Sunday, August 23, 2009

ഇന്ത്യ-നേപ്പാള്‍ ഉഭയകക്ഷി കരാര്‍ പുനപ്പരിശോധിക്കും

ന്യൂഡല്‍ഹി: അമ്പത്തിയൊമ്പതുവര്‍ഷമായി നിലവിലുള്ള ഇന്ത്യ-നേപ്പാള്‍ സമാധാന- സൗഹൃദ ഉഭയകക്ഷി കരാര്‍ പുനപ്പരിശോധിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. നേപ്പാളില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയ കരാറാണിത്‌.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഉഭയകക്ഷികരാറുകള്‍ വിദേശ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ പുനപ്പരിശോധിക്കുമെന്ന്‌ നേപ്പാള്‍ പ്രധാനമന്ത്രി മാധവ്‌ കുമാര്‌ നേപ്പാളിന്റെ അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.
1950ലെ കരാറനുസരിച്ച്‌ സുരക്ഷയും പ്രതിരോധവും ഉള്‍പ്പെടെയുള്ള നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയും. നേപ്പാളിന്റെ പരമാധികാരത്തിലെ കടന്നുകയറ്റമാണിതെന്ന്‌ നേപ്പാളില്‍ ശക്തമായ വാദമുണ്ടായിരുന്നു. കരാറനുസരിച്ച്‌ തുറന്ന അതിര്‍ത്തിയാണ്‌ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍. ഇരുരാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക്‌ മറ്റേ രാജ്യത്തില്‍ സമാന അവകാശങ്ങള്‍ ലഭിക്കുകയും ചെയ്യും.
അതിര്‍ത്തിനിര്‍ണയത്തിലെ പുരോഗതിയില്‍ ഇരുരാജ്യങ്ങളും സംതൃപ്‌തി പ്രകടിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരായ നടപടികള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ അനുവദിക്കില്ലെന്ന്‌ മാധവ്‌ കുമാര്‍ മന്‍മോഹന്‍സിംഗിന്‌ വാഗ്‌ദാനം നല്‍കി. പുതിയ വ്യാപാര കരാറിനും മൂന്നാമതൊരു രാജ്യത്തുനിന്ന്‌ അനധികൃതമായ വ്യാപാരം തടയുന്നതിനുള്ള കരാറിനും തീരുമാനമായിട്ടുണ്ട്‌.
നേപ്പാളിലെ ഗോയിറ്റര്‍ നിയന്ത്രണ പദ്ധതിക്ക്‌ ഇന്ത്യന്‍ സഹായം തുടരുന്നതിന്‌ ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. സുരക്ഷാകാര്യങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. അതിര്‍ത്തി കടന്നുള്ള കുറ്റങ്ങളുള്‍പ്പെടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടു മാസത്തിനുള്ളില്‍ ആഭ്യന്തരസെക്രട്ടറിമാര്‍ കൂടിക്കാഴ്‌ച നടത്തും. 200 കോടി രൂപ ചെലവില്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന രണ്ട്‌ ചെക്ക്‌ പോസ്റ്റുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന്‌ ഇന്ത്യ ഉറപ്പുനല്‍കി. നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ഉഭയകക്ഷി കരാറില്‍ ഉടന്‍ ഒപ്പുവയ്‌ക്കും. നേപ്പാളിലെ കോസി നദി വഴിമാറിയൊഴുകി ബിഹാറില്‍ വെള്ളപ്പൊക്കമുണ്ടായത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന്‌ ഇരുരാജ്യങ്ങളും വ്യക്തമാക്കി. 680 കോടി രൂപ ചെലവുവരുന്ന രണ്ട്‌ റയില്‍പ്പാതകള്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മിച്ച്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള റയില്‍ ഗതാഗതം മെച്ചപ്പെടുത്തും.
ജലവൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ പൊതുമേഖലയും സ്വകാര്യമേഖലയും നേപ്പാളില്‍ നിക്ഷേപം നടത്തും. സപ്‌തകോശി അണക്കെട്ട്‌ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വേഗത്തിലാക്കാനും സന്ദര്‍ശനത്തിനിടെ തീരുമാനമായെന്ന്‌ സംയുക്തപ്രസ്‌താവനയില്‍ വ്യക്തമാക്കി.

Saturday, August 22, 2009

അഫ്‌ഗാനില്‍ വോട്ട്‌ ചെയ്‌തതിന്‌ വിരല്‍ മുറിച്ചു

കാബൂള്‍: മതതീവ്രവാദികളുടെ വിലക്ക്‌ മറികടന്ന്‌ വോട്ട്‌ ചെയ്‌തതിന്‌ അഫ്‌ഗാനിസ്‌ഥാനില്‍ രണ്ട്‌ അഫ്‌ഗാന്‍ പൗരന്‍മാരുടെ വിരലുകള്‍ താലിബാന്‍ തീവ്രവാദികള്‍ മുറിച്ചു. ദക്ഷിണ അഫ്‌ഗാനിസ്‌ഥാനിലെ കാണ്ടഹാര്‍ പ്രവിശ്യയിലാണ്‌ സംഭവം നടന്നതെന്ന്‌ തിരഞ്ഞെടുപ്പ്‌ നിരീക്ഷകര്‍ അറിയിച്ചു. തിരഞ്ഞെടുപ്പു ദിവസം രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ 11 ഉദ്യോഗസ്‌ഥര്‍ മരിച്ചതായി തിരഞ്ഞെടുപ്പ്‌ കമ്മിഷനും അറിയിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കണമെന്ന്‌ ജനങ്ങളോട്‌ താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ജനങ്ങള്‍ വന്‍തോതില്‍ വോട്ടിടാന്‍ എത്തിയത്‌ താലിബാന്‍ നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പു ദിവസം അവര്‍ വിവിധ സ്‌ഥലങ്ങളിലായി ആക്രമണം നടത്തുകയും ചെയ്‌തു. ഇതിനുശേഷമാണ്‌ രണ്ടുപേരുടെ വിരലുകള്‍ മുറിച്ചതെന്ന്‌ ഫ്രീ ആന്‍ഡ്‌ ഫെയര്‍ ഇലക്‌ഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാദിര്‍ നാദിര്‍ വെളിപ്പെടുത്തുന്നു.
വോട്ട്‌ ചെയ്‌തവരുടെ വിരലില്‍ മഷി പുരട്ടിയതാണ്‌ ഇവര്‍ക്ക്‌ വിരല്‍ നഷ്ടപ്പെടാന്‍ കാരണമായത്‌. മഷിയടയാളം കണ്ട്‌ ഇവര്‍ വോട്ടുചെയ്‌തവരാണെന്ന്‌ പെട്ടെന്ന്‌ തിരിച്ചറിയാന്‍ തീവ്രവാദികള്‍ക്കായി.

എനിക്ക്‌ ഇതിഹാസമാവണം: ബോള്‍ട്ട്‌

തനിക്ക്‌ ലോക അത്‌ലറ്റിക്‌സിലെ ഇതിഹാസമാവണമെന്ന്‌ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്‌. വരും തലമുറകളും തന്നെ ഓര്‍ത്തിരിക്കണം. ഈ ലക്ഷ്യമാണ്‌ തനിക്കുള്ളത്‌. എന്നാല്‍ ഇതോര്‍ത്ത്‌ ടെന്‍ഷന്‍ അടിക്കാനും തനിക്ക്‌ താത്‌പര്യമില്ലെന്ന്‌ ബോള്‍ട്ട്‌ പറയുന്നു.
എന്താണ്‌ ചെയ്യേണ്ടതെന്ന്‌ തനിക്കറിയാം. കഠിനമായി പരിശ്രമിക്കുകയേ മാര്‍ഗമുള്ളൂ. ഇംഗ്ലണ്ടിലെ എലിസബത്ത്‌ രാജ്ഞിയില്‍നിന്നും സര്‍ പദവി സ്വന്തമാക്കുന്നതും സ്വപ്‌നം കാണാറുണ്ട്‌. `സര്‍ ഉസൈന്‍ ബോള്‍ട്ട്‌' എന്നു കേള്‍ക്കാന്‍തന്നെ സുഖമാണ്‌.
മത്സരത്തിന്‌ മുമ്പ്‌ ഒരിക്കലും റെക്കോഡുകളെ കുറിച്ച്‌ ഓര്‍ക്കാറില്ല. അതുകൊണ്ടുതെന്ന തന്നില്‍ സമ്മര്‍ദ്ദം ഉണ്ടാകാറുമില്ല. എന്താണ്‌ വേണ്ടതെന്ന്‌ തനിക്കറിയാം. അത്‌ കൃത്യമായി നടപ്പാക്കുന്നുമുണ്ട്‌. ഇത്തവണ മത്സരത്തിന്‌ മുമ്പ്‌ വീഡിയോ ഗെയിം കളിച്ചു. അത്‌ ശാന്തനായി ട്രാക്കിലിറങ്ങാന്‍ തന്നെ സഹായിച്ചു.
വേഗത്തില്‍ ഓടാനായി ഒരിക്കലും ഉത്തേജകം ഉപയോഗിച്ചിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ പരിശദ്ധനാണ്‌. ഓരോ മത്സരം കഴിയുമ്പോഴും തന്നെ പരിശോധനയ്‌ക്ക്‌ വിധേയമാക്കാറുണ്ട്‌. ഉത്തേജകം ഇല്ലാതെതന്നെ മനുഷ്യന്‌ വേഗത്തിലോടാന്‍ കഴിയുമെന്നാണ്‌ താന്‍ തെളിയിക്കുന്നത്‌. ഇത്‌ സംബന്ധിച്ച പരാതിക്കാരുടെ സംശയം മാറ്റാന്‍ തുടര്‍ച്ചയായ ജയങ്ങളിലൂടെ കഴിയുമെന്ന വിശ്വാസവും തനിക്കുണ്ടെന്നും ബോള്‍ട്ട്‌ പറഞ്ഞു.
അതുകൊണ്ടുതന്നെ ആരോപണം ഉന്നയിക്കുന്നവരോട്‌ പരാതിയും ഇല്ല. ഇത്തരം ആരോപണങ്ങള്‍ അത്‌ലറ്റിക്‌സിന്റെ ഭാഗമാണ്‌. ഇതില്‍നിന്നും ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനുമാവില്ല.
ഇതിനായി താന്‍ കഠിനമായി പരിശീലനം നടത്തുന്നുണ്ട്‌. ഒരിക്കലും പരിശീലനം മുടക്കാറുമില്ലെന്ന്‌ ബോള്‍ട്ട്‌ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അജ്ഞാത വൈറസ്‌ ഭീതി പരത്തുന്നു

ന്യൂഡല്‍ഹി: ലോകമെമ്പാടും എച്ച്‌1 എന്‍1 വൈറിസിനെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോഴും ഉത്തര്‍പ്രദേശില്‍ ഇതിനകം 100ലധികം പേരുടെ ജീവന്‍ അപഹരിച്ച അജ്ഞാത വൈറസ്‌ ഇന്ത്യയിലും വിദേശത്തുമുള്ള ശാസ്‌ത്രജ്ഞന്‍മാരുടെ ഉറക്കംകെടുത്തുന്നു. നാഡികളെ സാരമായി ബാധിക്കുന്ന അക്യൂട്ട്‌ എന്‍സെഫലിറ്റിസ്‌ സിന്‍ഡ്രോം എന്ന പേരിലുള്ള ഈ രോഗം ജനുവരി വരെ 665 പേരെ ബാധിച്ചതില്‍ 137 പേര്‍ ഇതിനകം മരണപ്പെട്ടു. പനിബാധിതരില്‍ നടത്തിയ പരിശോധനയില്‍ 34 പേര്‍ക്ക്‌ ജപ്പാന്‍ ജ്വരമാണെന്ന്‌ സ്ഥിരീകരിച്ചെങ്കിലും മറ്റ്‌ കേസുകളില്‍ രോഗകാരണം കണ്ടെത്താനായില്ല. തലച്ചോറില്‍ വീക്കം, വലിവ്‌ മുതലായവാണ്‌ രോഗലക്ഷണങ്ങള്‍. അതേസമയം അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷനിലെ വിദഗ്‌ധര്‍ സ്ഥലത്തെത്തി 150 സാമ്പിളുകള്‍ ഇതിനകം ശേഖരിച്ചെങ്കിലും അവര്‍ക്കും രോഗകാരണം കണ്ടെത്താനായില്ല. ഈ രോഗം പരത്തുന്ന വൈറസ്‌ ഏതെന്ന്‌ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന്‌ ഗോരഖ്‌പൂറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വൈറോളജി ഡറയക്‌ടര്‍ ഡോ മിലിന്ദ്‌ ഗോറും പറഞ്ഞു.

ഇന്ത്യന്‍ വംശജന്‍ ലോകത്തിലെ പ്രായം കൂടിയ ബ്ലോഗര്‍

വാഷിംഗ്‌ടണ്‍: ഫ്‌ളോറിഡ നിവാസിയായ ഇന്ത്യന്‍ വംശജന്‍ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ബ്ലോഗറായി. റാന്‍ഡാല്‍ ബൂട്ടിസിംഗ്‌ എന്ന 96 കാരനാണ്‌ ഈ ബഹുമതിക്കര്‍ഹനായത്‌. ഈയിടെയാണ്‌ സിംഗിന്റെ ലൈഫ്‌ ബിഗിന്‍സ്‌ അറ്റ്‌ 80. കോം എന്ന വെബ്‌സൈറ്റിന്‌ മുതിര്‍ന്ന ആള്‍ക്കാരിലെ ജനപ്രിയ സൈറ്റിനുളള ഗ്രേപോ അവാര്‍ഡ്‌ ലഭിച്ചത്‌.
2008 ല്‍ അന്തരിച്ച ബ്ലോഗര്‍മാരായ റൂത്ത്‌ ഹാമില്‍ട്ടണ്‍ (109), ഒലീവ്‌ റീലേ (108 )എന്നിവരായിരുന്നു ഏറ്റവും പ്രായം ചെന്ന ബ്‌ളോഗര്‍മാരായിരുന്നത്‌. ഇവരെല്ലാം ആശയങ്ങള്‍ ടൈപ്പ്‌ ചെയ്യാനും പോസ്റ്റ്‌ ചെയ്യാനും മറ്റുളളവരെ ആശ്രയിച്ചപ്പോള്‍ സിംഗ്‌ ഇതെല്ലാം സ്വയം ചെയ്യുകയായിരുന്നു.

ബ്രസീലിയന്‍ പെണ്‍കുട്ടി 30 ലേറെ പേരെ കുത്തി കൊലപ്പെടുത്തി

സാവോപൗലോ: 30 ലേറെ പുരുഷന്മാരെ കുത്തികൊലപ്പെടുത്തിയെന്ന്‌ ബ്രസീലില്‍ 17 കാരിയുടെ വെളിപ്പെടുത്തല്‍. തലസ്ഥാനത്തു നടന്ന ഒരു തെരുവ്‌ സംഘട്ടനത്തെ തുടര്‍ന്ന്‌ അറസ്റ്റിലായ പെണ്‍കുട്ടിയാണ്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്‌.
15 ാം വയസിലാണ്‌ താന്‍ ആദ്യ കൊലപാതകം നടത്തിയത്‌. പണത്തിനും, നീതിക്കും, പ്രതികാരത്തിനും വേണ്ടിയാണ്‌ കൊലകളെല്ലാം ചെയ്‌തതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പൊലീസ്‌ പൂര്‍ണമായും കണക്കിലെടുത്തിട്ടില്ല. തോക്ക്‌ ഉപയോഗിക്കാന്‍ പേടിയായതിനാലാണ്‌ കത്തികൊണ്ട്‌ കുത്തി മാത്രം കൊലപാതകങ്ങള്‍ നടത്തിയതെന്നും പെണ്‍കുട്ടി പൊലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌.

സ്‌പെയിനിലെ 5000 ഇന്ത്യക്കാര്‍ക്ക്‌ നിയമപരിരക്ഷ നല്‍കും

മാഡ്രിഡ്‌: സ്‌പെയിനില്‍ താമസിക്കാനുള്ള കാലാവധി നീട്ടിലഭിക്കാത്തതിനെ തുടര്‍ന്ന്‌ ദുരിതമനുഭവിക്കുന്ന അയ്യായിരത്തോളം ഇന്ത്യക്കാര്‍ക്ക്‌ ഉടന്‍ നിയമ പരിരക്ഷ നല്‍കാന്‍ തീരുമാനമായി. ചില ഇന്ത്യക്കാരുടെ താമസകാലാവധി നീട്ടികൊടുക്കുന്നതിലുള്ള സാങ്കേതിക തടസങ്ങള്‍ക്കാണ്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സ്‌പാനിഷ്‌ അധികൃതരും തമ്മിലുള്ള ചര്‍ച്ചയില്‍ പരിഹാരമായത്‌.
ഈ വര്‍ഷമാദ്യം വ്യാപാരികളും സാങ്കേതിക വിദഗ്‌ധരുമുള്‍പ്പെടുന്ന ഇന്ത്യന്‍ വംശജരുടെ കാലാവധി നീട്ടിക്കൊടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള കേന്ദ്രപൊലീസ്‌ വെരിഫിക്കേഷന്‍ ആവശ്യമാണെന്ന്‌ സ്‌പാനിഷ്‌ അധികൃതര്‍ അറിയച്ചതോടെയാണ്‌ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്‌. ഇന്ത്യയില്‍ പൊലീസ്‌ വകുപ്പ്‌ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലായതിനാല്‍ കേന്ദ്ര അധികൃതരില്‍ നിന്നുള്ള വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്‌ ഇവര്‍ക്ക്‌ സമര്‍പ്പിക്കാനായില്ല.
ഇരു രാജ്യങ്ങളും അംഗീകരിച്ച പുതിയ കരാര്‍ പ്രകാരം ഇന്ത്യന്‍ വംശജരുടെ വെരിഫിക്കേഷന്‍ രേഖകള്‍ സ്‌പെയിനിലെ ഇന്ത്യന്‍ എംബസി പരിശോധിച്ച്‌ നല്‍കിയാല്‍ മതിയാകും. ഇന്ത്യക്കാര്‍ക്കായി നിയമത്തില്‍ ഇളവ്‌ വരുത്താന്‍ തയാറായ സ്‌പെയിന്‍ അധികൃതരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.

കെ എസ്‌ ആര്‍ ടി സിയില്‍ ഓണ്‍ ലൈന്‍ ടിക്കറ്റ്‌ റിസര്‍വേഷന്‍

തിരുവനന്തപുരം: ഇന്റര്‍നെറ്റ്‌ സംവിധാനം ഉപയോഗപ്പെടുത്തി കെ എസ്‌ ആര്‍ ടി സി യില്‍ ഓണ്‍ ലൈന്‍ ടിക്കറ്റ്‌ റിസര്‍വേഷന്‍ സൗകര്യം നിലവില്‍ വരുന്നു.
ഇതോടെ യാത്രക്കാര്‍ക്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ വീട്ടിലിരുന്ന്‌ ടിക്കറ്റ്‌ ഉറപ്പുവരുത്താന്‍ കഴിയും. ഇതിന്‌ നിശ്ചിത തുക സര്‍വ്വീസ്‌ ചാര്‍ജായി ഈടാക്കും. 24 മണിക്കൂര്‍ മുമ്പ്‌ ടിക്കറ്റ്‌ റദ്ദാക്കിയാല്‍ തുകയുടെ 90 ശതമാനവും ഒരുമണിക്കൂര്‍ മുമ്പാണെങ്കില്‍ 75 ശതമാനവും തിരികെ നല്‍കും.
ഓണത്തോടനുബന്ധിച്ച്‌ പുതിയ സംവിധാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്‌ അധികൃതര്‍. എച്ച്‌ ഡി എഫ്‌സി യും ബി എസ്‌ എന്‍ എല്ലും പദ്ധതിയുമായി സഹകരിക്കും.
തിരുവനന്തപുരം സെന്‍ട്രല്‍, കോട്ടയം, എറണാകുളം, കോഴിക്കോട്‌ തുടങ്ങി പത്തോളം പ്രധാന ഡിപ്പോകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തേതന്നെ കംപ്യൂട്ടര്‍വല്‍കൃത ടിക്കറ്റ്‌ റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു.

Friday, August 21, 2009

ഓഹരിവിപണിയില്‍ വളര്‍ച്ച

മുംബൈ: നഷ്ടത്തില്‍ വിപണനം തുടങ്ങിയ മുംബൈ ഓഹരി സുചിക ഒടുവില്‍ മനട്ടം കൊയ്‌തു. 215 പോയിന്റ്‌ നേട്ടത്തോടെ 15227 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ 126 പോയിന്റുവരെ പിന്നോക്കം പോയശേഷമായിരുന്നു ഈ തിരിച്ചുവരവ്‌.
ദേശീയ ഓഹരി സൂചികയായ നിഫ്‌ടിയിലും നേട്ടമുണ്ടായി. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ നിഫ്‌ടി 73 പോയിന്റ്‌ ഉയര്‍ന്ന്‌ 4527 പോയിന്റില്‍ എത്തിയിരുന്നു.
റിയാല്‍ട്ടി, ഓട്ടോ, ബാങ്കിംഗ്‌, ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, ഊര്‍ജം, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ക്ക്‌ ഇന്ന്‌ ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇതാണ്‌ വിപിണയില്‍ ഉണര്‍വുണ്ടാക്കിയത്‌.
റിലയന്‍സ്‌, ഇന്‍ഫോസിസ്‌, ഐ സി ഐ സി ഐ ബാങ്ക്‌, എല്‍ ആന്‍ഡ്‌ ടി, എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌, ഭാരതി എയര്‍ടെല്‍, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്‌തു.

പന്നിപ്പനി: മരണം 45 ആയി

ചെന്നൈ: എച്ച്‌1 എന്‍1 പനി ബാധിച്ച്‌ ചെന്നൈയില്‍ ഒരാള്‍ മരിച്ചു. ഇതോടെ രാജ്യത്ത്‌ പന്നിപ്പനിയെ തുടര്‍ന്നു മരിക്കുന്നവരുടെ എണ്ണം 45 ആയി.
ബാംഗ്ലൂരില്‍ നാലും ഡല്‍ഹിയിലും ഗുജറാത്തിലും രണ്ടുവീതവും മുംബൈയിലും പുണെയിലും ഓരോരുത്തരും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇതേവരെ രാജ്യത്ത്‌ പന്നിപ്പനി ബാധിച്ച്‌ ഏറ്റവും കൂടുതല്‍ മപര്‍ മരിച്ചത്‌ മഹാരാഷ്‌ട്രയിലാണ്‌. 21 പേര്‍ ഇവിടെ മരിച്ചു. ഇതില്‍ 16 മരണവും പൂനെയിലാണ്‌ സംഭവിച്ചത്‌.
കര്‍ണാടകയില്‍ പത്തും ഗുജറാത്തില്‍ അഞ്ചും ഡല്‍ഹി, ചത്തീസ്‌ഗഡ്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ രണ്ടു വീതവും കേരളത്തില്‍ ഒന്നും മരണമാണ്‌ സംഭവിച്ചത്‌. രാജ്യത്ത്‌ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 2401 ആയി ഉയര്‍ന്നിട്ടുണ്ട്‌.

ബോള്‍ട്ടിന്‌ വീണ്ടും ലോകറെക്കോഡ്‌

ബര്‍ലിന്‍: ജൈമെക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്‌ വീണ്ടും ലോകറെക്കോഡ്‌. ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഓട്ടത്തിലാണ്‌ ബോള്‍ട്ട്‌ തന്റെതന്നെ റെക്കോഡ്‌ തകര്‍ത്തെറിഞ്ഞത്‌. നേരത്തേ 100 മീറ്ററിലും ബോള്‍ട്ട്‌ പുതിയ സമയം കണ്ടെത്തിയിരുന്നു.
ഇന്നലെ 19.19 സെക്കന്‍ഡില്‍ 200 മീറ്റര്‍ മറികടന്ന ബോള്‍ട്ട്‌ കഴിഞ്ഞ ഒളിമ്പിക്‌സില്‍ താന്‍തന്നെ കണ്ടെത്തിയ 19.30 സെക്കന്‍ഡ്‌ എന്ന റെക്കോഡാണ്‌ മാറ്റിയെഴുതിയത്‌. 19.81 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത പനാമയുടെ അലെന്‍സോ എഡ്വേര്‍ഡിനാണ്‌ വെള്ളി. അമേരിക്കയുടെ വാലസ്‌ സ്‌പിയര്‍മാന്‍ വെങ്കലവും നേടി.

ധനകമ്മിവായ്‌പ: പരിധി നാല്‌ ശതമാനമാക്കും

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ധനകമ്മി നികത്താന്‍ വായ്‌പയെടുക്കാനുള്ള പരിധി സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ നാല്‌ ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി യോഗം തീരുമാനിച്ചു. 2008-09ല്‍ സംസ്ഥാന ആഭ്യന്തര ഉത്‌പാദനത്തിന്റെ 3.5 ശതമാനം വായ്‌പയെടുക്കാനാണ്‌ സംസ്ഥാനങ്ങള്‍ക്ക്‌ അനുമതി ഉണ്ടായിരുന്നത്‌. ഇതില്‍ അര ശതമാനത്തിന്റെ കൂടി വര്‍ധനവാണ്‌ വരുത്തുന്നത്‌.

മഞ്ഞുരുകി; സ്വിസ്സ്‌ അതിര്‍ത്തി ഇറ്റലിയിലേക്ക്‌ വ്യാപിച്ചു

ബേണ്‍: ഇറ്റലിയുടെ ചെലവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ അതിര്‍ത്തി വിപുലമായി. ആല്‍പ്‌സ്‌ പര്‍വത നിരകളിലെ മഞ്ഞുപാളികള്‍ ഉരുകിയതിനെ തുടര്‍ന്നാണിത്‌.
അതിര്‍ത്തി മേഖലകളിലെ ചില പ്രദേശങ്ങളില്‍ 150 മീറ്ററാണ്‌ ഇറ്റലിയില്‍ നിന്ന്‌ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌. 1942 ല്‍ നിശ്ചയിച്ച അതിര്‍ത്തിയാണ്‌ വിപുലീകരിക്കപ്പെട്ടതായി സ്വിസ്സ്‌ ഗവണ്‍മെന്റ്‌ കഴിഞ്ഞ ദിവസം അംഗീകരിച്ചത്‌. നേരത്തെ തങ്ങളുടെ ഭാഗമായിരുന്ന മേഖലയിലേക്കുള്ള സ്വിസ്സ്‌ വിപുലീകരണത്തെ ഇറ്റലി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്‌.
ആല്‍പ്‌സിലെ പടുകൂറ്റന്‍ മഞ്ഞുപാളികളും മഞ്ഞു പാടങ്ങളും ഉരുകി, നേരത്തെയുണ്ടായിരുന്ന നീര്‍ത്തടത്തിന്റെ വിസ്‌തൃതി വര്‍ധച്ചതിനെ തുടര്‍ന്നാണ്‌ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ചത്‌. 1942 ല്‍ ഉണ്ടായിരുന്നതിലും നീര്‍ത്തടത്തിന്‌ വിസ്‌തൃതി ഉണ്ടായപ്പോള്‍ സ്വിറ്റസര്‍ലാന്‍ഡിന്‌ അത്‌ ലാഭമായി. ഇറ്റലിക്കാകട്ടെ സ്ഥല നഷ്‌ടം സംഭവിക്കുകയും ചെയ്‌തു.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ പ്രകൃതി സ്ഥിതി പഠന ഓഫീസ്‌ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ്‌ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ചത്‌. സ്വിസ്സ്‌ അതിര്‍ത്തി അല്‍പം വര്‍ധിച്ചെങ്കിലും ഔദ്യോഗിക അറ്റ്‌ലസില്‍ ഇത്‌ രേഖപ്പെടുത്തില്ലെന്ന്‌ പ്രകൃതി സ്ഥിതി പഠന ഓഫീസ്‌ വ്യക്തമാക്കി.

ഇന്ത്യ സൈബര്‍ കുറ്റങ്ങളുടെ കേന്ദ്രമായി മാറുന്നു

ലണ്ടന്‍: സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറുന്നുവെന്ന്‌ പഠന ഫലം. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള കുറ്റവാളികള്‍ ഇന്ത്യയില്‍ പെരുകുന്നതായി ബ്രൈറ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ വ്യക്തമായത്‌.
ഇന്ത്യയ്‌ക്കു പുറമെ ചൈന, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ ആശങ്കാജനകമാംവിധം വ്യാപകമായിട്ടുള്ളത്‌. കോള്‍ സെന്ററുകളുടെ എണ്ണം വര്‍ധിച്ചത്‌ ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കുതിച്ചുചാട്ടത്തിന്‌ കാരണമായിട്ടുണ്ടത്രേ.

സഹകരണ ഓണവിപണിയിലെ വിറ്റുവരവ്‌ 48 കോടി കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ഓണവിപണികളുടെ വിറ്റുവരവ്‌ 48 കോടി കവിഞ്ഞു. ഓഗസ്റ്റ്‌ ഒന്നു മുതല്‍ 19 വരെയുള്ള കാലയളവിലെ കണക്കാണിത്‌. സംസ്ഥാനത്തൊട്ടാകെ 4776 ഓണവിപണികളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടെ ഓണവിപണികളുടെ എണ്ണം 5000 കവിയുമെന്നും സഹകരണ വകുപ്പ്‌ മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓഗസ്റ്റ്‌ ഒന്നുമുതല്‍ സെപ്‌തംബര്‍ 20 വരെയുള്ള ദിവസങ്ങളില്‍ ആകെ 150 കോടിരൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇരുപത്തിയഞ്ചിനം നിത്യോപയോഗ സാധനങ്ങള്‍ 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ്‌ വിപണികളില്‍ നിന്ന്‌ വിറ്റഴിക്കുന്നത്‌. ഈ മാസം 23 മുതല്‍ സേമിയ, പാലട, അരിഅട, ഉരുളക്കിഴങ്ങ്‌, ചുവന്നുള്ളി, സവാള, ഏത്തക്കായ തുടങ്ങിയ ഏഴിനങ്ങള്‍ കൂടി ഈ വിപണികളിലൂടെ വിറ്റഴിക്കും.
ഇതു കൂടാതെ 12 റംസാന്‍ സ്‌പെഷ്യല്‍ ഇനങ്ങളും വിപണിയില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഈ വിപണികളിലൂടെ സാധാരണ ജനങ്ങള്‍ക്ക്‌ 45 കോടിരൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണമേന്മയും അളവുതൂക്കങ്ങളും ഉറപ്പുവരുത്താന്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഉന്നതതല മോണിറ്ററിംഗ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സാധനങ്ങളുടെ ദുരുപയോഗം തടയുന്നതിനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള വിപണന വിതരണ മാര്‍ഗനിര്‍ദേശങ്ങള്‍ സംഘങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിജിലന്‍സ്‌ സംഘങ്ങള്‍ നിരന്തരം പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓഹരി വിപണയില്‍ വില്‌പന സമ്മര്‍ദ്ദം

മുംബൈ: കടുത്ത വില്‍പന സമ്മര്‍ദ്ദം ഓഹരി വിലയെ വീണ്ടും 15,000 നു താഴെ എത്തിച്ചു. 15079 പോയിന്റില്‍ വിലപന ആരംഭിച്ച ബോംബേ ഓഹരി സൂചിക സെന്‍സെക്‌സ്‌ 14809.64 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. നഷ്‌ടം 225.62 പോയിന്റ്‌. ഒരുഘട്ടത്തില്‍ 14684 പോയിന്റുവരെ സൂചിക താണിരുന്നു.
ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 64.8 പോയിന്റ്‌ കുറഞ്ഞ്‌ 4394.10 ലാണ്‌ വ്യാപരം അവസാനിപ്പിച്ചത്‌. ആഗോള വിപണികളില്‍, പ്രത്യേകിച്ച്‌ ചൈനീസ്‌ വിപണിയില്‍ നിലനില്‍ക്കുന്ന വില്‍പന സമ്മര്‍ദമാണ്‌ ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചത്‌. എല്ലാ വിഭാഗം ഓഹരികളിലും വിലയിടിവുണ്ടായി. ചെറുകിട വിഭാഗം അര ശതമാനവും ഇടത്തരം വിഭാഗം ഒരു ശതമാനത്തിലധികവും കുറഞ്ഞു. ബോംബെ ഓഹരിവിപണിയില്‍ ആകെ വ്യാപാരം നടന്ന 2713 ഓഹരികളില്‍ 1490 എണ്ണത്തിന്റെ വിലയിടിഞ്ഞു.
എണ്ണ-പ്രകൃതിവാതക, ലോഹം, ഓട്ടോ വിഭാഗം ഓഹരികളാണ്‌ ഏറ്റവുമധികം നഷ്‌ടം നേരിട്ടത്‌.

Thursday, August 20, 2009

പിണറായിയുടെ റിട്ട്‌ 31 ന്‌ പരിഗണിക്കും

ന്യൂഡല്‍ഹി: വിവാദമായ ലാവ്‌ലിന്‍ കേസില്‍ സി പി എം കേരള സെക്രട്ടറി പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഈ മാസം 31 ന്‌ പരിഗണിക്കും. ഹര്‍ജി കോടതിയുടെ അഡ്വാന്‍സ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും സി ബി ഐ നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ പിണറായി ക്രിമിനല്‍ റിട്ട്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. സംസ്ഥാന സര്‍ക്കാരിനെയും സി ബി ഐ യെയുമാണ്‌ റിട്ടില്‍ എതിര്‍കക്ഷിയാക്കിയിട്ടുള്ളത്‌.

ലോക ബോക്‌സിംഗ്‌: വിജേന്ദറിന്‌ രണ്ടാം റാങ്ക്‌

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബോക്‌സിംഗ്‌ താരം വിജേന്ദര്‍ സിംഗിന്‌ ലോക റാങ്കിങ്ങില്‍ രണ്ടാം സ്‌ഥാനം. ആദ്യമായാണ്‌ വിജേന്ദര്‍ രാജ്യാന്തര ബോക്‌സിംഗ്‌ അസോസിയേഷന്റെ റാങ്കിങ്ങില്‍ രണ്ടാമതെത്തുന്നത്‌. 75 കിലോഗ്രാം വിഭാഗത്തിലാണ്‌ വിജേന്ദര്‍ രണ്ടാമതെത്തിയത്‌. കഴിഞ്ഞ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ വിജേന്ദര്‍അടുത്തിടെ ചെക്ക്‌ റിപ്പബ്ലിക്കില്‍ നടന്ന യൂറോപ്യന്‍ ഗ്രാന്‍ഡ്‌ പ്രീയിലും ചൈനയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വിജേന്ദര്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു. ഒളിമ്പിക്‌സില്‍ സെമിയില്‍ വിജേന്ദറിനെ തോല്‌പിക്കുകയും വെള്ളി മെഡല്‍ നേടുകയും ചെയ്‌ത ക്യൂബയുടെ എമിലിയോ കൊറയ ബയൂവ്‌ ആണ്‌ റാങ്കിംഗില്‍ ഒന്നാമത്‌.
1700 പോയിന്റുള്ള വിജേന്ദറിനെ ബഹുദൂരം (2500 പോയിന്റ്‌) പിന്‍തള്ളിയാണ്‌ എമിലിയോ കൊറയ ബയൂവ്‌ ഒന്നാം സ്ഥാനത്തിന്‌ അര്‍ഹനായത്‌. അതേസമയം ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇംഗ്ലണ്ടിന്റെ ജയിംസ്‌ ഡി ഗാലെയെ റാങ്കിംഗില്‍ പരിഗണിക്കപ്പെട്ടില്ല. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ റാങ്കിംഗ്‌ നിര്‍ണയിക്കുന്നത്‌.

പഞ്ചസാര പൂഴ്‌ത്തിയ കൊക്കകോളയ്‌ക്കെതിരെ നടപടി

ഭോപ്പാല്‍: രാജ്യം കടുത്ത പഞ്ചസാര ദൗര്‍ലഭ്യം നേരിടുന്ന അവസരത്തിലും പഞ്ചസാര പൂഴ്‌ത്തിയ കൊക്കകോള കമ്പനിക്കെതിരെ നടപടി. മധ്യപ്രദേശിലെ മിതുകേഡി ഗ്രാമത്തിലെ ഹിന്ദുസ്ഥാന്‍ കൊക്കകോളയുടെ ഗോഡൗണില്‍നിന്നും 1.32 കോടി രൂപയുടെ പഞ്ചസാരയാണ്‌ അധികൃതര്‍ റെയ്‌ഡ്‌ നടത്തി പിടികൂടിയത്‌.
4.719 ക്വിന്റല്‍ പഞ്ചസാരയാണ്‌ ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്‌. ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഗോഡൗണ്‍ അധികൃതര്‍ക്ക്‌ കഴിയാതെ പോയതിനെതുടര്‍ന്ന്‌ അവശ്യവസ്‌തു നിയമപ്രകാരം കേസ്‌ എടുത്തതായി അഡീഷണല്‍ കലക്ടര്‍ ബലാബെ അറിയിച്ചു.

പ്രവാസികള്‍ക്ക്‌ ക്ഷേമനിധി; നെല്ലിന്റെ താങ്ങുവില 100 രൂപ ഉയര്‍ത്തി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ എംബസികളില്‍ പ്രത്യേക ക്ഷേമനിധി ഫണ്ട്‌ ഏര്‍പ്പെടുത്താനും നെല്ലിന്റെ താങ്ങുവില ക്വിന്റലിന്‌ 100 രൂപ ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
ക്ഷേമനിധ ഫണ്ട്‌ രൂപീകരിക്കാന്‍ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ 15 ലക്ഷം രൂപ വീതം അനുവദിക്കും. അടിയന്തര വൈദ്യസഹായം, നിയമസഹായം തുടങ്ങിയവയ്‌ക്ക്‌ ഈ ഫണ്ട്‌ വിനിയോഗിക്കും.
സാധാരണ നെല്ലിന്റെ താങ്ങുവില 950 രൂപയും ഗുണനിലവാരമുള്ള നെല്ലിന്‌ 980 രൂപയുമായിരിക്കും. പൊതു വിപണിയില്‍ നിന്ന്‌ സംസ്‌ഥാനങ്ങള്‍ക്ക്‌ എടുക്കാവുന്ന വായ്‌പയുടെ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്‌. ഇത്‌ മൂന്നര ശതമാനത്തില്‍നിന്നും നാല്‌ ശതമാനമായാണ്‌ ഉയര്‍ത്തിയത്‌.
തുവരപരിപ്പിന്റെ താങ്ങുവിലയില്‍ 300 രൂപയുടെ വര്‍ധനയുണ്ട്‌. 2000 ല്‍ നിന്നും 2300 രൂപയായാണ്‌ തുവരപരിപ്പിന്റെ താങ്ങുവില വര്‍ധിക്കുന്നത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP