Thursday, July 9, 2009

ബംഗ്ലാദേശിലേക്ക്‌ മടങ്ങാന്‍ തസ്‌ലിമയ്‌ക്ക്‌ ആഗ്രഹം

ധാക്ക: ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്രീന്‍ സ്വന്തം നാട്ടിലേക്ക്‌ മടങ്ങാന്‍ ആഗ്രഹം. ഇത്‌ സംബന്ധിച്ച അപേക്ഷ തസ്ലിമ ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷേക്ക്‌ ഹസീനയ്‌ക്ക്‌ നല്‍കിക്കഴിഞ്ഞു.
ഇസ്‌ലാമിക തീവ്രവാദികളുടെ വധ ഭീഷണിയെ തുടര്‍ന്ന്‌ തസ്‌ലിമ ഒളിവുജീവിതം നയിക്കാന്‍ തുടങ്ങിയിട്ട്‌ ഒന്നര ദശാബ്ദം പിന്നിടുന്നു. ആദ്യം ഇന്ത്യയിലേക്ക്‌ പലായനം ചെയ്‌ത തസ്‌ലിമ അടുത്തിടെയാണ്‌ കൊല്‍ക്കത്തയില്‍ നിന്നും സ്വീഡനിലേക്ക്‌ കുടിയേറിയത്‌. കൊല്‍ക്കത്തിയിലും യാഥാസ്ഥിതിക മുസ്‌ലിം സംഘടനകളില്‍ നിന്ന്‌ വധഭീഷണി ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്‌.
പ്രധാനമന്ത്രി ഷേക്ക്‌ ഹസീനയിലാണ്‌ തസ്‌ലിമയുടെ പ്രതീക്ഷകള്‍. പുരോഗമന വാദക്കാരിയായ ഹസീനയുടെ കാലത്ത്‌ ബംഗ്ലാദേശില്‍ തിരിച്ചെത്താനാകുമെന്നാണ്‌ അവര്‍ പ്രതീക്ഷിക്കുന്നത്‌. ഇതിനുകഴിഞ്ഞിലെങ്കില്‍ തനിക്കൊരിക്കലും ജന്‍മനാട്‌ കാണാനാകില്ലെന്ന്‌ ഭയക്കുന്നതായും അവര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. 1994 ല്‍ രചിച്ച ലജ്ജ എന്ന നോവലാണ്‌ തസ്‌ലിമയെ മതതീവ്രവാദികളുടെ നോട്ടപ്പുള്ളിയാക്കിയത്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP