Monday, August 24, 2009

ചിതറാല്‍: ജൈനസംസ്‌കൃതിയുടെ വിരലടയാളം

കന്യാകുമാരിയിലേക്ക്‌ പോകുന്ന യാത്രികര്‍ക്ക്‌ ഒരു ക്ഷണവാക്യമാണ്‌ ചിതറാല്‍. തിരുവനന്തപുരം - നാഗര്‍കോവില്‍ റൂട്ടില്‍ മാര്‍ത്താണ്ഡത്തുനിന്ന്‌ ഏഴുകിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്‌. ബസില്‍ വരുന്നവര്‍ മാര്‍ത്താണ്ഡത്തിറങ്ങി തിക്കുറിശി വഴിയുള്ള `ഭഗവതിയമ്മന്‍ പൊറ്റൈ'ക്കു പോകുന്ന ബസില്‍ കയറിയാല്‍ കൃത്യം സ്ഥലത്തെത്താം. ചിതറാലിലെ ജൈനക്ഷേത്രം നാട്ടുകാര്‍ക്കിടയില്‍ ``മലൈക്കോവില്‍'' എന്നാണ്‌ അറിയപ്പെടുന്നത്‌. ബസിറങ്ങിയാല്‍ ഒരു കിലോമീറ്ററോളം ദൂരം നടന്നുവേണം മലമുകളില്‍ എത്താന്‍.
പലകുറി സന്ദര്‍ശിച്ചിട്ടുള്ള ഈ മലമുകളില്‍ കഴിഞ്ഞ വേനലൊടവിലാണ്‌ ഞങ്ങള്‍ വീണ്ടും എത്തിയത്‌. രാവിലെ ഏഴ്‌ മണിക്കുള്ള തിരുവനന്തപുരം - നാഗര്‍കോവില്‍ പാസഞ്ചറില്‍ കുഴിത്തുറയിലിറങ്ങി. തുടര്‍ന്ന മാര്‍ത്താണ്ടത്തെ്‌തി, അവിടെ നിന്നും ചിതറാലിലേക്ക്‌...
ആര്‍ക്കിയോളജി സര്‍വെ ഓഫ്‌ ഇന്ത്യയുടെ പരിരക്ഷണയിലാണ്‌ ഇപ്പോള്‍ ഈ പ്രദേശം. മലമുകളിലേക്കുള്ള പാത നവീകരിച്ച്‌ ഇരുപുറങ്ങളിലും തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്‌. രാവിലെതന്നെ വെയിലിന്‌ പൊള്ളുന്ന ചൂടാണ്‌. ഇത്തവണ തികച്ചും ആഹ്‌ളാദകരമായ - കുട്ടിക്കാലത്തിന്റെ ഓര്‍മ്മയിലേക്ക്‌ മാനസ സറ്‌ഞാരത്തിന്‌ ഒരുക്കപ്പെട്ട - പ്രകൃതിയാണ്‌ ചിതറാലില്‍ ഞങ്ങളെ കാത്തുനിന്നത്‌. ഒരു അയിനി (ആഞ്ഞിലി) മരം നിറയെ മുഴുത്ത അയനിച്ചക്കകള്‍... അവ അങ്ങനെ പഴുത്തുമുഴുത്ത്‌ ഞങ്ങളെ ക്ഷണിക്കുകയാണ്‌. ഒരു പാറയിലൂടെ കയറി കൃത്യം മൂന്ന്‌ പഴുത്ത ചക്കകള്‍ പറിച്ചെടുത്തു.... ദാ, ഇപ്പോഴും അതിന്റെ മധുരം നാവിന്‍ തുമ്പത്ത്‌... മാവുകളും കായ്‌ച്ചു കിടപ്പുണ്ടായിരുന്നു.
തിരുചരണത്തുമല എന്നുകൂടി പേരുണ്ട്‌, ചിതറാലിന്‌. ചിതറാല്‍, കോട്ടാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ജൈനരുടെ ആവാസകേന്ദ്രങ്ങളായിരുന്നു.

ചിതറാല്‍ മലയുച്ചിയില്‍ ജൈനക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം. ഒന്നുരണ്ടു പടവുകള്‍ കയറി,
രണ്ടു പാറകള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ ചരല്‍പ്പാതയിലൂടെ നടക്കുമ്പോള്‍ പശ്ചിമഘട്ട ഗിരിനിരകള്‍ക്കു മുകളിലെ ശുഭ്രമായ ആകാശത്തിന്റെ വശ്യത.
നടപ്പാത ചെന്നുചേരുന്നത്‌ ഒരു ശിലാഭിത്തിക്കരികില്‍. ഉപദേവതകളുടെയും തീര്‍ത്ഥങ്കരന്മാരുടെയും രൂപങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. മുക്കുട ചൂടി, നീണ്ട കാതുകളുള്ള സിദ്ധന്മാരുടെ ധ്യാനാവസ്ഥയിലുള്ള (നില്‍ക്കുന്ന/ഇരിക്കുന്ന) ശില്‍പങ്ങള്‍. ശാന്തമായ മുഖഭാവം. ശില്‍പങ്ങള്‍ക്കിടയില്‍ വട്ടെഴുത്തിലുള്ള ആലേഖനങ്ങളുമുണ്ട്‌. ആ തട്ടില്‍ നിന്ന് ചുവട്ടിലേക്ക്‌ ഏതാനും പടവുകള്‍. ഇറങ്ങിച്ചെല്ലുന്നത്‌ ജൈനക്ഷേത്രത്തിലേക്ക്‌. മൂന്ന് അറകളും ഹാളും മടപ്പള്ളിയുമുള്ളതാണ്‌ ക്ഷേത്രം. മഹാവീരന്‍, പദ്‌മാവതി, പാര്‍ശ്വനാഥന്‍ എന്നീ പ്രതിഷ്ഠകള്‍.

ഉള്ളിലെ ഇരുട്ടില്‍-കൊത്തിവച്ചതുപോലെ-നിശ്ചലം കത്തുന്ന നെയ്ത്തിരി. ക്ഷേത്രത്തിന്റെ വടക്കു ദിക്കിലായി പാറയില്‍ വട്ടെഴുത്തു ലിപിയിലുള്ള കല്‍വെട്ടുശാസനം കാണാം. ക്ഷേത്രമുറ്റത്തു നിന്നുള്ള പടവുകള്‍ ഒരു കുളത്തിലേക്കു നയിക്കുന്നു. മലമുകളില്‍ കണ്ണാടിത്തിളക്കമുള്ള വേറെയും കുളങ്ങളുണ്ട്‌.
മലമുകളില്‍നിന്നാല്‍ നയനാഭമായ കാഴ്‌ചകള്‍ കാണാം. ഒഴുകിപ്പോകുന്ന കാറ്റിന്റെ സ്‌പര്‍ശം. ടൂറിസ്‌റുകളും ഗവേഷകരുമൊക്കെ എത്തിച്ചേരാറുള്ള ഈ സ്ഥലം ഒറ്റവാക്കില്‍ പറഞ്ഞാല്‍, `വശ്യമനോഹര'മാണ്‌.

2 comments:

NIRMEEL BUDDHA February 15, 2010 at 12:06 PM  

ya it s really good.... can i get more data about chitharal. because i am going to take a documentary about chitaral. if you have any data pls forward to me
sajithputhal@ gmail.com

NIRMEEL BUDDHA February 15, 2010 at 12:07 PM  

ya it s really good.... can i get more data about chitharal. because i am going to take a documentary about chitaral. if you have any data pls forward to me
sajithputhal@ gmail.com

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP