Friday, August 7, 2009

ഇത്‌ അംബാസമുദ്രം; തിരയില്ല, തീരവും

തെങ്കാശി-തിരുനല്‍വേലി പാതയിലാണ്‌ അംബാസമുദ്രം. അഗസ്ത്യകൂടത്തിന്റെ മറുപുറത്തുള്ള ഒരു മലയോരഗ്രാമം. തീവണ്ടിയിലും ബസ്സിലും എത്തിച്ചേരാം. പശ്ചിമഘട്ടം ഈ ദിക്കില്‍ അറിയപ്പെടുന്നത്‌ 'പൊതിഗൈ' മലകള്‍ എന്നാണ്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അംബാസമുദ്രവും പാപനാശവും താണ്ടി, ഉള്‍വനങ്ങളിലൂടെ സാഹസികമായി സഞ്ചരിച്ചാണ്‌ അഗസ്ത്യകൂടത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.

പാപനാശത്ത്‌ അതിമനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്‌. അഗസ്ത്യഗിരിയില്‍ നിന്നുറവെടുക്കുന്ന താമ്രപര്‍ണ്ണി നദിയിലാണിത്‌. ഒഴിവു ദിനങ്ങളിലാണ്‌ ഇവിടെ എത്തുന്നതെങ്കില്‍, നൂറുക്കണക്കിന്‌ മനുഷ്യര്‍ 'സമൂഹസ്നാനം' ചെയ്യുന്നതാണ്‌ കാണാനാവുക!

അംബാസമുദ്രം ബസ്സ്‌നിലയത്തില്‍ നിന്ന് പാപനാശം ബസ്സ്‌നിലയത്തിലെത്തി, തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പാപനാശം ക്ഷേത്രത്തിനരികിലിറങ്ങാം. ഒരു ചെറിയ അമ്പലമാണ്‌ ഇവിടെയുള്ളത്‌. അഞ്ച്‌-പത്ത്‌ മിനിട്ട്‌ നടന്നാല്‍ വെള്ളച്ചാട്ടമായി.

ആറ്റുതീരത്തു കൂടി മുകളിലേക്കു സഞ്ചരിച്ചെത്തുന്നത്‌ അഗസ്ത്യരുടെ കോവിലില്‍. അവിടെ നിന്നാല്‍ തൊട്ടരികില്‍ 'അഗസ്ത്യ വെള്ളച്ചാട്ടം' കാണാം. നീരൊഴുക്ക്‌ അധികമില്ലാത്തപ്പോഴാണെങ്കില്‍, പാറമുകളിലൂടെ (വളരെ ശ്രദ്ധിക്കണം) ഒരു ഗുഹയ്ക്കുള്ളില്‍ എത്തിച്ചേരാം. രണ്ടറ്റവും തുറന്ന ശിലാപേടകം പോലെ, അത്‌. അതിനുള്ളില്‍, നീര്‍വീഴ്ചയുടെ കുളിര്‍മയില്‍ ലയിച്ച്‌... അങ്ങനെ...

സാം ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി

സിഡ്‌നി: ലോകത്തിന്റെ ഹൃദയം കവര്‍ന്ന ഓസ്‌ട്രേലിയന്‍ കൊയാല, സാം ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി. ആറുമാസം മുമ്പ്‌ ഓസ്‌ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട കൊയാല വി?ാഗത്തിലെ ചെറിയ കരടി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രങ്ങളിലൂടെ ലോകത്തിന്റെ മുഴുവന്‍ ഓമനയായി മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊയാലയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുകയും സാം എന്ന പേര്‌ നല്‍കി വേണ്ട പരിചരണങ്ങളെല്ലാം നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു.
ആ ദുരന്തത്തില്‍ 173 പേരോളം കൊല്ലപ്പെട്ടിരുന്നു. 2000 വാസസ്ഥലങ്ങള്‍ നശിച്ചു. 75,000 പേര്‍ ?വനരഹിതരായി. എന്നാല്‍ കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട സാം മാസങ്ങള്‍ക്കകം രോഗബാധിതനാകുകയായിരുന്നു. ഓസ്‌ട്രേലിയന്‍ കൊയാലകള്‍ ചത്തൊടുങ്ങുന്നതിന്‌ കാരണമായ ക്‌ളമീഡിയ എന്ന മാരകരോഗമാണ്‌ സാമിനെ കീഴടക്കിയത്‌. തൊലിക്കടിയില്‍ വന്ന മുഴകള്‍ നീക്കം ചെയ്‌തെങ്കിലും രോഗം മൂത്രാശയത്തെയും മറ്റ്‌ ?ാഗങ്ങളെയും ബാധിക്കുകയായിരുന്നു.
കാട്ടുതീക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ സാമിന്‌ കുടിക്കാന്‍ കുപ്പിയില്‍ വെളളം നല്‍കുന്ന ചിത്രം കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകളുടെ പ്രതീകമായി വിലയിരുത്തപ്പെട്ടിരുന്നു.

താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു?

പെഷവാര്‍: പാക്കിസ്‌ഥാനില്‍ യു എസ്‌ സേന കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ താലിബാന്‍ കമാന്‍ഡര്‍ ബെയ്‌തുല്ല മെഹ്‌സൂദൂം കൊല്ലപ്പെട്ടതായി സൂചന. പാക്കിസ്‌ഥാന്‍ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്‌ ആണ്‌ ഈ സൂചന നല്‍കിയത്‌.
`മിസൈല്‍ ആക്രമണത്തില്‍ മെഹ്‌സൂദ്‌ കൊല്ലപ്പെട്ടതായാണ്‌ സൂചന. ഇതു സംബന്ധിച്ച ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല' - മാലിക്‌ പറഞ്ഞു.
മിസൈല്‍ ആക്രമണത്തില്‍ മെഹ്‌സൂദിന്റെ ഭാര്യയും അംഗരക്ഷകരും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ വസീരിസ്‌ഥാനില്‍ മെഹ്‌സൂദിന്റെ ഭാര്യാപിതാവ്‌ മാലിക്‌ ഇക്രാമുദ്ദീന്റെ വസതിക്കു നേരെ ഡ്രോണ്‍ ഉപയോഗിച്ച്‌
യു എസ്‌ നടത്തിയ ആക്രമണത്തിലാണ്‌ മെഹ്‌സൂദിന്റെ ഭാര്യയും മറ്റു മൂന്നു പേരും മരിച്ചത്‌. മരിച്ച എല്ലാവരും ഇക്രാമുദ്ദീന്റെ ബന്ധുക്കളാണ്‌.
മാലിക്‌ ഇക്രാമുദ്ദീന്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടതായാണ്‌ വിവരം.

Thursday, August 6, 2009

നടന്‍ മുരളി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി അന്തരിച്ചു. ഇന്ന്‌ വൈകിട്ട്‌ 8.30 ഓടെ തിരുവനന്തപുരം പി ആര്‍ എസ്‌ ആശുപത്രിയിലായിരുന്നു മരണം. ദീര്‍ഘനാളായി പ്രമേഹരോഗത്തിന്‌ ചികിത്സയിലായിരുന്ന മുരളിയെ അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന്‌ ഇന്നലെ വൈകിട്ടാണ്‌ പി ആര്‍ എസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഭാര്യ ഷൈലജ, മകള്‍ കാര്‍ത്തിക.
നാലു തവണ മികച്ച നടന്റേയും ഒരു തവണ സഹനടന്റെയും ഉള്‍പ്പെടെ അഞ്ചു സംസ്‌ഥാന പുരസ്‌കാരങ്ങള്‍ നേടിയ അഭിനേതാവാണ്‌ മുരളി. ആധാരം (1992), കാണാക്കിനാവ്‌ (1996), താലോലം (1998), നെയ്‌ത്തുകാരന്‍ (2001) എന്നിവയിലെ വേഷങ്ങളായിരുന്നു മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്‌ നല്‍കിയത്‌. 1989 ല്‍ അമരത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ഫിലിം ഫെയര്‍ അവാര്‍ഡ്‌, മദ്രാസ്‌ ഫിലിം ഫാന്‍സ്‌ അസോസിയേഷന്‍ അവാര്‍ഡ്‌, കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ തുടങ്ങിയവയും നേടിയിട്ടുണ്ട്‌.
കൊല്ലം ജില്ലയിലെ വെളിയം കുടവട്ടൂര്‍ ഗ്രാമത്തില്‍ പി. കൃഷ്‌ണപിള്ളയുടെയും കെ. ദേവകിയമ്മയുടെയും മകനായി 1954 മേയ്‌ 25 നാണു ജനനം. കുടവട്ടൂര്‍ യു പി സ്‌കൂളില്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായിരിക്കെ ശ്രീമന്ദിരം കെ പിയുടെ `ഓണമുണ്ടും ഓടക്കുഴലും എന്ന നാടകത്തിലൂടെയാണ്‌ അഭിനയരംഗത്ത്‌ ഹരിശ്രീ കുറിച്ചത്‌.
ചൊല്‍ക്കാഴ്‌ചകളിലൂടെ അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, ബാലചന്‌ദ്രന്‍ ചുള്ളിക്കാട്‌, വിനയചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകള്‍ അവതരിപ്പിക്കുന്ന സംഘത്തില്‍ അംഗമായിരുന്നു. അക്കാലത്ത്‌ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഗം നാടകക്കളരിയുമായി ബന്ധപ്പെട്ടിരുന്നു. ഈ ബന്ധങ്ങളാണ്‌ മുരളിയെ സിനിമയിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌. മുരളി, സി.എന്‍. ശ്രീകണ്‌ഠന്‍ നായരുടെ `ലങ്കാലക്ഷ്‌മി എന്ന നാടകം തനിയെ അരങ്ങിലവതരിപ്പിച്ച്‌ അദ്‌ഭുതം സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇതായിരുന്നു മുരളിയുടെ അവസാന നാടകം.
തിരുവനന്തപുരം എം ജി കോളജ്‌, ശാസ്‌താംകോട്ട ഡി ബി കോളജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. തുടര്‍ന്ന്‌ കേരള സര്‍വകലാശാലയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്നു മുരളി 2001 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന്‌ എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. അന്ന്‌ മത്സരിക്കാനായി സര്‍വകലാശാലയിലെ ജോലിയും രാജിവച്ചു. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി അംഗമായി പലതവണ ക്യൂബ സന്ദര്‍ശിച്ചിട്ടുണ്ട്‌.
1979ല്‍ ഭരത്‌ ഗോപി സംവിധാനം ചെയ്‌ത `ഞാറ്റടിയായിരുന്നു ആദ്യ ചിത്രം. ഈ ചിത്രം ഇനിയും വെളിച്ചം കണ്ടിട്ടില്ല. അരവിന്ദന്റെ `ചിദംബരത്തില്‍ പേരില്ലാത്ത കഥാപാത്രമായിരുന്നു രണ്ടാം വേഷം. ലെനിന്‍ രാജേന്ദ്രന്റെ `മീനമാസത്തിലെ സൂര്യനില്‍ കയ്യൂര്‍ രക്തസാക്ഷിയായും മുരളി അഭിനയിച്ചുവെങ്കിലും പുറത്തിറങ്ങിയ ആദ്യചിത്രം ഹരിഹരന്‍ - എംടി ടീമിന്റെ `പഞ്ചാഗ്നിയായിരുന്നു. ഈ ചിത്രം പുറത്തിറങ്ങിയശേഷമാണ്‌ മീനമാസത്തിലെ സൂര്യന്‍ റിലീസായത്‌. തുടര്‍ന്ന്‌ മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 200 ലധികം സിനിമകളില്‍ അഭിനയിച്ചു.

പണിമുടക്ക്‌: ബാങ്കിംഗ്‌ മേഖല സ്‌തംഭിച്ചു

ന്യൂഡല്‍ഹി: ശമ്പള പരിഷ്‌കരണവും പെന്‍ഷനും ആവശ്യപ്പെട്ട്‌ പൊതുമേഖലാ ബാങ്ക്‌ ജീവനക്കാര്‍ ഇന്നാരംഭിച്ച സമരം പൂര്‍ണം. രാജ്യത്തെ ബാങ്കിംഗ്‌ മേഖല ഇന്ന്‌ പരിപൂര്‍ണമായി സ്‌തംഭിച്ചു. സമരത്തിന്റെ രണ്ടാംദിനമായ നാളെയും ബാങ്കുകളില്‍നിന്നും പൊതുജനങ്ങള്‍ക്ക്‌ സേവനം ലഭിക്കാന്‍ ഇടയില്ല. അതിനിടെ 24 സ്വകാര്യമേഖലാബാങ്കുകളിലെ ജീവനക്കാര്‍ക്കൂടി പണിമുടക്കുമെന്ന്‌ ഭീഷണിമുഴക്കി രംഗത്തെത്തിയിട്ടുണ്ട്‌.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ ചെക്ക്‌ ക്ലിയറിംഗ്‌, സര്‍ക്കാര്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സാധാരണ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. പൊതുജനങ്ങള്‍ക്ക്‌ സാമ്പത്തികാവശ്യങ്ങള്‍ക്കായി എ ടി എമ്മിനെ പൂര്‍ണമായും ആശ്രയിക്കേണ്ടിവന്നു.
കേരളത്തിലും പശ്ചിമബംഗാളിലും ബാങ്കുകളുടെ പ്രവര്‍ത്തനം 100 ശതമാനവും തടസപ്പെട്ടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പണിമുടക്കിയ ജീവനക്കാര്‍ അതത്‌ ബാങ്കുകള്‍ക്ക്‌ മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
പണിമുടക്ക്‌ വിജയമായിരുന്നുവെന്നും മിക്ക ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക്‌ ബാധിച്ചുവെന്നും സമരത്തിന്‌ ആഹ്വാനം ചെയ്‌ത ബാങ്ക്‌ യൂണിയനുകളുടെ ഐക്യവേദി കണ്‍വീനര്‍ സി എച്ച്‌ വെങ്കിടാചലം പറഞ്ഞു. സ്വകാര്യബാങ്കുകളായ ഐ സി ഐ സി ഐ, എച്ച്‌ ഡി എഫ്‌ സി, വിദേശബാങ്കുകളായ സിറ്റി ബാങ്ക്‌, സ്റ്റാന്‍ഡേര്‍ഡ്‌ ചാര്‍ട്ടേഡ്‌ എന്നിവയെയും പണിമുടക്ക്‌ ഭാഗികമായി ബാധിച്ചു. ഫെഡറല്‍ ബാങ്ക്‌, കര്‍ണാടക ബാങ്ക്‌, സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌, ഐ എന്‍ ജി വൈശ്യ ബാങ്ക്‌, ലക്ഷ്‌മിവിലാസ്‌ ബാങ്ക്‌ തുടങ്ങിയ സ്വകാര്യബാങ്കുകളും പണിമുടക്കില്‍ പങ്കെടുത്തു.
രാജ്യത്തെ ബാങ്ക്‌ അക്കൗണ്ടുകളില്‍ 70 ശതമാനവും പൊതുമേഖലാ ബാങ്കുകള്‍ വഴിയായതിനാല്‍ പണിമുടക്ക്‌ ശക്തമായിരുന്നു. രാജ്യവ്യാപകമായി ഒന്‍പതു ലക്ഷത്തോളം ജീവനക്കാരാണ്‌ പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്‌. ഇന്ത്യന്‍ ബാങ്ക്‌ അസോസിയേഷനും ബാങ്ക്‌ ജീവനക്കാരുടെ ഉന്നതസമിതിയായ ബാങ്ക്‌ യൂണിയനുകളുടെ ഐക്യവേദിയുമായി ശമ്പള വര്‍ധന സംബന്ധിച്ച്‌ രണ്ട്‌ മാസം മുമ്പ്‌ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ മുന്‍നിശ്ചയപ്രകാരമാണ്‌ പണിമുടക്ക്‌. ജീവനക്കാര്‍ 20 ശതമാനം ശമ്പള വര്‍ധന ആവശ്യപ്പെട്ടപ്പോള്‍ 17.5 ശതമാനം വര്‍ധിപ്പിക്കാമെന്ന്‌ അസോസിയേഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ 13 ശതമാനമായി കുറയ്‌ക്കുകയായിരുന്നു. 2007 നവംബറിനു ശേഷം ബാങ്കിംഗ്‌ മേഖലയില്‍ ശമ്പള പരിഷ്‌കാരം മുടങ്ങിക്കിടക്കുകയാണ്‌.

Wednesday, August 5, 2009

ബ്രിട്ടന്‍ പൗരത്വ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു, ഇന്ത്യക്കാര്‍ക്ക്‌ തിരിച്ചടിയാകും

ലണ്ടന്‍: പൗരത്വ നിയമങ്ങളില്‍ ബ്രിട്ടന്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. നിലവില്‍ സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന അവസ്ഥ ഇതോടെ ഇല്ലാതാകും. പ്രൊബേഷണറി പൗരത്വം എന്ന പുതിയ നയം ഇന്ത്യ ഉള്‍പ്പെടെയുളള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാരിലാണ്‌ നടപ്പിലാക്കുക. ഇനി മുതല്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്‌ ബ്രിട്ടീഷ്‌ പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടനോടുളള പ്രതിബദ്ധത തെളിയിക്കാനായി ശമ്പളരഹിത ജോലിയിലേര്‍പ്പെടുകയോ സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയോ ചെയ്യേണ്ടതാണ്‌.
നേരത്തേ അഞ്ച്‌ വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പൗരത്വം ലഭിച്ചിരുന്നു. കഴിവിന്റേയും, യോഗ്യതയുടെയും, വരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ അപേക്ഷാര്‍ത്ഥികളെ തരം തിരിക്കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്‌. മോശം പെരുമാറ്റത്തിന്‌ നെഗറ്റീവ്‌ മാര്‍ക്ക്‌ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ രീതിയില്‍ പ്രൊബേഷണറി പൗരത്വം ലഭിക്കണമെങ്കില്‍ കുറഞ്ഞത്‌ 20 മാര്‍ക്ക്‌ നേടേണ്ടതുണ്ട്‌. പൂര്‍ണ്ണപൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടനിലെ ജീവിതരീതികളെക്കുറിച്ചും ഇംഗ്‌ളീഷ്‌ ഭാഷാശേഷിയെക്കുറിച്ചുമുളള പരീക്ഷകള്‍ വിജയിക്കണം. തോല്‍ക്കുന്നവര്‍ക്ക്‌ വീണ്ടും അവസരം നല്‌കും.
എന്നാല്‍ പുതിയ നിര്‍ദേശം വ്യാപകമായ പ്രതിഷേധവും ഉയര്‍ത്തി വിട്ടിട്ടുണ്ട്‌. നിയമവിരുദ്ധമായ കുടിയേറ്റത്തെ തടയുന്നതിന്‌ ഈ നിയമം ഉപകരിക്കില്ലെന്ന്‌ മാത്രമല്ല ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തിലെ ജനങ്ങള്‍ക്ക്‌ ഈ നിയമം തിരിച്ചടിയാകുമെന്നും ബ്രിട്ടിഷ്‌ പാര്‍ലമെന്റിലെ ആഭ്യന്തരമന്ത്രാലയം ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഈ നിയമത്തെക്കുറിച്ച്‌ ലേബര്‍ പാര്‍ട്ടിയിലോ പാര്‍ലമെന്റിലോ യാതൊരു ചര്‍ച്ചയും നടത്തിയില്ലെന്ന്‌ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗം കീത്ത്‌ വാസ്‌ ആരോപിച്ചു. ഇന്ത്യന്‍ വംശജരെ വിവേചനപരമായി തരം തിരിക്കാന്‍ മാത്രമേ ഈ നിയമം ഉപകരിക്കൂവെന്ന്‌ വാസ്‌ പറഞ്ഞു.

കുട്ടികളുടെ ബഹളത്തിനെതിരെ കേസ്‌ കൊടുക്കുന്നതിന്‌ നിരോധനം

ബര്‍ലിന്‍: പാര്‍ക്കുകളില്‍ കുട്ടികള്‍ ബഹളമുണ്ടാക്കുന്നതിനെതിരെ കോടതിയില്‍ കേസ്‌ നല്‍കാനുള്ള ജനങ്ങളുടെ അവകാശത്തിന്‌ ജര്‍മ്മിനിയില്‍ നിമരാധനം വരുന്നു. ഇത്തരം കേസുകളുടെ എണ്ണം വിവിധ കോടതികളില്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ ബര്‍ലിന്‍ സിറ്റി സര്‍ക്കാരിന്റെ പുതിയ നീക്കം.

പുതിയ നിരോധനം ഈമാസം തന്നെ ബര്‍ലിന്‍ സിറ്റി പാര്‍ലമെന്റ്‌ പാസാക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
പാര്‍ക്കുകളിലെ കുട്ടികളുടെ ബഹളം ഒഴിവാക്കുന്നത്‌ അംഗീകരിക്കാനാവില്ല. അവരുടെ മാനസികമായ വളര്‍ച്ചയ്‌ക്ക്‌ ഇത്‌ ഏറെ സഹായകരമാണെന്ന്‌ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ച സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ``കുട്ടികള്‍ക്ക്‌ ബഹളം വയ്‌ക്കാന്‍ അവകാശമുണ്ട്‌. അതുകൊണ്ടുതെന്ന അവരുടെ ബഹളം ജീവിതത്തിന്റെ ഭാഗവുമാണ്‌. ഇതില്‍ അസാധാരണം ഒന്നുമില്ല'' സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വക്താവ്‌ സാന്ദ്ര ഷീറര്‍ വ്യക്തമാക്കി.
പാര്‍ക്കുകളുടെയും സ്‌കൂളുകളുടെയും ഡേകെയര്‍ സെന്ററുകളുടെയും സമീപത്തുള്ള വീട്ടുകാര്‍ കുറച്ചുകൂടി ക്ഷമ കാട്ടിയേപറ്റൂവെന്നും അവര്‍ പറഞ്ഞു.

കുട്ടികളുടെ ബഹളത്തിനെതിരെ സമീപവാസികള്‍ കോടതിയെ സമീപിക്കുന്ന പ്രവണത ബര്‍ലിനില്‍ വര്‍ധിച്ചുവരുകയാണ്‌. നാട്ടുകാരുടെ പരാതിമൂലം നിരവധി സ്‌കൂളുകള്‍ പുതിയ സ്ഥലങ്ങളിലേക്ക്‌ മാറ്റേണ്ടിവന്നിട്ടുണ്ട്‌. ബര്‍ലിനിലെ ഫ്രൈഡ്‌നേവ്‌ ജില്ലയിലെ മില്‍ഷാന്‍ ഡേ കെയര്‍ ഇങ്ങനെ സ്ഥലം മാറാന്‍ നിര്‍ബന്ധിക്കപ്പെട്ട അവസാന സ്‌കൂളാണ്‌. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ്‌ പുതിയ നിയമത്തിലൂടെ സിറ്റി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

Tuesday, August 4, 2009

സി പി എമ്മിന്റെ അഴിമതി വിരുദ്ധ സമരങ്ങള്‍ അവസാനിച്ചു

ലാവ്‌ലിന്‍ ഇംപാക്ട്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അഴിമതിക്കെതിരെ എന്നും ശബ്ദിച്ചിരുന്ന സി പി എമ്മിന്റെ അഴിമതി വിരുദ്ധ സമരങ്ങള്‍ക്ക്‌ അവസാനമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ദേശീയതലത്തില്‍ നിരവധി അഴിമതികേസുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഒന്നില്‍പോലും തുറന്നൊരു അഭിപ്രായം പറയാന്‍ സി പി എം നേതാക്കള്‍ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ലാവ്‌ലിന്‍ ഇടപാടില്‍ സി പി എം കേരള സെക്രട്ടറി പിണറായി വിജയനെ പരിശുദ്ധനായി പ്രഖ്യാപിക്കുകയും ആ കേസില്‍ അഴിമതിയുണ്ടെന്ന്‌ ഉറച്ചു വിശ്വസിക്കുന്ന കേരള മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്‌തശേഷമാണ്‌ ഈ ഗതികേടിലേക്ക്‌ പാര്‍ട്ടി തളര്‍ന്നുവീണത്‌.

അഴിമതിക്കെതിരെ പാര്‍ലമെന്റില്‍ മറ്റ്‌ പാര്‍ട്ടികളെല്ലാം ശബ്ദമുയര്‍ത്തുമ്പോള്‍ എന്നും ഈ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന സി പി എമ്മിന്റെ മൗനം ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പാര്‍ലമെന്റില്‍ ഇപ്പോഴത്തേതിനെക്കാള്‍ കുറവ്‌ അംഗങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍പോലും ഇടുതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ജനങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ സി പി എമ്മിന്‌ അംഗങ്ങളുണ്ടോയെന്നുപോലും അറിയാനാവാത്ത അവസ്ഥയാണ്‌ അഴിമതി കേസുകളില്‍ ഉണ്ടാകുന്നതെന്ന വിമര്‍ശനം പാര്‍ട്ടി അണികള്‍ക്കിടയിലും രൂപം കൊണ്ടുകഴിഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചില്‍ക്കുറയാത്ത അഴിമതികേസുകളാണ്‌ യു പി എ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നത്‌. ഇതില്‍ ഒന്നില്‍പോലും ഔദ്യോഗിക നിലപാട്‌ വ്യക്തമാക്കാന്‍ സി പി എമ്മിന്‌ ഇനിയും കഴിഞ്ഞിട്ടില്ല.

2500 കോടിയുടെ അഴിമതി ആരോപണമുയര്‍ന്ന അരി കുംഭകോണമാണ്‌ ഇതില്‍ പ്രധാനം. കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ച ശേഷം അത്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്‌തതാണ്‌ അരി കുംഭകോണം. അരി കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന സമയത്താണ്‌ സര്‍ക്കാരിന്റെതന്നെ സംഭരണ ഏജന്‍സികള്‍ സംഭരിച്ച അരി സ്വകാര്യ ഏജന്‍സികള്‍ മുഖേന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റിയയച്ച്‌ കാശാക്കിയത്‌. ദേശീയ രാഷ്‌ട്രീയത്തില്‍ ഈ വിവാദം കൊടുമ്പിരികൊള്ളുമ്പോഴും സി പി എമ്മിന്‌ ഇതൊരു വിഷയമേ ആയിട്ടില്ല.

കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകാലത്ത്‌ സി പി എം ശക്തമായി ഉന്നയിച്ച ആരോപണമാണ്‌ ഇസ്രേയല്‍ ആയുധ ഇടപാടിലെ കോഴ. എന്നാല്‍ ഇതും പിന്നീട്‌ ഉപേക്ഷിച്ചു. സായുധസേനകള്‍ക്കായി മുങ്ങിക്കപ്പലും വിമാനങ്ങളും ആയുധങ്ങളും വാങ്ങിയ ഇടപാടുകളില്‍ രാജ്യത്തിന്റെ ഖജനാവിന്‌ വന്‍ വീഴ്‌ചപറ്റിയെന്ന്‌ സി ആന്‍ഡ്‌ എ ജി റിപ്പോര്‍ട്ടില്‍ നിരവധി കുറ്റപ്പെടുത്തലുകളുണ്ട്‌. ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്ന്‌ ഒരു മാസമാകാറായിട്ടും സി പി എമ്മിന്‌ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു അഭിപ്രായവുമില്ല.

ബൂട്ടാസിംഗിന്റെ മകനെ സി ബി ഐ കൈയോടെ പിടികൂടിയ കേസിലും പാര്‍ട്ടിയുടെ നിലപാട്‌ ഇതുതന്നെ. ലാവ്‌ലിന്‍ കേസില്‍ സി പി എം പറയുന്നപോലെ ബൂട്ടാസിംഗും സി ബി ഐ ഗൂഡാലോചനയെക്കുറിച്ചാണ്‌ പറയുന്നതെന്നത്‌ യാദൃശ്ചികമാവാം.

അംമ്പാനി സഹോദരന്‍മാരുടെ കുടുംബതര്‍ക്കത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ പക്ഷം ചേര്‍ന്നു്വെന്ന ആരോപണത്തിലും സി പി എം പങ്കുചേര്‍ന്നിട്ടില്ല. കുത്തകവ്യവസായികള്‍ കേന്ദ്രഭരണത്തില്‍ പിടിമുറുക്കുന്നതിനെതിരെ എന്നും സുധീരം ശബ്ദമുയര്‍ത്തിയിട്ടുള്ള ഏക പാര്‍ട്ടിയാണ്‌ സി പി എം. ആ പാര്‍ട്ടിയാണ്‌ ഇപ്പോള്‍ കാഴ്‌ച്ചക്കാരുടെ വേഷം ഏറ്റെടുത്തിട്ടുള്ളത്‌. ഏറ്റവും ഒടുവില്‍ കേന്ദ്രഖനിവ്യവസായ മന്ത്രിക്കെതിരെ വിജിലന്‍സ്‌ കേസ്‌ എടുത്തിട്ടും സി പി എം മൗനം വെടിഞ്ഞിട്ടില്ല.

ഓഹരി വിപണിയില്‍ തിരിച്ചിറക്കം

മുംബൈ: തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കുശേഷം ബോംബൈ ഓഹരി സൂചിക സെന്‍സക്‌സിന്‌ ഇന്ന്‌ നഷ്ടത്തിന്റെ ദിവസം. ദേശീയ ഓഹരി സൂചിക നിഫ്‌ടിയും നഷ്ടത്തിലാണ്‌ ഇന്ന്‌ വയാപാരം അവസാനിപ്പിച്ചത്‌.
സെന്‍സെക്‌സ്‌ 93.26 പോയിന്റ്‌ താണ്‌ 15830.98 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്‌ടി 30.90 പോയിന്റിന്റെ ഇടിവോടെ 4680.50 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു.

ഈമാസം 11 മുതല്‍ ബസ്‌ പണിമുടക്ക്‌

തൃശൂര്‍: ബസ്‌ ചാര്‍ജ്‌ വര്‍ധന ആവശ്യപ്പെട്ട്‌ ഈമാസം 11 മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കും. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ്‌ വര്‍ധന അനിവാര്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കുന്നതെന്ന്‌ ബസുടമ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ഈ മാസം 19 മുതല്‍ സംസ്‌ഥാനത്തു സ്വകാര്യ ബസ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കുമെന്ന്‌ കേരള സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപറേറ്റേഴ്‌സ്‌ ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയും നേരത്തേ അറിയിച്ചിട്ടുണ്ട്‌.
മിനിമം ചാര്‍ജ്‌ അഞ്ചു രൂപയാക്കുക, കിലോമീറ്ററിന്‌ അഞ്ചു പൈസ കൂട്ടുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കു ഫുള്‍ചാര്‍ജ്‌ജിന്റെ പകുതിയാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്നോട്ടു വച്ചിട്ടുണ്ട്‌.
ഇന്ധന വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കെ എസ്‌ ആര്‍ ടി സിയും സര്‍ക്കാരിനോട്‌ ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
മിനിമം ചാര്‍ജ്‌ നാലു രൂപയാക്കണമെന്നും ആനുപാതികമായി മറ്റു നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നുമാണ്‌ ആവശ്യം. ഡീസല്‍ വിലവര്‍ധനയിലൂടെ പ്രതിദിനം മൂന്നു കോടി രൂപയുടെ അധികബാധ്യതയാണ്‌ കെ എസ്‌ ആര്‍ ടി സി ഇപ്പോള്‍ നേരിടുന്നത്‌.
ഇന്ധനവില കുറഞ്ഞതിന്റെ പേരില്‍ നേരത്തേ ബസ്‌ ചാര്‍ജ്ജ്‌ മിനിമം നിരക്ക്‌ നാല്‌ രൂപയില്‍നിന്നും 3.50 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. അതിനാല്‍ ഇന്ധനവില കൂടിയ സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ്ജ്‌ വീണ്ടും നാല്‌ രൂപയാക്കണമെന്നാണ്‌ കെ എസ്‌ ആര്‍ ടി സി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്‌.

മെക്‌സിക്കോയില്‍ ഭൂചലനം

മെക്‌സിക്കോ സിറ്റി: വടക്കു പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ശക്‌തമായ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടത്‌. നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല. പ്രാദേശിക സമയം ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ ഭൂചലനം ഉണ്ടായത്‌. ഏന്‍ജല്‍ ഡി ല ഗ്വാര്‍ഡ, ടിബുറോണ്‍ ദ്വീപുകളിലായിരുന്നു ചലനത്തിന്റെ പ്രഭവകേന്ദ്രം.
കലിഫോര്‍ണിയ കടലിടുക്കിലും സൊനോരയിലും ചലനം അനുഭവപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. പ്രദേശത്ത്‌ ഒട്ടേറെ തവണ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു.

Monday, August 3, 2009

ഏര്‍ക്കാട്‌: മലയാളരുടെ സ്വന്തം നാട്‌

അവധിക്കാല യാത്രകള്‍ക്ക്‌ തിരഞ്ഞെടുക്കാവുന്ന ഒരു ഹില്‍സ്‌റ്റേഷനാണ്‌ ഏര്‍ക്കാട്‌. തമിഴ്‌നാടിലെ സേലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഏര്‍ക്കാട്‌ അറിയപ്പെടുന്നത്‌ മലയാളരുടെ സ്വന്തം നാട്‌ എന്ന വിശേഷണത്തിലാണ്‌ ഈ പ്രദേശത്തിന്‌ കൂടുതല്‍ ഇണങ്ങുക. സമുദ്രനിരപ്പില്‍നിന്നും 5000 അടി ഉയരത്തിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ വന്നുചേരാന്‍ സേലത്തുനിന്നും 35 കിലോമീറ്റര്‍ സഞ്ചരിക്കണം. ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട്‌, പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിച്ച്‌ ഉയരത്തില്‍ എത്തിച്ചേരുമ്പോള്‍, സുഗന്ധലേപനം ചെയ്‌ത ഉറുമാലയുപോലെ, കുളിര്‍തെന്നല്‍ വീശുന്ന ഏര്‍ക്കാട്‌.

ചുരം കടന്നെത്തുന്നത്‌ വന്യമായ അന്തരീക്ഷത്തിലേക്കാണ്‌. ഒരു തടാകം, അതില്‍ ബോട്ടുസവാരി നടത്തുന്ന വിനോദ സഞ്ചാരികള്‍. ഒരു ചെറിയ അങ്ങാടി... ഏര്‍ക്കാടിലെ പ്രധാന സവിഷേത ഓര്‍ക്കിഡോറിയവും ഓഷോ കേന്ദ്രവുമാണ്‌. തണല്‍നിലങ്ങളിലൂടെ നടന്ന്‌ ഓര്‍ക്കിഡുകളുടെ തീവ്രവര്‍ണങ്ങള്‍ ആസ്വദിക്കാം.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി പഗോഡ പോയിന്റ്‌, ലേഡീസ്‌ സീറ്റ്‌ എന്നാക്കെ പേരിട്ടിരിക്കുന്ന ചില സ്ഥലങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ടെലിസ്‌കോപിലൂടെ കുന്നുകളെയും പട്ടണങ്ങളെയും നിരീക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
സെവറായന്‍ മലനിരകളിലാണ്‌ ഏര്‍ക്കാട്‌. യൂക്കാലിപ്‌റ്റസിന്റെയും ഓറഞ്ചിന്റെയും പുഷ്‌പങ്ങളുടെയും പരിമളം പുരട്ടിയ ഒരു പട്ടുറുമാല്‍. ഈ മലനിരകളിലുള്ള ഗോത്രവിഭാഗമാണ്‌ മലയാളര്‍. ഓറഞ്ചുതോട്ടങ്ങളും ചെറുവനങ്ങളും താണ്ടി, അരമണിക്കൂറോളം സഞ്ചരിച്ചാല്‍ മലമുടിയിലെ ഗ്രാമക്ഷേത്രത്തില്‍ എത്തിച്ചേരാം.

ഇത്‌ മാലയാളരുടെ ക്ഷേത്രമാണ്‌. മണ്ണിനടിയിലൂടെ, നുഴഞ്ഞുകടക്കാവുന്ന ഒരു ഗുഹാനിര്‍മ്മിതിയും അതിനുള്ളില്‍ ഒരു സമാധിസ്ഥാനവുമുണ്ട്‌. ഈ ക്ഷേത്രത്തിലെ ആണ്ടുത്സവത്തിന്‌ പല കുന്നുകളില്‍ വസിക്കുന്ന മലയാളര്‍ ഇവിടെ ഒത്തുചേരും.
വിനോദസഞ്ചാരികള്‍ക്ക്‌ താമസിക്കാന്‍ യൂത്ത്‌ ഹോസ്‌റ്റലും ഒട്ടേറെ സ്വകാര്യ ഹോട്ടല്‍/ടൂറിസ്‌റ്റ്‌ ഹോമുകളും ഏര്‍ക്കാടിലുണ്ട്‌, ഒപ്പം രുചികരമായ ഭക്ഷണം ലഭിക്കുന്ന കുഞ്ഞുകടകളും. കുടുംബസഹിതമുള്ള യാത്രയ്‌ക്ക്‌ തിരഞ്ഞെടുക്കാന്‍ അനുയോജ്യമായതാണ്‌ വെയിലും പ്രസരിപ്പും കുളിര്‍മയുമെല്ലാം പ്രദാനം ചെയ്യുന്ന കൂന്നിന്‍നെറുകയിലെ ഈ ടൂറിസ്‌റ്റ്‌ കേന്ദ്രം.

Sunday, August 2, 2009

മുല്ലപ്പെരിയാര്‍: ഇനി പ്രധാനമന്ത്രി തീരുമാനിക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതാവും. ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനായി അടുത്തുതന്നെ കേരള, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കും. പ്രധാനമന്ത്രിയുടെ സൗകര്യംനോക്കി എത്രയുംവേഗം ഈ യോഗം ചേരുമെന്ന്‌ കേന്ദ്രജലവിഭവവകുപ്പ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായാണ്‌ കഴിഞ്ഞ ജൂലൈ 31 ന്‌ കേന്ദ്ര ജലവിഭവ മന്ത്രാലയം ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിച്ചുചേര്‍ത്തത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ട്‌ സംസ്ഥാനങ്ങളുടെയും നിലപാട്‌ അറിയുകയായിരുന്നു ലക്ഷ്യം. തങ്ങളുടെ വാദങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്‌തു. ഈ വാദങ്ങളെല്ലാം വിശദാമായിതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ കൈമാറും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചശേഷമായിരിക്കും മുഖ്യമന്ത്രിതല ചര്‍ച്ചയ്‌ക്ക്‌ പ്രധാനമന്ത്രി മുന്‍കൈയെടുക്കുക.
ദശാബ്ദങ്ങളായി ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ കത്തിനില്‍ക്കുന്ന ഈ വിവാദത്തിന്‌ രമ്യമായ പരിഹാരം കണ്ടെത്തുകയാണ്‌ പ്രാധനമന്ത്രിയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരില്‍ ഡി എം കെയ്‌ക്ക്‌ അമിതപ്രാധാന്യം ഇല്ലാത്ത അവസ്ഥയായതിനാല്‍ മാന്യമായ പരിഹാരം ഉണ്ടാവുന്നതിന്‌ തടസമില്ലാത്ത സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടാല്‍ അടുത്തുവരുന്ന പഞ്ചായത്ത്‌, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അത്‌ കോണ്‍ഗ്രസിന്‌ ഗുണം ചെയ്യുമെന്ന്‌ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. തമിഴ്‌നാടിന്‌ തുടര്‍ന്നും വെള്ളം ലഭിക്കുമെന്ന ഉറപ്പാക്കാനായാല്‍ അവിടെയും ഗുണം കോണ്‍ഗ്രസിനാവുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്‌ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറെടുക്കുന്നത്‌.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനെക്കുറിച്ചു മാത്രമേ ഇനി ചര്‍ച്ചയുള്ളൂവെന്നാണ്‌ കേരളത്തിന്റെ നിലപാട്‌. ആസിയാന്‍ കരാറില്‍ കേരളത്തിനുള്ള ആശങ്കകള്‍ അറിയിക്കാന്‍ ഇന്ന്‌ പ്രധാനമന്ത്രിയെ കാണുന്ന മുഖ്യമന്ത്രി വി എസ്‌ അച്യൂതാനന്ദന്‍ മുല്ലപ്പെരിയാര്‍ വിഷയവും ഉന്നയിക്കുമെന്നാണ്‌ സൂചന.

Saturday, August 1, 2009

സൈബര്‍ കുറ്റകൃത്യം വര്‍ധിക്കാന്‍ കാരണം ഐ ടി നിയമത്തിലെ പോരായ്‌മ: മുഖ്യമന്ത്രി

കൊച്ചി: ഐ ടി നിയമത്തിന്‍െറ പോരായ്‌മയും സ്‌ത്രീകള്‍ക്കിടയിലെ അവബോധക്കുറവുമാണ്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍. സ്‌ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളെക്കു റിച്ച്‌ സാമൂഹ്യക്ഷേമവകുപ്പിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പ്പശാലയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു? അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റില്‍ ഇടപഴകുന്ന കുട്ടികളുടെ മേല്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത സുപ്രിം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ശാസ്‌ത്രസാങ്കേതിക രംഗത്തെ കുതിപ്പിനൊപ്പമെത്താന്‍ നമ്മുടെ നീതി നിര്‍വഹണ സംവിധാനങ്ങള്‍ വൈകുന്നതിനാല്‍ സൈബര്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ഐ ടി നിയമത്തില്‍ പോരായ്‌മകളുള്ളതായി വിമര്‍ശനമുണ്ട്‌. ഈ സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ സമൂഹത്തിന്‌ സംരക്ഷണം നല്‍കാന്‍ ന്യായാധിപരും നിയമനിര്‍മാതാക്കളും കര്‍മപദ്ധതി തയ്യാറാക്കണം. സ്‌ത്രീ ശാക്തീകരണത്തിനുതകുന്ന പരിശീലന പരിപാടികള്‍ നടപ്പാക്കണം. കുറ്റകൃത്യങ്ങള്‍ക്ക്‌ ഇരയാകുന്ന സ്‌ത്രീകള്‍ കുറ്റവാളികളെ ചൂണ്ടിക്കാണിച്ച്‌ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍? തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌ത്രീകളും കുട്ടികളും ഇരയാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനും? നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള പരിമിതികളാണ്‌ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന്‌ മുഖ്യപ്രഭാഷകനായ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌ പറഞ്ഞു. ആരോഗ്യമന്ത്രി പി കെ ശ്രീമതി, മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌, സാമൂഹ്യക്ഷേമ സെക്രട്ടറി ഉഷ ടൈറ്റസ്‌ എന്നിവര്‍ സംസാരിച്ചു. സി-ഡിറ്റ്‌, കേരള ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ ശില്‍പ്പശാല സംഘടിപ്പിച്ചത്‌. ശില്‍പശാലയോടനുബന്‌ധിച്ച്‌ സി-ഡിറ്റ്‌ തയ്യാറാക്കിയ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുള്ള വെബ്‌സൈറ്റും ഉദ്‌ഘാടനം ചെയ്‌തു.

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ (73) അന്തരിച്ചു. മലപ്പുറം കെ പി എം ആശുപത്രിയില്‍ രാത്രി 8.45 നായിരുന്നു അന്ത്യം. ഇന്നലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്‌ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ മലപ്പുറം കെ പി എം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പാണക്കാട്ടേക്കു കൊണ്ടുപോയി.
34 വര്‍ഷമായി മുസ്‌ലിം ലീഗ്‌ അധ്യക്ഷനായിരുന്നു മലബാറിലെ മുസ്‌ലിംകളുടെ ആത്മീയ നേതാവായിരുന്ന അദ്ദേഹം. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ്‌ ശിഹാബ്‌ തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളജ്‌ മുതല്‍ അനേകം മത സ്‌ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്‌ഥാപനങ്ങള്‍ ഇതില്‍പ്പെടും.
മുപ്പത്തൊന്‍പതാം വയസ്സില്‍, 1975 സെപ്‌റ്റംബര്‍ ഒന്നിനാണ്‌ ശിഹാബ്‌ തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌. മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റായിരുന്ന പാണക്കാട്‌ പുതിയ മാളിയേക്കല്‍ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെയും (പി എം എസ്‌ എ. പൂക്കോയ തങ്ങള്‍) ആയിഷാ ബീവിയുടെയും മകനായി 1936 മേയ്‌ നാലിനാണു ശിഹാബ്‌ തങ്ങളുടെ ജനനം.
പാണക്കാട്‌ ഡി എം ആര്‍ ടി. സ്‌കൂളില്‍ പ്രാഥമിക പഠനം. ഫസ്‌റ്റ്‌ ഫോം മുതല്‍ എസ്‌ എസ്‌ എല്‍ സി വരെ കോഴിക്കോട്‌ എം എം ഹൈസ്‌കൂളില്‍. 1953 ല്‍ എസ്‌ എസ്‌ എല്‍ സി വിജയിച്ച ശേഷം നാലു വര്‍ഷത്തോളം വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം. മലപ്പുറം ജില്ലയില്‍ തിരൂരിനടുത്തു തലക്കടത്തൂര്‍, രണ്ടത്താണിക്കടുത്തു കാനാഞ്ചേരി, തോഴന്നൂര്‍ തുടങ്ങിയ പള്ളികളിലായിരുന്നു ദര്‍സ്‌ പഠനം.

ഉപരിപഠനം 1958 ല്‍ ഈജിപ്‌തിലെ ലോകപ്രശസ്‌തമായ അല്‍ അസ്‌ഹര്‍ സര്‍വകലാശാലയില്‍. അല്‍ അസ്‌ഹറില്‍ സ്‌കോളര്‍ഷിപ്പോടെയുള്ള പഠനത്തിനു ശേഷം 1961ല്‍ പ്രശസ്‌തമായ കെയ്‌റോ സര്‍വകലാശാലയില്‍ അറബിക്‌ ഭാഷാ പഠനവിഭാഗത്തില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ പഠന ശേഷം ലിസാന്‍സ്‌ സാഹിത്യ ബിരുദം നേടി.
കയ്‌റോ സര്‍വകലാശാലയിലെ പഠന കാലത്ത്‌ സൂഫിസത്തില്‍ ആകൃഷ്‌ടനായ ശിഹാബ്‌ തങ്ങള്‍ ഷെയ്‌ഖ്‌ അബ്‌ദുല്‍ ഹലീം മഹ്‌മൂദ്‌ എന്ന പണ്ഡിതനു കീഴില്‍ പഠനം ആരംഭിച്ചു. സൂഫിവര്യനായ ഷെയ്‌ഖ്‌ ഹലീമിനു കീഴില്‍ മൂന്നു വര്‍ഷത്തെ ശിക്ഷണം ശിഹാബ്‌ തങ്ങള്‍ക്കു ലഭിച്ചു. ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കും ഈജിപ്‌തിനും പുറമെ യു.എസ്‌., ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ, ഇറ്റലി, സിംഗപ്പൂര്‍, പലസ്‌തീന്‍, ഇറാന്‍, യെമന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.
മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സയ്യിദ്‌ അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകള്‍, പരേതയായ ശരീഫ ഫാത്തിമ ബീവിയായിരുന്നു ശിഹാബ്‌ തങ്ങളുടെ ഭാര്യ. 1966 നവംബര്‍ 24 നായിരുന്നു വിവാഹം.
അഞ്ചു മക്കള്‍ - മൂന്ന്‌ പെണ്ണും രണ്ട്‌ ആണും. കെ എം ഇ എ. സംസ്‌ഥാന പ്രസിഡന്റ്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, സുഹറ, ഫൈറൂസ്‌, സമീറ എന്നിവരാണു മക്കള്‍.
മരുമക്കള്‍: സയ്യിദ്‌ നാസര്‍ മഷ്‌ഹൂര്‍ തങ്ങള്‍, സയ്യിദ്‌ ലുഖ്‌മാന്‍ തങ്ങള്‍, സയ്യിദ്‌ യൂസഫ്‌ ഹൈദ്രോസ്‌ തങ്ങള്‍, ഷമീമ, ശരീഫ ഹനിയ.

കോറോസോണ്‍ അക്വിനോ അന്തരിച്ചു

മനില: ഫിലിപ്പൈന്‍സ്‌ മുന്‍ പ്രസിഡന്റ്‌ കോറോസോണ്‍ അക്വിനോ (76) അന്തരിച്ചു. ഇന്നു രാവിലെ പ്രാദേശിക സമയം 3.18 ന്‌ ആയിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന്‌ ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. രോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ബാധിച്ചതിനാല്‍ ജൂണില്‍ മനിലയിലെ മക്കാത്തി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
1986- 92 കാലഘട്ടത്തില്‍ ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റായിരുന്നു അക്വിനോ. ജനാധിപത്യത്തിനു വേണ്ടി ഒട്ടേറെ പോരാട്ടങ്ങള്‍ നടത്തിയ അക്വിനോ കോരി എന്ന ഓമനപേരിലാണ്‌ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്‌. പ്രതിപക്ഷനേതാവായിരുന്ന ഭര്‍ത്താവ്‌ ബെനിഞ്ഞോ അക്വിനോ 1983 ല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ അതുവരെ വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന കോറോസോണ്‍ അക്വിനോ രാഷ്‌ട്രീയരംഗത്തെത്തുന്നത്‌.
രണ്ടു ദശാബ്‌ദം ഫിലിപ്പിന്‍സിനെ അടക്കിവാണ പ്രസിഡന്റ്‌ ഫെര്‍ഡിനാന്‍ഡ്‌ മര്‍ക്കോസിനെയും ഭാര്യ ഇമല്‍ഡയെയും പുറത്താക്കാന്‍ കോറോസോണ്‍ അക്വിനോ ധീരമായ നേതൃത്വം നല്‍കി. 1986 ഫ്രെബുവരി 7 ന്‌ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അക്വിനോ 1992 ജൂണ്‍ 30 വരെ അധികാരത്തില്‍ തുടര്‍ന്നു.

വിമാനകമ്പനികള്‍ക്ക്‌ പ്രത്യേക പാക്കേജ്‌ ഇല്ല

ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനികള്‍ക്കായി പ്രത്യേക സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ അനുവദിക്കില്ലെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. സ്വകാര്യവിമാന കമ്പനികള്‍ ഈമാസം 18 ന്‌ പ്രഖ്യാപിച്ച പണിമുടക്ക്‌ പിന്‍വലിച്ച്‌ ചര്‍ച്ചകള്‍ക്കു തയാറാവാണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. അവര്‍ യാത്രക്കാരുടെ സൗകര്യം പരിഗണിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വിമാനക്കമ്പനികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്‌. എന്നാല്‍ പൊതുജനങ്ങള്‍ക്കു പ്രയാസമുണ്ടാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല. പണിമുടക്ക്‌ പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ അവര്‍ക്ക്‌ മനരിടേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ്‌ നല്‍കി.

അതേ സമയം, പണിമുടക്കുമായി മുന്നോട്ടുപോകാനാണ്‌ വിമാനകമ്പനികളുടെ തീരുമാനം. ഇത്‌ സര്‍ക്കാരിനോ യാത്രക്കാര്‍ക്കോ എതിരെയുള്ള സമരമല്ല. മറിച്ച്‌ തങ്ങളുടെ നിലനില്‍പ്പിനായുള്ള സമരണമെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ എം ഡി സരോജ്‌ ദത്ത പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ പ്രതിസന്ധി നേരിടുന്ന വിമാന കമ്പനികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ സഹായമൊന്നും പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌ നടത്തുന്നത്‌. വിമാന ഇന്ധനത്തിന്റെ നികുതി കുറയ്‌ക്കുന്നത്‌ അടക്കമുള്ള ആവശ്യങ്ങളാണ്‌ സ്വകാര്യ എയര്‍ലൈനുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌. 2008-09ല്‍ 10,000 കോടിയുടെ നഷ്‌ടമാണ്‌ വ്യോമയാന മേഖലയില്‍ ഉണ്ടായത്‌.

വിമാനകമ്പനികള്‍ സമരത്തിലേക്ക്‌

മുംബൈ: വിമാനക്കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തരപദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു കമ്പനികള്‍ സമരത്തിനൊരുങ്ങുന്നു. ഈ മാസം 18 ന്‌ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ എട്ടു പ്രമുഖ വിമാനക്കമ്പനികള്‍ തീരുമാനിച്ചു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ അനിശ്‌ചിതമായി സര്‍വീസുകള്‍ നിര്‍ത്താനും ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ (എഫ്‌ ഐ എ) തീരുമാനിച്ചു.
മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ വിജയ്‌മല്ല്യ, നരേഷ്‌ ഗോയല്‍, അനില്‍ ബൈജാല്‍ എന്നിവരാണ്‌ സമരവിവരം അറിയിച്ചത്‌. വ്യോമയാന വ്യവസായം നിലനില്‍ക്കണമെങ്കില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാരിന്‌ താത്‌പര്യം ഉണ്ടാവണം. ഈ വ്യവസായം അത്രയധികം ത്യാഗം സഹിച്ചാണ്‌ മുന്നോട്ട്‌ പോകുന്നതെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ ചെയര്‍മാന്‍ നരേഷ്‌ ഗോയല്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യമെന്ന്‌ എഫ്‌ ഐ എ സെക്രട്ടറി ജനറല്‍ അനില്‍ ബൈജാല്‍ പറഞ്ഞു.
അംേതസമയം എഫ്‌ ഐ എയില്‍ അംഗമായ എയര്‍ ഇന്ത്യ സമരത്തില്‍ പങ്കെടുക്കില്ല. എയര്‍ ഇന്ത്യ ചെയര്‍മാനും എഫ്‌ ഐ എ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചെയര്‍മാന്‍ യോഗവേദി വിട്ടശേഷമാണു സമരപരിപാടികള്‍ക്കു രൂപം നല്‍കിയതെന്ന്‌ എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു.
അതിനിടെ എണ്ണകമ്പനികള്‍ വിമാന ഇന്ധന വില (എ ടി എഫ്‌) 1.6% കൂട്ടി. ആഗോള നിരക്കില്‍ എണ്ണവില ഉയര്‍ന്ന സാഹചര്യത്തിലാണിത്‌. രണ്ടാഴ്‌ച മുന്‍പ്‌ വിലയില്‍ 5.7% കുറവ്‌ വരുത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു തവണ എ ടി എഫ്‌ വില ഉയര്‍ത്തിയിരുന്നു.

Friday, July 31, 2009

ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം

മുംബൈ: ബോംബെ ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം. 13 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്‌ ഇന്ന വിപണി വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ മുതല്‍ മുന്നേറ്റത്തിന്റെ പാതയിലായിരുന്ന സൂചിക 282.35 പോയിന്റ്‌ കയറി 15,670.31 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ദേശീയ സൂചികയായ നിഫ്‌റ്റി 1.42 ശതമാനത്തിന്റെ വര്‍ധനയാണ്‌ ഇന്നു രേഖപ്പെടുത്തിയത്‌. 65 പോയിന്റ്‌ വര്‍ധനയോടെ 4636.45 പോയിന്റിലാണ്‌ നിഫ്‌റ്റിയില്‍ വ്യാപാരം അവസാനിച്ചത്‌.
ഇന്ന്‌ രാവിലെ 61 പോയിന്റ്‌ മുന്നേറ്റവുമായാണ്‌ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്‌. ഒരവസരത്തില്‍ സൂചിക 15,733 വരെ എത്തിയിരുന്നു.
ഇന്ത്യന്‍ കമ്പനികള്‍ ആദ്യ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം കാഴ്‌ചവച്ചതാണ്‌ സൂചികയിലെ വര്‍ധനയ്‌ക്കു സഹായകമായത്‌. 2008 ജൂണ്‍ 17 നുശേഷം ബി എസ്‌ ഇയിലെ ഉയര്‍ന്ന നിലവാരമാണിത്‌. അന്ന്‌ വിപണി 15,696 പോയിന്റിലാണ്‌ അവസാനിച്ചത്‌.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ ബി ഐയും വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും ഇന്നലെ മികച്ച പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചിരുന്നു. ബി എസ്‌ ഇയില്‍ ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, എഫ്‌ എം സി ജി സൂചികകളാണ്‌ കൂടുതല്‍ മുന്നേറ്റം പ്രകടമാക്കിയത്‌. ബി എസ്‌ ഇയില്‍ ഇന്നു വ്യാപാരം നടന്ന 2,801 ഓഹരികളില്‍ 1,401 എണ്ണവും നേട്ടമുണ്ടാക്കി. 1,299 ഓഹരികള്‍ക്ക്‌ നഷ്‌ടം നേരിട്ടു.

ഇന്ത്യാ-ചൈന കൂടിക്കാഴ്‌ച അടുത്തമാസം

ബെയ്‌ജിംഗ്‌: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുളള ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളിലെയും പ്രത്യേക പ്രതിനിധികള്‍ ഓഗസ്‌റ്റ്‌ ഏഴ്‌, എട്ട്‌ തീയതികളില്‍ കൂടിക്കാഴ്‌ച നടത്തും. ഇന്ത്യന്‍ ദേശീയസുരക്ഷാ ഉപദേഷ്‌ടാവ്‌ എം.കെ.നാരായണന്‍, ചൈനീസ്‌ സ്‌റ്റേറ്റ്‌ കൗണ്‍സിലര്‍ ജായി ബിന്‍ഗാവോ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. അതിര്‍ത്തി പ്രശ്‌നത്തിനു പുറമെ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന്‌ ചൈനീസ്‌ വിദേശകാര്യമന്ത്രാലയം വക്‌താവ്‌ ഖിന്‍ ഗാങ്‌ പറഞ്ഞു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP