Thursday, August 20, 2009
കാനഡയിലും ഹസ്‌തദാനത്തിന് വിലക്ക്

ടൊറന്റോ: പന്നിപ്പനി പടരുന്നത് തടയാനായി കാനഡയും ജനങ്ങള്‍ ഹസ്‌തദാനം നടത്തുന്നത് നിരോധിച്ചു. ലോകത്ത് ഹസ്‌തദാനം നല്‍കുന്നത് നിരോധിക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡ. കഴിഞ്ഞദിവസം സ്വീഡനും ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
കാനഡയില്‍ ക്യുബെക് നഗരത്തിലാണ് ഹസ്‌തദാനത്തിനു വിലക്ക്. പന്നിപ്പനി ബാധിച്ച് കാനഡയില്‍ ഇതുവരെ 66 പേരാണ് മരിച്ചത്. അതില്‍ 21 മരണവും ക്യൂബെക്കിലാണ്. ഈ സാഹചര്യത്തിലാണ് ഹസ്‌തദാനത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്. നവംബര്‍ ഒന്നിനു ക്യൂബെക്കില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പുതിയ നിയമം. പരസ്‌പരം കൈകൊടുക്കുമ്പോള്‍ രോഗാണുക്കള്‍ എളുപ്പത്തില്‍ പകരുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അത്തരം പ്രകടനങ്ങള്‍ പാടില്ലെന്നും മേയര്‍ അറിയിച്ചു.
Posted by സൂചകം at Thursday, August 20, 2009 0 comments
Labels: വിദേശം
ആഞ്‌ജല മുന്നില്‍; ഫോബ്‌സ് പട്ടികയില്‍ നാല് ഇന്ത്യാക്കരും
ന്യൂയോര്‍ക്ക്: ഫോബ്‌സ് മാഗസിന്‍ ലോകത്തെ ശക്‌തരായ വനിതകളുടെ 100 അംഗ പട്ടികയിലെ പ്രഥമ സ്‌ഥാനം ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജല മാര്‍ക്കല്‍ നിലനിര്‍ത്തി. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ആഞ്‌ജല മാര്‍ക്കല്‍ ഒന്നാം സ്ഥാനത്തത്തുന്നത്. യു എസിലെ ഫെഡറല്‍ ഡപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷൈല ബയറാണ് രണ്ടാം സ്‌ഥാനത്ത്.
യു പി എ അധ്യക്ഷ സോണിയാ ഗാന്ധി ഈ പട്ടികയില്‍ 13 ാം സ്‌ഭാനത്തുണ്ട്. പെപ്‌സികോ ചീഫ് എക്‌സിക്യൂട്ടീവ് ഇന്ദ്ര നൂയി മൂന്നാം സ്‌ഥാനത്തും ഐ സി ഐ സി ഐ ബാങ്ക് മേധാവി ചന്ദ്ര കൊച്ചാര്‍ 20 ാം സ്ഥാനത്തുമുണ്ട്. 91 ാം സ്ഥാനത്തെത്തിയ ബയോകോണ്‍ ചെയര്‍മാന്‍ കിരണ്‍ മസൂംദാര്‍ ഷായാണ് ഈ ലിസ്‌റ്റിലുള്ള അവസാന ഇന്ത്യാക്കാരി. കഴിഞ്ഞവര്‍ഷം പട്ടികയില്‍ 59 ാം സ്ഥാനത്ത് ഇടം പിടിച്ചിരുന്ന മായാവതിക്ക് പക്ഷേ ഇക്കുറി 100 നുള്ളില്‍ സ്ഥാനം കണ്ടെത്താനായില്ല.
യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ 28 ല്‍നിന്നും എട്ട പടിയിറങ്ങി 36 ാം സ്ഥാനത്താണ്. അതേസമയം അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമ ആദ്യമായി ഈ ലിസ്‌റ്റില്‍ ഇടം കണ്ടു. 40 ാം സ്ഥാനമാണ് മിഷേലിന് ലഭിച്ചത്. ബ്രിട്ടനിലെ എലിസബത്ത് രാജ്‌ഞി 42ാം സ്ഥാനത്തുമുണ്ട്.
Posted by സൂചകം at Thursday, August 20, 2009 0 comments
Labels: വിദേശം
ദക്ഷിണകൊറിയ റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചു
സോള്‍: കൗണ്ട്‌ഡൗണിന് മിനിട്ടുകള്‍മാത്രം അവശേഷിക്കേ ദക്ഷിണകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചു. രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണമാണ് സാങ്കേതിക കാരണങ്ങളാല്‍ ദക്ഷിണകൊറിയ മാറ്റിവച്ചത്.
ശാസ്‌ത്ര പരീക്ഷണ ഉപഗ്രഹമാണ് ദക്ഷിണ കൊറിയ വിക്ഷേപിക്കാനിരുന്നത്. റഷ്യന്‍ നിര്‍മ്മിത റോക്കറ്റാണ് ഉപഗ്രഹത്തെ വഹിക്കുന്നത്. എന്നാല്‍ വടക്കന്‍കൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തിന് ദക്ഷിണകൊറിയയുടെ മറുപടിയായാണ് അന്താരാഷ്‌ട്ര സമൂഹം ഇതിനെ നോക്കിക്കാണുന്നത്.
Posted by സൂചകം at Thursday, August 20, 2009 0 comments
Labels: വിദേശം
Wednesday, August 19, 2009
ഭരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഒഴിയാന്‍ അനുവദിക്കുകയെന്ന് വി എസ്
തിരുവനന്തപുരം: ഭരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിയാന്‍ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സി പി എം ദേശീയ നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ച ഈ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും എസ് രാജേന്ദ്രനെ ഒഴിവാക്കാന്‍ ദേശീയ നേതൃത്വം പച്ചക്കൊടികാട്ടിയത്. പി കെ ഗുരുദാസന്‍ ഉള്‍പ്പെടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ബഹുഭൂരിപക്ഷവും ഇതിനെ എതിര്‍ത്തുവെങ്കിലും ഒടുവില്‍ പ്രകാശ്‌കാരാട്ടിന്റെ നിര്‍ദേശം അംഗീകരിക്കേണ്ടിവന്നു.
സി പി എം സംസ്ഥാന സമിതിയും ഈ നിര്‍ദ്ദേശം അംഗീകരിച്ചതോടെ എസ് രാജേന്ദ്രനെ മിന്നല്‍ വേഗത്തില്‍ ഒഴിവാക്കി ചന്ദ്രശേഖരപണിക്കരെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കെ എന്‍ ബാലഗോപാലിന്റെ ദിവസങ്ങളും എണ്ണപ്പെട്ടുകഴിഞ്ഞു. അധികം വൈകാതെതന്നെ ബാലഗോപാലിനും പുതിയ മേച്ചില്‍പ്പുറം തേടേണ്ടിവരും. ഇക്കാര്യത്തിലും തീരുമാനമായിക്കഴിഞ്ഞതായാണ് സൂചന.
തന്റെ ആവശ്യങ്ങളില്‍ തീരുമാനം വൈകുന്നതു കണ്ടാണ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ഒഴിയാന്‍ വി എസ് അച്യുതാനന്ദന്‍ താത്‌പര്യം പ്രകടിപ്പിച്ചത്. രാജേന്ദ്രനും ബാലഗോപാലിനും എതിരെ മാസങ്ങള്‍ക്കു മുമ്പുതന്നെ വി എസ് രേഖാമൂലം പി ബി ക്ക് പരാതി നല്‍കിയിരുന്നു. വി എസിനെ കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയ പി ബി യോഗത്തിലും ഈ വിഷയം ചര്‍ച്ചയ്‌ക്ക് വന്നിരുന്നു. അന്ന് കേന്ദ്രനേതൃത്വം നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മാറ്റെമന്നാണ് സൂചന.
രാജേന്ദ്രനും ബാലഗോപാലിനുമെതിരെ വ്യക്തമായ തെളിവുകളോടെയാണ് വി എസ് നേരത്തേ പി ബിക്കു പരാതി നല്‍കിയിരുന്നത്. ബന്ധുക്കള്‍ക്കും അടുത്തവര്‍ക്കുമായി നിയമന ശുപാര്‍ശകള്‍ നല്‍കിയതാണ് ഇതില്‍ പ്രധാന ആരോപണം. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിരവധിപേര്‍ക്ക് നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍ വിലാസം ഉപയോഗിച്ച് ശുപാര്‍ശ നല്‍കിയതായി തെളിവ് സഹിതം ദേശീയ നേതൃത്വത്തിന് വി എസ് കൈമാറിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്നവരോും ഫോണില്‍ വിളിക്കുന്നവരോടും അപമര്യാദയായി പെരുമാറുന്നതാണ് മറ്റൊരു സംഭവം. ഇതു സംബന്ധിച്ച മാധ്യമങ്ങളില്‍ വന്ന വിവാദ വാര്‍ത്തകളാണ് തെളിവായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കഴിഞ്ഞ 1.5 വര്‍ഷമായി പ്രധാനപ്പെട്ട ഫയലുകള്‍ പൂഴ്‌ത്തുന്നതാണ് മറ്റൊരു പരാതി. ഇങ്ങനെ പൂഴ്‌ത്തപ്പെട്ട ഫയലുകളുടെ വന്‍ ലിസ്‌റ്റുതന്നെ വി എസ് കേന്ദ്രനേതൃത്വത്തിനു കൈമാറിയതായാണ് വിവരം. മുഖ്യമന്ത്രി ചെയര്‍മാനായ വിവിധ സമിതികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നതതില്‍ കുറ്റകരമായ അനാസ്ഥയാണ് കഴിഞ്ഞ 1.5 വര്‍ഷത്തിനിടെ രാജേന്ദ്രന്‍ കാട്ടിയതെന്നും പരാതിയുണ്ട്.
ഒട്ടും കാര്യക്ഷമതയില്ലാത്തയാളെന്ന പരാതിയാണ് കെ എന്‍ ബാലഗോപാലിന് തിരിച്ചടിയാവുന്നത്. ഒപ്പം ഐ ടി വകുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചില ഇടപെടലുകളും ബന്ധപ്പെട്ട ഫയലുകള്‍ പൂഴ്‌ത്തിയതും പരാതിക്കു കാരണമായിട്ടുണ്ട്. നല്ല നടപ്പിന് ആറുമാസത്തെ കാലാവധി ഇപ്പോള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത്രയുംകാലം പൂര്‍ത്തിയാക്കില്ലെന്നാണ് സൂചന.
Posted by സൂചകം at Wednesday, August 19, 2009 0 comments
Labels: കാഴ്ചപ്പാട്
ഐ ഹൈ ഫൈവ്: എസ് ബി ഐയുടെ പുതിയ ഭവനവായ്‌പാ പദ്ധതി
തിരുവനന്തപുരം: എസ് ബി ഐയുടെ `എന്റെ വീട്' ഭവന വായ്‌പാ പദ്ധതിക്ക് കേരളത്തില്‍ തുടകക്കമായി. രാജ്യത്തിന്റെ 63ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ഈ പദ്ധതി എസ് ബി ഐ കേരളത്തില്‍ നടപ്പാക്കുന്നത്. ഈ പദ്ധതി അനുസരിച്ചുള്ള വിവിധ വായ്‌പകള്‍ക്ക് പലിശ നിരക്ക് കുറവാണെന്നു മാത്രമല്ല പ്രൊസസിംഗ് ചാര്‍ജ് ഒഴിവാക്കിയും നല്‍കുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ എസ് കെ സെഹ്‌ഗള്‍ അറിയിച്ചു.
50 ലക്ഷംവരെ വായ്‌പ ലഭിക്കുന്ന പദ്ധതിയാണ് എസ് ബി ഐ ഐ ഹൈ ഫൈവ്. ആദ്യവര്‍ഷം എട്ട് ശതമാനവും രണ്ടാംവര്‍ഷം 8.5 ശതമാനവുമാണ് പലിശ നിരക്ക്. എസ് ബി ഐയുടെ തന്നെ ഐ ഹാപ്പി ഹോം ലോണും സ്‌പെഷല്‍ ഹോം ലോണും സംയോജിപ്പിച്ചുള്ള പദ്ധതിയാണ് ഐ ഹൈ ഫൈവ്.
എസ് ബി ഐ- ഐ ഹൈ ഫൈവ് എന്ന ലോണില്‍ അഞ്ചുലക്ഷം രൂപവരെ വായ്‌പായായി ലഭിക്കുന്ന പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം വായ്‌പയെടുക്കുന്നവരുട തിരിച്ചടവ് കാലാവധി 10 വര്‍ഷമാണ്.
ഇതില്‍ ആദ്യ അഞ്ചുവര്‍ഷം എട്ട് ശതമാനമാണ് പലിശ. പിന്നീട് സ്‌റ്റേ് ബാങ്ക് അഡ്വാന്‍സ് റേറ്റില്‍ 2.75 ശതമാനം നിരക്കില്‍ ഫ്‌ളോട്ടിംഗ് റേറ്റ് ആകും ഈടാക്കുക. ഈ കാലാവധിയില്‍ എസ് ബി ഐ ആറ - ന് 1.25 ശതമാനം താഴെ ഫിക്‌സഡ് പലിശ തിരഞ്ഞെടുക്കാനും ഉപഭോക്താവിന് അവകാശമുണ്ടാകും.
ഐ ഹൈ ഫൈവ് പദ്ധതി പ്രകാരം എടുക്കുന്ന വായ്‌പകള്‍ക്ക് പ്രെസസിംഗ് ചാര്‍ജ് ഈടാക്കില്ല. സെപ്‌തംബര്‍ 30 വരെയാണ് ഈ ആനുകൂല്യം നല്‍കുന്നതെന്നും എസ് കെ സെഹ്‌ഗള്‍ അറിയിച്ചു.
Posted by സൂചകം at Wednesday, August 19, 2009 0 comments
Labels: സാമ്പത്തികം
ഓഹരി വിപണിയില്‍ ആശ്വാസത്തിന്റെ ദിനം
മുംബൈ: വിലയിടിവു രേഖപ്പെടുത്തിയ ഓഹരികള്‍ വാങ്ങാന്‍ ഇടപാടുകാര്‍ നടത്തിയ മല്‍സരം സെന്‍സെക്‌സ്, നിഫ്‌ടി ഓഹരി സൂചികകളെ വീണ്ടും വളര്‍ച്ചയുടെ പാതയിലെത്തിച്ചു. കഴിഞ്ഞദിവസം നഷ്‌ടപ്പെട്ടതിന്റെ മൂന്നിലൊന്ന് പോയിന്റ് സൂചികകള്‍ ഇന്നലെ തിരിച്ചുപിടിച്ചു. ഏഷ്യന്‍ സൂചികകളുടെ തിരിച്ചുവരവും ഷോര്‍ട്ട് കവറിംഗും ഇതില്‍ പ്രധാന പങ്ക് വഹിച്ചു.
ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 250.34 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്‌ടി 71 പോയിന്റും ഉയര്‍ന്നു. സെന്‍സെക്‌സ് വീണ്ടും 15,000 എന്ന നിലവാരം മറികടന്നു. 15135-14740 പരിധിയില്‍ വ്യാപാരം നടന്ന ബോംബെ ഓഹരി സൂചിക 250.34 പോയിന്റ് ഉയര്‍ന്ന് 15035.26 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വ്യാപാരത്തിനിടെ 4500 ന് സമീപമെത്തിയ ദേശീയ ഓഹരി സൂചിക 71 പോയിന്റ് ഉയര്‍ന്ന് 4458.90 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വിപണിയില്‍ സ്‌ഥിരത രേഖപ്പെടുത്തുന്നതിന് മുന്നോടിയായ വ്യതിയാനമാണ് ഇന്നലെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Posted by സൂചകം at Wednesday, August 19, 2009 0 comments
Labels: സാമ്പത്തികം
ആസിയാന്‍ കരാര്‍ കേരളത്തിന്റെ നട്ടെല്ല് ഒടിക്കും
തേയില, കാപ്പി, കുരുമുളക് ഇറക്കുമതി തീരവ വെട്ടിക്കുറയ്‌ക്കും
പാമോയില്‍ ഇറക്കുമതിക്കും ഇളവ്
ന്യൂഡല്‍ഹി: അടുത്ത ജനുവരി ഒന്നിന് ആസിയാന്‍ കരാര്‍ നടപ്പിലാകുന്നതോടെ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മരണമണി മുഴങ്ങിത്തുടങ്ങും. വാണിജ്യവിളകളുടെ ഇറക്കുമതിക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത കരാറാണ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇസ്‌റ്റ് ഏഷ്യന്‍ നേഷന്‍സു (ആസിയാന്‍) മായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രധാനവിളകള്‍ക്ക് നെഗറ്റീവ് പട്ടികയുടെ ഗുണവും ലഭിക്കുന്നില്ലെന്ന് കേന്ദ്രവാണിജ്യമന്ത്രാലയം ഇന്നലെ ഇന്‍ര്‍നെറ്റിലൂടെ പുറത്തുവിട്ട കരാര്‍ രേഖകള്‍ തെളിയിക്കുന്നു.
ഇീ കരാര്‍ അനുസരിച്ച് കാപ്പിയുടെയും തേയിലയുടെയും ഇറക്കുമതി ചുങ്കം 10 വര്‍ഷംകൊണ്ട് 45 ശതമാനമായി കുറയ്‌ക്കും. പ്രതിവര്‍ഷം അഞ്ചു ശതമാനം എന്ന നിരക്കിലാണ് ചുങ്കം കുറയ്‌ക്കുന്നത്. നിലവില്‍ 100 ശതമാനമാണ് ഇവയുടെ ഇറക്കുമതി ചുങ്കം. കുരുമുളകിന്റെ ഇറക്കുമതി ചുങ്കം 50 ശതമാനമായാണ് കുറയ്‌ക്കുന്നത്. നിലവില്‍ ഇത് 70 ശതമാനമാണ്.
സംസ്ഥാനത്തെ കേരകര്‍ഷകരുടെ ഭാവിയില്‍ ഇരുള്‍ നിറയ്‌ക്കുന്നതാണ് പാമോയില്‍ ഇറക്കുമതിക്കുള്ള ചുങ്കം വെട്ടിക്കുറയ്‌ക്കുന്ന നടപടി. സംസ്‌്‌കൃത പാമോയിലിന്റെ ചുങ്കം നിലവിലുള്ള 80 ശതമാനത്തില്‍നിന്ന് 37.5 ശതമാനമായാണ് കുറയ്‌ക്കുന്നത്. സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതിചുങ്കം പകുതികണ്ട് കുറയ്‌ക്കുമെന്നും കരാറില്‍ പറയുന്നു. 90 ശതമാനം ചുങ്കം ഇപ്പോള്‍ നല്‍കുന്നിടത്ത് ഇനി മുതല്‍ 45 ശതമാനം ചുങ്കമേ ഈടാക്കൂ.
കേരകര്‍ഷകര്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനേ ഈ നിര്‍ദ്ദേശം വഴിവയ്‌ക്കൂ. രാജ്യത്തേയ്‌ക്ക് പാമോയിലിന്റെ ഇറക്കുമതി വര്‍ധിക്കാന്‍ ഇത് കാരണമാവും. പാമോയില്‍ കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നതിനേ ഇപ്പോള്‍ തടസമുള്ളൂ. ആസിയാന്‍ കരാര്‍ നിലവില്‍ വരുന്നതോടെ ഈ തടസത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇറക്കുമതി ചുങ്കത്തില്‍ വന്‍ ഇളവ് ലഭിക്കുന്നതോടെ അയല്‍ സംസ്ഥാനങ്ങളില്‍ ഇറക്കുമതി ചെയ്‌തശേഷം പാമോയില്‍ കരമാര്‍ഗം കേരളത്തിലെത്തിച്ചാലും വ്യാപാരികള്‍ക്ക് വന്‍ ലാഭം ഉണ്ടാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്.
അതേസമയം നെഗറ്റീവ് പട്ടികയില്‍ നാളീകേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാമോയില്‍ ഇറക്കുമതിക്ക് വാതില്‍ തുറന്നുകൊടുക്കുന്നതോടെ ഇതുകൊണ്ടുള്ള പ്രയോജനം കേരകര്‍ഷകര്‍ക്ക് ലഭിക്കാതപോകും. റബര്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവയെയും നെഗറ്റീവ് ലിസ്‌റ്റില്‍ ഉള്‍പ്പെടുൃത്തിയതാണ് ഏക ആശ്വാസം.
ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, സിംഗപൂര്‍, ബ്രൂണെ, ഫിലിപ്പന്‍സ്, കംബോഡിയ, ലാവോസ്, മ്യാന്‍മാര്‍, വിയറ്റ്‌നാം എന്നീ 10 രാജ്യങ്ങളാണ് ആസിയാനിലെ അംഗങ്ങള്‍. ഈ രാജ്യങ്ങളുടെ അസോസിയേഷനുമായി ഇന്ത്യ ഒപ്പിട്ട കരാര്‍ അനുസരിച്ച് 10 വര്‍ഷത്തിനകം ഇരുകൂട്ടരും ഇറക്കുമതിചെയ്യുന്ന സാധനങ്ങളില്‍ 85 ശതമാനത്തിന്റെയും ചുങ്കം ഇല്ലാതാകും.
Posted by സൂചകം at Wednesday, August 19, 2009 3 comments
Labels: കാഴ്ചപ്പാട്
Tuesday, August 18, 2009
ടോട്ടല്‍ ഫോര്‍ യു: ഡോ. രമണിക്ക് ജാമ്യം
കൊച്ചി: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ പത്താം പ്രതി ഡോ. രമണിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലക്ഷം രൂപ കെട്ടിവയ്‌ക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്‌ഥകളിന്‍മേലാണ് ജാമ്യം്. മറ്റ് അഞ്ചു കേസുകളില്‍ രമണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോടതിയുടെ അനുമതിയില്ലാതെ ജില്ല വിട്ടു പോകരുതെന്ന് രമണിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ചെറിയാന്‍ വര്‍ഗീസ് മുന്‍പാകെ ക്രൈംബ്രാഞ്ച് ഹാജരാക്കിയ 1000 പേജുള്ള കുറ്റപത്രത്തില്‍ 20 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. ചലച്ചിത്രനടി റോമ ഉള്‍പ്പെടെ മൊത്തം 319 സാക്ഷികളും, 510 രേഖകളും 308 തൊണ്ടി സാധനങ്ങളും ഉണ്ട്.
ശബരീനാഥിനു പുറമേ മണ്ണന്തല സ്വദേശി ബിന്ദു മഹേഷ് (33), തിരുമല സ്വദേശി ചന്ദ്രമതി അമ്മ (57), ആലപ്പുഴ സ്വദേശി പ്രമോദ് ഐസക് (25), ശബരിയുടെ പിതാവ് രാജന്‍ (48), കോവളം സ്വദേശി ബിന്ദു സുരേഷ് (33), കരമന മേലാറന്നൂര്‍ സ്വദേശി എസ്. ഹേമലത (54), ഹേമലതയുടെ മകള്‍ ലക്ഷ്‌മിമോഹന്‍ (22), തൈക്കാട് സ്വദേശി മിലി എസ്. നായര്‍, കൊല്ലം സ്വദേശി ഡോ. രമണി (49), മണക്കാട് സ്വദേശിയും മുന്‍ അണ്ടര്‍ സെക്രട്ടറിയുമായ അദീലാബീവി (56), കുടപ്പനക്കുന്ന് സ്വദേശി വിനോദ് (29), വട്ടിയൂര്‍ക്കാവ് സ്വദേശി ഫെനി ഫെലിക്‌സ്, നേമം സ്വദേശി രാഹുല്‍ (20), ബാലരാമപുരം സ്വദേശി ജിജേഷ് ( 25), ചിറയിന്‍കീഴ് സ്വദേശി സനല്‍ (28), ചാരാച്ചിറ സ്വദേശി അഡ്വ. അവീഷ് ശിവപ്രസാദ് (26), ആലപ്പുഴ കരുവാറ്റ സ്വദേശി അനില്‍കുമാര്‍ (29), ആനത്തലവട്ടം സ്വദേശി ബിനീഫ് (29), കരമന മേലാറന്നൂര്‍ സ്വദേശി അഡ്വ. സുരേഷ്‌കുമാര്‍ (43) എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
പ്രതികളായ ലക്ഷ്‌മിമോഹന്‍, ജിജേഷ്, സനല്‍, അഡ്വ. അവിഷ് ശിവപ്രസാദ്, ബിനീഫ്, അഡ്വ. സുരേഷ്‌കുമാര്‍ എന്നിവര്‍ ഒളിവിലാണ്.
Posted by സൂചകം at Tuesday, August 18, 2009 0 comments
Labels: കാഴ്ചപ്പാട്
അസം ഗവര്‍ണറോട് രാജി ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: അസം ഗവര്‍ണര്‍ സയ്യിദ് സിബ്‌തേ റസിയോട് രാജിവയ്‌ക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് അഴിമതി നടത്തിയെന്ന് സി ബി ഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. പ്രധാനമന്ത്രി ഇക്കാര്യം സിബ്‌തേ റസിയോട് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡിലെ ഗവര്‍ണറായിരുന്ന റസിയെ കഴിഞ്ഞ മാസമാണ് അസമില്‍ ഗവര്‍ണറായി നിയമിച്ചത്. അതേസമയം കാലാവധി കഴിയുന്ന ഒക്‌ടോബര്‍ വരെ തുടരാന്‍ അനുവദിക്കണമെന്നാണ് റസിയുടെ നിലപാട്. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് ഇക്കാര്യം വിശദീകരിക്കാന്‍ റസി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. റസിയുടെ ഓഫീസ് അഴിമതി നടത്തിയതായി ഒരു മുന്‍ എം എല്‍ എയാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതിയില്‍ കഴമ്പുണ്ടെന്ന് ഐ ബി റിപ്പോര്‍ട്ട് നല്‍കിയിതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അസമിലേക്ക് മാറ്റുകയും കെ ശങ്കരനാരായണനെ ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിക്കുകയും ചെയ്‌തത്.
Posted by സൂചകം at Tuesday, August 18, 2009 0 comments
Labels: കാഴ്ചപ്പാട്
മൗലവി ഒമര്‍ പിടിയിലായി
ഇസ്‌ലമാബാദ്: അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ കമാന്‍ഡര്‍ ബെയ്‌തുല്ല മെഹ്‌സൂദിന്റെ അടുത്ത സഹായി മൗലവി ഒമര്‍ പിടിയിലായി. അഫ്‌ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മുഹമ്മദ് മേഖലയില്‍ നിന്നാണ് ഒമറിനെ സൈനികര്‍ പിടികൂടിയത്. ഒമറിനെ എത്രയും വേഗം മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഹാജരാക്കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. പാക്ക് താലിബാന്‍ മുന്‍ വക്‌താവും ബെയ്‌തുല്ല മെഹ്‌സൂദ് നേതാവുമായിരുന്ന തെഹ്രീകെ താലിബാന്റെ വക്‌താവായിരുന്ന മൗലവി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് തല്‍സ്‌ഥാനത്തുനിന്നു മാറിയത്. ജൂണില്‍ പെഷാവര്‍ ഹോട്ടലിലും ലഹോര്‍ പള്ളിയിലും നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം
പാക്ക് താലിബാന്‍ ഏറ്റെടുത്തതായി മൗലവി ഒമറാണ് മാധ്യമങ്ങളെ അറിയിച്ചത്.
Posted by സൂചകം at Tuesday, August 18, 2009 1 comments
Labels: കാഴ്ചപ്പാട്
നെഹ്‌റുകപ്പിന് നാളെ കിക്കോഫ്
ന്യൂഡല്‍ഹി: പതിനാലാമാത് നെഹ്‌റു കപ്പ് ഫുട്‌ബോളിന് നാളെ തുടക്കം. അംബേദ്‌കര്‍ മൈതാനത്ത് നാളെ വൈകിട്ട് ആറിന് നടക്കുന്ന ആദ്യമത്സരത്തില്‍ ആതിഥേയരും നിലവിലുള്ള ജേതാക്കളുമായ ഇന്ത്യയും ലെബനനും ഏറ്റുമുട്ടും.
റൗണ്ട് റോബിന്‍ ലീഗ് അടിസ്‌ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ചു രാജ്യങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. നിലവിലുള്ള രണ്ടാംസ്‌ഥാനക്കാരായ സിറിയയ്‌ക്കു പുറമേ ശ്രീലങ്ക, കിര്‍ഗിസ്‌ഥാന്‍ എന്നീ ടീമുകളും നെഹ്‌റു കപ്പിനായി ബൂട്ട് അണിയുന്നുണ്ട്. എല്ലാ ടീമുകളും പരസ്‌പരം മാറ്റുരച്ച് അതില്‍ മികച്ച രണ്ടു ടീമുകള്‍ 31 ന് ഫൈനലില്‍ ഏറ്റമുട്ടും.
കഴിഞ്ഞ തവണ സിറിയയെ 1-0ന് മറികടന്നാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി നെഹ്‌റുകപ്പ് ഉയര്‍ത്തിയത്. അന്നത്തെ ക്യാപ്‌ടന്‍ ബൈച്ചുങ് ബൂട്ടിയ തന്നെയാണ് ഇത്തവണയും ക്യാപ്‌ടന്‍. ഇന്നലെ വൈകീട്ട് ഇന്ത്യന്‍സംഘം കോച്ച് ബോബ് ഹൂട്ടന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തി. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ മൈതാനത്തായിരുന്നു അവസാനഘട്ട ഒരുക്കങ്ങള്‍.
ടീമിന് മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഹൂട്ടന്‍. എന്നാല്‍ സിറിയ അടക്കമുള്ള ടീമുകള്‍ മികച്ചതാണെന്നും ആരെയും അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒ എന്‍ ജി സിയാണു മല്‍സരത്തിന്റെ പ്രായോജകര്‍. ജേതാക്കള്‍ക്ക് 40,000 യു എസ് ഡോളറും രണ്ടാംസ്‌ഥാനക്കാര്‍ക്ക് 20,000 യു എസ് ഡോളറും സമ്മാനമായി ലഭിക്കും. മല്‍സരങ്ങള്‍ സീ സ്‌പോര്‍ട്‌സ് തല്‍സമയം സംപ്രേഷണം ചെയ്യും.
മല്‍സരക്രമം:
നാളെ ഇന്ത്യ- ലെബനന്‍, 20 ന് കിര്‍ഗിസ്‌ഥാന്‍-സിറിയ, 21 ന് ശ്രീലങ്ക- ലെബനന്‍, 22 ന് ഇന്ത്യ- കിര്‍ഗിസ്‌ഥാന്‍, 23ന് സിറിയ- ശ്രീലങ്ക, 24 ന് കിര്‍ഗിസ്‌ഥാന്‍- ലെബനന്‍, 25 ന് ഇന്ത്യ- ശ്രീലങ്ക, 26ന് സിറിയ- ലെബനന്‍, 27 ന് ശ്രീലങ്ക- കിര്‍ഗിസ്‌ഥാന്‍, 28 ന് ഇന്ത്യ- സിറിയ.
Posted by സൂചകം at Tuesday, August 18, 2009 0 comments
Labels: കായികം
എസ് ബി ഐ ലൈഫ് ഇനി ഓണ്‍ലൈനായും അടയ്‌ക്കാം
കൊച്ചി: എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ റിന്യൂവല്‍ പ്രീമിയം അടയ്‌ക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. എസ് ബി ഐ ലൈഫിന്റെ വെബ്‌സൈറ്റ്, കസ്‌റ്റമര്‍ സെല്‍ഫ് പോര്‍ട്ടലായ മൈ പോളിസി എന്നിവ വഴി എസ് ബി ഐ ലൈഫ് പോളിസി ഉടമകള്‍ക്കു റിന്യൂവല്‍ പ്രീമിയം അടയ്‌ക്കാം. സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ 16,000 ശാഖകളിലെ നെറ്റ് വര്‍ക്ക് സൗകര്യവും ഇതിനായി ഉപയോഗിക്കാം.
എസ് ബി ഐ പോളിസി ഉടമകള്‍ക്കു ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ അപ്‌ഡേറ്റ് ചെയ്യാനും സംശയങ്ങളും പരാതികളും രേഖപ്പെടുത്താനും പോളിസിക്കാവശ്യമായ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പ്രീമിയം സര്‍ട്ടിഫിക്കറ്റുകളും പോര്‍ട്ടലില്‍നിന്നു ലഭിക്കും.
Posted by സൂചകം at Tuesday, August 18, 2009 0 comments
Labels: സാമ്പത്തികം
Monday, August 17, 2009
ബ്രിട്ടനില്‍ കനത്ത ആക്രമണത്തിന് പദ്ധതിയെന്ന് അല്‍ ഖ്വയ്‌ദ
ലണ്ടന്‍: ബ്രിട്ടനിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി അല്‍ ഖ്വയ്‌ദ വെളിപ്പെടുത്തി. അല്‍ ഖ്വയ്‌ദയുമായി ബന്ധമുള്ള പ്രാദേശിക തീവ്രവാദികളാണ് ആക്രമണങ്ങള്‍ക്ക് ഒരുക്കം നടത്തുന്നത്.
അമേരിക്കയെക്കാളും വലിയ ശത്രുവാണ് ബ്രിട്ടനും യൂറോപ്പ് പൊതുവിലുമെന്ന് ഇന്റര്‍നെറ്റ് മാഗസിനിലൂടെ ആക്രമണ ഭീഷണി പുറത്തുവിട്ടുകൊണ്ട് അല്‍ ഖ്വയ്‌ദ പറഞ്ഞു.
ബ്രിട്ടനിലുള്ള ബ്രിട്ടീഷുകാരും വിദേശത്തുള്ള ബ്രിട്ടീഷുകാരുമാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തിട്ടുള്ളത്. അത്യന്തം വിനാശകരമായിരിക്കും ആക്രമണങ്ങളെന്നും അല്‍ ഖ്വയ്‌ദ അവകാശപ്പെട്ടു.
വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളുടെ പേരില്‍ ബ്രിട്ടനില്‍ ജയില്‍ ശിക്ഷയ്‌ക്കു ശേഷം നാടു കടത്തപ്പെട്ട അബ്‌ദുല്ല അല്‍ ഫൈസലിന്റെ അനുയായികള്‍ നടത്തുന്നതാണ് ഇന്റര്‍നെറ്റ് മാഗസിന്‍.
ജൂതന്‍മാരെയും അമേരിക്കക്കാരെയും ഹിന്ദുക്കളെയും വധിച്ച മൂന്നു കേസുകളില്‍ പ്രതിയാണ് ഫൈസല്‍. വര്‍ഗീയ ലഹളയ്‌ക്ക് ദുഷ്‌പ്രേരണ ചെലുത്തിയതിന് രണ്ടു കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.
Posted by സൂചകം at Monday, August 17, 2009 0 comments
Labels: വിദേശം
ലാവ്‌ലിന്‍: പിണറായി ക്രിമിനല്‍ റിട്ട് ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സി പി എം കേരള സെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി നല്‍കി. കഴിഞ്ഞതവണ ഹര്‍ജി നല്‍കിയപ്പോള്‍ ആഭ്യന്തര സെക്രട്ടറി മാത്രമായിരുന്നു എതിര്‍കക്ഷിയെങ്കില്‍ ഇത്തവണ സംസ്ഥാന സര്‍ക്കാരിനൊപ്പം സി ബി ഐയെയും പതിര്‍കക്ഷിയാക്കിയിട്ടുണ്ട്.
നടപടിക്രമം പൂര്‍ണമായും പാലിക്കാതിരുന്നതിനാല്‍ ആദ്യം നല്‍കിയ ഹര്‍ജി സുപ്രീംകോടതി രജിസ്‌ട്രി മടക്കിയിരുന്നു. അപാകതകള്‍ പരിഹരിച്ച് ഈ മാസം 28 നകം വീണ്ടും ഹര്‍ജി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ അഭിഭാഷക ഗ്രൂപ്പായ പരേഖ് ആന്‍ഡ് കമ്പനി മുഖാന്തിരം പുതിയ റിട്ട് നല്‍കിയിട്ടുള്ളത്.
കേസ് നമ്പറിന് പകരം ഡയറി നമ്പര്‍ മാത്രമാണ് ആദ്യ റിട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. കേസ് സിവില്‍ ആണോ ക്രിമിനല്‍ ആണോ എന്നും വ്യക്തമാക്കിയിരുന്നില്ല. ഈ അപാകതകള്‍ പരിഹരിച്ചാണ് വീണ്ടും റിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.
മുന്‍വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ പ്രതിയായ കേസില്‍ പ്രോസിക്യൂഷന് ഗവര്‍ണര്‍ ആര്‍ എസ് ഗവായ് നല്‍കിയ അനുമതിയും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും അസ്ഥിരപ്പെടുത്തണമെന്നതാണ് റിട്ടിലെ പ്രധാന ആവശ്യം.
ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ആര്‍ എസ് ഗവായിയെ ബഹിഷ്‌കരിച്ച സി പി എം മന്ത്രിമാര്‍ക്ക് അദ്ദേഹം നല്‍കിയ ചായ സത്‌കാരത്തില്‍ പങ്കെടുക്കേണ്ടി വന്ന ദിവസവും പിണറായി വീണ്ടും റിട്ട് സമര്‍പ്പിച്ച ദിവസവും ഒന്നുതന്നെയായത് യാദൃശ്ചികമാവാം.
Posted by സൂചകം at Monday, August 17, 2009 0 comments
Labels: കാഴ്ചപ്പാട്
ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച
മുംബൈ: ആഗോളവിപണിയിയെ തകര്‍ച്ചയും കനത്ത വില്‍പന സമ്മര്‍ദ്ദവും ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചു. കനത്ത തകര്‍ച്ചയാണ് ഇന്ന് വിപണി മനരിടുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 549 പോയിന്റിന്റെ തകര്‍ച്ചനേരിട്ടുകഴിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്‌ടി 171 പോയിന്റും നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
ബാങ്കിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോ, ഐ ടി ഖേലകള്‍ക്കു പുറമേ ലോഹം മേഖലയിലും വന്‍ ഇടിവാണ് ദൃശ്യമായത്. ഡി എല്‍ എഫ്, യുണിടെക്, ഹിന്റാല്‍കോ, ടാറ്റാ മോട്ടേഴസ്, ടാറ്റാ സ്‌റ്റൗല്‍, റിലയന്‍സ് കാപിറ്റല്‍, സിപ്‌ല, ഐ ടി സി, ആക്‌സിസ് ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ തുടങ്ങിയവയുടെയെല്ലാം ഓഹരികള്‍ക്ക് തിരിച്ചടിയുണ്ടായി.
Posted by സൂചകം at Monday, August 17, 2009 1 comments
Labels: സാമ്പത്തികം
രാഖിക്കു പിറകേ രംഭയും സ്വയംവരത്തിന്
ചെന്നൈ: തെന്നിന്ത്യന്‍ താരറാണി രംഭയും സ്വയംവരത്തിനൊരുങ്ങുന്നു. ബോളിവുഡിലെ ഐറ്റം ഗേള്‍ രാഖി സാവന്തിന്റെ മാതൃക പിന്തുടര്‍ന്ന് ഭാവിവരനെ കണ്ടുപിടിക്കാനാണ് രംഭയും ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് തമിഴിലെ പ്രമുഖ ചാനലും രംഭയുമായുള്ള ചര്‍ച്ച അവസാന ഘടത്തിലാണ്. ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ സ്വപ്‌ന സുന്ദരിയായ രംഭയുടെ സ്വയംവരം വന്‍ഹിറ്റാകുമെന്നാണ് ചാനലിന്റെ കണക്കുകൂട്ടല്‍. ഈ റിയാലിറ്റി ഷോയില്‍നിന്നുള്ള വരുമാനം ഇരുകൂട്ടരും പകുതി-പകുതിയായി പങ്കുവയ്‌ക്കാനാണ് തീരുമാനം.
ഗ്ലാമര്‍ നായികയായ രംഭയ്‌ക്ക് വീട്ടുകാര്‍ വരനെ അന്വേഷിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമാകുന്നു. ഇതുവരെ വിവാഹങ്ങളൊന്നും ഒത്തുവന്നിട്ടില്ല. വിവാഹത്തിനായി ക്ഷേത്രദര്‍ശനങ്ങള്‍ പതിവാക്കിയിട്ടും ദൈവങ്ങളൊന്നും ഇതുവരെ കണ്ണുതുറന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഖി സാവന്തിന്റെ പാത പിന്തുടരാന്‍ രംഭയും ആലോചിക്കുന്നതെന്നാണ് തമിഴ് സിനിമാ ലോകത്തുനിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.
ഒരു കാലത്ത് തെന്നിന്ത്യന്‍ ചെറുപ്പക്കാരുടെ ഹൃദയമിടിപ്പ് നിയന്ത്രിച്ചിരുന്ന രംഭയ്‌ക്ക് ഇപ്പോള്‍ സിനിമയില്‍ പഴയതുപോലെ അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇതിനിടെ പിടിച്ചുനില്‍ക്കാന്‍ സ്വന്തമായി നിര്‍മ്മിച്ച സിനിമ `ത്രീ റോസസ്' ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാവുകയും ചെയ്‌തു. ഇതില്‍നിന്നുണ്ടായ കടബാധ്യതകളില്‍നിന്നെല്ലാം കരകയറാന്‍ സ്വയംവരം പരിപാടി സഹായകരമാവുമെന്ന പ്രതീക്ഷയും ഈ താരസുന്ദരിക്കുണ്ട്.
Posted by സൂചകം at Monday, August 17, 2009 0 comments
Labels: വിനോദം
അഴകര്‍കോവിലും പഴമുതിര്‍ചോലയും
മധുരയില്‍നിന്ന് 21 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ്, വനത്തോട് ചേര്‍ന്നുള്ള മനോഹര ക്ഷേത്രമാണ് അഴഗര്‍ കോവില്‍. കല്‍ അഴഗര്‍ കോവില്‍, കല്ലഴഗര്‍ കോവില്‍, കള്ളഴഗര്‍ കോവില്‍ എന്നൊക്കെയാണ് ഉച്ചരിക്കപ്പെടുന്നത്.
മുമ്പ്, മധുര നായിക്കന്‍മാരുടെ കുലക്ഷേത്രമായിരുന്നു ഇവിടം. ചിത്തിരമാസത്തിലെ (ഏപ്രില്‍) ഉത്സവകാലത്ത് അഴഗര്‍ സ്വാമിയുടെ വിഗ്രഹം മധുരയിലെ വൈഗ നദിയില്‍ ആറാട്ടിനുകൊണ്ടുപോകും. മധുര മീനാക്ഷിയുടെ സഹോദരനാണ് അഴഗര്‍ എന്നാണ് വിശ്വാസം. മീനാക്ഷി കല്ല്യാണമാണ് ചിത്തിരോത്സവമായി ആഘോഷിക്കുന്നത്.
`ചോലമല'യിലാണ് അഴഗര്‍ കോവിലിരിക്കുന്നത്. കരിങ്കല്ലില്‍ പണിത കൂറ്റന്‍ ക്ഷേത്രം. മുനിഞ്ഞുകത്തുന്ന ദീപങ്ങളും പൗരാണികമായ വാസനയും ഒരു ഇരുണ്ട സൗന്ദര്യാനുഭൂതിയായി നിറഞ്ഞുനില്‍ക്കുന്നു, ഇവിടെ. മുഖ്യക്ഷേത്രത്തിനു മുന്നില്‍ ഒരു സപ്‌തസ്വരമണ്ഡപവുമുണ്ട്.
ഉള്ളിലെന്നപോലെ, ആകര്‍ഷകമാണ് മുഖമണ്ഡപം. കൂറ്റന്‍ വ്യാളീരൂപങ്ങളും ദേവതാ രൂപങ്ങളും കൊത്തിയ കരിങ്കല്‍ത്തൂണുകള്‍ മുഖമണ്ഡപത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. മണ്ഡപത്തിനുള്ളിലെ കല്‍വിരികളില്‍ നിറയെ തീര്‍ഥാടകരുണ്ടാവും.
അഴഗര്‍ കോവിലില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അഞ്ചരിച്ചാല്‍ പഴമുതിര്‍ചോലയിലെത്താം. സുബ്രഹ്മണ്യന്റെ ആറു പടൈ വീടുകളില്‍ ഒന്നാണ് ഇവിടമെന്നാണ് വിശ്വാസം. അഴഗര്‍കോവിലിനു പിന്നിലെ കാട്ടുപാതയിലൂടെ കാല്‍നടയായോ, ക്ഷേത്രത്തിനു മുന്നിലെ നിരത്തിലൂടെ വാഹനത്തിലോ പഴമുതിര്‍ചോലയില്‍ ചെന്നുചേരാം. അഴഗര്‍കോവിലില്‍ നിന്ന് പഴമുതിര്‍ചോലയിലേക്ക് അടിക്കടി ബസ് സര്‍വീസുമുണ്ട്.
മലമുകളില്‍നിന്നുള്ള സ്വാഭാവിക നീര്‍ക്കുതിപ്പാണ് പഴമുതിര്‍ചോലയിലുള്ളത്. തീര്‍ഥാടകര്‍ ഇവിടെ കുളിക്കുകയും വെള്ള ശേഖരിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. (ഈ നീര്‍ക്കുതിപ്പിന് `ബബുരഗംഗ' എന്ന് പേരിട്ടിരിക്കുന്നു) അഴഗര്‍കോവിലിന് ചുറ്റുമെന്നപോലെ, പഴമുതിര്‍ചോല വരെ ധാരാളം കുരങ്ങന്‍മാരെ കാണാന്‍ സാധിക്കും. അഗസ്‌ത്യ മഹര്‍ഷിയുടെ പേരിലുള്ള മൂലികവനത്തിന്റെ ഭാഗമാണ് ഇവിടം.
Posted by സൂചകം at Monday, August 17, 2009 0 comments
Labels: സഞ്ചാരം
തായ്‌വാനില്‍ ഭൂകമ്പം; ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്
ടോക്കിയോ: തായ്‌വാന്റെ കിഴക്കന്‍ തീരത്ത് 6.8 തീവ്രതയുള്ള ശക്‌തമായ ഭുചലനം ഉണ്ടായതിനെ തുടര്‍ന്ന് ദക്ഷിണ ജപ്പാനില്‍ സൂനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രദേശികസമയം രാവിലെ ഒന്‍പതോടെയാണ് ഭൂകമ്പമുണ്ടായത്. തായ്‌വാനു സമീപം സമുദ്രത്തിനടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് പസഫിക് സൂനാമി വാണിങ് സെന്റര്‍ അറിയിച്ചു.
Posted by സൂചകം at Monday, August 17, 2009 0 comments
Labels: കാഴ്ചപ്പാട്
പന്നിപ്പനി: മരണം 28 ആയി
പൂനെ: പന്നിപ്പനിബാധിച്ച് പൂനെയില്‍ ഒരാള്‍കൂടി മരിച്ചു. പൂനെ സാസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 36കാരിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. പൂനെയില്‍മാത്രം മരിച്ചവര്‍ 13 ആണ്. പൂനെ സ്വദേശി ബീന ഗോണ്‍സാല്‍വസാണ് ഇന്ന് രാവിലെ മരിച്ചത്.
അതിനിടെ രാജ്യത്ത് 152 പേര്‍ക്കുകൂടി പന്നിപ്പനി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ പന്നിപ്പനി ബാധിതരുടെ എണ്ണം 1,708 ആയതായി ആരാഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ പന്നിപ്പനി ബാധിതരുള്ളത്. മഹാരാഷ്‌ട്ര(97), തമിഴ്‌നാട്(21), കര്‍ണാടക(18), ഡല്‍ഹി(11), കേരളം(മൂന്ന്), അസം(ഒന്ന്), ഷിംല(ഒന്ന്) പേര്‍ക്കുവീതം പന്നിപ്പനി സ്‌ഥിരീകരിച്ചു. ഇതില്‍ 694 പേര്‍ ആശുപത്രിവിട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Posted by സൂചകം at Monday, August 17, 2009 0 comments
Labels: കാഴ്ചപ്പാട്
