Thursday, August 27, 2009

ശ്വാസകോശാര്‍ബുദം: സിഗററ്റ്‌ കമ്പനി 138 ലക്ഷം നല്‍കാന്‍ വിധി

ലോസ്‌ ഏയ്‌ഞ്ചല്‍സ്‌: ശ്വാസകോശാര്‍ബുദം മൂലം മരണമടഞ്ഞ സ്‌ത്രീയുടെ മകള്‍ക്ക്‌ 138 ലക്ഷം രൂപ നഷ്‌ടപരിഹാരമായി സിഗററ്റ്‌ കമ്പനി നല്‍കണമെന്ന്‌ കോടതിവിധി. ലോസ്‌ ഏയ്‌ഞ്ചല്‍സിലെ സുപ്രിംകോടതിയാണ്‌ പ്രമുഖ സിഗററ്റ്‌ കമ്പനിയായ ഫിലിപ്പ്‌ മോറിസ്‌ നഷ്ടപരിഹാരം നല്‍കണമെന്ന്‌ വിധിച്ചത്‌.
നിരന്തരമായ പുകവലി മൂലം ശ്വോസകോശാര്‍ബുദം ബാധിച്ച്‌മരണമടഞ്ഞ ബെറ്റി ബുള്ളോക്കിന്റെ മകള്‍ ജോഡി ബുള്ളോക്കാണ്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.
മോറിസ്‌ ബ്രാന്‍ഡ്‌ സിഗററ്റുകളായിരുന്നു ബെറ്റി സ്ഥിരമായി ഉപയോഗിച്ചിരുന്നത്‌. 2001 ലാണ്‌ സിഗററ്റ്‌ കമ്പനിക്കെതിരെയുളള നിയമയുദ്ധം ആരംഭിച്ചത്‌. 2002 ല്‍ 280 ലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കാന്‍ കോടതി വിധിയുണ്ടായി. എന്നാല്‍ ഇതിനെതിരെ മോറിസ്‌ കമ്പനി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ്‌ നഷ്‌ടപരിഹാരം 138 ലക്ഷം രൂപയായി കുറച്ചത്‌.

വെബ്‌ ഫോട്ടോയില്‍ വംശീയ അധിക്ഷേപം: മൈക്രോസോഫ്‌റ്റ്‌ മാപ്പു പറഞ്ഞു

വാഷിംഗ്‌ടണ്‍: ഇന്റര്‍നെറ്റ്‌ സൈറ്റിലെ ഫോട്ടോയില്‍ കറുത്ത നിറക്കാരന്റെ ചിത്രത്തില്‍ വെളുത്ത ആളുടെ മുഖം വെട്ടിച്ചേര്‍ത്ത സംഭവത്തില്‍ മൈക്രോസോഫ്‌റ്റ്‌ ഖേദം രേഖപ്പെടുത്തി. പോളണ്ടിലെ ഒരു വ്യവസായ യൂണിറ്റിന്റെ സൈറ്റില്‍ കാണപ്പെട്ട ജീവനക്കാരുടെ ഗ്രൂപ്പ്‌ ഫോട്ടോയിലാണ്‌ തലവെട്ടിമാറ്റല്‍ നടന്നത്‌.
വംശീയ അധിക്ഷേപമായി സംഭവം വിലയിരുത്തപ്പെട്ടു. വെളളക്കാരന്റെ മുഖത്തോടെയുളള ആളുടെ കൈകള്‍ കറുത്ത നിറത്തിലായിരുന്നു. ഒരു ഡസ്‌കിനഭിമുഖമായി ജീവനക്കാര്‍ ഇരിക്കുന്ന രീതിയിലായിരുന്നു ചിത്രം. ചിത്രം പിന്‍വലിച്ച മൈക്രോസോഫ്‌റ്റ്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഹജ്ജ്‌ ക്വാട്ട ക്രമക്കേട്‌: ഇ അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണം

ന്യൂഡല്‍ഹി: കഴിഞ്ഞ യു പി എ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരിക്കെ ഹജ്ജ്‌ ക്വാട്ടാ അനുവദിച്ചതില്‍ ക്രമക്കേട്‌ നടത്തിയെന്ന ആരോപണത്തില്‍ ഇ അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണം. നിലവില്‍ റയില്‍വേ സഹമന്ത്രികൂടിയായ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നടപടികളെക്കുറിച്ച്‌ റിട്ട. സുപ്രിം കോടതി ജഡ്‌ജി അന്വേഷിക്കുമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ്‌ ടെലിവിഷന്‍ വാര്‍ത്താ ചാനലാണ്‌ ഹജ്ജ്‌ ക്വാട്ട ഇഷ്‌ടക്കാര്‍ക്ക്‌ യഥേഷ്‌ടം നല്‍കി കോടികളുടെ അഴിമതിക്ക്‌ മുന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ്‌ കൂട്ടുനിന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്‌. അതേസമയം ആരോപണം അഹമ്മദ്‌ നിഷേധിച്ചിട്ടുണ്ട്‌.
എന്നാല്‍ ഹജ്ജ്‌ ക്വാട്ട അനുവദിക്കുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇത്‌ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്താന്‍ മുന്‍ സുപ്രിം കോടതി ജഡ്‌ജിയെ നിയോഗിക്കാന്‍ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ അറ്റോര്‍ണി ജനറല്‍ ജി എന്‍ വാഹന്‍വദിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
2004-08 കാലഘട്ടത്തില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ്‌ ഹജ്ജ്‌ ക്വാട്ടയുടെ നല്ലൊരുഭാഗം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക്‌ നല്‍കുക വഴി വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നാണ്‌ ആരോപണം. നേരത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതാണ്‌. ഉത്തര്‍പ്രദേശ്‌, കേരളം എന്നിവിടങ്ങളില്‍ നിന്ന്‌ ഇ അഹമ്മദിനതിരെ ആയിരത്തോളം പരാതികള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്‌മാന്‍ഖാന്‌ ലഭിച്ചു. ഈ പരാതികള്‍ അദ്ദേഹം പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുക്കുകയായിരുന്നു.
ഹജ്ജിന്‌ കൊണ്ടുപോകാന്‍ നല്‍കേണ്ട നിര്‍ദിഷ്‌ട തുകയ്‌ക്ക്‌ പകരമായി രണ്ടു ലക്ഷം രൂപ വരെ ഹാജിമാരില്‍നിന്ന്‌ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഈടാക്കി. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട്‌ ഇത്തരത്തില്‍ സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകള്‍ക്ക്‌ ഏറെ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അഹമ്മദ്‌ കൂട്ടുനിന്നുവെന്നാണ്‌ ആരോപണം. അഹമ്മദിനും മകനും പങ്കുള്ള സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ക്കാണ്‌ കൂടുതല്‍ ക്വാട്ട ലഭിച്ചതെന്ന്‌ ചാനല്‍ ആരോപിച്ചിരുന്നു.

യു പി എ സര്‍ക്കാരിന്റെ അവസാനവര്‍ഷം ഇന്ത്യയില്‍നിന്ന്‌ 1,57,000 പേരെ ഹജ്ജിന്‌ അയയ്‌ക്കാനാണ്‌ സൗദി അറേബ്യ അനുമതി നല്‍കിയത്‌. ഇതില്‍ 1,04,000 സീറ്റുകള്‍ മാത്രമാണ്‌ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ്‌ കമ്മിറ്റി മുഖേന വിതരണം ചെയ്‌തത്‌. 47,000 സീറ്റ്‌ സ്വകാര്യ ട്രാവല്‍ ഗ്രൂപ്പുകള്‍ക്ക്‌ നല്‍കി. ഇതിലാണ്‌ വന്‍ അഴിമതി നടന്നതെന്ന്‌ ചാനല്‍ പറയുന്നു.
ഇ അഹമ്മദുമായി ബന്ധമുണ്ടെന്ന്‌ കരുതുന്ന കോഴിക്കോട്ടെ അല്‍ ഹിന്ദ്‌ ട്രാവല്‍സിന്‌ 1700 സീറ്റ്‌ നല്‍കി. ഒരു ട്രാവല്‍ ഏജന്‍സിക്ക്‌ ശരാശരി 155 സീറ്റ്‌ അനുവദിച്ചപ്പോഴാണ്‌ അല്‍ഹിന്ദിന്‌ 1700 പേരുടെ ക്വാട്ട നല്‍കിയത്‌.
സര്‍ക്കാര്‍ ക്വാട്ടയില്‍ നല്‍കേണ്ട സീറ്റുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ്‌ വെളിപ്പെടുത്തല്‍. 47,000 സീറ്റ്‌ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ നല്‍കിയപ്പോള്‍ 6000 സീറ്റ്‌ വിദേശമന്ത്രാലയം നേരിട്ട്‌ വിതരണം ചെയ്‌തു.
സംസ്ഥാന ഹജ്ജ്‌ കമ്മിറ്റികള്‍ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ്‌ ആളുകളെ തിരഞ്ഞെടുക്കുന്നതെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ സീറ്റ്‌ കൂടുതല്‍ പണം ഈടാക്കി വില്‍ക്കുകയാണ്‌. ഒരു ഏജന്‍സിക്ക്‌ പരമാവധി 600 യാത്രക്കാരുടെ ക്വാട്ട മാത്രമേ നല്‍കാവൂ എന്ന ചട്ടത്തിന്‌ വിരുദ്ധമായാണ്‌ അല്‍ ഹിന്ദിന്‌ കൂടുതല്‍ ക്വാട്ട അനുവദിച്ചത്‌.

ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്‌ തുല്യാവകാശ കമ്മീഷന്‍ രൂപീകരിക്കും

ന്യൂഡല്‍ഹി: ന്യൂനപക്ഷവിഭാഗങ്ങളുടെ താല്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ തുല്യാവകാശ കമ്മീഷന്‍ രൂപീകരിക്കും. രാജ്യത്തൊട്ടാകെ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വിവേചനവും മറ്റും പരിഹരിക്കാന്‍ കമ്മിഷന്‍ രൂപീകരണത്തിലൂടെ കഴിയുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അടുത്ത പാര്‍ലമന്റ്‌ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ലിന്റെ കരട്‌ രൂപം അവതരിപ്പിക്കും.
മുസ്ലീം സ്‌ത്രീകളുടെ ക്ഷേമത്തിനായി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ന്യൂനപക്ഷകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷീദ്‌ പറഞ്ഞു. സുഭാഷിണി അലിയുടെ നേതൃത്വത്തില്‍ എത്തിയ ഡെമോക്രാറ്റിക്‌ വുമണ്‍സ്‌ അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തുകയായിരുന്നു മന്ത്രി സല്‍മാന്‍. എഴുപത്തിഅയ്യായിരത്തിലേറെ പേര്‍ ഒപ്പിട്ട അവകാശപത്രിക പ്രതിനിധികള്‍ മന്ത്രിക്ക്‌ കൈമാറി.

പാവപ്പെട്ടവര്‍ക്ക്‌ വിദ്യാഭ്യാസ വായ്‌പാ പലിശ ഒഴിവാക്കും

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ വായ്‌പയുടെ പലിശ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. സാങ്കേതിക, പ്രഫഷണല്‍ വിദ്യാഭ്യാസത്തിനായി ഷെഡ്യൂള്‍ഡ്‌ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്‌പയുടെ പലിശയാണ്‌ പൂര്‍ണമായും സബ്‌സിഡിയായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌.
വായ്‌പാ തിരിച്ചടവ്‌ കാലാവധി വരെ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. പലിശ സബ്‌സിഡിക്ക്‌ അര്‍ഹതനേടുന്നതിന്‌ രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം നാലര ലക്ഷം രൂപയായി നിശ്ചയിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ്‌ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
നടപ്പ്‌ അക്കാദമിക വര്‍ഷം മുതല്‍ പദ്ധതി നിലവില്‍ വരും. രാജ്യത്തെ അഞ്ച്‌ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. വിദ്യാഭ്യാസ വായ്‌പാ പലിശ സബ്‌സിഡി ഒരു തവണ മാത്രമേ അനുവദിക്കൂ. വായ്‌പ ബിരുദ കോഴ്‌സിനോ ബിരുദാനന്തര ബിരുദ കോഴ്‌സിനോ, ബിരുദാനന്തര ബിരുദ ഡിപ്ലോമയ്‌ക്കോ പ്രയോജനപ്പെടുത്താം.
സംയുക്ത ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ തയ്യാറാക്കിയ പലിശ സബ്‌സിഡി പദ്ധതി അനുവദിക്കും. എന്നാല്‍ പഠനം ഇടയ്‌ക്കുവച്ച്‌ മതിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഈ ആനുകൂല്യം ലഭ്യമല്ല. ആരോഗ്യപരമായ കാരണങ്ങളാലാണ്‌ പഠനം ഉപേക്ഷിക്കേണ്ടി വരുന്നതെങ്കില്‍ ഇളവ്‌ ലഭിക്കും.
പദ്ധതിയുടെ നടത്തിപ്പും നിരീക്ഷണവും സംബന്ധിച്ച്‌ കനറാ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്‌.

പഞ്ചായത്തുകളില്‍ 50 ശതമാനം വനിതാ സംവരണം; നഗരസഭകളില്ല

ന്യൂഡല്‍ഹി: പഞ്ചായത്തുകളില്‍ വനിതകള്‍ക്ക്‌ 50 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം നഗരസഭകളില്‍ 50 ശതമാനം വനിതാ സംവരണം ഉണ്ടാവില്ല. ത്രിതല പഞ്ചായത്തുകളില്‍ ഇപ്പോള്‍തന്നെ മൂന്നിലൊന്ന്‌ സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്‌. ഇത്‌ രണ്ടിലൊന്നാക്കാനാണ്‌ തീരുമാനം. ഇതിനായി ഭരണഘടനയില 243 ഡി വകുപ്പ്‌ ഭേദഗതി ചെയ്യും. ഇതിന്‌ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ പഞ്ചായത്തി രാജ്‌ മന്ത്രാലയം ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന്‌ വാര്‍ത്താവിതരണ മന്ത്രി അംബികാ സോണി പറഞ്ഞു. ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പിലൂടെ നികത്തുന്ന മുഴുവന്‍ സീറ്റുകള്‍ക്കും 50 ശതമാനം സംവരണം ബാധകമായിരിക്കും. ഇതിനു പുറമെ 50 ശതമാനം പ്രസിഡന്റ്‌ സ്ഥാനവും സ്‌ത്രീകള്‍ക്ക്‌ മാറ്റിവയ്‌ക്കും. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്‌ സംവരണം ചെയ്‌ത സീറ്റുകളുടെ 50 ശതമാനവും സ്‌ത്രീകള്‍ക്ക്‌ നീക്കിവയ്‌ക്കും.
പഞ്ചായത്തുകളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ സ്‌ത്രീകള്‍ പൊതുരംഗത്തേക്കുവരുമെന്ന്‌ അംബികാസോണി അഭിപ്രായപ്പെട്ടു. സ്‌ത്രീശാക്തീകരണത്തിനും ഭരണപുരോഗതിക്കും ഇത്‌ സഹായിക്കുമെന്ന്‌ സോണി പറഞ്ഞു. രാജ്യത്തെ 28.1 ലക്ഷം പഞ്ചായത്ത്‌ അംഗങ്ങളില്‍ 36.87 ശതമാനം സ്‌ത്രീകളാണ്‌. നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്‌ 14 ലക്ഷത്തിലേറെയാകും.
നാഗാലാന്‍ഡ്‌, മേഘാലയ, മിസോറാം, അസമിലെ ഗോത്രമേഖലകള്‍, ത്രിപുര, മണിപ്പുരിലെ മലയോരമേഖലകള്‍ എന്നിവയൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സംവരണം പ്രാബല്യത്തില്‍ വരും.
നഗരസഭകളില്‍ 50 ശതമാനം വനിതാസംവരണത്തിനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്ന്‌ അംബികാസോണി പറഞ്ഞു.
ബിഹാര്‍, ഉത്തരാഖണ്ഡ്‌, ഹിമാചല്‍ പ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവടങ്ങളില്‍ നിലവില്‍ പഞ്ചായത്തിരാജ്‌ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 2010 ലെ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന്‌ രാജസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ നഗരസഭകളില്‍ ഉള്‍പ്പെടെ 50 ശതമാനം സ്‌ത്രീസംവരണം ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരുന്നുണ്ട്‌. സെപ്‌തംബറില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും.

ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക്‌ പ്രോത്സാഹനം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കയറ്റുമതി കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്‌ പ്രോത്സാഹനമേകുന്ന പുതിയ വിദേശവ്യാപര നയം പ്രഖ്യാപിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക്‌ കൂടുതല്‍ ഇളവുകളുാണ്‌ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.
ഇന്ത്യയുടെ പ്രധാന കയറ്റുമതി ഖേലകളായ അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലുമുണ്ടായ തിരിച്ചടിയാണ്‌ പുതിയ മേഖലകളിലേക്ക്‌ വഴിതിരിയാന്‍ പ്രേരണയാകുന്നത്‌. സാമ്പത്തിക മാന്ദ്യം മൂലം ഇറക്കുമതിയില്‍ വന്‍ വെട്ടിക്കുറയ്‌ക്കലാണ്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും വരുത്തിയിട്ടുള്ളത്‌. കഴിഞ്ഞ പത്തുമാസത്തിനിടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ 30 ശതമാനത്തിന്റെ ഇടിവാണ്‌ നേരിട്ടത്‌.
ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലെ പതിനാറ്‌ രാജ്യങ്ങളിലേക്കും ഏഷ്യ- ഓഷ്യാനിയ മേഖലയിലെ പത്തു രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയ പ്രോത്സാഹിപ്പിക്കുന്നതാണ്‌ പുതിയ നയം. ഈ നയമനുസരിച്ച്‌ ഒട്ടേറെ നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും 26 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കാര്‍ക്ക്‌ ലഭ്യമാകും.
സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ച വജ്ര- ആഭരണ മേഖലയിലെ കയറ്റുമതിക്കാര്‍ക്ക്‌ നികുതിയിളവ്‌ നല്‍കുമെന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. വിപണി വികസന പദ്ധതി പ്രകാരം കൈത്തറി- കരകൗശല മേഖലയ്‌ക്കും സഹായം ലഭിക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 15 ശതമാനം കയറ്റുമതി വര്‍ധന നേടുകയാണ്‌ നയത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം ഒന്‍പത്‌ ശതമാനത്തോളം കയറ്റുമതിയില്‍ കുറവുണ്ടാകുമെന്നാണ്‌ കണക്കുകൂട്ടലുകള്‍.
കയറ്റുമതിക്കാര്‍ക്കുള്ള ഹ്രസ്വകാല സഹായമായി ഡോളര്‍ ക്രെഡിറ്റ്‌ സമ്പ്രദായം നടപ്പാക്കും. ധനകാര്യ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയുടെ നിരീക്ഷണത്തിലായിരിക്കും ഇത്‌. ചെറുകിട - ഇടത്തരം കയറ്റുമതിക്കാര്‍ക്ക്‌ സഹായം നല്‍കാനായി വ്യാപാര പരിഹാര ഡയറക്‌ടറേറ്റ്‌ സ്ഥാപിക്കും.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രധാനമായും യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലേക്കാണ്‌. 1930ന്‌ ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ചത്‌ ഈ രാജ്യങ്ങളെയാണ്‌. 168 ബില്യന്‍ ഡോളറിന്‍ കയറ്റുമതിയില്‍ 36 ശതമാനം യൂറോപ്പിലേക്കും പതിനെട്ട്‌ ശതമാനം അമേരിക്കയിലേക്കും 16 ശതമാനം ജപ്പാനിലേക്കുമാണ്‌.

ആഫ്രിക്കയിലെയും ലാറ്റിന്‍ അമരിക്കയിലെയും ഓഷ്യാന മേഖലയിലെയും വളര്‍ന്നുവരുന്ന വിപണികളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ പഞ്ചവത്സര വിദേശവ്യാപാരനയമെന്ന്‌ വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പറഞ്ഞു. രണ്ടുവര്‍ഷം കൂടുമ്പോള്‍ നയം പുനപ്പരിശോധിക്കുമെന്നും ആനന്ദ്‌ ശര്‍മ പറഞ്ഞു. ഈ രാജ്യങ്ങളില്‍ കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും.
പാശ്ചാത്യരാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായിട്ടില്ലെന്നും പാശ്ചാത്യരാജ്യങ്ങളില്‍ സംരക്ഷണ നടപടികള്‍ പ്രശ്‌നം വര്‍ധിപ്പിക്കുകയാണ്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. എക്‌പോര്‍ട്ട്‌ ഓറിയന്റഡ്‌ യൂണിറ്റുകള്‍ക്ക്‌ 100 ശതമാനം ആദായനികുതി ഇളവ്‌, രണ്ട്‌ ശതമാനം പലിശ സബ്‌സിഡി തുടങ്ങിയവയ്‌ക്കും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കിടയില്‍ പുകവലി വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുകവലിക്കുന്ന സ്‌ത്രീകളുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്‌. ലോകത്ത്‌ പുകവലിക്കുന്ന സ്‌ത്രീകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളതെന്ന്‌ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയും വേള്‍ഡ്‌ ലങ്‌ ഫൗണ്ടേഷനും സംയുക്‌തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തി. യു എസും ചൈനയുമാണ്‌ ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക്‌ മുന്നിലുള്ളത്‌. ഇന്ത്യയിലെ സ്‌ത്രീകളില്‍ 20 ശതമാനം പേരും പുകവലിക്കുന്നവരാണെന്നാണ്‌ പഠനത്തിലെ കണ്ടെത്തല്‍. കോളജ്‌ വിദ്യാര്‍ഥിനികളാണ്‌ ഇതില്‍ ഏറിയപങ്കും. യുഎസില്‍ 2.3 കോടി സ്‌ത്രീകളും ചൈനയില്‍ 1.3 കോടി സ്‌ത്രീകളും പുകവലിക്കുന്നവരാണ്‌. ആഗോളതലത്തില്‍ 25 കോടി വനിതകളാണ്‌ പുകവലി ദിനചര്യയാക്കിയിട്ടുള്ളത്‌.

Wednesday, August 26, 2009

മലേഷ്യയില്‍ തൊഴില്‍ വാഗ്‌ദാനം നല്‍കി 62 ഇന്ത്യക്കാരെ കബളിപ്പിച്ചു

ക്വലാലംപൂര്‍: റിക്രൂട്ടിംഗ്‌ ഏജന്റിന്റ്‌ നല്‍കിയ വ്യാജ തൊഴില്‍ വാഗ്‌ദാനത്തില്‍ വിശ്വസിച്ച്‌ മലേഷ്യയിലെത്തിയ 62 ഇന്ത്യക്കാര്‍ കബളിപ്പിക്കപ്പെട്ടു. മസായി, ജോഹാര്‍ എന്നിവിടങ്ങളില്‍ ജോലിക്കായി ഇവിടെയെത്തി 62 ഇന്ത്യാക്കാരാണ്‌ കുടുങ്ങിപ്പോയത്‌. ഇവര്‍ക്ക്‌ ഇന്ത്യയിലേക്ക്‌ മടങ്ങിപ്പോകാനോ മലേഷ്യയില്‍ തൊഴിലിന്‌ കയറാനോ കഴിയാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. ഏജന്റിന്‌ ഭീമമായ തുകകള്‍ നല്‍കിയാണ്‌ ഇവരില്‍ ഭുരിപക്ഷവും മലേഷ്യയില്‍ ജോലി തേടിയെത്തിയത്‌.

തിബറ്റില്‍ ഇന്ത്യയ്‌ക്ക്‌ കോണ്‍സുലേറ്റ്‌ തുറക്കാമെന്ന്‌ ചൈന

ലാസ: ഇന്ത്യയ്‌ക്ക്‌ താല്‍പര്യമുണ്ടെങ്കില്‍ തിബറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ തുറക്കാന്‍ യാതൊരു തടസവുമില്ലെന്ന്‌ ചൈന അറിയിച്ചു. ഈമാസമാദ്യം ഇന്ത്യയും ചൈനയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന പതിമൂന്നാം ഘട്ട അതിര്‍ത്തി ചര്‍ച്ചയുടെ ഫലമായാണ്‌ ചൈനയുടെ ഈ തീരുമാനം. തിബറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ പ്രവര്‍ത്തനരഹിതമായിട്ട്‌ ഇപ്പോള്‍ അരനൂറ്റാണ്ട്‌ കഴിഞ്ഞു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മച്ചപ്പെടുത്താന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്‌. ഇക്കാര്യം ഔദ്യോഗികമായിതന്നെ അവര്‍ അറിയിച്ചിട്ടുമുണ്ട്‌. ഈ ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ സഹായകരമാവും എന്നതിനാലാണ്‌ ടിബറ്റില്‍ ഇന്ത്യ കോണ്‍സുമലറ്റ്‌ ആരംഭിക്കണമെന്ന്‌ ചൈന അഭ്യര്‍ത്ഥിക്കുന്നത്‌.
ഇന്ത്യ തിബറ്റില്‍ കോണ്‍സുലേറ്റ്‌ തുറന്നാല്‍ തിബറ്റുമായുള്ള തങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാമെന്ന പ്രതീക്ഷയും ചൈനീസ്‌ സര്‍ക്കാരിനുണ്ട്‌. 1950 ല്‍ ആരഭിച്ച ചൈന-തിബറ്റ്‌ കലാപത്തെ തുടര്‍ന്ന്‌ 1959 ലാണ്‌ ഇന്ത്യ ലാസയിലെ കോണ്‍സുലേറ്റ്‌ അടച്ചുപൂട്ടിയത്‌.
തിബറ്റിന്റെ ആത്മീയ ആചാര്യന്‍ ദലൈ ലാമയ്‌ക്ക്‌ ഇന്ത്യ അഭയം നല്‍കുകയും ചെയ്‌തു. ഇതോടെ ഇന്ത്യ- ചൈന ബന്ധവും വഷളാകുകയായിരുന്നു. മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ഇന്ത്യാ- ചൈന യുദ്ധവും ആരംഭിച്ചു.
എന്നാല്‍ ചൈനയുമായുള്ള നയതന്ത്രബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഷങ്‌ഹായിയിലും ഗുവാങ്‌ഷുവിലും ഇന്ത്യ കോണ്‍സുലേറ്റ്‌ തുറക്കാമെന്ന്‌ സമ്മതിച്ചു.
1962 ല്‍ അടച്ച്‌ പൂട്ടിയ കൊല്‍ക്കത്തയിലെ ചൈനീസ്‌ കോണ്‍സുലേറ്റ്‌ ചൈന വീണ്ടും തുറക്കും.

സുപ്രിം കോടതി ജഡ്‌ജിമാര്‍ സ്വത്ത്‌ വെളിപ്പെടുത്തും

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ ജഡ്‌ജിമാര്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്താന്‍ തീരുമാനിച്ചു. സുപ്രീം കോടതിയുടെ വെബ്‌സൈറ്റിലൂടെയാവും ജഡ്‌ജിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തക.
ബുധനാഴ്‌ച നടന്ന രണ്ടുമണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ ജഡ്‌ജിമാര്‍ തീരുമാനിച്ച്‌ത്‌. അതേസമയം ഇക്കാര്യത്തില്‍ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ സമ്മര്‍ദം ജഡ്‌ജിമാര്‍ക്കുമേല്‍ ഉണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ജഡ്‌ജിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ സമവായം ഉണ്ടാകണമെന്നും കുറച്ചുനാളായി ചീഫ്‌ ജസ്റ്റിസ്‌ അഭിപ്രായപ്പെടുന്നുണ്ട്‌.

പുതിയ വിദേശ വ്യാപാര നയം പ്രഖ്യാപിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ വിദേശ വ്യാപര നയം കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ആനന്ദ്‌ ശര്‍മ വ്യാഴാഴ്‌ച പ്രഖ്യാപിക്കും. സാമ്പത്തികമാന്ദ്യം മൂലമുണ്ടായ നഷ്‌ടം നികത്താന്‍ കയറ്റുമതിക്കാര്‍ക്ക്‌ പ്രോത്‌സാഹനം നല്‍കുന്നതാവും പുതിയ നയത്തിന്റെ കാതല്‍. അമേരിക്കയ്‌ക്കും യൂറോപ്പിനും പുറത്ത്‌ പുതിയ വിപണികള്‍ കണ്ടെത്താന്‍ കയറ്റുമതിക്കാരെ സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ നയത്തിലുണ്ടാകുമെന്നാണ്‌ സൂചന.
ടെക്‌സ്റ്റൈല്‍സ്‌, ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌, ലതര്‍, ജെംസ്‌, ജ്വല്ലറി മേഖലകളില്‍ നികുതി ഒഴിവാക്കുന്നകാര്യവും പുതിയ നയത്തില്‍ ഉണ്ടായേക്കും. അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ വിദേശ വ്യാപാര മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ സംബന്ധിച്ച നിര്‍ദേശങ്ങടങ്ങുന്ന നയം പലരെയും തൃപ്‌തിപ്പെടുത്തുമെങ്കിലും എല്ലാവരെയും തൃപ്‌തിപ്പെടുത്തണമില്ലെന്ന്‌ ആനന്ദ്‌ ശര്‍മ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്‌.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ വിവിധ കയറ്റുമതി യൂണിറ്റുകളിലെ 150 കോടി ആളുകള്‍ക്ക്‌ തൊഴില്‍ഭീഷണി നേരിടേണ്ടിവന്നത്‌. പരമ്പരാഗത വിദേശ വിപണികളായ അമേരിക്കയിലും യൂറോപ്പിലും ഇന്ത്യന്‍ ഉല്‌പന്നങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ കുറഞ്ഞതാണ്‌ തിരിച്ചടിയായത്‌.
ഇന്ത്യന്‍ കയറ്റുമതി വരുമാനമായ 168 ബില്യണ്‍ ഡോളറില്‍ 55 ശതമാനവും അമേരിക്കയിലും പടിഞ്ഞാറന്‍ യൂറോപ്പിലും നിന്നുമുള്ളതാണ്‌. ഈ സാഹചരയത്തില്‍ ആഫ്രിക്കയിലും ലാറ്റനമേരിക്കന്‍ രാജ്യങ്ങള്‍ക്കുമായി നയരേഖ രൂപീകരിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും ശര്‍മ പറഞ്ഞു.
അതേസമയം ഘടനാപരമായ പ്രശ്‌നങ്ങളും സങ്കീര്‍ണമായ നടപടിക്രമങ്ങളും വര്‍ധിച്ച കടത്തുകൂലിയുമാണ്‌ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കയറ്റുമതിക്കാര്‍ക്കായി നിലവില്‍ 26 പദ്ധതികള്‍ ഉണ്ടെങ്കിലും പലതിനെയും കുറിച്ച്‌ അവര്‍ക്ക്‌ അറിവില്ല. അതുകൊണ്ടുതന്നെ അവയുടെ ആനുകൂല്യം നേടിയെടുക്കാന്‍ കയറ്റുമതിക്കാര്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ സാമ്പത്തിക വിദഗ്‌ധന്‍ രാജീവ്‌ കുമാര്‍ പറയുന്നു.

15,000 രൂപയ്‌ക്ക്‌ 10 ഇഞ്ച്‌ ലാപ്‌ടോപ്പ്‌ വിപണിയില്‍

കോട്ടയം: പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ എം എസ്‌ ഐ കേരളത്തിലെ പ്രമുഖ ഐ ടി ഡീലറായ ഓക്‌സിജനുമായി സഹകരിച്ച്‌ 10 ഇഞ്ച്‌ മാത്രം വലുപ്പമുള്ള ലാപ്‌ടോപ്പ്‌ വിപണിയില്‍ ഇറക്കി. 14,900 രൂപയാണ്‌ ഇതിന്റെ വില.
ഇന്റല്‍ ആറ്റം പ്രോസസര്‍ ഉപയോഗിച്ച്‌ നിര്‍മിച്ച ഈ ലാപ്‌ടോപ്പില്‍ സാധാരണ ഉപഭോക്താവിന്‌ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 1 ജി ബി റാം, 160 ജി ബി ഹാര്‍ഡ്‌ ഡിസ്‌ക്‌, ബ്ലൂടൂത്ത്‌, കാര്‍ഡ്‌ റീഡര്‍, 10 ഇഞ്ച്‌ സ്‌ക്രീന്‍ എന്നീ കോണ്‍ഫിഗറേഷനോടു കൂടിയതാണ്‌ ലാപ്‌ടോപ്പ്‌.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന ലാപ്‌ടോപ്പിന്റെ ബുക്കിംഗ്‌ ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഒരു വര്‍ഷം ഇന്റര്‍നാഷണല്‍ വാറണ്ടിയും ഈ ഉല്‍പ്പന്നത്തിന്‌ ലഭ്യമാണ്‌. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 9544400810.

പന്നിപ്പനി: അമേരിക്കയില്‍ മരണം 90,000 കവിയുമെന്ന്‌ റിപ്പോര്‍ട്ട്‌

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ പന്നിപ്പനി മൂലം മരണമടയുന്നവരുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ 90,000 കവിയുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ മുന്നറിയിപ്പ്‌ നല്‍കി. 20 ലക്ഷത്തോളം പേര്‍ രോഗബാധിതരാകും. ഇക്കൊല്ലം അവസാനത്തോടെ ആറ്‌ മുതല്‍ 12 കോടി വരെ ആളുകള്‍ക്ക്‌ രോഗം പിടിപെടാം.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒന്നര ലക്ഷം മുതല്‍ മൂന്ന്‌ ലക്ഷം വരെ പേര്‍ തീവ്രപരിചരണവിഭാഗത്തിലാകും പ്രവേശിപ്പിക്കപ്പെടുക. ഇതില്‍ 30,000 മുതല്‍ 90,000 വരെ പേരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന്‌ വരില്ല.
50 വയസിനുമേല്‍ പ്രായമുളളവരായിരിക്കും ഇങ്ങനെ മരണമടയുന്നതില്‍ ഭൂരിപക്ഷവും. മൊത്തം ജനസംഖ്യയുടെ 20 മുതല്‍ 40 ശതമാനം വരെ പേരില്‍ രോഗലക്ഷണങ്ങള്‍ ദൃശ്യമാകുമെന്ന്‌ 2009 ലേക്കുളള എച്ച്‌ ഒന്ന്‌ എന്‍ ഒന്ന്‌ വൈറസിനെതിരെയുളള അമേരിക്കന്‍ തയ്യാറെടുപ്പ്‌ എന്ന്‌ പേരിട്ടിട്ടുളള റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
എല്ലാ വര്‍ഷവും മറ്റ്‌ വൈറസ്‌ ബാധകളെ തുടര്‍ന്ന്‌ ഏകദേശം 35,000 അമേരിക്കക്കാര്‍ മരിക്കാറുണ്ടെന്നും വൈറ്റ്‌ ഹൗസില്‍ പ്രസിഡന്റിന്റെ ശാസ്‌ത്ര സാങ്കേതിക വിഭാഗത്തിന്റെ ഉപദേശക സമിതി പറയുന്നു. 1918 മുതല്‍ 1919 വരെ പടര്‍ന്നു പിടിച്ച ഗുരുതരമായ വൈറസ്‌ പനിക്ക്‌ സമാനമായതാണ്‌ ഇപ്പോഴത്തെ പന്നിപ്പനി. 1976 ല്‍ ചെറിയ രീതിയില്‍ സംക്രമിച്ച്‌ തുടങ്ങിയ പന്നിപ്പനി ഇന്ന്‌ വലിയതോതില്‍ ജീവഹാനി വരുത്തുന്ന ഒന്നായിമാറിയിരിക്കുന്നു.

Tuesday, August 25, 2009

ഓസ്‌ട്രേലിയയുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടും

ന്യൂഡല്‍ഹി: ആസിയാന്‍ കരാര്‍ സൃഷ്ടിച്ച ആശങ്കകള്‍ക്ക്‌ അല്‌പംപോലും അറുതിവരുത്താനാവാത്ത സാഹചര്യത്തിലും വീണ്ടും സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പിടന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഓസ്‌ട്രേലിയയുമായാണ്‌ ഇക്കുറി വ്യാപാര കരാര്‍ ഒപ്പിടുന്നത്‌. ഇതിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തോട്‌ അടുക്കുന്നുവെന്നാണ്‌ ഓസ്‌ട്രേലിയില്‍നിന്നുമുള്ള സൂചനകള്‍.
ആസിയാന്‍ കരാറിലെന്നപോലെ ഓസ്‌ട്രേലിയയുമായുള്ള കരാറിന്റെ വിവരങ്ങളും ഗോപ്യമാണ്‌. അതേസമയം ഏതൊക്കെ മേഖലകളില്‍ സ്വതന്ത്രവ്യാപാരം േവണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.
എന്നാല്‍ ഇന്ത്യയ്‌ക്ക്‌ ആണവോര്‍ജ്ജം നിര്‍മിക്കുന്നതിന്‌ ആവശ്യമായ യുറേനിയം നല്‍കില്ലെന്ന കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ നിലപാടില്‍ മാറ്റമുണ്ടാകില്ല. ഓസ്‌ട്രേലിയയുടെ മൂന്നാമത്തെ വലിയ കമ്പോളമായ ഇന്ത്യയിലെ സാധ്യതകള്‍ പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുമ്പോഴും ഇന്ത്യയുടെ വികസന സാധ്യതകള്‍ക്ക്‌ തടസം നില്‍ക്കുകയാണ്‌ അവരെന്ന്‌ വ്യക്തം. ഇതിന്‌ ആണവനിര്‍വ്യാപന കരാറിന്റെ മറ ഉപയോഗിക്കുന്നുവെന്നു മാത്രം.

ഒറീസയില്‍ മാവോയിസ്‌റ്റുകള്‍ റയില്‍വേ സ്‌റ്റേഷന്‌ തീയിട്ടു

റൂര്‍ക്കല: ഒറീസയില്‍ മാവോയിസ്‌റ്റ്‌ ആക്രമണം. സുന്ദര്‍ഗഡ്‌ ജില്ലയില്‍ ഒരു റയില്‍വേ സ്‌റ്റേഷന്‍ മാവോയിസ്‌റ്റുകള്‍ തീയിട്ടു. ഇന്നു പുലര്‍ച്ചെയാണ്‌ സംഭവം. സ്‌റ്റേഷനിലെത്തിയ ഇരുപതോളം മാവോയിസ്‌റ്റുകളുടെ സംഘം ജീവനക്കാരെ പുറത്താക്കിയശേഷമാണ്‌ സ്‌റ്റേഷന്‌്‌ തീയിട്ടത്‌. സ്‌റ്റേഷന്‍ മാസ്‌റ്റര്‍ ഉള്‍പ്പെടെ മൂന്നു റയില്‍വേ ജീവനക്കാരെ മാവോയിസ്‌റ്റുകള്‍ ബന്ദികളാക്കുകയും ചെയ്‌തു. സ്‌റ്റേഷന്‍ പരിസരത്തു കിടന്നിരുന്ന 15 വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്‌. ഒരു മാവോയിസ്‌റ്റ്‌ നേതാവിന്റെ അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ ഒറീസ ഉള്‍പ്പെടെ അഞ്ചു സംസ്‌ഥാനങ്ങളില്‍ മാവോയിസ്‌റ്റുകള്‍ ഇന്നലെയും ഇന്നും ബന്ദിന്‌ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌.
റൂര്‍ക്കലയില്‍ റയില്‍വേ സ്‌റ്റേഷന്‍ ആക്രമിക്കാന്‍ മാവേയിസ്‌റ്റുകള്‍ പദ്ധതിയിടുന്നതായി നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു. മാവോയിസ്‌റ്റുകളുടെ ടെലിഫോണ്‍ സംഭാഷണം േചാര്‍ത്തിയതിലൂടെയാണ്‌ ഈ വിവരം ഇന്റലിജന്‍സിന്‌ ലഭിച്ചത്‌. ഇതേതുടര്‍ന്ന്‌ കഴിഞ്ഞ ആറാം തീയതി മുതല്‍ റൂര്‍ക്കല റയില്‍വേ സ്‌റ്റേഷനില്‍ സി ആര്‍ പിഎഫ്‌, ആര്‍ പി എഫ്‌, ലോക്കല്‍ പൊലീസ്‌ അടക്കമുള്ള സുരാക്ഷാഭടന്‍മാരുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ മാവോയിസ്‌റ്റുകള്‍ സുന്ദര്‍ഗഡിലേക്ക്‌ നീങ്ങിയതെന്ന്‌ കരുതപ്പെടുന്നു.

ടി- 90 ടാങ്കുകള്‍ സൈന്യത്തിന്‌ കൈമാറി

ചെന്നൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ അത്യാധുനിക ടി- 90 ടാങ്കുകള്‍ ആവഡിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി സൈന്യത്തിന്‌ കൈമാറി. ആണവായുധ പ്രതിരോധ ശേഷിയുള്ളവയാണ്‌ ടി - 90 ടാങ്കുകള്‍.
പത്ത്‌ ടാങ്കുകളാണ്‌ പ്രതിരോധ സഹമന്ത്രി പള്ളം എം എം രാജു സൈന്യത്തിന്‌ കൈമാറിയത്‌. പതിനഞ്ച്‌ കോടി രൂപയാണ്‌ ഒരു ടാങ്കറിന്റെ നിര്‍മാണചെലവ്‌.
ഹെവി വെഹിക്കിള്‍സ്‌ ഫാക്‌ടറിയിലാണ്‌ ടാങ്കുകള്‍ നിര്‍മിച്ചത്‌. എച്ച്‌ വി എഫ്‌ വര്‍ഷം 100 ടാങ്കുകള്‍ നിര്‍മിക്കും. ഇന്ത്യന്‍ ആര്‍മിക്ക്‌ ഇപ്പോള്‍ ഇത്തരത്തിലുള്ള 700 ടാങ്കുകളുണ്ട്‌. 400 എണ്ണം കൂടി നിര്‍മിച്ചു നല്‍കും.
രാസായുധങ്ങളില്‍ നിന്നും ജൈവായുധങ്ങളില്‍ നിന്നുമുള്ള റേഡിയേഷനില്‍ നിന്നും സൈനികര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതാണ്‌ ടി- 90 ടാങ്കുകള്‍. അഗ്നി നിയന്ത്രിത മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന ടാങ്കിന്‌ വിമാനവേധ തോക്കുകളും 125 എം എം, 12.7 എം എം ഗണ്ണും ദീര്‍ഘദൂര കാഴച ഉറപ്പാക്കുന്ന കംപ്യൂട്ടര്‍ നിയന്ത്രിത ഫയറിംഗ്‌ സിസ്റ്റവുമാണുള്ളത്‌.

ജഡ്‌ജസ്‌ എന്‍ക്വയറി ബില്‍ അടുത്ത സമ്മേളനത്തില്‍

ന്യൂഡല്‍ഹി: ജഡ്‌ജിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നത്‌ സംബന്ധിച്ച ബില്‍ പുതിയ പേരില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. നേരത്തെ രാജ്യസഭയില്‍ ഈ ബില്‍ അവതരിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു.
ജഡ്‌ജസ്‌ എന്‍ക്വയറി ബില്‍ എന്ന പേരില്‍ പുതിയ നിയമം അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്‌. ജഡ്‌ജിമാരുടെ പെരുമാറ്റദൂഷ്യത്തിനെതിരെ നടപടിയെടുക്കാനുള്ള വ്യവസ്ഥയും പുതിയ ബില്ലിലുണ്ടാവും എന്നാണ്‌ സൂചന.
ഇപ്പോള്‍ നിലവിലുള്ള 1968 ലെ ജഡ്‌ജസ്‌ ഇന്‍ക്വയറി ആക്‌ടില്‍ ഇംപീച്ച്‌മെന്റ്‌ നടപടിക്രമം മാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളൂ. ജഡ്‌ജിമാര്‍ക്കെതിരായ മറ്റ്‌ കേസുകളോ പരാതികളോ കൈകാര്യം ചെയ്യാന്‍ ഇത്‌ സഹായകരമല്ല. സ്വാതന്ത്ര്യത്തിനുശേഷം ജുഡിഷ്യല്‍ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമാണ്‌ പുതിയ ബില്‍.

മാര്‍ക്‌സിസത്തിന്റെ നവീകരണം നടക്കുന്നില്ല: എം മുകുന്ദന്‍

കൊല്ലം: മാനവികതയുടെ നീതിബോധമാണ്‌ മാര്‍ക്‌സിസം. അതിലൊരു നന്മയുണ്ട്‌. എന്നാല്‍ ഏത്‌ തത്വശാസ്‌ത്രത്തേയും കാലത്തിനനുസരിച്ച്‌ നവീകരിക്കേണ്ടതുണ്ട്‌. പക്ഷേ മാര്‍ക്‌സിസത്തിന്റെ നവീകരണം നടക്കുന്നില്ലെന്ന്‌ സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍.
ഇന്ന്‌ ലോകമാകെ മാറി. തൊഴിലാളികളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും മാറി. മാറ്റം മാര്‍ക്‌സിസത്തിന്റെ മാത്രം പ്രശ്‌നമല്ല, എല്ലാ സിദ്ധാന്തങ്ങളുടെയും പ്രശ്‌നമാണ്‌. പ്രത്യയശാസ്‌ത്രബോധം നഷ്‌ടപ്പെട്ടതിനാല്‍ പണം ഉണ്ടാക്കണമെന്ന ചിന്ത എല്ലാ മേഖലയിലും ദൃഢമായി. കേരളത്തി. മുമ്പുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങളെ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നം ഇടപെടലുകളാണ്‌. ഇവിടെ ഐ ഐ ടി വന്നാല്‍ തലപ്പത്ത്‌ വയ്‌ക്കുന്നത്‌ വിദഗ്‌ദ്ധനെ ആയിരിക്കില്ല. ജാതി, മത, രാഷ്‌ട്രീയ പരിഗണനകള്‍ അതിലേക്ക്‌ കടന്നുവരും. മെരിറ്റല്ല ഇവിടെ പ്രശ്‌നം. ഐ എസ്‌ ആര്‍ ഒ കേരളീയ സ്ഥാപനമായിരുന്നെങ്കില്‍ അതിന്റെ മേധാവിയായി മാധവന്‍നായര്‍ ഒരിക്കലും വരികയില്ലായിരുന്നു.
എല്ലാത്തരം സംവാദങ്ങളും വിവാദങ്ങളായി മാറുന്ന അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. 40 വര്‍ഷം ഡല്‍ഹിയിലായിട്ട്‌ ഒരു വിവാദവും ഉണ്ടായില്ല. വിവാദങ്ങളോട്‌ മലയാളിക്ക്‌ അമിത താല്‍പ്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡിസി പുസ്‌തകമേളയോടനുബന്ധിച്ച്‌ വൈ എം സി എ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംവദിക്കുകയായിരുന്നു എം മുകുന്ദന്‍.
സ്ഥാനത്തിരിക്കുന്ന മുകുന്ദനെ ആരും ഇഷ്‌ടപ്പെടുന്നില്ല. സ്ഥാനമില്ല.ാത്ത മുകുന്ദനെയാണ്‌ എല്ലാവര്‍ക്കും ഇഷ്‌ടം. അക്കാദമി ചെയര്‍മാന്‍ പദം ഒഴിഞ്ഞാലും കേരളം സ്ഥിരമായി വിട്ടുപോകുന്ന പ്രശ്‌നമില്ല. എല്ലാവരുടെയും ആദരവും സ്‌നേഹവും കിട്ടുന്നത്‌ കേരളത്തില്‍ നിന്നാണ്‌. കേരളത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ നിയമം പോലും ലംഘിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരന്‍ ആക്‌ടിവിസ്റ്റാകേണ്ട കാര്യമില്ല. എന്നാല്‍ കേരളത്തില്‍ എഴുത്ത്‌ സമൂഹത്തിന്റെ ഭാഗമാണ്‌. പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും ആക്‌ടിവിസ്റ്റാകണമെന്നും സമൂഹം ആവശ്യപ്പെടുന്നു. ആനന്ദും കാക്കനാടനും ഒന്നും ആക്‌ടിവിസ്റ്റുകളായിരുന്നില്ല. എന്നാല്‍ ചിലര്‍ ആക്‌ടിവിസ്റ്റുകളാകാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ചിലര്‍ക്ക്‌ അത്‌ സാധിക്കും. എന്നാല്‍ എല്ലാവര്‍ക്കും അത്‌ സാധിക്കില്ല. എനിക്കാണെങ്കില്‍ എഴുത്ത്‌ ഉപേക്ഷിക്കേണ്ടിവരും.
എഴുത്തുകാരനും വായനക്കാരും തമ്മിലുള്ള വിടവ്‌ ഇല്ലാതായിരിക്കുന്നു. തകഴിയുടേയും കേശവദേവിന്റെയും വായനക്കാര്‍ തൊഴിലാളികളായിരുന്നുവെങ്കില്‍ ഇന്ന്‌ എഴുത്തുകാരേക്കാള്‍ വിദ്യാഭ്യാസം ഉള്ളവരാണ്‌ വായനക്കാര്‍. അതുകൊണ്ട്‌ സമൂഹത്തെ മാറ്റിമറിക്കാനുള്ള എഴുത്തുകാരന്റെ കഴിവ്‌ നഷ്‌ടമായി വരുകയാണ്‌. പ്രതീക്ഷ നഷ്‌ടപ്പെടുമ്പോഴാണ്‌ സമൂഹത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

ഹക്കീമുള്ള ജീവിച്ചിരിപ്പിണ്ടെന്ന്‌ പാക്‌ ഇന്റലിജന്‍സ്‌

ഇസ്‌ലാമബാദ്‌: പാക്‌ താലിബാന്‍ തങ്ങളുടെ പുതിയ തലവനായി പ്രഖ്യാപിച്ച തെഹ്‌രീക്‌ ഇ - താലിബാന്‍ നേതാവ്‌ ഹക്കീമുള്ള ജീവിച്ചിരിപ്പിണ്ടെന്ന്‌ പാകിസ്ഥാന്‍ ഇന്റലിജന്‍സ്‌. ബെയ്‌ത്തു. മെഹ്‌സൂദിന്റെ രൂപസാദൃശ്യമുള്ള അയാളുടെ സഹോദരനെയാണ്‌ ഹക്കീമുള്ളയായി അവതരിപ്പിച്ചിരിക്കുന്നത്‌ എന്നുവേണം കരുതാനെന്നും പാകിസ്ഥാന്‍ ഇന്റലിജന്‍സ്‌ വിഭാഗം സംശയം പ്രകടിപ്പിച്ചു.
നേരത്തേ അമേരിക്കന്‍ സൈനിക ആക്രമണത്തില്‍ ഹക്കീമുള്ള കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്‌. വസ്‌തുതകള്‍ മറച്ച്‌ പിടിച്ച്‌ ലോകത്തെമുഴുവന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ താലിബാനെന്ന്‌ ആഭ്യന്തരമന്ത്രാലയം പറയുന്നു. അനുയായികളുടെ ആത്മവിശ്വാസം നശിക്കാതിരിക്കാനും തങ്ങളുടെ അഭിമാനം സംരക്ഷിക്കാനുമായാണ്‌ ഇത്തരം കണ്‍കെട്ടുവിദ്യകള്‍ താലിബാന്‍ നടത്തുന്നതെന്നാണ്‌ അവരുടെ പക്ഷം.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP