Tuesday, August 4, 2009

ഈമാസം 11 മുതല്‍ ബസ്‌ പണിമുടക്ക്‌

തൃശൂര്‍: ബസ്‌ ചാര്‍ജ്‌ വര്‍ധന ആവശ്യപ്പെട്ട്‌ ഈമാസം 11 മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കും. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ്‌ വര്‍ധന അനിവാര്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കുന്നതെന്ന്‌ ബസുടമ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ഈ മാസം 19 മുതല്‍ സംസ്‌ഥാനത്തു സ്വകാര്യ ബസ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കുമെന്ന്‌ കേരള സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപറേറ്റേഴ്‌സ്‌ ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയും നേരത്തേ അറിയിച്ചിട്ടുണ്ട്‌.
മിനിമം ചാര്‍ജ്‌ അഞ്ചു രൂപയാക്കുക, കിലോമീറ്ററിന്‌ അഞ്ചു പൈസ കൂട്ടുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കു ഫുള്‍ചാര്‍ജ്‌ജിന്റെ പകുതിയാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്നോട്ടു വച്ചിട്ടുണ്ട്‌.
ഇന്ധന വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കെ എസ്‌ ആര്‍ ടി സിയും സര്‍ക്കാരിനോട്‌ ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
മിനിമം ചാര്‍ജ്‌ നാലു രൂപയാക്കണമെന്നും ആനുപാതികമായി മറ്റു നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നുമാണ്‌ ആവശ്യം. ഡീസല്‍ വിലവര്‍ധനയിലൂടെ പ്രതിദിനം മൂന്നു കോടി രൂപയുടെ അധികബാധ്യതയാണ്‌ കെ എസ്‌ ആര്‍ ടി സി ഇപ്പോള്‍ നേരിടുന്നത്‌.
ഇന്ധനവില കുറഞ്ഞതിന്റെ പേരില്‍ നേരത്തേ ബസ്‌ ചാര്‍ജ്ജ്‌ മിനിമം നിരക്ക്‌ നാല്‌ രൂപയില്‍നിന്നും 3.50 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. അതിനാല്‍ ഇന്ധനവില കൂടിയ സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ്ജ്‌ വീണ്ടും നാല്‌ രൂപയാക്കണമെന്നാണ്‌ കെ എസ്‌ ആര്‍ ടി സി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP