Tuesday, August 4, 2009

സി പി എമ്മിന്റെ അഴിമതി വിരുദ്ധ സമരങ്ങള്‍ അവസാനിച്ചു

ലാവ്‌ലിന്‍ ഇംപാക്ട്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അഴിമതിക്കെതിരെ എന്നും ശബ്ദിച്ചിരുന്ന സി പി എമ്മിന്റെ അഴിമതി വിരുദ്ധ സമരങ്ങള്‍ക്ക്‌ അവസാനമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ദേശീയതലത്തില്‍ നിരവധി അഴിമതികേസുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഒന്നില്‍പോലും തുറന്നൊരു അഭിപ്രായം പറയാന്‍ സി പി എം നേതാക്കള്‍ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ലാവ്‌ലിന്‍ ഇടപാടില്‍ സി പി എം കേരള സെക്രട്ടറി പിണറായി വിജയനെ പരിശുദ്ധനായി പ്രഖ്യാപിക്കുകയും ആ കേസില്‍ അഴിമതിയുണ്ടെന്ന്‌ ഉറച്ചു വിശ്വസിക്കുന്ന കേരള മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്‌തശേഷമാണ്‌ ഈ ഗതികേടിലേക്ക്‌ പാര്‍ട്ടി തളര്‍ന്നുവീണത്‌.

അഴിമതിക്കെതിരെ പാര്‍ലമെന്റില്‍ മറ്റ്‌ പാര്‍ട്ടികളെല്ലാം ശബ്ദമുയര്‍ത്തുമ്പോള്‍ എന്നും ഈ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന സി പി എമ്മിന്റെ മൗനം ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പാര്‍ലമെന്റില്‍ ഇപ്പോഴത്തേതിനെക്കാള്‍ കുറവ്‌ അംഗങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍പോലും ഇടുതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ജനങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ സി പി എമ്മിന്‌ അംഗങ്ങളുണ്ടോയെന്നുപോലും അറിയാനാവാത്ത അവസ്ഥയാണ്‌ അഴിമതി കേസുകളില്‍ ഉണ്ടാകുന്നതെന്ന വിമര്‍ശനം പാര്‍ട്ടി അണികള്‍ക്കിടയിലും രൂപം കൊണ്ടുകഴിഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചില്‍ക്കുറയാത്ത അഴിമതികേസുകളാണ്‌ യു പി എ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നത്‌. ഇതില്‍ ഒന്നില്‍പോലും ഔദ്യോഗിക നിലപാട്‌ വ്യക്തമാക്കാന്‍ സി പി എമ്മിന്‌ ഇനിയും കഴിഞ്ഞിട്ടില്ല.

2500 കോടിയുടെ അഴിമതി ആരോപണമുയര്‍ന്ന അരി കുംഭകോണമാണ്‌ ഇതില്‍ പ്രധാനം. കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ച ശേഷം അത്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്‌തതാണ്‌ അരി കുംഭകോണം. അരി കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന സമയത്താണ്‌ സര്‍ക്കാരിന്റെതന്നെ സംഭരണ ഏജന്‍സികള്‍ സംഭരിച്ച അരി സ്വകാര്യ ഏജന്‍സികള്‍ മുഖേന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റിയയച്ച്‌ കാശാക്കിയത്‌. ദേശീയ രാഷ്‌ട്രീയത്തില്‍ ഈ വിവാദം കൊടുമ്പിരികൊള്ളുമ്പോഴും സി പി എമ്മിന്‌ ഇതൊരു വിഷയമേ ആയിട്ടില്ല.

കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകാലത്ത്‌ സി പി എം ശക്തമായി ഉന്നയിച്ച ആരോപണമാണ്‌ ഇസ്രേയല്‍ ആയുധ ഇടപാടിലെ കോഴ. എന്നാല്‍ ഇതും പിന്നീട്‌ ഉപേക്ഷിച്ചു. സായുധസേനകള്‍ക്കായി മുങ്ങിക്കപ്പലും വിമാനങ്ങളും ആയുധങ്ങളും വാങ്ങിയ ഇടപാടുകളില്‍ രാജ്യത്തിന്റെ ഖജനാവിന്‌ വന്‍ വീഴ്‌ചപറ്റിയെന്ന്‌ സി ആന്‍ഡ്‌ എ ജി റിപ്പോര്‍ട്ടില്‍ നിരവധി കുറ്റപ്പെടുത്തലുകളുണ്ട്‌. ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്ന്‌ ഒരു മാസമാകാറായിട്ടും സി പി എമ്മിന്‌ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു അഭിപ്രായവുമില്ല.

ബൂട്ടാസിംഗിന്റെ മകനെ സി ബി ഐ കൈയോടെ പിടികൂടിയ കേസിലും പാര്‍ട്ടിയുടെ നിലപാട്‌ ഇതുതന്നെ. ലാവ്‌ലിന്‍ കേസില്‍ സി പി എം പറയുന്നപോലെ ബൂട്ടാസിംഗും സി ബി ഐ ഗൂഡാലോചനയെക്കുറിച്ചാണ്‌ പറയുന്നതെന്നത്‌ യാദൃശ്ചികമാവാം.

അംമ്പാനി സഹോദരന്‍മാരുടെ കുടുംബതര്‍ക്കത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ പക്ഷം ചേര്‍ന്നു്വെന്ന ആരോപണത്തിലും സി പി എം പങ്കുചേര്‍ന്നിട്ടില്ല. കുത്തകവ്യവസായികള്‍ കേന്ദ്രഭരണത്തില്‍ പിടിമുറുക്കുന്നതിനെതിരെ എന്നും സുധീരം ശബ്ദമുയര്‍ത്തിയിട്ടുള്ള ഏക പാര്‍ട്ടിയാണ്‌ സി പി എം. ആ പാര്‍ട്ടിയാണ്‌ ഇപ്പോള്‍ കാഴ്‌ച്ചക്കാരുടെ വേഷം ഏറ്റെടുത്തിട്ടുള്ളത്‌. ഏറ്റവും ഒടുവില്‍ കേന്ദ്രഖനിവ്യവസായ മന്ത്രിക്കെതിരെ വിജിലന്‍സ്‌ കേസ്‌ എടുത്തിട്ടും സി പി എം മൗനം വെടിഞ്ഞിട്ടില്ല.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP