Showing posts with label കായികം. Show all posts
Showing posts with label കായികം. Show all posts

Saturday, August 29, 2009

ബോള്‍ട്ട്‌ വീണ്ടും ഒന്നാമന്‍

സൂറിക്ക്‌: സൂറിച്ചിലെ ഗോള്‍ഡന്‍ ലീഗ്‌ മീറ്റിലും ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്‌ സ്വര്‍ണം. ബെര്‍ലിനിലെ അവിസ്‌മരണീയമായ ലോക റെക്കോര്‍ഡ്‌ പ്രകടനത്തിന്‌ 12 ദിവസത്തിനു ശേഷമാണ്‌ റൂറിച്ചിലും നൂറു മീറ്റര്‍ ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ട്‌ ഒന്നാമനായി ഓടിക്കയറിയത്‌.
ബെര്‍ലിനില്‍ 9.58 സെക്കന്‍ഡില്‍ 100 മീറ്റര്‍ പിന്നിട്ട ബോള്‍ട്ട്‌ സൂറിച്ചില്‍ 9.81 സെക്കന്‍ഡിലാണ്‌ ഫിനിഷിങ്‌ ലൈന്‍ പിന്നിട്ടത്‌. ലോക റെക്കോര്‍ഡിന്‌ അടുത്തെത്താനായില്ലെങ്കിലും ബോള്‍ട്ടിന്റെ ഈ പ്രകടനം ലോകത്ത്‌ 100 മീറ്റര്‍ മത്സരങ്ങളില്‍ കുറിച്ച ഏറ്റവും മികച്ച പതിമൂന്നാമതു പ്രകടനമാണ്‌. 9.88 സെക്കന്‍ഡില്‍ ഓിയെത്തിയ ജമൈക്കക്കാരനായ അസഫ പവലിനാണ്‌ വെള്ളി. അമേരിക്കയുടെ ഡാര്‍വിസ്‌ പാറ്റനാണ്‌(9.95 സെക്കന്‍ഡ്‌) മൂന്നാമതെത്തിയത്‌.

Saturday, August 22, 2009

എനിക്ക്‌ ഇതിഹാസമാവണം: ബോള്‍ട്ട്‌

തനിക്ക്‌ ലോക അത്‌ലറ്റിക്‌സിലെ ഇതിഹാസമാവണമെന്ന്‌ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്‌. വരും തലമുറകളും തന്നെ ഓര്‍ത്തിരിക്കണം. ഈ ലക്ഷ്യമാണ്‌ തനിക്കുള്ളത്‌. എന്നാല്‍ ഇതോര്‍ത്ത്‌ ടെന്‍ഷന്‍ അടിക്കാനും തനിക്ക്‌ താത്‌പര്യമില്ലെന്ന്‌ ബോള്‍ട്ട്‌ പറയുന്നു.
എന്താണ്‌ ചെയ്യേണ്ടതെന്ന്‌ തനിക്കറിയാം. കഠിനമായി പരിശ്രമിക്കുകയേ മാര്‍ഗമുള്ളൂ. ഇംഗ്ലണ്ടിലെ എലിസബത്ത്‌ രാജ്ഞിയില്‍നിന്നും സര്‍ പദവി സ്വന്തമാക്കുന്നതും സ്വപ്‌നം കാണാറുണ്ട്‌. `സര്‍ ഉസൈന്‍ ബോള്‍ട്ട്‌' എന്നു കേള്‍ക്കാന്‍തന്നെ സുഖമാണ്‌.
മത്സരത്തിന്‌ മുമ്പ്‌ ഒരിക്കലും റെക്കോഡുകളെ കുറിച്ച്‌ ഓര്‍ക്കാറില്ല. അതുകൊണ്ടുതെന്ന തന്നില്‍ സമ്മര്‍ദ്ദം ഉണ്ടാകാറുമില്ല. എന്താണ്‌ വേണ്ടതെന്ന്‌ തനിക്കറിയാം. അത്‌ കൃത്യമായി നടപ്പാക്കുന്നുമുണ്ട്‌. ഇത്തവണ മത്സരത്തിന്‌ മുമ്പ്‌ വീഡിയോ ഗെയിം കളിച്ചു. അത്‌ ശാന്തനായി ട്രാക്കിലിറങ്ങാന്‍ തന്നെ സഹായിച്ചു.
വേഗത്തില്‍ ഓടാനായി ഒരിക്കലും ഉത്തേജകം ഉപയോഗിച്ചിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ പരിശദ്ധനാണ്‌. ഓരോ മത്സരം കഴിയുമ്പോഴും തന്നെ പരിശോധനയ്‌ക്ക്‌ വിധേയമാക്കാറുണ്ട്‌. ഉത്തേജകം ഇല്ലാതെതന്നെ മനുഷ്യന്‌ വേഗത്തിലോടാന്‍ കഴിയുമെന്നാണ്‌ താന്‍ തെളിയിക്കുന്നത്‌. ഇത്‌ സംബന്ധിച്ച പരാതിക്കാരുടെ സംശയം മാറ്റാന്‍ തുടര്‍ച്ചയായ ജയങ്ങളിലൂടെ കഴിയുമെന്ന വിശ്വാസവും തനിക്കുണ്ടെന്നും ബോള്‍ട്ട്‌ പറഞ്ഞു.
അതുകൊണ്ടുതന്നെ ആരോപണം ഉന്നയിക്കുന്നവരോട്‌ പരാതിയും ഇല്ല. ഇത്തരം ആരോപണങ്ങള്‍ അത്‌ലറ്റിക്‌സിന്റെ ഭാഗമാണ്‌. ഇതില്‍നിന്നും ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനുമാവില്ല.
ഇതിനായി താന്‍ കഠിനമായി പരിശീലനം നടത്തുന്നുണ്ട്‌. ഒരിക്കലും പരിശീലനം മുടക്കാറുമില്ലെന്ന്‌ ബോള്‍ട്ട്‌ പറഞ്ഞു.

Friday, August 21, 2009

ബോള്‍ട്ടിന്‌ വീണ്ടും ലോകറെക്കോഡ്‌

ബര്‍ലിന്‍: ജൈമെക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്‌ വീണ്ടും ലോകറെക്കോഡ്‌. ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഓട്ടത്തിലാണ്‌ ബോള്‍ട്ട്‌ തന്റെതന്നെ റെക്കോഡ്‌ തകര്‍ത്തെറിഞ്ഞത്‌. നേരത്തേ 100 മീറ്ററിലും ബോള്‍ട്ട്‌ പുതിയ സമയം കണ്ടെത്തിയിരുന്നു.
ഇന്നലെ 19.19 സെക്കന്‍ഡില്‍ 200 മീറ്റര്‍ മറികടന്ന ബോള്‍ട്ട്‌ കഴിഞ്ഞ ഒളിമ്പിക്‌സില്‍ താന്‍തന്നെ കണ്ടെത്തിയ 19.30 സെക്കന്‍ഡ്‌ എന്ന റെക്കോഡാണ്‌ മാറ്റിയെഴുതിയത്‌. 19.81 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത പനാമയുടെ അലെന്‍സോ എഡ്വേര്‍ഡിനാണ്‌ വെള്ളി. അമേരിക്കയുടെ വാലസ്‌ സ്‌പിയര്‍മാന്‍ വെങ്കലവും നേടി.

Thursday, August 20, 2009

ലോക ബോക്‌സിംഗ്‌: വിജേന്ദറിന്‌ രണ്ടാം റാങ്ക്‌

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബോക്‌സിംഗ്‌ താരം വിജേന്ദര്‍ സിംഗിന്‌ ലോക റാങ്കിങ്ങില്‍ രണ്ടാം സ്‌ഥാനം. ആദ്യമായാണ്‌ വിജേന്ദര്‍ രാജ്യാന്തര ബോക്‌സിംഗ്‌ അസോസിയേഷന്റെ റാങ്കിങ്ങില്‍ രണ്ടാമതെത്തുന്നത്‌. 75 കിലോഗ്രാം വിഭാഗത്തിലാണ്‌ വിജേന്ദര്‍ രണ്ടാമതെത്തിയത്‌. കഴിഞ്ഞ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ വിജേന്ദര്‍അടുത്തിടെ ചെക്ക്‌ റിപ്പബ്ലിക്കില്‍ നടന്ന യൂറോപ്യന്‍ ഗ്രാന്‍ഡ്‌ പ്രീയിലും ചൈനയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വിജേന്ദര്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു. ഒളിമ്പിക്‌സില്‍ സെമിയില്‍ വിജേന്ദറിനെ തോല്‌പിക്കുകയും വെള്ളി മെഡല്‍ നേടുകയും ചെയ്‌ത ക്യൂബയുടെ എമിലിയോ കൊറയ ബയൂവ്‌ ആണ്‌ റാങ്കിംഗില്‍ ഒന്നാമത്‌.
1700 പോയിന്റുള്ള വിജേന്ദറിനെ ബഹുദൂരം (2500 പോയിന്റ്‌) പിന്‍തള്ളിയാണ്‌ എമിലിയോ കൊറയ ബയൂവ്‌ ഒന്നാം സ്ഥാനത്തിന്‌ അര്‍ഹനായത്‌. അതേസമയം ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇംഗ്ലണ്ടിന്റെ ജയിംസ്‌ ഡി ഗാലെയെ റാങ്കിംഗില്‍ പരിഗണിക്കപ്പെട്ടില്ല. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ റാങ്കിംഗ്‌ നിര്‍ണയിക്കുന്നത്‌.

Tuesday, August 18, 2009

നെഹ്‌റുകപ്പിന്‌ നാളെ കിക്കോഫ്‌

ന്യൂഡല്‍ഹി: പതിനാലാമാത്‌ നെഹ്‌റു കപ്പ്‌ ഫുട്‌ബോളിന്‌ നാളെ തുടക്കം. അംബേദ്‌കര്‍ മൈതാനത്ത്‌ നാളെ വൈകിട്ട്‌ ആറിന്‌ നടക്കുന്ന ആദ്യമത്സരത്തില്‍ ആതിഥേയരും നിലവിലുള്ള ജേതാക്കളുമായ ഇന്ത്യയും ലെബനനും ഏറ്റുമുട്ടും.
റൗണ്ട്‌ റോബിന്‍ ലീഗ്‌ അടിസ്‌ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ചു രാജ്യങ്ങളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. നിലവിലുള്ള രണ്ടാംസ്‌ഥാനക്കാരായ സിറിയയ്‌ക്കു പുറമേ ശ്രീലങ്ക, കിര്‍ഗിസ്‌ഥാന്‍ എന്നീ ടീമുകളും നെഹ്‌റു കപ്പിനായി ബൂട്ട്‌ അണിയുന്നുണ്ട്‌. എല്ലാ ടീമുകളും പരസ്‌പരം മാറ്റുരച്ച്‌ അതില്‍ മികച്ച രണ്ടു ടീമുകള്‍ 31 ന്‌ ഫൈനലില്‍ ഏറ്റമുട്ടും.
കഴിഞ്ഞ തവണ സിറിയയെ 1-0ന്‌ മറികടന്നാണ്‌ ഇന്ത്യ ചരിത്രത്തിലാദ്യമായി നെഹ്‌റുകപ്പ്‌ ഉയര്‍ത്തിയത്‌. അന്നത്തെ ക്യാപ്‌ടന്‍ ബൈച്ചുങ്‌ ബൂട്ടിയ തന്നെയാണ്‌ ഇത്തവണയും ക്യാപ്‌ടന്‍. ഇന്നലെ വൈകീട്ട്‌ ഇന്ത്യന്‍സംഘം കോച്ച്‌ ബോബ്‌ ഹൂട്ടന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തി. ഡല്‍ഹി പബ്ലിക്‌ സ്‌കൂള്‍ മൈതാനത്തായിരുന്നു അവസാനഘട്ട ഒരുക്കങ്ങള്‍.
ടീമിന്‌ മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ ഹൂട്ടന്‍. എന്നാല്‍ സിറിയ അടക്കമുള്ള ടീമുകള്‍ മികച്ചതാണെന്നും ആരെയും അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒ എന്‍ ജി സിയാണു മല്‍സരത്തിന്റെ പ്രായോജകര്‍. ജേതാക്കള്‍ക്ക്‌ 40,000 യു എസ്‌ ഡോളറും രണ്ടാംസ്‌ഥാനക്കാര്‍ക്ക്‌ 20,000 യു എസ്‌ ഡോളറും സമ്മാനമായി ലഭിക്കും. മല്‍സരങ്ങള്‍ സീ സ്‌പോര്‍ട്‌സ്‌ തല്‍സമയം സംപ്രേഷണം ചെയ്യും.

മല്‍സരക്രമം:
നാളെ ഇന്ത്യ- ലെബനന്‍, 20 ന്‌ കിര്‍ഗിസ്‌ഥാന്‍-സിറിയ, 21 ന്‌ ശ്രീലങ്ക- ലെബനന്‍, 22 ന്‌ ഇന്ത്യ- കിര്‍ഗിസ്‌ഥാന്‍, 23ന്‌ സിറിയ- ശ്രീലങ്ക, 24 ന്‌ കിര്‍ഗിസ്‌ഥാന്‍- ലെബനന്‍, 25 ന്‌ ഇന്ത്യ- ശ്രീലങ്ക, 26ന്‌ സിറിയ- ലെബനന്‍, 27 ന്‌ ശ്രീലങ്ക- കിര്‍ഗിസ്‌ഥാന്‍, 28 ന്‌ ഇന്ത്യ- സിറിയ.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP