Sunday, August 23, 2009

ആസിയാന്‍ കരാര്‍: യു ഡി എഫില്‍ കോണ്‍ഗ്രസ്‌ ഒറ്റപ്പെടുന്നു

തിരുവനന്തപുരം: ആസിയാന്‍ കരാറിനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ്‌ കേരള ഘടകം പരക്കം പായുമ്പോഴും യു ഡി എഫിനുള്ളില്‍ അവര്‍ കുടുതല്‍ ഒറ്റപ്പെടുന്നു. മുന്നണിക്കുള്ളില്‍നിന്ന്‌ ആസിയാന്‍ കരാറിനെ കണ്ണടച്ച്‌ പിന്തുണയ്‌ക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നതാണ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ഘടകം നേരിടുന്ന പ്രതിസന്ധി.
ഉമ്മന്‍ചാണ്ടി പവര്‍പോയിന്റ്‌ മുഖേന കാര്യങ്ങള്‍ വിശദീകരിച്ചിട്ടും വയലാര്‍ രവിയും രമേശ്‌ ചെന്നിത്തലയും കുറ്റങ്ങള്‍ എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ താഴുമ്പോഴും യു ഡി എഫില്‍നിന്ന്‌ കോണ്‍ഗ്രസിന്‌ വേണ്ട പിന്തുണ കിട്ടുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.
ആസിയാന്‍ കരാറിലെ തങ്ങളുടെ അഭിപ്രായം കേരള കോണ്‍ഗ്രസ്‌ (എം) നേരത്തേതന്നെ വെട്ടിത്തുറന്ന്‌ പറഞ്ഞതാണ്‌. ആ അഭിപ്രായത്തില്‍ ഇനിയും അവര്‍ മാറ്റം വരുത്തിയിട്ടുമില്ല. ഇപ്പോള്‍ മുസ്ലീം ലീഗും പരസ്യമായി കരാറിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ്‌ മുന്‍കൈയെടുത്ത്‌ യു ഡി എഫിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുന്ന വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദളും പരസ്യമായി ആസിയാന്‍ കരാറിനെ തള്ളിപ്പറഞ്ഞുകഴിഞ്ഞു.
ആസിയാന്‍ വാണിജ്യ കരാര്‍ കേരളത്തിനു ദോഷകരമാണെന്നാണ്‌ ഗാട്ടും കാണാചരടും എഴുതിയ ജനതാദള്‍ നേതാവ്‌ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞത്‌. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന്‌ പറഞ്ഞ വിരേന്ദ്രകുമാര്‍ അതേസമയം ചൈനയുടെ വ്യാപാര സമ്മര്‍ദമാണ്‌ കേന്ദ്രസര്‍ക്കാരിനെ ആസിയാന്‍ കരാറില്‍ ഒപ്പിടുന്നതിനു പ്രേരിപ്പിച്ചതെന്നും സമാശ്വാസിക്കുന്നുമുണ്ട്‌.
യു ഡി എഫ്‌ യോഗത്തിനും ആശങ്കകള്‍ പരിഹരിക്കാന്‍ ആവാത്തതിനാല്‍ ഒരു സര്‍വകക്ഷിയോഗം തന്നെ വിളിക്കണമെന്ന നിലപാടാണ്‌ മുസ്ലീം ലീഗിനുള്ളത്‌. ഇക്കാര്യം കോഴിക്കോട്ട്‌ പി കെ കുഞ്ഞാലിക്കുട്ടി തുറന്നുപറയുകയും ചെയ്‌തു. കരാറിലെ വ്യവസ്‌ഥകള്‍ കേരളത്തിനു ദോഷകരമാകുന്നില്ല എന്ന്‌ ഇപ്പോഴും ഉറപ്പൊന്നുമില്ല. അതുകൊണ്ടുതന്നെ്‌ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മുസ്ലീം ലീഗ്‌ ആവശ്യപ്പെടുന്നുണ്ട്‌. കരാറിനു ഗുണഫലമുണ്ട്‌ ഒപ്പം ദോഷവുമുണ്ടെന്നാണ്‌ ലീഗിന്റെ വിശ്വാസം. അത്തരം കാര്യങ്ങളില്‍ കേരളത്തിനു സംരക്ഷണം വേണമെന്നാണ്‌ പാര്‍ട്ടിയുടെ നിലപാട്‌.
സി എം പിയ്‌ക്കും ജെ എസ്‌ എസിനും മറിച്ചൊരു നിലപാടില്ല. അതുകൊണ്ടുതന്നെ ആസിയാന്‍ കരാറിനെ ന്യായീകരിക്കാന്‍ ഇവരാരും മുമ്പോട്ടുവന്നിട്ടുമില്ല. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ അടുത്തുവരുന്നതിനാല്‍ ആസിയാന്‍ കരാറിനെ ന്യായീകരിച്ച്‌ കര്‍ഷകരുടെ അപ്രീത സംബാധിക്കാന്‍ ഇവരാരും തയ്യാറല്ല. ഇതും കോണ്‍ഗ്രസ്‌ നേതാക്കളെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്‌.

1 comments:

Kaniyapuram Noushad August 25, 2009 at 1:16 AM  

ഒറ്റ പെടുന്നു എന്നതിലല്ല പരസ്യമായി കള്ളം പറയാന്‍ മടിയില്ലാത്തവര്‍ ആയി നമ്മുടെ നേതാക്കള്‍
റബ്ബര്‍ കുരുമുളക് ഏലം നാളികേരം എന്നിവ ഉത്പാദിപ്പിക്കുന്നവര്ക്കു പ്രശ്നങ്ങള്‍ ഉണ്ടാവും എന്നാ കാര്യത്തില്‍ തര്‍ക്കം വേണ്ട .എന്നാല്‍ ഇന്ത്യയിലെ ഇതു സംസ്ഥാനത്തിലാണ് ഇത് വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നത്.അവിടെയാണ് കേരളത്തിലെ കോണ്ഗ്രസ് നേതാക്കളുടെ കള്ള കളി.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP