Sunday, August 23, 2009

ഇന്ത്യ-നേപ്പാള്‍ ഉഭയകക്ഷി കരാര്‍ പുനപ്പരിശോധിക്കും

ന്യൂഡല്‍ഹി: അമ്പത്തിയൊമ്പതുവര്‍ഷമായി നിലവിലുള്ള ഇന്ത്യ-നേപ്പാള്‍ സമാധാന- സൗഹൃദ ഉഭയകക്ഷി കരാര്‍ പുനപ്പരിശോധിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. നേപ്പാളില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയ കരാറാണിത്‌.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഉഭയകക്ഷികരാറുകള്‍ വിദേശ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ പുനപ്പരിശോധിക്കുമെന്ന്‌ നേപ്പാള്‍ പ്രധാനമന്ത്രി മാധവ്‌ കുമാര്‌ നേപ്പാളിന്റെ അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.
1950ലെ കരാറനുസരിച്ച്‌ സുരക്ഷയും പ്രതിരോധവും ഉള്‍പ്പെടെയുള്ള നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയും. നേപ്പാളിന്റെ പരമാധികാരത്തിലെ കടന്നുകയറ്റമാണിതെന്ന്‌ നേപ്പാളില്‍ ശക്തമായ വാദമുണ്ടായിരുന്നു. കരാറനുസരിച്ച്‌ തുറന്ന അതിര്‍ത്തിയാണ്‌ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍. ഇരുരാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക്‌ മറ്റേ രാജ്യത്തില്‍ സമാന അവകാശങ്ങള്‍ ലഭിക്കുകയും ചെയ്യും.
അതിര്‍ത്തിനിര്‍ണയത്തിലെ പുരോഗതിയില്‍ ഇരുരാജ്യങ്ങളും സംതൃപ്‌തി പ്രകടിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരായ നടപടികള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ അനുവദിക്കില്ലെന്ന്‌ മാധവ്‌ കുമാര്‍ മന്‍മോഹന്‍സിംഗിന്‌ വാഗ്‌ദാനം നല്‍കി. പുതിയ വ്യാപാര കരാറിനും മൂന്നാമതൊരു രാജ്യത്തുനിന്ന്‌ അനധികൃതമായ വ്യാപാരം തടയുന്നതിനുള്ള കരാറിനും തീരുമാനമായിട്ടുണ്ട്‌.
നേപ്പാളിലെ ഗോയിറ്റര്‍ നിയന്ത്രണ പദ്ധതിക്ക്‌ ഇന്ത്യന്‍ സഹായം തുടരുന്നതിന്‌ ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. സുരക്ഷാകാര്യങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. അതിര്‍ത്തി കടന്നുള്ള കുറ്റങ്ങളുള്‍പ്പെടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടു മാസത്തിനുള്ളില്‍ ആഭ്യന്തരസെക്രട്ടറിമാര്‍ കൂടിക്കാഴ്‌ച നടത്തും. 200 കോടി രൂപ ചെലവില്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന രണ്ട്‌ ചെക്ക്‌ പോസ്റ്റുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന്‌ ഇന്ത്യ ഉറപ്പുനല്‍കി. നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ഉഭയകക്ഷി കരാറില്‍ ഉടന്‍ ഒപ്പുവയ്‌ക്കും. നേപ്പാളിലെ കോസി നദി വഴിമാറിയൊഴുകി ബിഹാറില്‍ വെള്ളപ്പൊക്കമുണ്ടായത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന്‌ ഇരുരാജ്യങ്ങളും വ്യക്തമാക്കി. 680 കോടി രൂപ ചെലവുവരുന്ന രണ്ട്‌ റയില്‍പ്പാതകള്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മിച്ച്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള റയില്‍ ഗതാഗതം മെച്ചപ്പെടുത്തും.
ജലവൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ പൊതുമേഖലയും സ്വകാര്യമേഖലയും നേപ്പാളില്‍ നിക്ഷേപം നടത്തും. സപ്‌തകോശി അണക്കെട്ട്‌ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വേഗത്തിലാക്കാനും സന്ദര്‍ശനത്തിനിടെ തീരുമാനമായെന്ന്‌ സംയുക്തപ്രസ്‌താവനയില്‍ വ്യക്തമാക്കി.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP