്ട്‌. അവരുടെ ആത്മാവിഷ്‌കാരം മിഴിവോടെ തിളങ്ങിനില്‍ക്കുന്നത്‌ കരിങ്കല്ലിന്‌ ജീവന്‍ മുളപ്പിക്കുന്ന ശില്‌പകലയിലാണ്‌. തഞ്ചാവൂര്‍, മഹാബലിപുരം, ഗംഗൈകൊണ്ട ചോളപുരം, സിത്താനവാസല്‍, കുണ്ടകോണം, നര്‍ത്താമല, രാമേശ്വരം, കഴുകുമല, അഴഗര്‍കോവില്‍ എന്നിവിടങ്ങളിലെല്ലാം ഇത്‌ ദര്‍ശിക്കാനാവും.
ഇത്തരത്തില്‍ ശ്രദ്ധേയമാകേണ്ടതാണ്‌ തൂത്തുക്കുടിയിലെ ഒറ്റക്കല്‍ ക്ഷേത്രമായ വെട്ടുവാന്‍ കോവില്‍. കോവില്‍പ്പട്ടിയില്‍നിന്ന്‌ 25 കിലോമീറ്റര്‍ അകലെയുള്ള കഴുകുമലയിലാണ്‌ ഈ ശില്‌പസൗദം. ഒരുകാലത്ത്‌ പ്രധാനപ്പെട്ട ജൈനകേന്ദ്രമായിരുന്നു ഇവിടം. കഴുകുമലയിലെ ജൈനാവശിഷ്ടങ്ങള്‍ക്ക്‌ വിളിപ്പാടകലെയാണ്‌ വെട്ടുവാന്‍ കോവില്‍, ഏകശിലയില്‍ കടഞ്ഞെടുത്ത അപൂര്‍ണവും അപൂര്‍വവുമായ ശിവക്ഷേത്രം
മലയുച്ചിയിലാണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്‌. മലയുടെ ഒരുഭാഗം ചതുരാകൃതിയില്‍ മുറിച്ചുമാറ്റി, അതിനു നടവിലുള്ള ഒറ്റക്കല്ലിലാണ്‌ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്‌. ക്ഷേത്രഗോപുരത്തില്‍തന്നെ ജീവന്‍ തുടിക്കുന്ന ശില്‌പങ്ങള്‍ കാണാം. ശിവ-പാര്‍വതീ ശില്‌പം, സംഗീതവാദകരായ ഭൂതഗണങ്ങള്‍, നന്ദീരൂപങ്ങള്‍, ബ്രഹ്മാവ്‌, നരസിംഹമൂര്‍ത്തി തുടങ്ങിയ ഒട്ടേറെ ശില്‌പങ്ങള്‍.
ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ ശില്‌പം മൃദംഗ ദക്ഷിണാമൂര്‍ത്തിയാണ്‌. മൃദംഗവാദകനായ ശിവന്റെ ഈ ശില്‌പം അത്യപൂര്‍വമാണെന്ന്‌ ശി്‌ലപകലയിലെ ഗവേഷകര്‍ പറയുന്നു. ശില്‌പങ്ങളിലൊട്ടാകെ ഒരു സംഗീത സ്‌പര്‍ശം അനുഭവിച്ചറിയാന്‍ ഇവിടെയെത്തുന്നവര്‍ക്കാവും. പാണ്ഡ്യ പാരമ്പര്യത്തിലെ അപൂര്‍വതയായാണ്‌ ഈ നിര്‍മ്മിതിയെ കലാനിരൂപകര്‍ വാഴ്‌ത്തുന്നത്‌.
കോവിലിന്റെ മുകള്‍ ഭാഗത്തെ നിര്‍മ്മാണം പൂര്‍ണമാണ്‌. എന്നാല്‍ ചുവട്ടിലേക്ക്‌ എത്തുമ്പോള്‍ നിര്‍മ്മാണം അപൂര്‍ണമായ നിലയില്‍ കാണപ്പെടുന്നു. ഇവിടെ പ്രതിഷ്‌ഠയും നടന്നിട്ടില്ല. അതിനുമുമ്പുതന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്‌ ഈ മാന്ത്രിക നിര്‍മ്മിതി.
മലായാളികളുടെ പെരുന്തച്ചന്റെ കഥയ്‌ക്ക്‌ സമാനമായ ഒരു ഉപകഥ ഈ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടതിന്‌ കാരണമായും കേള്‍ക്കുന്നുണ്ട്‌. ക്ഷേത്ര നിര്‍മ്മിതിക്കിടയില്‍ ശില്‌പിയായ പിതാവ്‌ മകനെ വെട്ടിക്കൊന്നുവെന്നാണ്‌ കഥ. എന്നാല്‍ കൊലയ്‌ക്ക്‌ കാരണം ഇന്നും അജ്ഞാതം. അതാണത്രേ ഈ കോവിലിന്‌ വെട്ടുവാന്‍ കോവില്‍ എന്ന്‌ പേരു ലഭിക്കാന്‍ കാരണം.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP