Showing posts with label വിദേശം. Show all posts
Showing posts with label വിദേശം. Show all posts

Saturday, August 29, 2009

പന്നിപ്പനി: മരണം 2100 കവിഞ്ഞു

ജനീവ: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച്‌ ആഗോളതലത്തില്‍ എ (എച്ച്‌1 എന്‍1) വൈറസ്‌ ബാധിച്ച്‌ ലോകത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 2,100 കടന്നു. കഴിഞ്ഞ ഏപ്രിലിലാണ്‌ ആദ്യമായി പന്നിപ്പനി റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടത്‌. അതിനുശേഷമാണ്‌ ഇത്രയും മരണം സംഭവിച്ചതെന്ന്‌ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലാണ്‌ ഏറ്റവും അധികം മരണം നടന്നിട്ടുള്ളത്‌. 1876 പേര്‍ ഇവിടെ പന്നിപ്പനി ബാധിച്ച്‌ മരണത്തിന്‌ കീഴടങ്ങി. തെക്കുകിഴക്കന്‍ എഷ്യയില്‍ 139 മരണവും യൂറോപ്പില്‍ 85 മരണവും ഉണ്ടായി. അവസാന കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 89 പേര്‍ പന്നിപ്പനി ബാധമൂലം മരണമടഞ്ഞിട്ടുണ്ട്‌.
ലോകവ്യാപകമായി എ (എച്ച്‌1 എന്‍1) വൈറസ്‌ ബാധ 2,09,438 പേരിലാണ്‌ സ്‌ഥിരീകരിച്ചിട്ടുള്ളത്‌.

Friday, August 28, 2009

തട്ടിയെടുക്കപ്പെട്ട അമേരിക്കന്‍ യുവതി 18 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തി

സാന്‍ഫ്രാന്‍സിസ്‌കോ: പതിനൊന്നാമത്തെ വയസില്‍ ബസ്‌സ്റ്റോപ്പില്‍ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട യുവതി പതിനെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടു പോയ പ്രതിയില്‍ നിന്നും പീഡനത്തിനിരയായ യുവതി 11 ഉം 15 ഉം വയസുളള രണ്ട്‌ കുട്ടികളുടെ അമ്മയുമായി. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ ജയ്‌സീ ഡുഗാര്‍ഡാണ്‌ ദീര്‍ഘകാലം പീഡനങ്ങള്‍ ഏറ്റുവാങ്ങിയത്‌.
പ്രതിയായ 58 കാരന്‍ ഫിലിപ്പ്‌ ഗരിഡോയെയും ഭാര്യ 54 കാരിയായ നാന്‍സി ഗരിഡോയെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുളളത്‌.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുളള ഗ്രാമപ്രദേശത്ത്‌ വിവിധ കേന്ദ്രങ്ങളിലായാണ്‌ ജയ്‌സിയെ പാര്‍പ്പിച്ചിരുന്നത്‌. രണ്ട്‌ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസമോ, ആശുപത്രി ചികിത്സയോ ലഭ്യമാക്കിയിരുന്നില്ല.
വീട്‌ വിട്ട്‌ വെളിയില്‍ പോകാന്‍ പ്രതി, ജയ്‌സിയെയും കുട്ടികളെയും അനുവദിച്ചിരുന്നില്ല. ഗരിഡോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംശയകരമായ രീതിയിലുളള റിപ്പോര്‍ട്ടുകള്‍ ലഭ്യമായതിനെ തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചറിഞ്ഞത്‌.

Thursday, August 27, 2009

ശ്വാസകോശാര്‍ബുദം: സിഗററ്റ്‌ കമ്പനി 138 ലക്ഷം നല്‍കാന്‍ വിധി

ലോസ്‌ ഏയ്‌ഞ്ചല്‍സ്‌: ശ്വാസകോശാര്‍ബുദം മൂലം മരണമടഞ്ഞ സ്‌ത്രീയുടെ മകള്‍ക്ക്‌ 138 ലക്ഷം രൂപ നഷ്‌ടപരിഹാരമായി സിഗററ്റ്‌ കമ്പനി നല്‍കണമെന്ന്‌ കോടതിവിധി. ലോസ്‌ ഏയ്‌ഞ്ചല്‍സിലെ സുപ്രിംകോടതിയാണ്‌ പ്രമുഖ സിഗററ്റ്‌ കമ്പനിയായ ഫിലിപ്പ്‌ മോറിസ്‌ നഷ്ടപരിഹാരം നല്‍കണമെന്ന്‌ വിധിച്ചത്‌.
നിരന്തരമായ പുകവലി മൂലം ശ്വോസകോശാര്‍ബുദം ബാധിച്ച്‌മരണമടഞ്ഞ ബെറ്റി ബുള്ളോക്കിന്റെ മകള്‍ ജോഡി ബുള്ളോക്കാണ്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.
മോറിസ്‌ ബ്രാന്‍ഡ്‌ സിഗററ്റുകളായിരുന്നു ബെറ്റി സ്ഥിരമായി ഉപയോഗിച്ചിരുന്നത്‌. 2001 ലാണ്‌ സിഗററ്റ്‌ കമ്പനിക്കെതിരെയുളള നിയമയുദ്ധം ആരംഭിച്ചത്‌. 2002 ല്‍ 280 ലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കാന്‍ കോടതി വിധിയുണ്ടായി. എന്നാല്‍ ഇതിനെതിരെ മോറിസ്‌ കമ്പനി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ്‌ നഷ്‌ടപരിഹാരം 138 ലക്ഷം രൂപയായി കുറച്ചത്‌.

Wednesday, August 26, 2009

മലേഷ്യയില്‍ തൊഴില്‍ വാഗ്‌ദാനം നല്‍കി 62 ഇന്ത്യക്കാരെ കബളിപ്പിച്ചു

ക്വലാലംപൂര്‍: റിക്രൂട്ടിംഗ്‌ ഏജന്റിന്റ്‌ നല്‍കിയ വ്യാജ തൊഴില്‍ വാഗ്‌ദാനത്തില്‍ വിശ്വസിച്ച്‌ മലേഷ്യയിലെത്തിയ 62 ഇന്ത്യക്കാര്‍ കബളിപ്പിക്കപ്പെട്ടു. മസായി, ജോഹാര്‍ എന്നിവിടങ്ങളില്‍ ജോലിക്കായി ഇവിടെയെത്തി 62 ഇന്ത്യാക്കാരാണ്‌ കുടുങ്ങിപ്പോയത്‌. ഇവര്‍ക്ക്‌ ഇന്ത്യയിലേക്ക്‌ മടങ്ങിപ്പോകാനോ മലേഷ്യയില്‍ തൊഴിലിന്‌ കയറാനോ കഴിയാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. ഏജന്റിന്‌ ഭീമമായ തുകകള്‍ നല്‍കിയാണ്‌ ഇവരില്‍ ഭുരിപക്ഷവും മലേഷ്യയില്‍ ജോലി തേടിയെത്തിയത്‌.

തിബറ്റില്‍ ഇന്ത്യയ്‌ക്ക്‌ കോണ്‍സുലേറ്റ്‌ തുറക്കാമെന്ന്‌ ചൈന

ലാസ: ഇന്ത്യയ്‌ക്ക്‌ താല്‍പര്യമുണ്ടെങ്കില്‍ തിബറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ തുറക്കാന്‍ യാതൊരു തടസവുമില്ലെന്ന്‌ ചൈന അറിയിച്ചു. ഈമാസമാദ്യം ഇന്ത്യയും ചൈനയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന പതിമൂന്നാം ഘട്ട അതിര്‍ത്തി ചര്‍ച്ചയുടെ ഫലമായാണ്‌ ചൈനയുടെ ഈ തീരുമാനം. തിബറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ പ്രവര്‍ത്തനരഹിതമായിട്ട്‌ ഇപ്പോള്‍ അരനൂറ്റാണ്ട്‌ കഴിഞ്ഞു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മച്ചപ്പെടുത്താന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്‌. ഇക്കാര്യം ഔദ്യോഗികമായിതന്നെ അവര്‍ അറിയിച്ചിട്ടുമുണ്ട്‌. ഈ ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ സഹായകരമാവും എന്നതിനാലാണ്‌ ടിബറ്റില്‍ ഇന്ത്യ കോണ്‍സുമലറ്റ്‌ ആരംഭിക്കണമെന്ന്‌ ചൈന അഭ്യര്‍ത്ഥിക്കുന്നത്‌.
ഇന്ത്യ തിബറ്റില്‍ കോണ്‍സുലേറ്റ്‌ തുറന്നാല്‍ തിബറ്റുമായുള്ള തങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാമെന്ന പ്രതീക്ഷയും ചൈനീസ്‌ സര്‍ക്കാരിനുണ്ട്‌. 1950 ല്‍ ആരഭിച്ച ചൈന-തിബറ്റ്‌ കലാപത്തെ തുടര്‍ന്ന്‌ 1959 ലാണ്‌ ഇന്ത്യ ലാസയിലെ കോണ്‍സുലേറ്റ്‌ അടച്ചുപൂട്ടിയത്‌.
തിബറ്റിന്റെ ആത്മീയ ആചാര്യന്‍ ദലൈ ലാമയ്‌ക്ക്‌ ഇന്ത്യ അഭയം നല്‍കുകയും ചെയ്‌തു. ഇതോടെ ഇന്ത്യ- ചൈന ബന്ധവും വഷളാകുകയായിരുന്നു. മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ഇന്ത്യാ- ചൈന യുദ്ധവും ആരംഭിച്ചു.
എന്നാല്‍ ചൈനയുമായുള്ള നയതന്ത്രബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഷങ്‌ഹായിയിലും ഗുവാങ്‌ഷുവിലും ഇന്ത്യ കോണ്‍സുലേറ്റ്‌ തുറക്കാമെന്ന്‌ സമ്മതിച്ചു.
1962 ല്‍ അടച്ച്‌ പൂട്ടിയ കൊല്‍ക്കത്തയിലെ ചൈനീസ്‌ കോണ്‍സുലേറ്റ്‌ ചൈന വീണ്ടും തുറക്കും.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP