Monday, July 13, 2009

അമേരിക്കന്‍ സാമ്പത്തികരക്ഷ ഇന്ത്യാക്കാരന്റെ കൈയില്‍

ന്യൂയോര്‍ക്ക്‌: ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ അടിതെറ്റിയ അമേരിക്കയുടെ സാമ്പത്തിക രക്ഷാ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഇന്ത്യന്‍ വംശജന്‍. ജോര്‍ജ്‌ ബുഷ്‌ സര്‍ക്കാരിന്റെ കാലത്ത്‌ തയ്യാറാക്കിയ 70,000 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാ പദ്ധതി നടപ്പിലാക്കുന്നത്‌ ഇന്ത്യന്‍ വംശജനായ നീല്‍ കാഷ്‌കാരിയുടെ മേല്‍നോട്ടത്തിലാണ്‌.
ഒബാമ സര്‍ക്കരിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ സാമ്പത്തിക ഉപദേഷ്ടാവായ നീല്‍ കാഷ്‌കാരി ഈ ചുമതല ഏറ്റെടുത്തത്‌. അമേരിക്കന്‍ ധനമന്ത്രാലയത്തിനു കീഴിലുള്ള ധനസ്ഥിരത വകുപ്പിലെ സെക്രട്ടറികൂടിയാണ്‌ 35 കാരനായ നീല്‍.
1973 ജൂലൈ 30 ന്‌ അമേരിക്കയിലെ ഒഹിയോയിലാണ്‌ നീല്‍ ജനച്ചത്‌. കാശ്‌മീരി പണ്ഡിറ്റുകളായ ശ്രീനഗര്‍ സഫിയ സ്വദേശികള്‍ ഷമന്‍, ഷീലാ കാഷ്‌കാരി ദമ്പതികളുടെ മകനായ നീലിന്‌ ജൂലൈ ഭാഗ്യമാസവും ആണ്‌. 2006 ജൂലൈയിലാണ്‌ നീല്‍ ധനസ്ഥിരത വകുപ്പില്‍ ജോലിക്ക്‌ പ്രവേശിക്കുന്നത്‌. മൂന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷം ജൂലൈയില്‍തയന്നെയാണ്‌ പുതിയ ദൗത്യവും നീലിന്‌ ലഭിക്കുന്നത്‌.

ഓഹരി വിപണിയില്‍ പ്രതീക്ഷകള്‍ മങ്ങുന്നു

രണ്ട്‌ ദിവസത്തെ അവധിക്കുശേഷവും ഓഹരി വിപണയില്‍ പ്രതീക്ഷകള്‍ പൂക്കുന്നില്ല. ഒരു കൈതാങ്ങ്‌ നല്‍കാത്ത കേന്ദ്രബജറ്റും ആഗോളവിപണിയിലെ മാന്ദ്യവും ഉയര്‍ന്ന വില്‌പന സമ്മര്‍ദ്ദവും ഇന്നും സൂചികയെ താഴേക്കാണ്‌ വലിച്ചത്‌.
ബോംബെ സൂചികയായ സെന്‍സെക്‌സ്‌ 104 പോയിന്റ്‌ ഇടിഞ്ഞ്‌ 13,400 പോയിന്റിലും നിഫ്‌ടി 30 പോയിന്റ്‌ ഇടിഞ്ഞ്‌ 3974 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ഓഹരി മേഖലയുടെ നിര്‍ണായക ദിവസങ്ങളാണ്‌ ഇനി വരാന്‍ പോകുന്നത്‌. ഈ നിര്‍ണ്ണായകദിനങ്ങള്‍ തരണംചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ വിപണിയില്‍ ഒരു മുന്നേറ്റം പ്രതീക്ഷിക്കാന്‍പോലും സാധിക്കൂവെന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.

ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈയടക്കി; വിമാന സര്‍വീസ്‌ തടസപ്പെട്ടു

ന്യൂയോര്‍ക്ക്‌: ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈടക്കിയതിനെ തുടര്‍ന്ന്‌ വിമാന സര്‍വീസ്‌ ഒന്നര മണിക്കൂറോളം തടസപ്പെട്ടു. ന്യൂയോര്‍ക്ക്‌ സിറ്റിയിലെ കെന്നഡി എയര്‍പോര്‍ട്ടില്‍ രണ്ടുദിവസം മുമ്പായിരുന്നു സംഭവം.
രാവിലെ 8.30 നായിരുന്നു ആദ്യത്തെ ആമക്കുഞ്ഞിനെ റണ്‍വേയില്‍ കണ്ടെത്തിയത്‌. പിന്നീട്‌ ഒന്നിനു പുറകേ ഒന്നായി 78 ആമക്കുഞ്ഞുങ്ങള്‍ ആണ്‌ റണ്‍വേയില്‍ തങ്ങളുടെ സുരക്ഷിതസ്ഥാനം കണ്ടെത്തിയത്‌. അടുത്തുള്ള കടല്‍ തീരത്തുനിന്നാണ്‌ ഇവ റണ്‍വേയിലേക്ക്‌ കയറിയത്‌.
റണ്‍വേ പൂര്‍ണമായും ഇവയുടെ കൈയിലായതോടെ വിമാനങ്ങള്‍ക്ക്‌ പറന്നുയരാനോ താഴെയിറങ്ങാനോ കഴിയാത്ത സ്ഥിതി സംജാതമായി. ഒടുവില്‍ കൂടുതല്‍ ജീവനക്കാരെത്തി ഇവയെ ഒന്നൊന്നായി അടുത്തുള്ള കടലിലേക്ക്‌ മറ്റുകയായിരുന്നു. ശേഷം വിമാന സര്‍വീസ്‌ പുനരാരംഭിക്കുമ്പോഴേക്കും ഏകദേശം ഒന്നര മണിക്കൂര്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.
സാധാരണഗതിയില്‍ 20 സെന്റീമീറ്റര്‍ നീളവും ഒരു കിലോവരെ തൂക്കവുമുള്ള ഡൈമണ്ട്‌ ബാക്ക്‌ ടെറാപിന്‍സ്‌ വിഭാഗത്തില്‍പ്പെട്ടുന്ന ആമക്കുഞ്ഞുങ്ങളെയാണ്‌ റണ്‍വേയില്‍ കണ്ടെത്തിയതെന്ന്‌ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Sunday, July 12, 2009

പിണറായി മാറണമെന്ന്‌ പി ബിയില്‍ ഭൂരിപക്ഷം

ന്യൂഡല്‍ഹി: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തത്സ്‌ഥാനത്തുനിന്നും മാറ്റണമെന്ന്‌ പി ബിയില്‍ ഭൂരിപക്ഷാഭിപ്രായം. രൂക്ഷമായ ചര്‍ച്ച വോട്ടെടുപ്പുവരെ നീണ്ടു.

എന്നാല്‍ വോട്ടെടുപ്പ്‌ കേരളഘടകത്തിലെ വിഭാഗീയത വര്‍ധിപ്പിക്കാനേ ഉപകരിക്കൂവെന്ന ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ്‌ നാല്‌ മണിക്കൂറിലധികം നീണ്ട പി ബി യോഗം വിഷയം കേന്ദ്രകമ്മിറ്റിക്ക്‌ വിടാന്‍ തീരുമാനിച്ചത്‌. ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന ഘടകത്തിന്റെ മോഹങ്ങള്‍ക്ക്‌ എതിരായ ദിശയിലാണ്‌ ചര്‍ച്ച നീണ്ടത്‌.
പി ബിയില്‍ ആകെയുള്ള 15 അംഗങ്ങളില്‍ എട്ടുപേരാണ്‌ പിണറായി മാറണമെന്ന്‌ വാദിച്ചത്‌. വി എസ്‌ അച്യുതാനന്ദന്‍, മണിക്‌ സര്‍ക്കാര്‍, ബുദ്ധദേവ്‌ ഭട്ടാചാര്യ, സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്‌, എം കെ പാന്ഥെ, മുഹമ്മദ്‌ അമീന്‍ എന്നിവര്‍ പിണറായിക്കെതിരെ വാദിച്ചു.
എന്നാല്‍ പ്രകാശ്‌കാരാട്ട്‌, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, എസ്‌ രാമചന്ദ്രന്‍പിള്ള എന്നീ നാല്‌ മലയാളികള്‍ മാത്രമാണ്‌ വി എസിനെതിരെ മാത്രം നടപടി മതിയെന്ന പക്ഷക്കാരായിരുന്നത്‌. വരദരാജന്‍, രാഘവലു, ബിമല്‍ബോസ്‌, നിരുപംസെന്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ്‌ രണ്ടുപേര്‍ക്കുമെതിരെ നടപടിവേണമെന്ന്‌ ആവശ്യപ്പെട്ടു.
ബംഗാളില്‍നിന്നുള്ള മുഹമ്മദ്‌ അമീനിലായിരുന്നു പ്രകാശ്‌ കാരാട്ടും പിണറായിയും നേരത്തേ പിന്തുണ പ്രതീക്ഷിച്ചിരുന്നത്‌. വി എസിന്റെ വിമര്‍ശകനായ അമീന്‍ പക്ഷേ ഇന്നലെ പിണറായി വിരുദ്ധപക്ഷത്താണ്‌ നിലയുറപ്പിച്ചത്‌. കേന്ദ്രകമ്മിറ്റിയിലും ചൂേടറിയ ചര്‍ച്ചയാണ്‌ നടന്നത്‌.
കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ വി എസിനെതിരെ കടുത്ത നടപടിയാവശ്യപ്പെട്ടപ്പോള്‍ തത്തുല്ല്യമായ നടപടി പിണറായിക്കെതിരെയും ഉണ്ടാകണമെന്ന്‌ ബംഗാളില്‍നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ നിര്‍ദ്ദേശിച്ചതായാണ്‌ അറിവ്‌. ഇന്ന്‌ നടക്കുന്ന ചര്‍ച്ചകള്‍കൂടി കഴിയുമ്പോഴേ ചിത്രം വ്യക്തമാകൂ.

കളി തുടരും; സി പി എമ്മില്‍ ഇന്ന്‌ വീണ്ടും തൊലിപ്പുറത്ത്‌ ചികിത്സ

ന്യൂഡല്‍ഹി: ഒരു ദശകത്തിലേറെക്കാലമായി സി പി എം സംസ്ഥാനഘടകത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന വിഭാഗീയത ഇനിയും തുടരും. ഇതിന്‌ തടയിടാനായി ഇവിടെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗതീരുമാനം തൊലിപ്പുറത്തെ ചികിത്സയായി മാറിയേക്കും.
പിണറായി വിജയനും വി എസ്‌ അച്യുതാനന്ദനുമെതിരെ അച്ചടക്ക നടപടികളുണ്ടാകുമെന്ന സൂചനകളാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. വി എസിനെ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തുകയും പിണറായിക്ക്‌ ഏറിയാല്‍ പരസ്യ ശാസനയുമാണ്‌ കേന്ദ്രകമ്മിറ്റിയിലുണ്ടാകാന്‍ പോകുന്ന തീരുമാനം.
അതേസമയം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും പിണറായി വിജയനും മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി എസ്‌ അച്യുതാനന്ദനും മാറ്റപ്പെടുന്ന തലത്തിലുള്ള തീരുമാനം ഇന്നും ഉണ്ടാവില്ല. ഫലത്തില്‍ വിഭാഗീയതയ്‌ക്ക്‌ കേരളത്തില്‍ വീണ്ടും പീലിവിടര്‍ത്തിയാടുന്നതിനുള്ള പാതയാണ്‌ കേന്ദ്രകമ്മിറ്റി ഒരുക്കിക്കൊടുക്കുന്നത്‌.
വിഭാഗീയതയുടെ പേരില്‍ ഒരിക്കല്‍ പിണറായി വിജയനേയും വി എസ്‌ അച്യുതാനന്ദനെയും പൊളിറ്റ്‌ ബ്യൂറോയില്‍നിന്നും ഒഴിവാക്കിയതാണ്‌. എന്നിട്ടും സി പി എം കേരളഘടകത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഈ അനുഭവം മുന്നിലിരിക്കെയാണ്‌ വീണ്ടും അത്തരമൊരു നീക്കം പാര്‍ട്ടി പരീക്ഷിക്കുന്നത്‌.
ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ വി എസിനെതിരെ രൂക്ഷമായ ആക്രമണമാണ്‌ കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ നടത്തിയത്‌. എന്നാല്‍ ഏകപക്ഷീയമായ ആ ആക്രമണത്തിന്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനായില്ല. അതുകൊണ്ടുതന്നെയാണ്‌ പിണറായിക്കെതിരെയും നടപടി വേണമെന്ന ദിശയിലേക്ക്‌ ചര്‍ച്ച നീണ്ടത്‌.
ഇന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകാന്‍ പോകുന്ന തീരുമാനവും സംസ്ഥാനഘടകത്തിലെ ചേരിപ്പോര്‌ രൂക്ഷമാകാനേ സഹായകമാവൂ. മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വന്തം നിലപാടുമായി വി എസ്‌ മുന്നോട്ടുപോകുമെന്നതില്‍ രണ്ടഭിപ്രായം ആര്‍ക്കും ഉണ്ടാകില്ല. കേരളത്തില്‍നിന്നുള്ള അവശേഷിക്കുന്ന രണ്ട്‌ പി ബി അംഗങ്ങളും ഔദ്യോഗികപക്ഷക്കാരായതിനാല്‍ വി എസിന്റെ ഓരോ നീക്കങ്ങളെയും വെട്ടിനിരത്താന്‍ പിണറായി പക്ഷവും ശ്രമിക്കും.
അതുകൊണ്ടുതന്നെ നമുക്ക്‌ പറയാം, കളി തീര്‍ച്ചയായും തുടരും....

Saturday, July 11, 2009

സൈബര്‍ ആക്രമണം 16 രാജ്യങ്ങളില്‍നിന്ന്‌

സോള്‍: ദക്ഷിണ കൊറിയയുടെ സൈബര്‍ മേഖലയെ പാടെ നിശ്ചലമാക്കിയ ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായത്‌ 16 രാജ്യങ്ങളില്‍നിന്ന്‌. സുരക്ഷാ കാരണങ്ങളാല്‍ ഈ രാജ്യങ്ങളുടെ പേര്‍ വിവരം ഇനിയും പുറത്തുവിട്ടിട്ടില്ല. സൈബര്‍ ആക്രമണത്തിന്‌ പിന്നില്‍ ഉത്തരകൊറിയയെന്നാണ്‌ ദക്ഷിണകൊറിയന്‍ അധികൃതര്‍ ആരോപിക്കുന്നത്‌.

എന്നാല്‍ ആക്രമണം ഉണ്ടായെന്നു കണ്ടെത്തിയ 16 രാജ്യങ്ങളില്‍ ഉത്തരകൊറിയ ഉള്‍പ്പെടുന്നില്ലെന്ന്‌ അധികൃതര്‍ സമ്മതിക്കുന്നു. ദക്ഷിണകൊറിയയിലെ സൈബര്‍ മേഖല ഏതാണ്ട്‌ നിശ്ചലാവസ്ഥയിലായിട്ട്‌ മൂന്ന്‌്‌ ദിവസമായി. കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട്‌ ആറോടെയായിരുന്നു ഹാക്കര്‍മാര്‍ ആക്രമണം തുടങ്ങിയത്‌.

രാജ്യത്തെ സുപ്രധാന സര്‍ക്കാര്‍, സ്വകാര്യ വെബ്‌സൈറ്റുകള്‍ പലതും തകരാറിലാകുകയോ താല്‍ക്കാലികമായെങ്കിലും നിശ്‌ചലമാകുകയോ ചെയ്‌തിട്ടുണ്ട്‌.
നാഷണല്‍ അസംബ്ലി, പ്രതിരോധ - വിദേശകാര്യ മന്ത്രാലയങ്ങള്‍, ദേശീയ സുരക്ഷാ സര്‍വീസ്‌ എന്നിവയുടെ വെബ്‌സൈറ്റുകളും തകരാറിലായവയില്‍ ഉള്‍പ്പെടുന്നു. യു എസ്‌ വെബ്‌സൈറ്റുകളെയും ഹാക്കര്‍മാര്‍ തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചിട്ടുണ്ട്‌.

യു എസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിനെയാണ്‌ പ്രധാനമായും ലക്ഷ്യം വച്ചിട്ടുള്ളത്‌.

ഗൂഗിളിന്റെ ഓപറേറ്റിങ്ങ്‌ സിസ്റ്റം വരുന്നു


ഓപറേറ്റിങ്ങ്‌ സിസ്റ്റം രംഗത്തെ കുത്തകക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ ഗൂഗിള്‍ സ്വതന്ത്ര ഓപറേറ്റിങ്ങ്‌ സിസ്റ്റവുമായി രംഗത്ത് വരുന്നു. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ആയി പുറത്തിറക്കുന്ന ദി ക്രോം എന്നഈ ഓപറേറ്റിങ്ങ്‌ സിസ്റ്റം ആര്ക്കും യഥേഷ്ടം രൂപമാറ്റം വരുത്താവുന്ന തരത്തിലായിരിക്കും. 2010 ല് ദി ക്രോം പുറത്തിറങ്ങിയേക്കും. സ്വതന്ത്ര സോഫ്റ്റുവെയറുകള്ക്ക് ആഗോള തലത്തില്‍ പ്രചാരം കിട്ടുന്ന ഈ സന്ദര്‍ഭത്തില്‍ ഓപ്പണ്‍ സോഴ്സ് ഓപറേറ്റിങ്ങ്‌ സിസ്റ്റം ഗൂഗിള്‍ പുറത്തിറക്കുന്നത് മൈക്രോസോഫ്ടിന്‌ വന്‍ വെല്ലുവിളി ഉയര്‍ത്തും. വെബ് ബ്രൌസര്‍ അധിഷ്ടിത രീതിയായിരിക്കും സവിശേഷത. വെബ് ബ്രൌസേരുകളിലൂടെ തുടക്കത്തില്‍ നോറെബൂക് കംപുറെരുകളിലയിരിക്കും ഇതു ഉപയോഗിക്കുക. വേഗം ലാളിത്യം സുരക്ഷ എന്നിവ ആയിരിക്കും ഈ ഓപറേറ്റിങ്ങ്‌ സിസ്റ്റം മുഖ മുദ്രയായി സ്വീകരിക്കുക.

Friday, July 10, 2009

എളുപ്പത്തിനായി ഡിജിറ്റല്‍ പേന


ഡിജിറ്റല്‍ പേന സാങ്കേതികതയുടെ ഇന്‍ഡ്യയിലെ വ്യാപനത്തിനായി സ്‌പീച്ച്‌ ബ്രിഡ്‌ജ്‌ ടെക്‌നോളജി ദക്ഷിണാഫ്രിക്കയിലെ എക്‌സ്‌കാലിബറുമായി ധാരണയിലായി. ഡിജിറ്റല്‍ പേനകോണ്ട്‌ പ്രത്യേക പേപ്പറില്‍ എഴുതുന്നത്‌ ബ്ലൂടൂത്ത്‌ സഹായത്തോടെ കമ്പ്യൂട്ടറിലേക്ക്‌ സേവ്‌ ചെയ്യുന്ന സാങ്കേതിക വിദ്യയാണ്‌ ഡിജിറ്റല്‍ പേനയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പേപ്പര്‍ ജോലികള്‍ 40 മുതല്‍ 45 ശതമാനം വരെ കുറക്കാനാവുമെന്നതാണ്‌ ഗുണമായി കാണുന്നത്‌.

പിണറായിയോ വി എസോ? ഇനി ഉദ്വേഗത്തിന്റെ 48 മണിക്കൂര്‍

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പാര്‍ട്ടി വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ സി പി എം കേന്ദ്രകമ്മിറ്റി പ്രത്യേകയോഗം ഇന്നു ചേരും. ഉദ്വേഗത്തിന്റെ 48 മണിക്കൂറുകള്‍ കഴിയുമ്പോള്‍ വി എസോ പിണറായിയോയെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ഭാവി എന്താകുമെന്ന സുചനയും ഇതോടൊപ്പം തെളിഞ്ഞുകിട്ടും.
കേരളരാഷ്‌ട്രീയത്തിന്റെയും സി പി എം ചരിത്രത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമാവും കേന്ദ്രകമ്മിറ്റിയോഗത്തിന്റെ തീരുമാനം.
പ്രത്യേക കേന്ദ്രകമ്മിറ്റി യോഗത്തിന്‌ മണിക്കൂറുകള്‍ അവശേഷിക്കെ തലസ്ഥാനത്ത്‌ പരക്കുന്ന ഊഹാപോഹങ്ങള്‍ക്കും കുറവില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എസ്‌ രാമചന്ദ്രന്‍പിള്ള എത്തുമെന്നതാണ്‌ ഇതില്‍ പ്രധാന ഊഹാപോഹം. ഇക്കാര്യം അടുത്തുചേരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ്‌ പ്രചരണം. ഈ നീക്കത്തിന്‌ എങ്ങനെയും തടയിടുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടുള്ളത്‌.
കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഔദ്യോഗിക പക്ഷത്തിനാണ്‌ മൃഗീയഭൂരിപക്ഷമുള്ളത്‌. പി കെ ഗുരുദാസനും എം സി ജേസഫൈനും ഒഴികെ വി എസ്‌ പക്ഷത്തു നില്‍ക്കാന്‍ മറ്റാരുമില്ലെന്നതാണ്‌ അവസ്ഥ. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തിലും വി എസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ ഔദ്യോഗികപക്ഷം അഴിച്ചുവിട്ടത്‌.
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും വി എസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഒട്ടും ശക്തിചോരാതെതന്നെ തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ ഔദ്യോഗികപക്ഷം അന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചിരുന്നു. വി എസിന്റെ പരസ്യ പ്രസ്‌താവനകളും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത്‌ അടക്കം സ്വീകരിച്ച പരസ്യ നിലപാടുകളുമാണ്‌ ഒദ്യോഗഗിക പക്ഷത്തിന്റെ ആയുധം. വി എസിനെതിരായ നടപടി സംബന്ധിച്ച തീരുമാനം പി ബിയില്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായി ആക്രമിച്ചാലേ കേന്ദ്രകമ്മിറ്റിയില്‍നിന്നും അനുകൂല തീരുമാനം ഉണ്ടാക്കാനാവൂവെന്ന്‌ ഔദ്യോഗിക പക്ഷത്തിനറിയാം.
ഇതനുസരിച്ചുള്ള നീക്കങ്ങളാവും അവര്‍ നടത്തുക. അതേസമയം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെയാണ്‌ സംസ്ഥാന ഘടകം പ്രവര്‍ത്തിക്കുന്നതെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ വാദിക്കും. കഴിഞ്ഞ പി ബി യോഗത്തിലും ഇക്കാര്യങ്ങള്‍ വി എസ്‌ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പുകാലത്തും അതിനു മുമ്പും പിമ്പും പാര്‍ട്ടി നയങ്ങള്‍ക്കും കേന്ദ്രനിര്‍ദ്ദേശത്തിനും ഘടകവിരുദ്ധമായ നടപടികളാണ്‌ സംസ്ഥാന ഘടകം സ്വീകരിച്ചത്‌.
വിവാദമായ ലാവ്‌ലിന്‍ വിഷയവും വി എസ്‌ ആയുധമാക്കും. പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുനിന്ന്‌ പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന വി എസിന്റെ ആവശ്യത്തിന്‌ കഴിഞ്ഞ പി ബി യോഗത്തിലും പിന്തുണ കിട്ടിയിരുന്നു. കേരളത്തില്‍നിന്നുള്ളവര്‍ ഒഴികെയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യത്തില്‍ പിണറായിക്ക്‌ അനുകൂല നിലപാട്‌ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ്‌ സൂചന.
ഈ സാഹചര്യത്തിലാണ്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്‌ എസ്‌ രാമചന്ദ്രന്‍പിള്ളയുടെ പേര്‍ ഉയര്‍ന്നുകേള്‍ക്കുന്നത്‌. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി എസ്‌ അച്യൂതാനന്ദന്‌ ഇളക്കമുണ്ടാവില്ലെന്നും പ്രചരണമുണ്ട്‌. എന്നാല്‍ പൊളിറ്റ്‌ ബ്യൂറോയില്‍നിന്നും അദ്ദേഹം തരംതാഴ്‌ത്തപ്പെടുമെന്നും അറിയുന്നു. ഇക്കാര്യങ്ങളിലും വ്യക്തമായ തീരുമാനം യോഗത്തിലുണ്ടാവും.
ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനും ഇന്നത്തെ യോഗം നിര്‍ണായകമാവും. പൊളിറ്റ്‌ ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്‌ എതിര്‍പ്പുണ്ടാവുന്നതും അത്‌ കേന്ദ്രകമ്മിറ്റിക്ക്‌ ചര്‍ച്ചചെയ്യാന്‍ വിടുന്നതും സി പി എമ്മിന്റെ ചരിത്രത്തില്‍ ഇത്‌ മൂന്നാം സംഭവമാണ്‌.
ഇക്കാര്യത്തില്‍ സുന്ദരയ്യയും സുര്‍ജിത്തുമാണ്‌ കാരാട്ടിന്റെ മുന്‍ഗാമികള്‍. മുമ്പ്‌ രണ്ടുതവണയും ജനറല്‍ സെക്രട്ടറിയുടെ നിലപാടിന്‌ വിരുദ്ധമായ തീരുമാനമാണ്‌ കേന്ദ്രകമ്മിറ്റി കൈകൊണ്ടിട്ടുള്ളത്‌. ഈ തീരുമാനങ്ങളെ തുടര്‍ന്ന്‌ സുന്ദരയ്യ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സുര്‍ജിത്‌ മറുപാതയാണ്‌ സ്വീകരിച്ചത്‌. നാളെ തുടങ്ങുന്ന യോഗത്തിലും പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്‌ പരാജയപ്പെട്ടാല്‍ കാരാട്ട്‌ ഏത്‌ വഴി സ്വീകരിക്കുമെന്ന ചോദ്യത്തിനും പ്രസക്തിയേറെയാണ്‌. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള സുര്‍ജിത്തിന്റെ്‌ തീരുമാനത്തെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പരാജയപ്പെടുത്താന്‍ മുന്‍കൈയെടുത്തവരില്‍ ഒരാളാണ്‌ പ്രകാശ്‌ കാരാട്ടെന്നതും ശ്രദ്ധേയമാണ്‌.

ആഗോള നിക്ഷേപകര്‍ക്ക്‌ ചൈനയെക്കാള്‍ പ്രിയം ഇന്ത്യ

മ്യൂണിക്‌: ലോക വ്യവസായികള്‍ തങ്ങളുടെ മുതല്‍മുടക്കിനുള്ള അനുയോജ്യ രാജ്യമായി വിലയിരുത്തുന്നത്‌ ഇന്ത്യയെ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഏറ്റവും കുറച്ച്‌ അനുഭവിക്കേണ്ടിവന്ന രാജ്യമെന്നതാണ്‌ ഇന്ത്യയ്‌ക്ക്‌ അന്താരാഷ്‌ട്ര വ്യവസായികള്‍ക്കിടയില്‍ പ്രിയപ്പെട്ടതായി മാറാന്‍ സഹായകമായത്‌. ചൈനയെക്കാളും മികച്ച നിക്ഷേപസൗഹൃദ രാജ്യമാണ്‌ ഇന്ത്യയെന്നാണ്‌ വിലയിരുത്തല്‍.
കഴിഞ്ഞയാഴ്‌ച മ്യൂണിക്കില്‍ നടന്ന ദ്വിദിന ഗ്ലോബല്‍ ഇന്ത്യ ബിസിനസ്‌ മീറ്റിഗിന്റെ ഭാഗമായ സംഘടിപ്പിച്ച വേള്‍ഡ്‌ ഏക്കണോമിക്‌ ഫോറത്തിലാണ്‌ ഈ അഭിപ്രായം ഉരുത്തിരിഞ്ഞത്‌. മുതല്‍ മുടക്കാനും സുരക്ഷിതമായ ലാഭം നേടാനും ലോകത്ത്‌ ഇപ്പോള്‍ അനുയോജ്യമായ രാജ്യം ഇന്ത്യയാണെന്നാണ്‌ മീറ്റിലെ വിലയിരുത്തല്‍.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒന്‍പത്‌ ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞിരുന്നു. അടുത്തവര്‍ഷവും എട്ട്‌ ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയ്‌ക്കുണ്ടാവുമെന്നാണ്‌ ഐ എം എഫും മറ്റ്‌ ധനകാര്യ ഏജന്‍സികളും പ്രവചിക്കുന്നത്‌. ഇതാണ്‌ വ്യവസായികള്‍ക്ക്‌ ഇന്ത്യയെ ചൈനയെക്കാള്‍ പ്രിയങ്കരമാക്കുന്നത്‌.
ഇന്ത്യയുടെ സാമൂഹിക, വ്യവസായ മേഖലകളിലെ അവസ്ഥയും വിദേശികളെ ആകര്‍ഷിക്കുന്നുണ്ട്‌. വിദ്യാസമ്പന്നരായ, ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കാന്‍ കഴിവുള്ള ഇടത്തരക്കാര്‍ ഏറെയുള്ള രാജ്യമാണ്‌ ഇന്ത്യ. അതുകൊണ്ടുതന്നെ വിദഗദ്ധ തൊഴിലാളികളെ കണ്ടെത്താനും അവസരമുണ്ട്‌. രാജ്യത്ത്‌ നിലവിലുള്ള വന്‍കിട കമ്പനികള്‍പോലും ശരിയായ ഗുണമേന്‍മാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഗുണമേന്‍മയുള്ള ഉത്‌പന്നങ്ങള്‍ പുറത്തിറക്കിയാല്‍ അത്‌ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവും.
മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഉത്‌പാദന ചെലവും കുറവാണെന്നതും വ്യാവസായികളെ ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌.
തങ്ങളെപോലയുള്ള മില്ല്യണേഴ്‌സിനെ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ ക്ഷണിച്ചുവെന്നതുതന്നെ ആദരവായി കാണുന്നുവെന്ന്‌ ബവേറിയന്‍ ബിസിനസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റാന്‍ഡോള്‍ഫ്‌ റെഡന്‍സ്‌റ്റോക്‌ പറഞ്ഞു.

ഓഹരി സൂചിക വീണ്ടും താഴേക്ക്‌

ആഴ്‌ചയിലെ അവസാന ദിവസവും ഓഹരി വിപണിയില്‍ ഇടിവുതന്നെ. ബോംബേ ഓഹരി സൂചികയായ സെന്‍സെക്‌സും നിഫ്‌ടിയും ഒരു ഘട്ടത്തില്‍പോലും പ്രതീക്ഷയ്‌ക്ക്‌ വകനല്‍കാതെയാണ്‌ താഴേക്ക്‌ മൂക്കുകുത്തിയത്‌. സെന്‍സെക്‌സ്‌ 253 പോയിന്റ്‌ ഇടിഞ്ഞ്‌ 13,504 പോയിന്റിലും നിഫ്‌ടി 77 പോയിന്റ്‌ ഇടിഞ്ഞ്‌ 4003 പോയിന്റിലുമാണ്‌ വില്‌പന അവസാനിപ്പിച്ചത്‌. കടുത്ത വില്‌പന സമ്മര്‍ദ്ദമാണ്‌ ഓഹരി വിപണിയില്‍ ഇന്നും നിഴലിച്ചുകണ്ടത്‌. ഓഹരി വാങ്ങാനുള്ളവര്‍ കൂട്ടത്തോടെ വിട്ടുനിന്നതും സൂചിക താഴേക്ക്‌ പതിക്കുന്നതിന്‌ ഇടവരുത്തി.

തീവണ്ടികളില്‍ റെയില്‍വേ ഭക്ഷണം നെരിട്ട് എത്തിക്കും.


തീവണ്ടികളിലും സ്റ്റേഷനുകളിലും ഭക്ഷണം നല്കുന്ന ചുമതലയില്‍ നിന്നു ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ്‌ ടൂറിസം കര്പോരറേനെ ഒഴിവാക്കുന്നു. പകരം തീവണ്ടികളിലും സ്റ്റേഷനുകളിലും ഭക്ഷണം റെയില്‍വേ നെരിട്ട് തന്നെ എത്തിക്കും. രാജധാനി, ശതാബ്ദി വണ്ടികളിലെയും മറ്റു ദീര്‍ഘദൂര വണ്ടികളിലെയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചു ആക്ഷേപം ഉയര്‍ന്നതിനാലാണ് ഈ തീരുമാനം. റെയില്‍വേ സ്റ്റേഷനുകളില്‍ കുടിവെള്ള വിതരണം മെച്ചപ്പെടുത്താന്‍ കുഴല്‍ കിണറുകളും സ്ഥാപിക്കും .

Thursday, July 9, 2009

ബംഗ്ലാദേശിലേക്ക്‌ മടങ്ങാന്‍ തസ്‌ലിമയ്‌ക്ക്‌ ആഗ്രഹം

ധാക്ക: ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്രീന്‍ സ്വന്തം നാട്ടിലേക്ക്‌ മടങ്ങാന്‍ ആഗ്രഹം. ഇത്‌ സംബന്ധിച്ച അപേക്ഷ തസ്ലിമ ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷേക്ക്‌ ഹസീനയ്‌ക്ക്‌ നല്‍കിക്കഴിഞ്ഞു.
ഇസ്‌ലാമിക തീവ്രവാദികളുടെ വധ ഭീഷണിയെ തുടര്‍ന്ന്‌ തസ്‌ലിമ ഒളിവുജീവിതം നയിക്കാന്‍ തുടങ്ങിയിട്ട്‌ ഒന്നര ദശാബ്ദം പിന്നിടുന്നു. ആദ്യം ഇന്ത്യയിലേക്ക്‌ പലായനം ചെയ്‌ത തസ്‌ലിമ അടുത്തിടെയാണ്‌ കൊല്‍ക്കത്തയില്‍ നിന്നും സ്വീഡനിലേക്ക്‌ കുടിയേറിയത്‌. കൊല്‍ക്കത്തിയിലും യാഥാസ്ഥിതിക മുസ്‌ലിം സംഘടനകളില്‍ നിന്ന്‌ വധഭീഷണി ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്‌.
പ്രധാനമന്ത്രി ഷേക്ക്‌ ഹസീനയിലാണ്‌ തസ്‌ലിമയുടെ പ്രതീക്ഷകള്‍. പുരോഗമന വാദക്കാരിയായ ഹസീനയുടെ കാലത്ത്‌ ബംഗ്ലാദേശില്‍ തിരിച്ചെത്താനാകുമെന്നാണ്‌ അവര്‍ പ്രതീക്ഷിക്കുന്നത്‌. ഇതിനുകഴിഞ്ഞിലെങ്കില്‍ തനിക്കൊരിക്കലും ജന്‍മനാട്‌ കാണാനാകില്ലെന്ന്‌ ഭയക്കുന്നതായും അവര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. 1994 ല്‍ രചിച്ച ലജ്ജ എന്ന നോവലാണ്‌ തസ്‌ലിമയെ മതതീവ്രവാദികളുടെ നോട്ടപ്പുള്ളിയാക്കിയത്‌.

ലൂപ്‌ കേരളത്തിലും


പുതുതായി ലൈസന്സ് ലഭിച്ച കമ്പനി ആയ ലൂപ്‌ മൊബൈല്‍ കേരളത്തിലും പ്രവര്ത്തനം തുടങ്ങുന്നു. വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത മാസം പ്രവര്ത്തനം തുടങ്ങുന്ന ലൂപ്‌ കേരളത്തില്‍ പരീക്ഷണ സര്‍വീസ് തുടങ്ങിക്കഴിഞ്ഞു . അടിസ്ഥാന സൌകര്യങ്ങളും ബാന്റ്വിത്ത്തും പങ്കുവക്കുന്നത് സംബധിന്ച്ചു ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും പഴക്കം ചെന്ന മൊബൈല്‍ കമ്പനി ആയ ബി പി എല്‍ ആണ് ഇപ്പോള്‍ ലൂപ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഓഹരി വിപണിയില്‍ വില്‌പന സമ്മര്‍ദ്ദം

വില്‌പന സമ്മര്‍ദ്ദം ഉയര്‍ന്നുതന്നെ നില്‍ക്കുന്നത്‌ ഓഹരി വിപണിയില്‍ ഇന്നും ആശക്ക്‌ വകയില്ലാതാക്കി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ 12 പോയിന്റ്‌ ഇടിഞ്ഞ്‌ 13,757 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. എന്നാല്‍ നിഫ്‌ടിയില്‍ ചെറിയ പുരോഗതിയുണ്ടായി. രണ്ട്‌ പോയിന്റ്‌ ഉയര്‍ന്ന്‌ 4,080 ലാണ്‌ നിഫ്‌ടി വ്യാപാരം അവസാനിപ്പിച്ചത്‌.
കടുത്ത വില്ലപന സമ്മര്‍ദ്ദമാണ്‌ ഇന്ന്‌ വിപണിയില്‍ നിഴലിച്ചുകണ്ടത്‌. നാളെയും വിപണിയിലെ അവസ്ഥയ്‌ക്ക്‌ കാര്യമായ മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നാണ്‌ സൂചന. ആഗോള ഓഹരി വിപണിയിലെ ഇടിവും കേന്ദ്രബജറ്റ്‌ സമ്മാനിച്ച നിരാശയുമാണ്‌ വിപണിയിലെ ഉണര്‍വിന്‌ തടസം നില്‍ക്കുന്ന പ്രധാന ഘടകങ്ങള്‍.

സാം പ്രിട്രോഡ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വീണ്ടും സജീവമാകുന്നുപിട്രോഡ

പിട്രോഡ എയര്‍ ഇന്ത്യയുടെ ഡയറക്ടറാവും



ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലിഫോണ്‍ രംഗത്ത്‌ വിപ്ലവം സൃഷ്ടിച്ച സാം പിട്രോഡ വീണ്ടും സജീവമാകുന്നു. മുന്‍്രപധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന പിട്രോഡയുടെ പുതിയവേഷം വ്യോമയാന, റയില്‍വേ മേഖലകളിലാണ്‌.
രാഷ്‌ട്രീയ വിവാദങ്ങളെതുടര്‍ന്ന്‌ രണ്ട്‌ ദശകം മുമ്പാണ്‌ ഇന്ത്യയിലെ സേവനം പിട്രോഡ മതിയാക്കിയത്‌.എയര്‍ ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായാവും പിട്രോയുടെ മടങ്ങിവരവ്‌. ഇതിനുള്ള എയര്‍ ഇന്ത്യയുടെ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്‌.
നഷ്ടത്തിലായ എയര്‍ ഇന്ത്യയെ കരകയറ്റുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കലാവും പിട്രോഡയെ കാത്തിരിക്കുന്ന ചുമതല. പ്രമുഖ ഐ ടി കമ്പനിയായ ടി സി എല്ലിന്റെ സി ഇ ഒ രാമദുരൈയും എയര്‍ ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടര്‍ ആയേക്കുമെന്നും സൂചനയുണ്ട്‌. ഓഹരി വിറ്റഴിക്കല്‍, ജീവനക്കാര്‍ക്ക്‌ സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കല്‍, സി ഇ ഒയെ നിയമിക്കാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കല്‍ തുടങ്ങിയ നടപടികളും എയര്‍ ഇന്ത്യയുടെ പരിഗണനയിലുണ്ട്‌.
ഒറീസയിലെ ടിലിലാഗര്‍ഹ്‌ സ്വദേശിയായ സത്യനാരായണന്‍ ഗംഗാറാം പിട്രോഡ എന്ന സാം പിട്രോ നിലവില്‍ നാഷണല്‍ നോളജ്‌ മിഷന്‍ ചെയര്‍മാനാണ്‌. ഇന്ത്യന്‍ റയില്‍വേയുടെ ഒപ്‌ടിക്കല്‍ ഫൈബര്‍ നെറ്റ്‌ വര്‍ക്കിനെ വാണിജ്യവത്‌കരിക്കാനായി രൂപീകരിക്കുന്ന പുതിയ സമിതിയുടെ അധ്യക്ഷന്‍ ഈ അറുപത്താറുകാരന്‍ ആയിരിക്കുമെന്ന്‌ കഴിഞ്ഞ റയില്‍വേ ബജറ്റില്‍ മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്‌.
രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്‌ പിട്രോഡയെ ഇന്ത്യ അറിയുന്നത്‌. ചിക്കോഗോയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തെ രാജീവ്‌ ഗാന്ധി ക്ഷണിച്ചുവരുത്തുകയായിരുന്നു. പിന്നീട്‌ ഇന്ത്യകണ്ടത്‌ ടെലിഫോണ്‍ മേഖലയിലെ വിപ്ലവമായിരുന്നു. അന്ന്‌ ഒരുപാട്‌ ആരോപണങ്ങളും പിട്രോഡയ്‌ക്കെതിര ഉയര്‍ന്നിരുന്നു.
വി പി സിംഗിന്റെ ഭരണകാലത്ത്‌ ഇന്ത്യയിലെ സേവനം മതിയാക്കി ചിക്കാഗോയ്‌ക്ക മടങ്ങിയ പിട്രോഡ വീണ്ടും ഇവിടെ എത്തുന്നത്‌ 2004 ലാണ്‌. ആ വര്‍ഷം നടന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ രാഹുല്‍മാന്ധിയെ സഹായിക്കാന്‍ അണിയറയില്‍ രൂപംകൊണ്ട ചെറുസംഘത്തിലെ പ്രധാനിയായിരുന്നു പിട്രോഡ.

Wednesday, July 8, 2009

എയ്‌ഡ്‌സ്‌ മരുന്ന്‌: ഇന്ത്യന്‍ കമ്പനി ദക്ഷിണാഫ്രിക്കയില്‍ ഫാക്ടറി തുടങ്ങുന്നു

ഹൈദ്രാബാദ്‌: എയ്‌ഡ്‌സിനുള്ള ആന്റിറെട്രോ വൈറല്‍ മരുന്ന്‌ നിര്‍മ്മിക്കുന്ന ലോകത്തെ പ്രമുഖ കമ്പനിയായ അരബിന്ദോ ദക്ഷിണാഫ്രിക്കയില്‍ പുതിയ മരുന്ന്‌ ഫാക്ടറി സ്ഥാപിക്കുന്നു.
ഏകദേശം 10 മില്ല്യണ്‍ രൂപ മുതല്‍മുടക്കുള്ള പദ്ധതിയാണ്‌ അരബിന്ദോ തയ്യാറാക്കിയിട്ടുള്ളത്‌. ഈ പദ്ധതി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്‌ നല്‍കിക്കഴിഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടന്‍ പദ്ധതി ആരംഭിക്കുമെന്ന്‌ അരബിന്ദോ ചെയര്‍മാന്‍ പി രാമപ്രസാദ്‌ റെഡ്ഡി ഹൈദ്രാബാദില്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഗൗടെങ്‌ മേഖലയിലാണ്‌ ഫാക്ടറിക്ക്‌ സ്ഥലം കണ്ടെത്തിയിട്ടുള്ളത്‌. പ്രതിവര്‍ഷം രണ്ട്‌ ബില്ല്യണ്‍ ക്യാപ്‌സൂള്‍ ആയിരിക്കും ഫാക്ടറിയുടെ ഉത്‌പാദനക്ഷമത. ഏകദേശം 100 ദക്ഷിണാഫ്രിക്കക്കാര്‍ക്ക്‌ ഇവിടെ ജോലിയും നല്‍കും.
ചെലവ്‌ കുടുമെന്നതിനാലാണ്‌ ഇന്ത്യയില്‍നിന്നും തൊഴിലാളികളെ എടുക്കാത്തത്‌. ദക്ഷിണാഫ്രിക്കയുള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എയ്‌ഡ്‌സ്‌ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഈ മേഖലയിലാണ്‌ മരുന്നു കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ബ്രസീല്‍, അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദ വെര്‍ട്ടിക്കല്‍ ഇന്റഗ്രേറ്റഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍ നേരേത്തതന്നെ ദക്ഷിണാഫ്രിക്കയില്‍ ഫാക്ടറി ആരംഭിച്ചിട്ടുണ്ട്‌.
മൂന്ന്‌ മാസത്തിനകം ഗൗടെങില്‍ ഭൂമി വാങ്ങാനാണ്‌ അരബിന്ദോയുടെ പദ്ധതി. ഒക്‌ടോബറില്‍ ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അടുത്തവര്‍ഷം ആദ്യത്തോടെ മരുന്നും ഉത്‌പാദിപ്പിക്കാനാവുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ.

ഓഹരി വിപണിക്ക്‌ ഇടിവിന്റെ ദിവസം

ഓഹരി വിപണിക്ക്‌ ഇന്ന്‌ ഇടിവിന്റെ ദിവസമായിരുന്നു. ഇടയ്‌ക്ക്‌ ഒരു തിരിച്ചുവരവിന്‌ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അന്താരാഷ്‌ട്ര ഓഹരി വിപണിയിലുണ്ടായ ഇടിവ്‌ ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.
ഓഹരി വിപണി ഇന്ന്‌ തുടക്കം മുതല്‍തന്നെ വില്‌പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ വീണ്ടും സൂചിക താഴോട്ടുപോകുന്നതാണ്‌ കണ്ടത്‌. ബോംബേ ഓഹരി സൂചികകളായ സെന്‍സക്‌സ്‌ 401 പോയിന്റ്‌ ഇടിഞ്ഞ്‌ 13,769 പോയിന്റിലും നിഫ്‌ടി 123 പോയിന്റ്‌ ഇടിഞ്ഞ്‌ 4,078 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
കേന്ദ്രബജറ്റില്‍ പ്രതീക്ഷയ്‌ക്ക്‌ വകയില്ലാതായതും വില്‌പനസമ്മര്‍ദ്ദവും നേരത്തേതന്നെ ഇന്ത്യന്‍ വിപണിക്ക്‌ തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം അന്താരാഷ്‌ട്ര ഓഹരി വിപണിയിലെ ഇടിവും പ്രതിഫലിച്ചതാണ്‌ ഇന്ത്യന്‍ വിപണിക്ക്‌ തിരിച്ചടിയായത്‌. ഇതിന്റെ പ്രതിഫലനങ്ങള്‍ വരും ദിവസങ്ങളിലും ദൃശ്യമാകുമെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

തരംഗമാകുന്ന പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌ക്‌

കമ്പ്യൂട്ടറില്‍ സംഭരിച്ചു വക്കേണ്ട ഫയലുകളുടെ വലിപ്പം വര്‍ധിച്ചു തുംങ്ങിയതോടെ കമ്പ്യൂട്ടറിനു പുറത്ത്‌ ഒരു സംഭരണ സംവിധാനത്തെക്കുറിച്ച്‌ പലരും ചിന്തിച്ചു തുടങ്ങി. ഇതിനുള്ള ഉത്തരമായിരുന്നു കൊണ്ടുനടക്കാവുന്ന ഹാര്‍ഡ്‌ ഡിസ്‌ക്‌ അഥവാ പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌ക്‌. പെന്‍ ഡ്രൈവുകളുടെ സംഭരണ ശേഷി പോലും 256 എം.ബി യില്‍ നിന്ന്‌ 64 ജി.ബി യിലേക്ക്‌ കടന്ന ഇക്കാലത്ത്‌ ടെറാബൈറ്റു സംഭരണ ശേഷിയുള്ള പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കുകളാണ്‌ രംഗം അടക്കി വാഴുന്നത്‌.
നാം പോക്കറ്റിലിട്ടു നടക്കുന്ന ഒരു ഡിജിറ്റല്‍ ഡയറിയുടെ വലിപ്പംപോലുമില്ലാത്ത പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കുകള്‍ കൊണ്ടുനടക്കാന്‍ ഏറെ സൗകര്യമുള്ളതാണെന്ന്‌ പറയേണ്ടതില്ലല്ലോ. ഒരു പെന്‍ഡ്രൈവ്‌ ഉപയോഗിക്കുന്നപോലെ ഏതൊരു കമ്പ്യൂട്ടറിലും ഉപയോഗിക്കാനാകുന്ന ഇവ 80ജി.ബി മുതല്‍ വിവിധ ബ്രാന്റുകളില്‍ ലഭ്യമാണ്‌.
സാധാരണ പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കിനൊപ്പം ഒരു യു.എസ്‌.ബി കേബിള്‍ മാത്രമാണുണ്ടാവുക.500 ജി.ബി ഹാര്‍ഡിസ്‌കിനൊപ്പം പവര്‍ അഡാപ്‌റ്റര്‍ കൂടിയുണ്ടാകും. ഒരു പെന്‍ഡ്രൈവ്‌ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നപോലെ ഈ പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കിനെയും സിസ്‌റ്റവുമായി ബന്ധിപ്പിക്കാനാകും. വേണമെങ്കില്‍ കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്‌കിനെ പാര്‍ട്ടീഷന്‍ ചെയ്‌തിരിക്കുന്നപോലെ ഇതിനെയും പാര്‍ട്ടീഷന്‍ ചെയ്‌തും ഉപയോഗിക്കാം.
ഓണ്‍ലൈന്‍ സിനിമകളും പാട്ടുകളും ഗെയിമുകളും മറ്റും ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ സൂക്ഷിക്കുന്നവരുടെ എണ്ണം കുടിയതോടെ പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കിനും ആവശ്യക്കര്‍ കുടിയെന്ന്‌ കൊച്ചിയിലെ ഐ.ടി നെറ്റ്‌ ഇന്‍ഫോകോം സെയില്‍സ്‌ ഡയറക്ടര്‍ ഫൈസല്‍ സാക്ഷ്യപ്പെടുത്തുന്നു. 500ജി.ബി പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കുകള്‍ പോലും നന്നായി വിറ്റുപോകുന്നുവെന്നാണ്‌ വില്‍പനക്കാര്‍ അവകാശപ്പെടുന്നത്‌.
പെന്‍ഡ്രൈവുകളുടെ കഥയും മറ്റൊന്നല്ല. 512 എം.ബി പെന്‍ ഡ്രൈവുകള്‍ അന്വേഷിച്ചു വന്നിരുന്നവരുടെ സ്ഥാനത്ത്‌ ഇപ്പോള്‍ 8 ജി.ബി അന്വേഷിച്ച്‌ വരുന്നവരെയാണ്‌ കാണാനാവുക. ഒരു വര്‍ഷം മുമ്പ്‌ ഒരു ജി.ബി പെന്‍ഡ്രവ്‌ വാങ്ങാന്‍ ചെലവാക്കിയിരുന്ന പണം കൊടുത്താല്‍ ഇന്ന്‌ 8ജി.ബി പെന്‍ഡ്രൈവ്‌ ലഭിക്കും എന്നതുതന്നെ കാരണം.

ആഷസിന്‌ ഇന്ന്‌ തുടക്കം

കാഡിഫ്‌:ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മിലുള്ള ആഷസ്‌ പരമ്പരക്ക്‌ ഇന്ന്‌ തുടക്കം. പരമ്പരയിലെ ആദ്യ ടെസ്റ്റ്‌ പുതിയ വേദിയായ കാഡിഫിലായിരിക്കും നടക്കുക. പരമ്പര നിലനിര്‍ത്തി തങ്ങളുടെ പ്രൗഢി നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ തെളിയിക്കാന്‍ ആസ്‌ത്രേലിയ ഇറങ്ങുമ്പോള്‍ 1995 ലെ ചരിത്രവിജയം ആവര്‍ത്തികാകനായിരിക്കും ഇംഗ്ലണ്ട്‌ ഇറങ്ങുക.ഇതുവരെ 300 തവണ ഏറ്റുമുട്ടിയതില്‍ ആസ്‌ത്രേലിയ 121 കളികളിലും ഇംഗ്ലണ്ട്‌ 95 കളികളിലും വിജയം നേടിയിട്ടുണ്ട്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP